Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇത്​...

ഇത്​ വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളുടെ വർഷം 

text_fields
bookmark_border
ഇത്​ വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളുടെ വർഷം 
cancel

നിറയെ സ്വപ്നങ്ങളും പുത്തൻപ്രതീക്ഷകളുമായി സ്കൂളുകളിലേക്ക് കടന്നു വരുന്ന പുതുതലമുറയെ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വാഗതംചെയ്യുന്നു. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സാർഥകമാക്കുകയാണ് സർക്കാറി​​​െൻറ ലക്ഷ്യം. ഈ സുവർണ പ്രതീക്ഷക്ക്​ സമാരംഭംകുറിക്കുന്ന ജൂൺ ഒന്ന്​ പ്രവേശനോത്സവമായി കേരളം ആഘോഷിക്കുകയാണ്. കേരളത്തിലെ മുഴുവൻ ജനങ്ങളും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​​​െൻറ ഭാഗമായ ഈ മഹോത്സവത്തിൽ പങ്കാളികളാകണം. 2017-18 അധ്യയനവർഷം കേരളം വിദ്യാഭ്യാസരംഗത്ത് മൗലികമായ നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ പോകുകയാണ്. സമഗ്രമാണ് വിദ്യാഭ്യാസം എന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിശ്വസിക്കുന്നു. 

ഈ അധ്യയനവർഷം എല്ലാ ക്ലാസുകളിലും 1000 മണിക്കൂർ പഠനമൊരുക്കാനുള്ള വലിയ ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. അതുകൊണ്ടുതന്നെ അധ്യയന ദിവസങ്ങൾ നഷ്​ടപ്പെടാതെ ശ്രദ്ധിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ഓണം, ക്രിസ്​മസ്, മോഡൽ, ഫൈനൽ പരീക്ഷകൾ എന്നെല്ലാം നടക്കും എന്ന് നേര​േത്തതന്നെ പ്രഖ്യാപിക്കും. അതുകൊണ്ടുതന്നെ വിഷയങ്ങൾ ചിട്ടപ്പെടുത്തി പഠിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കാനും അധ്യാപകർക്കും വിദ്യാർഥികൾക്കും കഴിയും. ഓരോ അധ്യാപകനും ഇതനുസരിച്ച് അക്കാദമിക് കലണ്ടർ തന്നെ തയാറാക്കി പഠനാധ്യായങ്ങൾ യഥാസമയം തീർക്കാനും തുടർപരിശോധന നടത്തുന്നതിനും ശ്രദ്ധിക്കണം. ഓരോ ക്ലാസിലെയും എല്ലാ കുട്ടികളും, പഠിക്കേണ്ട കാര്യങ്ങൾ പഠിച്ചു എന്നുറപ്പുവരുത്തുന്നതാണ് അധ്യാപക​​​െൻറ കടമ.

വിദ്യാർഥികേന്ദ്രീകൃത വിദ്യാഭ്യാസ പ്രക്രിയയുടെ മർമം ഇതാണ്. ഓരോ കുട്ടിയെയും തുടർച്ചയായി വിലയിരുത്തി പിന്നാക്കാവസ്ഥയുണ്ടെങ്കിൽ അത് പരിഹരിച്ചു വേണം  മുന്നോട്ടുപോകാൻ. അപ്പോൾ മാത്രമേ അക്കാദമിക് മികവ് സൃഷ്​ടിക്കാൻ കഴിയുകയുള്ളൂ. അക്കാദമിക് മികവാണ് വിദ്യാലയത്തി​​​െൻറ മികവ്. ആ മികവിനെ അന്താരാഷ്​ട്ര തലത്തിലെത്തിക്കുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യത്തോടൊപ്പം മലയാള പഠനം കൂടിയാകുമ്പോൾ സമൂഹത്തി​​​െൻറയും ആവാസവ്യവസ്ഥയുടെയും എല്ലാ സ്പന്ദനങ്ങളും തിരിച്ചറിയാനാകും എന്നതിനാൽ സമഗ്രമായ അക്കാദമിക് മികവുതന്നെ നേടാനാവും.  
പരീക്ഷ പരിഷ്കരണം ഈ അക്കാദമിക് വർഷത്തിലെ പ്രധാന അജണ്ടയാണ്. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ മുഴുവൻ പരീക്ഷകളും സർക്കാർ നേരിട്ട് നടത്തും. പാഠപുസ്തകം ആസ്പദമാക്കിയുള്ള ചോദ്യബാങ്ക്‍ രൂപവത്​കരിക്കും. സെൻട്രൽ പോർട്ടലിൽ അത് പ്രസിദ്ധീകരിക്കും. ഇതിലൂടെ പരീക്ഷസംബന്ധിയായ പല ദുഃസ്വാധീനങ്ങളും ഇല്ലാതാക്കുന്നതിനും പരീക്ഷയെക്കുറിച്ച് കുട്ടികൾക്കുള്ള ഭയം കുറക്കാനും കഴിയും. പരീക്ഷയുടെ ആധുനീകരണം ലക്ഷ്യമിട്ട് ഓൺലൈൻ ചോദ്യപേപ്പറും ഈ വർഷം പരീക്ഷിക്കും. പരീക്ഷകൾ കൃത്യസമയത്തുതന്നെ നടക്കുന്നതിനും നിശ്ചിത സമയത്തുതന്നെ റിസൽട്ട് പ്രസിദ്ധീകരിക്കുന്നതിനുമായിരിക്കും ഈ വർഷത്തെ മറ്റൊരു പ്രധാന ശ്രദ്ധ.

സ്വകാര്യ ട്യൂഷനും ഗൈഡ് സംസ്കാരവും എൻട്രൻസ് ഭ്രമവും നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്ത് അപകടകരമായ പല പ്രവണതകളും സൃഷ്​ടിച്ചിട്ടുണ്ട്. ഇത് നല്ലതല്ല. അതുകൊണ്ടുതന്നെ ഈ പ്രവണതകളെ നിരുത്സാഹപ്പെടുത്തേണ്ട ചുമതല സർക്കാറിനുണ്ട്. ഈ പ്രശ്നത്തെ അത്യന്തം ഗൗരവത്തോടെതന്നെയാണ് സർക്കാർ വീക്ഷിക്കുന്നത്. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം നിയമവിരുദ്ധമാണ്. അങ്ങനെതന്നെ അതിനെ കാണും. വിദ്യാഭ്യാസത്തി​​​െൻറ ആധുനീകരണത്തിനുവേണ്ടി ക്ലാസുകൾ ഹൈടെക് ആക്കുന്ന പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോർത്ത്, തളിപ്പറമ്പ് എന്നീ നാലു മണ്ഡലങ്ങളിലെ 8, 9, 10, 11, 12 ക്ലാസ്​മുറികൾ ഹൈടെക് ആക്കി മാറ്റിക്കഴിഞ്ഞു. ബാക്കി 136 മണ്ഡലങ്ങളിലെ എല്ലാ ക്ലാസുകളും (45,000 ക്ലാസ്​മുറികൾ) ഈ അക്കാദമിക് വർഷത്തിൽ ഹൈ ടെക് ക്ലാസുകളാക്കി മാറ്റും, ഇതിനായി കിഫ്ബിയിൽനിന്ന് 400 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതോടെ പഠനത്തി​​​െൻറ തലത്തിൽ അഭൂതപൂർവവും ഗുണപരവുമായ മാറ്റമുണ്ടാകും. 

അക്കാദമിക് മികവ് അന്താരാഷ്​ട്ര തലത്തിലേക്കെത്തിക്കാൻ ശ്രമിക്കുമ്പോൾ ഭൗതിക സാഹചര്യങ്ങളുംകൂടി അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയർത്തണം. ഇതിനായി 1000 സ്കൂളുകളുടെ മാസ്​റ്റർ പ്ലാൻ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. 200 കോടി രൂപയുടെ പദ്ധതി കിഫ്ബിയിലേക്ക് സമർപ്പിച്ചുകഴിഞ്ഞു. ഈ വർഷം 140 മണ്ഡലങ്ങളിൽ പുതിയ കെട്ടിടത്തി​​​െൻറ നിർമാണപ്രവൃത്തികൾ ആരംഭിക്കും. തുടർന്ന് ലാബുകളും ലൈബ്രറികളും നവീകരിക്കും. ഇൗ മാറ്റങ്ങളെല്ലാം ജനകീയമായി നടപ്പാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്ദേശിക്കുന്നത്. ഇതിന് ജനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പൂർണമായ പിന്തുണ ആവശ്യമാണ്. കഴിഞ്ഞ വർഷം സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പലതും നിറവേറ്റിക്കൊണ്ടാണ് പുതുവർഷത്തിലേക്ക്​ കടക്കുന്നത്. ഇത്​ ഈ അക്കാദമിക് വർഷത്തി​​​െൻറ സമ്പൂർണ വിജയത്തിന് പശ്ചാത്തലമായി കാണണം.
 

പാലുൽപാദന വർധന: കേരളം മാതൃക 
കെ. രാജു(മൃഗസംരക്ഷണ^ക്ഷീരവികസന മന്ത്രി)


ഇന്ത്യൻ കാർഷിക സമ്പദ്ഘടനയുടെ നട്ടെല്ലാണ് ക്ഷീരമേഖല. പണം കൊടുത്തുവാങ്ങുന്ന ഏത​ു ഭക്ഷ്യവസ്​തുവും ഗുണമേന്മയുള്ളതും പോഷകസമൃദ്ധവും മായം കലരാത്തതുമായിരിക്കണം എന്നത് പൗര​​​െൻറ മൗലികാവകാശമാണ്. 

പാലുൽപാദന വർധനക്കും ഗ്രാമീണ വികസനത്തിനും കേരളം നല്ല മാതൃകയാണ്. ഗ്രാമത്തിൽ ഉൽപാദിപ്പിക്കുന്ന മുഴുവൻ പാലും  പ്രാദേശികവിപണനം കഴിഞ്ഞ് പ്രാഥമിക സഹകരണസംഘങ്ങൾ വഴി സംഭരിക്കുകയും മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുകയും ചെയ്യുന്ന മികച്ച ശൃംഖല ഇന്ന് കേരളത്തിൽ നിലവിലുണ്ട്. പാൽ ഉൽപന്ന നിർമാണത്തിലെ നൂതന സാങ്കേതികവിദ്യകളിലും നാം പിന്നിലല്ല. 2011ലെ കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമത്തിനുശേഷം പാലി​​െൻറയും പാലുൽപന്നങ്ങളുടെയും ഗുണനിലവാരം അന്തർദേശീയതലത്തിലേക്ക് ഉയർന്നു. ഈ സാഹചര്യത്തിൽ ശുദ്ധമായ പാൽ ഉൽപാദിപ്പിക്കുന്നതിൽ നാം കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ട്. കാൻസർ അടക്കമുള്ള മാരകരോഗങ്ങളും പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളും യുവജനതയെപോലും ബാധിച്ചുതുടങ്ങിയ ഇന്നത്തെ സാഹചര്യത്തിൽ രോഗപ്രതിരോധശേഷി കൂട്ടാനും മറ്റു പലതരത്തിലുള്ള ജനിതകപ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുമെന്ന് ശാസ്​ത്രജ്ഞർ അവകാശപ്പെടുന്ന പാലി​​െൻറ ഉൽപാദനം  പ്രാധാന്യം അർഹിക്കുന്നു. കാർഷികമേഖലയിൽ ജൈവകൃഷി  എന്നപോലെ പാൽ ഉൽപാദനത്തിലും ജൈവികരീതി എന്ന ആശയത്തിന് ഇന്ന് സ്വീകാര്യത ഏറിവരുന്നുണ്ട്.

ഇത്തരം പാൽ ഉൽപാദനരീതികൾ േപ്രാത്സാഹിപ്പിക്കുന്ന തരത്തിൽ സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നു. 2016ൽ അധികാരത്തിൽ വന്നപ്പോൾ പ്രഖ്യാപിച്ച ‘രണ്ടു വർഷത്തിനുള്ളിൽ സ്വയം പര്യാപ്ത ക്ഷീരകേരളം’ എന്ന ആശയം ഏറെ ആവേശത്തോടെയാണ് ക്ഷീരകർഷകരും സഹകാരികളും ഏറ്റെടുത്തത്. കണക്കുകൾ സൂചിപ്പിക്കുന്നത്, സർക്കാറി​​െൻറ പ്രവർത്തനങ്ങൾ ശരിയായ ദിശയിൽതന്നെയാണെന്നാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ നടപ്പാക്കിയ പാൽവില വർധനയിൽ 83.75 ശതമാനം തുകയും ചാർട്ട് പരിഷ്കരണംമൂലം ഉണ്ടായ അധിക പാൽവില ഉൾപ്പെടെ, മെച്ചപ്പെട്ട പാൽവില ക്ഷീരകർഷകർക്ക് ലഭ്യമാക്കാൻ ഈ സർക്കാറിന് സാധിച്ചു. പാൽ ഉൽപാദനത്തിൽ ഇന്ത്യയിലെ കൊച്ചു സംസ്​ഥാനമായ കേരളം ഒട്ടും പിന്നിലല്ല.  ദേശീയ ക്ഷീര വികസന ബോർഡി​​െൻറ  കണക്കനുസരിച്ച് കേരളത്തിൽ പ്രതിവർഷം 26.5 ലക്ഷം മെട്രിക്​ ടൺ പാൽ ഉൽപാദിപ്പിക്കുന്നു. സംസ്​ഥാനത്തുടനീളം അനുഭവപ്പെട്ട കടുത്ത വരൾച്ചയിലും, കഴിഞ്ഞ സാമ്പത്തിക വർഷം മേൽസൂചിപ്പിച്ച  പാലുൽപാദനം കുറയാതെ സൂക്ഷിക്കാൻ കഴിഞ്ഞു. ഏപ്രിലിൽ അഞ്ചു ശതമാനവും മേയിൽ15 ശതമാനവും വർധന രേഖപ്പെടുത്തി മുന്നേറുന്ന പാലുൽപാദന വളർച്ച നിരക്ക് ഈ തോതിൽ  തുടരുകയാണെങ്കിൽ, 2018 അവസാനത്തോ​െടതന്നെ കേരളം പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും. ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മിൽമ, കേരള  കന്നുകാലി വികസന ബോർഡ് എന്നിവയുൾപ്പെടെ സർക്കാർ/സഹകരണ മേഖലയിലെ വിവിധ ഏജൻസികളുടെ സമയബന്ധിതമായ പ്രവർത്തനംമൂലമാണ് ഈ വളർച്ച കൈവരിക്കാൻ കഴിഞ്ഞത്. 

ക്ഷീര മേഖലയിൽ കഴിഞ്ഞ വർഷം  200 കോടിയിലധികം രൂപയാണ്, വിവിധ പദ്ധതികളുടെ ഭാഗമായി സർക്കാർ ചെലവാക്കിയത്. തദ്ദേശസ്​ഥാപനങ്ങളുടെ ഫണ്ട് വേറെയും. കേരളത്തി​​​െൻറ അടിസ്​ഥാന വികസനത്തിന് ഈ  മുതൽമുടക്ക് ചെറിയ തുകയാണെങ്കിൽ കൂടി അത്  ഈ മേഖലയിൽ നൽകിയ  ഉണർവ്​ മറ്റു മേഖലകളെ താരതമ്യംചെയ്യുമ്പോൾ ഏറെ വലുതാണ്.   

ഇതിനിടയിലും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വലിയ വെല്ലുവിളി നമ്മുടെ ആഭ്യന്തര വിപണി, വിദേശരാഷ്​ട്രങ്ങൾക്ക്​ യഥേഷ്​ടം തുറന്നുകൊടുക്കാൻ ഇടനൽകുന്ന റീജനൽ കോംപ്രി​െഹൻസിവ്​ ഇക്കണോമിക്​ പാർട്​ണർഷിപ്​ (ആർ.സി.ഇ.പി) ഉടമ്പടിയിൽ ഇന്ത്യയും പങ്കാളിയാവുന്നു എന്ന വസ്​തുതയാണ്.  ദക്ഷിണ^പൂർവേഷ്യൻ രാജ്യങ്ങളും അനുബന്ധ രാജ്യങ്ങളും അടങ്ങുന്ന ഈ സംഘടനയിൽ, ഇന്ത്യയോടൊപ്പം വൻകിട പാലുൽപാദക രാജ്യങ്ങളായ ആസ്​ട്രേലിയ, ന്യൂസിലൻഡ്​ എന്നീ രാജ്യങ്ങളും പങ്കാളികളാണ്. ഈ ഉടമ്പടി യാഥാർഥ്യമായാൽ  കുറഞ്ഞവിലയിൽ ഈ രാജ്യങ്ങളിൽനിന്ന്​ പാൽ, പാൽപ്പൊടി, ബട്ടർ ഓയിൽ എന്നിവ ഇന്ത്യയിലേക്കെത്തുകയും ഇവ ഉപയോഗിച്ച് പുനഃസൃഷ്​ടിക്കപ്പെടുന്ന പാൽ നമ്മുടെ വിപണിയിൽ വ്യാപിക്കുകയും ചെയ്യുന്നതോടെ ആഭ്യന്തര പാലി​​െൻറ വിപണി തകരുകയും ക്ഷീര കർഷകരുടെ ജീവിതം ദുസ്സഹമാകുകയും ചെയ്യും.  ഗ്രാമീണ സമ്പദ്​വ്യവസ്​ഥയിൽ രണ്ടായിരത്തിൽപരം കോടി രൂപയുടെ വരുമാന നഷ്​ടം ഉണ്ടാകുന്നതോടൊപ്പം വിപണിയിലെ  സഹകരണ മേഖലയുടെയും സർക്കാറി​​​െൻറയും  നിയന്ത്രണം നഷ്​ടപ്പെടുകയും ചെയ്യും. നമ്മുടെ കർഷകർ ഈ രംഗത്തു നിന്ന് നിഷ്കാസിതരാകുന്നതോടെ വൻതോതിൽ മായംകലർന്ന പാലും പാലുൽപന്നങ്ങളും കൂടിയ വിലക്ക് ആഗോള കുത്തകകളിൽനിന്നു വാങ്ങാൻ നാം നിർബന്ധിതരാവും. ഈ സാഹചര്യം മുന്നിൽ കണ്ട് സംസ്​ഥാന സർക്കാറി​​​െൻറ ആശങ്ക കേന്ദ്ര സർക്കാറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi Govt@ 1 year
News Summary - year of change in education sector
Next Story