സ്വാമി വിവേകാനന്ദന്‍െറ 154ാം ജന്മദിനമായ ജനുവരി 12ന് രാജ്യം ദേശീയ യുവജനദിനമായി ആചരിക്കുന്നു. എല്ലാ രാജ്യങ്ങളോടും വര്‍ഷത്തിലൊരു ദിവസം ദേശീയ യുവജനദിനമായി ആചരിക്കണമെന്ന് 1984ല്‍ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ജ്വലിക്കുന്ന ചിന്തകളും ശക്തമായ നിശ്ചയദാര്‍ഢ്യവും സമന്വയിപ്പിച്ച ജീവിതത്തിനുടമയായ വിവേകാനന്ദന്‍െറ ജന്മദിനം ദേശീയ യുവജനദിനമായി തെരഞ്ഞെടുത്തത്. ഇന്ത്യയുടെ യുവത്വത്തിന് പുതിയ ദിശാബോധം നല്‍കി പ്രസംഗങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും യുവത്വത്തിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പ്പിന് പ്രേരണയായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യയുടെ മാത്രമല്ല, ആഗോളതലത്തില്‍തന്നെ യുവജനതയുടെ ശ്രദ്ധ നേടാന്‍ അദ്ദേഹത്തിന്‍െറ ഷികാഗോയിലെ ഒറ്റ പ്രസംഗത്തിനായി. ‘എന്‍െറ വിശ്വാസം യുവജനങ്ങളിലാണ്’ എന്ന് വിവേകാനന്ദന്‍ ലോകത്തോട് വിളിച്ചുപറഞ്ഞു.
അദ്ദേഹത്തിന്‍െറ ജീവിതവും സന്ദേശങ്ങളും യുവാക്കള്‍ക്ക് ആദര്‍ശ ജീവിതത്തിന് പ്രേരകമാണ്. ആധുനിക കാലഘട്ടത്തില്‍ വിവേകാനന്ദ ദര്‍ശനങ്ങള്‍ യുവാക്കള്‍ക്ക് പുതിയ ദിശാബോധം നല്‍കി. ദേശീയതയും രാജ്യസ്നേഹവും വലിയ ചര്‍ച്ചയാകുന്ന ഈ കാലത്ത് ഏറെ പ്രസക്തിയുള്ളതാണ് വിവേകാന്ദന്‍െറ ജീവിതപാഠങ്ങള്‍. രാജ്യത്തിന്‍െറ വൈവിധ്യങ്ങളെ തകര്‍ത്ത് മതം, ആഹാരം, വസ്ത്രം, അഭിപ്രായം തുടങ്ങി എല്ലാത്തിനും കൂച്ചുവിലങ്ങിടുന്ന ഈ കാലത്ത് വിവേകാനന്ദ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ജാതി, മതം തുടങ്ങിയ മതില്‍ക്കെട്ടുകള്‍ക്കകത്ത് യുവത്വത്തെ തളച്ചിടുമ്പോള്‍ യുവത്വം വലിയ വെല്ലുവിളികള്‍ നേരിടുന്നു. തൊഴിലില്ലായ്മ, സങ്കുചിതവാദം, ഹിംസ, മതഭ്രാന്ത് എന്നിവയെ ശക്തമായി എതിര്‍ത്ത സ്വാമിയുടെ ജീവിതം യുവത്വത്തിന് അനുകരണീയമാണ്. യുവജനശക്തി ശരിയായ ചാലുകളിലൂടെ ഒഴുക്കിയാല്‍ നാടിന് വലിയ നേട്ടമാണുണ്ടാവുക. അവരുടെ ക്രിയാശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ കഴിയണം. ഈ നാടിന്‍െറ നന്മക്ക് എന്ത് ചെയ്യാന്‍ കഴിഞ്ഞു എന്നതായിരിക്കണം ഓരോ യുവാവിന്‍െറയും ചോദ്യം. അതിന് തൃപ്തികരമായ ഉത്തരം അവനുണ്ടാകുമ്പോഴാണ് അവന് ധന്യനാകാന്‍ കഴിയുക.
തണുത്തുറയാത്ത യുവത്വമാണ് നാടിനാവശ്യം. പുത്തന്‍ തലമുറയെ നിര്‍വികാരത ബാധിച്ചാല്‍ അപകടമാണ്. എവിടെയും നന്മയുടെ പക്ഷംചേര്‍ന്ന് നെഞ്ചുറപ്പോടെ നിലനില്‍ക്കുവാന്‍ യുവത്വത്തിനാകണം. പുതിയ രൂപത്തിലും ഭാവത്തിലും തിന്മയുടെ വക്താക്കള്‍ സമൂഹത്തില്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ അവയെല്ലാം തിരിച്ചറിയാനുള്ള ജാഗ്രത യുവത്വത്തിനാവശ്യമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവജനത വസിക്കുന്ന രാജ്യം നമ്മുടെ ഇന്ത്യയാണ്. വളര്‍ന്നുവരുന്ന ഈ യുവജനതയുടെ സമൂഹത്തിലെ ഇടപെടലുകള്‍ക്കനുസരിച്ചായിരിക്കും ഭാവി ഇന്ത്യയുടെ വളര്‍ച്ചയും തളര്‍ച്ചയും. നാമൊന്ന് എന്ന കാഴ്ചപ്പാട് ഉയര്‍ത്താന്‍ കഴിയണം. ഈ വര്‍ഷത്തെ ദേശീയ യുവജന ദിനാഘോഷം വെറും ആഘോഷങ്ങള്‍ക്കപ്പുറത്ത് സാമൂഹിക പ്രതിബദ്ധത വളര്‍ത്താനും ശരിയായ ദിശയില്‍ യുവത്വത്തെ ഏകോപിപ്പിക്കാനുമാകണം. നിശ്ചയദാര്‍ഢ്യവും കര്‍മകുശലതയുമുള്ള ഒരു യുവതയെ രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാക്കുക എന്നതാകട്ടെ യുവജനദിനാഘോഷത്തിന്‍െറ ഉദ്ദേശ്യ ലക്ഷ്യം.