വീണ്ടും ഒരു നിയമവിരുദ്ധ യുദ്ധം
text_fieldsആഴ്ചകൾ നീണ്ട ഭീഷണികൾക്കൊടുവിൽ ഇറാനുനേരെ അമേരിക്ക-ഇസ്രായേൽ കൂട്ടുകെട്ട് വീണ്ടും നടത്തിയ ആക്രമണങ്ങൾ തികച്ചും നിയമവിരുദ്ധമാണ്. ഈ ആക്രമണങ്ങൾ പരിമിതമായ ഒന്നാണോ അതോ ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിന്റെ തുടക്കമാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്തുതന്നെയായാലും ഒരു കാര്യം വ്യക്തമാണ് -ഈ ബലപ്രയോഗം. യു.എൻ ചാർട്ടറിലെ ആർട്ടിക്ൾ 2(4) അനുശാസിക്കുന്ന ബലപ്രയോഗ നിരോധനത്തിന്റെ നഗ്നമായ ലംഘനമാണിത്.
കഴിഞ്ഞ ജൂണിൽ ഇറാന്റെ ആണവ നിലയങ്ങൾക്കു നേരെ ഇതേ രാജ്യങ്ങൾ നടത്തിയ ആക്രമണങ്ങളുടെ കാര്യത്തിൽ പറഞ്ഞ വിശകലനങ്ങളിൽനിന്ന് ഇതിന് വലിയ മാറ്റമൊന്നുമില്ല. ആ വാദങ്ങൾ ഞാൻ ആവർത്തിക്കുന്നില്ല. ഇവിടെ പ്രധാനപ്പെട്ട കാര്യം, ഇസ്രായേലിനോ അമേരിക്കക്കോ യു.എൻ ചാർട്ടറിലെ ആർട്ടിക്ൾ 51 പ്രകാരം ഇറാനെതിരെ വ്യക്തിപരമായോ കൂട്ടായോ ഉള്ള ‘ആത്മരക്ഷാ അവകാശം’ ഉന്നയിക്കാൻ സാധിക്കില്ല എന്നതാണ്.
ഇറാൻ അടുത്തൊന്നും അമേരിക്കയെയോ ഇസ്രായേലിനെയോ ആക്രമിച്ചിട്ടില്ല. മുമ്പുണ്ടായ ഏതെങ്കിലും ആക്രമണങ്ങളുടെ ഭീഷണി എന്നോ അവസാനിച്ചതാണ്. ബലപ്രയോഗത്തിലൂടെ പ്രതിരോധിക്കാൻ തക്കവണ്ണം നിലവിൽ ഇറാന്റെ ഭാഗത്തുനിന്ന് ഒരു സായുധ ആക്രമണവും ഉണ്ടായിട്ടില്ല. അതിനാൽ തന്നെ, 'മുൻകൂട്ടിയുള്ള ആത്മരക്ഷ' എന്ന സിദ്ധാന്ത പ്രകാരം ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരു ആക്രമണത്തെ തടയാനാണ് ഇത് എന്ന് മാത്രമേ വാദിക്കാനാകൂ. എന്നാൽ, അത്തരമൊരു വാദം നിലനിൽക്കണമെങ്കിൽ പോലും മൂന്ന് നിബന്ധനകൾ പാലിക്കപ്പെടണം:
1. അമേരിക്കയെയോ ഇസ്രായേലിനെയോ ആക്രമിക്കാൻ ഇറാൻ തീരുമാനമെടുത്തിരിക്കണം.
2. അതിനുള്ള ശേഷി അവർക്ക് ഉണ്ടായിരിക്കണം.
3. ആ ആക്രമണം തടയാനുള്ള അവസാന അവസരം ഇന്നത്തെ ഈ സൈനിക നടപടി ആയിരിക്കണം.
കഴിഞ്ഞ തവണത്തേതുപോലെത്തന്നെ ഈ നിബന്ധനകളൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. സത്യത്തിൽ, മുൻകൂട്ടിയുള്ള ആത്മരക്ഷാ വാദം ഇപ്പോൾ മുമ്പത്തേക്കാൾ ദുർബലമാണ്. കാരണം, കഴിഞ്ഞ തവണത്തെ ആക്രമണങ്ങൾ ഇറാന്റെ ആണവായുധ ശേഷിയെ കാര്യമായി തകർത്തിരുന്നു. ഇറാന്റെ ആണവ പദ്ധതികൾ 'തുടച്ചുനീക്കപ്പെട്ടു' എന്ന് അന്ന് പ്രസിഡന്റ് ട്രംപ് തന്നെ പ്രസ്താവിച്ചിരുന്നു. അതിനുശേഷം ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ പുനഃസ്ഥാപിച്ചെന്നോ, മിസൈലുകളിൽ ഘടിപ്പിക്കാൻ ആണവായുധം നിർമിക്കാൻ തീരുമാനിച്ചെന്നോ ഉള്ളതിന് ഒരു തെളിവും ഹാജരാക്കിയിട്ടില്ല. മറിച്ച്, കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ ഉദ്യോഗസ്ഥർ നടത്തിയ പ്രസ്താവനകൾ അസത്യമോ തെളിയിക്കപ്പെടാത്തതോ ആണ്.
ചുരുക്കത്തിൽ, ഇറാൻ ഈ രണ്ട് രാജ്യങ്ങൾക്കെതിരെ സായുധമായോ ആണവായുധം ഉപയോഗിച്ചോ ഒരു ആക്രമണം നടത്താൻ പോകുന്നു എന്നതിന് ഒരു സൂചനയുമില്ല. ഉടൻ നടക്കാൻ പോകുന്ന ആക്രമണങ്ങളെ തടയാൻ മാത്രമേ ആത്മരക്ഷാ അവകാശം ഉപയോഗിക്കാവൂ എന്ന കർശനമായ നിയമം നിലനിൽക്കെ, ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭീഷണികളെ തടയാൻ ബലപ്രയോഗം നടത്തുന്നത് നിയമപരമായ ആത്മരക്ഷയല്ല; മറിച്ച്, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.
അതുകൊണ്ട് നമ്മൾ എത്തിനിൽക്കുന്നത് ഇവിടെയാണ്: ഈ ആക്രമണങ്ങൾ യു.എൻ ചാർട്ടർ പ്രകാരം നിയമപരമാണെന്ന് വാദിക്കാൻ കഴിയില്ല. നേരത്തേ നിലനിന്നിരുന്ന യുദ്ധത്തിന്റെ തുടർച്ചയാണിത് എന്ന വാദവും നിലനിൽക്കില്ല. ഈ ആക്രമണങ്ങൾകൊണ്ട് എന്തെങ്കിലും നല്ലത് സംഭവിക്കുമെന്ന് (ഇറാനിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ കാര്യത്തിൽ എനിക്ക് സഹതാപമൊന്നുമില്ലെങ്കിലും) ഞാൻ കരുതുന്നില്ല. മറിച്ച്, ഇറാനിലും ഒരുപക്ഷേ ഇസ്രായേലിലും നിരപരാധികളായ ഒട്ടേറെ മനുഷ്യർ കൊല്ലപ്പെടാനാണ് സാധ്യത. നിയമപരമായി നോക്കിയാൽ യു.എൻ ചാർട്ടറിന്റെ ലംഘനം ഇവിടെ അങ്ങേയറ്റം വ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

