യോഗിയുടെ യു.പിയിൽ ദലിത് ജീവിതം സുരക്ഷിതമാണോ?
text_fieldsവിവാഹ ഘോഷയാത്രയിൽ കുതിരപ്പുറത്ത് സഞ്ചരിച്ചതിന് സവർണരാൽ ആക്രമിക്കപ്പെട്ട രാജസ്ഥാനിലെ ദലിത് വധു പൂജ മേഘ്വാൾ
അപര വിദ്വേഷത്തിലും ഹിംസയിലും മാത്രം രാഷ്ട്രീയം പറയുന്നയാളാണ് യു.പി മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന യോഗി ആദിത്യനാഥ് എന്ന അജയ് മോഹൻ സിങ് ബിഷ്ത്. നൂറ് മുസ്ലിം കുടുംബങ്ങൾക്കിടയിൽ അമ്പത് ഹിന്ദു കുടുംബങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ലെന്ന യോഗിയുടെ അസംബന്ധപൂരിതമായ പ്രസ്താവനയെ സാമൂഹിക നേർസാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്.
കേരളത്തിന് പുറത്തേക്ക് നമ്മൾ സഞ്ചരിക്കുമ്പോൾ പട്ടണങ്ങൾക്ക് പുറത്ത് അതാര്യമാക്കി വെച്ചിരിക്കുന്ന ഗ്രാമീണ ജീവിതങ്ങളുടെ സാമൂഹിക ദൃശ്യതയെ കണ്ടെത്താനാകും. വ്യത്യസ്ത വിഭാഗങ്ങളിലെ മനുഷ്യർ തമ്മിൽ അന്യോന്യം ഇടപഴകി ജീവിക്കാത്ത, പരസ്പരാശ്രയത്വമില്ലാത്ത, ഉച്ചനീചത്വങ്ങളുടെ ജാതി നിയമങ്ങൾ തീരുമാനിക്കുന്നതാണ് ഇന്ത്യയിലെ ശരാശരി ഗ്രാമീണ ജീവിതം. പൊതുജീവിതമെന്നത് ജാതി ജീവിതങ്ങളാണവിടെ.
എല്ലാ ജാതിഗ്രാമങ്ങൾക്കും ഒരേ സാമൂഹിക അന്തസ്സല്ല. മുന്നാക്ക ജാതിഗ്രാമങ്ങളിൽ പിന്നാക്ക സമുദായക്കാർക്ക്, പ്രത്യേകിച്ച് ദലിത് വിഭാഗങ്ങളിൽപ്പെട്ടവർക്ക് പ്രവേശനംപോലും ദുഷ്കരമാണ്. സൈക്കിൾ സഞ്ചാരം നടത്തുന്ന ദലിതർ സവർണ ഇടങ്ങളുടെ അരികിലെത്തുമ്പോൾ ഇറങ്ങി സൈക്കിൾ ഉരുട്ടി പോകണം. ചെരിപ്പിട്ട് നടക്കുന്ന ദലിതർ അതൂരി കൈയിൽ പിടിച്ച് നടക്കണം. സവർണ ജന്മിയുടെ വീട്ടിൽ ചെരിപ്പ് ധരിച്ചുവന്ന ദലിതനെ അടിച്ചുകൊന്നത് യുഗങ്ങൾക്ക് മുമ്പല്ല, മോദി ഭരിക്കുന്ന വർത്തമാനകാല ഇന്ത്യയിലാണ്. ദലിത് വിവാഹങ്ങളിൽ വധൂവരന്മാർ കുതിരപ്പുറത്തും ഒട്ടകപ്പുറത്തും യാത്ര ചെയ്തതിന് നിരന്തര സംഘർഷങ്ങൾ നടക്കുന്ന നാടാണ് യോഗിയുടെ ഉത്തർപ്രദേശ് അടക്കമുള്ള ഹിന്ദി ഭൂമിക.
ജാതി ആചാരങ്ങളുടെ പരസ്യമായ ആഘോഷമാണ് നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ നടക്കുന്നത്. ഗ്രാമങ്ങളിലെ സ്കൂളുകളിൽ ജാതി തിരിച്ചറിയാൻ കുട്ടികളുടെ കൈകളിൽ വ്യത്യസ്ത നിറങ്ങളിലെ ചരടുകൾ കെട്ടുന്നു. ചരടിന്റെ നിറം നോക്കി കുട്ടികളുടെ ജാതി തിരിച്ചറിയാനും, ജാതി സൗഹൃദങ്ങളിൽ മാത്രം ഇടപഴകാനും അവരെ പ്രേരിപ്പിക്കുന്നു.
സ്കൂൾ അസംബ്ലിയിൽ ജാതി ക്യൂവും ഭക്ഷണം കഴിക്കാൻ ജാതിതിരിച്ചുള്ള മുറികളുംവരെ സൃഷ്ടിച്ച്, നിത്യജീവിതത്തിൽ ജാതികൊണ്ട് മനുഷ്യർക്കിടയിൽ അതിരു തിരിച്ചിരിക്കുന്ന ദേശ രാഷ്ട്രത്തിന്റെ പേരാണ് ഇന്ത്യ.
മനുഷ്യരുടെ എല്ലാ പൊതുജീവിത ധാരകളെയും റദ്ദുചെയ്ത് ജാതി അധികാര ബന്ധങ്ങൾ മാത്രം ഉറപ്പിക്കുന്നതാണ് സവർണ ഹിന്ദു സമൂഹിക വ്യവസ്ഥ. വ്യക്തികൾ തമ്മിൽ ഇടപഴകി ജീവിക്കാൻ അനുവദിക്കാത്ത വിഭജനത്തിന്റെ ധർമശാസ്ത്രം ഹിന്ദു ദേശീയതയുടെയും ഹിന്ദുത്വയുടെയും പദ്ധതികളാണ്. ഇതിനെ തന്ത്രപൂർവം മൂടിവെച്ചും പ്രശ്നവത്കരിക്കാതെ കുതറിമാറിയുമാണ് മുസ്ലിം വിരുദ്ധ നുണകളെ രാഷ്ട്രീയവത്കരിച്ച് ഹിന്ദുത്വ രാഷ്ട്രീയം മുതലെടുപ്പ് നടത്തുന്നത്.
ഒഡിഷയിൽ ഒരു ദലിത് പെൺകുട്ടി സവർണന്റെ പറമ്പിൽ നിന്ന് പൂ പറിച്ചതിന് 40 ദലിത് കുടുംബങ്ങളെ വർഷങ്ങളോളം ഊരുവിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. അംബേദ്കർ പറഞ്ഞതുപോലെ ഹിന്ദു സമൂഹം എന്നൊന്നില്ല. ഉള്ളത് ശ്രേണീകൃതമായ ജാതികളുടെ കൂട്ടമാണ്. ആ ശ്രേണിയിൽ താഴെയുള്ളവർക്കുമേൽ ആധിപത്യം സ്ഥാപിച്ച് അയിത്തവും അടിച്ചമർത്തലും കൂട്ടക്കൊലകളും നടത്തിയത് മുസ്ലിംകളോ മറ്റേതെങ്കിലും ന്യൂനപക്ഷ മതവിഭാഗങ്ങളോ അല്ല; സവർണ ഹിന്ദുക്കളാണ്.
മനുഷ്യരുടെ സാമൂഹിക ജീവിതത്തെ വിഭജിച്ചത് ഹിന്ദുത്വയും അതിന്റെ ദാർശനികവും സാംസ്കാരികവുമായ ആശയധാരകളുമാണ്. യോഗി ഭരിക്കുന്ന യു.പിയിലും മോദിയുടെ നാടായ ഗുജറാത്തിലുമടക്കം ദലിതർ ജാതിവാദികളാൽ നിരന്തരം വേട്ടയാടപ്പെടുന്നു.
ഹിന്ദുത്വയുടെ ദേശീയ തലസ്ഥാനമായ ഗുജറാത്തിലെ അഹ്മദാബാദിൽ 60 ശതമാനം പ്രദേശത്ത് ഒരു ദലിതരെപ്പോലും സഹവസിപ്പിക്കുന്നില്ല. ജനസംഖ്യയുടെ 80 ശതമാനം ദലിതുകളും താമസിക്കുന്നത് 10 ശതമാനം മാത്രം വിസ്തൃതിയുള്ള കോളനി പ്രദേശങ്ങളിലാണ്. ഹിന്ദുത്വയുടെ വിശ്വമാനവികതയെ ആഘോഷിക്കുന്നവർക്ക് ദലിത് ജീവിതങ്ങൾ ജീവിതങ്ങളേയല്ല.
ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിയില്ലെന്നുപറഞ്ഞ് യോഗി ആദിത്യനാഥ് കൈവിരൽ ചൂണ്ടുന്നത് പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കുമാണ്. ഇന്ത്യ പോലെ അരാജകത്വം നടമാടുന്ന രാജ്യങ്ങളാണ് ഇത് രണ്ടും. ബംഗ്ലാദേശിൽ അടുത്തകാലത്തുണ്ടായ സംഘർഷങ്ങളാണ് ഹിന്ദു പീഡനത്തിന് ഉദാഹരണമായി യോഗി കാണിക്കുന്നത്. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരെ ആക്രമണമുണ്ടായിയെന്നത് യാഥാർഥ്യമാണ്. ശൈഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ പ്രവർത്തകരാണ് അക്രമിക്കപ്പെട്ടവരിലേറെയും.
ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റ് ശൈഖ് മുജീബ് റഹ്മാൻ സ്ഥാപിച്ചതാണ് മതേതര സ്വഭാവമുള്ള അവാമി ലീഗ്. വിഭജന സമയത്ത് ധാരാളം ഹിന്ദുക്കൾ ഇന്ത്യയിലേക്ക് വരാതെ ബംഗ്ലാദേശിൽ തുടർന്നത് അദ്ദേഹത്തോടുള്ള ഇഷ്ടവും വിശ്വാസവും കൊണ്ടാണ്. പ്രത്യേകിച്ച് നാമശൂദ്രർ അടക്കമുള്ള ദലിത് വിഭാഗങ്ങൾ.
ബംഗാളിലെ ജാതി മേധാവികളായ ബ്രാഹ്മണരെയും ഭൂമീഹാറുകളെയും കായസ്ഥരെയുമല്ല മുജീബ് റഹ്മാനെയും അവാമി ലീഗിനെയുമാണ് ദലിതർ വിശ്വാസത്തിലെടുത്തത്. ദലിതരുൾപ്പെടെ ധാരാളം അമുസ്ലിംകൾ ബംഗ്ലാദേശ് പാർലമെൻറിൽ അവാമി ലീഗിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അധികാരഭ്രമവും സ്വേച്ഛാധിപത്യവുമാണ് ഇപ്പോൾ അവാമി ലീഗിനെയും ശൈഖ് ഹസീനയെയും പതനത്തിലെത്തിച്ചത്. പ്രതിപക്ഷ പാർട്ടികളുമായി ഉണ്ടായ സംഘർഷങ്ങളിൽ ശൈഖ് ഹസീനയുടെ പാർട്ടി പ്രവർത്തകർ കൊല ചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതിൽ മുസ്ലിംകളാണ് ഏറെയും. അല്ലാത്തവരുമുണ്ട്. ശൈഖ് ഹസീനക്കു പകരം അധികാരസ്ഥാനത്തുവന്ന നൊബേൽ സമ്മാന ജേതാവ് കൂടിയായ ഡോ. മുഹമ്മദ് യൂനുസ് സംഘർഷങ്ങളെ ശക്തമായി അമർച്ച ചെയ്യുകയാണുണ്ടായത്. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടാൽ ഞാൻ സ്ഥാനമൊഴിയുമെന്നാണ് അദ്ദേഹം ഘടക പാർട്ടികളോട് പറഞ്ഞത്. മാത്രമല്ല, വളരെ വേഗത്തിൽ കലാപത്തെ അടിച്ചമർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം വെറുപ്പും വിദ്വേഷവും പരത്തുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമുള്ള രാജ്യമാണ് നമ്മുടേതെന്നുകൂടി ഓർക്കണം.
ശ്രേണീകൃതമായ ഹിന്ദു ജാതിവ്യവസ്ഥയിൽ പല ജാതി തട്ടുകളിലായി നിർമിച്ചിരിക്കുന്ന, മുകളിലിരിക്കുന്നവർ താഴെയുള്ളവരോട് പുച്ഛവും അവജ്ഞയും വെറുപ്പും മാത്രം വെച്ചുപുലർത്തുന്ന സനാതന സംവിധാനത്തിന്റെ രാഷ്ട്രീയ രൂപമാണ് ഹിന്ദുത്വ. ഒരപരശത്രു എപ്പോഴും അനിവാര്യമാണതിന്. അതില്ലാതെ ഹിന്ദുത്വയെന്ന വംശീയ രാഷ്ട്രീയത്തിന്റെ ആശയ സംഹിതക്ക് നിലനിൽപില്ല. വർത്തമാനകാലത്ത് മുസ്ലിമാണ് ആ അപരശത്രു. ആ ശത്രുവിനെ വ്യാജ ചരിത്ര നിർമിതികളിലൂടെയും നുണകളിലൂടെയും പരമാവധി ഹിംസാത്മകമാക്കി പ്രചരിപ്പിക്കുകയെന്നതാണ് ഹിന്ദുത്വയുടെ രാഷ്ട്രീയം.
bijugovind539@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

