ഒരു മനുഷ്യന് എപ്പോഴാണ് വായന തുടങ്ങുന്നത് ?
വായനയുടെ വഴികളില്‍ ആദ്യം ലിപികളില്ല;ഭാഷയില്ല. പൂക്കളെയും പൂമ്പാറ്റകളെയും പുഴയെയും മഴയെയും മരത്തെയും പുഴുവിനെയും വായിച്ച് തുടങ്ങുന്നു. അതൊക്കെ കഴിഞ്ഞാണ് ഭാഷയും ദേശവും കാലവും കടന്ന് അച്ചടിച്ച വായനകൾ.. അപ്പോഴേക്ക് ഇടവഴികള്‍ പലത് താണ്ടി, ഒളിച്ചും പതുങ്ങിയും കിതച്ചും വിയര്‍ത്തും ഒരു പാട് ജന്മങ്ങള് നമ്മള് ജീവിച്ചുതീര്‍ക്കും...
ആന്റണ്‍ ചെക്കോവിന്റെ The Bet കേട്ട കാലം മുതല്‍ ഒരു അദ്ഭുതം ആണ്. ഉള്ളിെൻറയുള്ളിൽ കിടന്ന പരമമായ ഒരു സത്യത്തെ തൊട്ട ഒരു കഥ. തപസ്സ് പോലെ ഏകാന്തവും ഏകാഗ്രവും. എന്നാല്‍, ആരൊക്കെയോ കൂടെയുള്ള ഒരു ജീവിതം. ശാരീരികപരിണാമങ്ങളെക്കാൾ മാനസിക സംസ്കാരം തരുന്ന ഇടം. എത്ര തുഴഞ്ഞാലും അറ്റം കാണാത്ത ഒന്നിനെ ഒരു നാഴിയിടങ്ങഴിയില് എങ്ങനെ കൊള്ളിക്കാനാവും....?
വായനയില്‍ ഞാനാദ്യം കടപ്പെട്ടത് അച്ഛനോടാണ്. പക്ഷേ, വായനയുടെ മറ്റൊരു ലോകം എനിക്കു മുുന്നില്‍ തുറന്നത് ‘യമുനാ ബുക്ക് സര്‍ക്കുലേഷന്‍സ്’ ആയിരുന്നു. അത് നടത്തിയിരുന്ന ജമുനാദാസ് ആയിരുന്നു. ജമുനാദാസ് തന്നെ ഇപ്പോൾ മറന്നിരിക്കാവുന്ന ഒരു പഴങ്കഥ.
ആമ്പല്ലൂര്‍ ഒരു സാധാരണ ഗ്രാമം തന്നെയായിരുന്നു. ടൗണ്‍ഷിപ്പിനും വയലുകള്‍ക്കുമിടയില്‍ ഞെരുങ്ങിയെങ്കിലും വായനയുണ്ടായിരുന്ന ഇടം. ഏതു ഗ്രാമത്തിലെയും പോലെ ഇവിടെയും വായനശാല ഉണ്ടായിരുന്നു. നാട്ടിന്‍പുറത്തെ വായനയുടെ ആണിടങ്ങളാണ് വായനശാലകള്‍. ആദ്യ പുകയുടെ, പ്രേമത്തിെൻറ, പൊടിമീശക്കാരുടെ ഉലകം. പിന്നെ മുതിര്‍ന്ന പുരുഷന്മാരുടെ രാഷ്ട്രീയം, തൊഴിലില്ലായ്മ ....അങ്ങനെ...
സഹോദരന്മാര് എെൻറ കൗമാരകാലത്ത് പ്രവാസികള്‍ ആയിരുന്നു. പെണ്ണ് പൂക്കുന്നതറിയാത്ത ആ വായനശാലയില്‍ നിന്ന് ഒരുകൂട്ടം പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലേയ്ക്ക് വന്നു. ജമുനാദാസിനെൻറ സൈക്കിളിനു പിന്നില്‍ ഒരു ബോക്സ് ... അത് നിറയെ ആനുകാലികങ്ങള്‍. ആഴ്ചപ്പതിപ്പുകള്‍, ദ്വൈവാരികകകള്, മാസികകള്‍... ചെറിയ വരിസംഖ്യയില്‍ ഒരു പാട് പുസ്തകങ്ങള്‍ ജമുനാദാസ് തന്നു. അടുത്തയാഴ്ചത്തേക്ക് പുതിയത് ആദ്യം കിട്ടാന്‍ പറഞ്ഞുവച്ചു. പുതിയ മണത്തോടെ, ആര്‍ത്തിയില്‍ നുകര്‍ന്ന് വായിക്കാൻ. ‘മ’ വാരികകളെന്ന് പഴി കേട്ടവയിലെ ജോര്ജ്ജുട്ടിച്ചായെൻറ റബ്ബര്‍തോട്ടങ്ങളും സെലീനായുടെ നടത്തവും അമ്മച്ചിമാരുടെ ശകാരവും കണ്ടു. മനശാസ്ത്രം മാസികയിലെ ചോദ്യോത്തര പംക്തി കണ്ട് ഭയന്നു.. അമ്പിളിയമ്മാവനിലെ സുന്ദരികളോട് അസൂയപ്പെട്ടു. സമകാലികരാഷ്ട്രീയ വാരികയായിരുന്ന കേരളശബ്ദം, കുങ്കുമം കഥ അങ്ങനെയങ്ങനെ .....
ജമുനാദാസ് വന്നു... കൈമറിഞ്ഞ് വന്ന പുസ്തകങ്ങൾക്ക് മണങ്ങളും മാറിമാറി വന്നു. കറിയുടെ, ചളിയുടെ, കണ്ണീരിെൻറ ഒക്കെ മണം തോന്നി. ആമ്പല്ലൂര്‍ ക്കാരുടെ മാത്രം മണം.. അത് കളിമണ്ണിെൻറതാണ്. എ.എസ് പടങ്ങളിലെ ഭുജംഗയ്യന്റെ കാളവണ്ടിച്ചക്രത്തിന്മേലിരിപ്പ് ഇന്നും മനസ്സിലുണ്ട്... എന്റെ വായനയുടെ കൗമാരകാലത്തെ ഇത്ര നിറപ്പകിട്ടോടെ വാര്‍ത്തത് ‘യമുനാ ബുക്ക് സര്‍ക്കുലേഷന്‍സ്’ ആയിരുന്നു.
പിന്നെയും എത്രയോ കഴിഞ്ഞാണണ് കോളേജ് ലൈബ്രറി കാണുന്നത്. അതില്‍ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സില്‍ മലയാളം പുസ്തകം തരാറില്ലായിരുന്നു. അതിനെതിരെ അന്ന് പ്രതിഷേധിച്ചിട്ടുണ്ട്. ഇംഗ്ളീഷില്‍ ‘മില്‍സ് ആൻറ് ബൂണ്‍സ്’ വായിക്കുന്ന പെണ്സംസ്കാരത്തിനുമപ്പുറത്ത് ഓരിടമുണ്ടെന്ന് അവര്‍ അന്ന് അറിഞ്ഞിരുന്നില്ല...
പിന്നെ കേരളവര്മയില് ...വായനയുടെ കടല്‍.... ഹാ...എത്ര കടന്നീല അന്ന് .... ബംഗാളിലെ മണ്‍ചട്ടിയിലെ ചൂടുചായ കുടിച്ചു പ്രണയിച്ചു. വനം മുഴുവന്‍ നിലാവും സുഗന്ധവും പരത്തിയ ആരണ്യകത്തില്‍ താമസിച്ചു. ചാരുലതയെ, മുക്തകേശിയെ, സുവര്‍ണലതയെ, യുഗളപ്രസാദിനെ, ഗൗരിയെ കൂടെക്കൂട്ടി. ആഷാഢത്തില്‍ ബംഗാളില്‍ മേഘമിരുളുമ്പോള് മലയിറങ്ങി മല്ലികയെ കാണാന്‍ കാളിദാസന് വരുമെന്ന് ഇവിടെയിരുന്ന് കരുതി. റഷ്യയുടെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും ഫ്രഞ്ചിെൻറ കയ്പുടലര്ന്ന ജീവിതവും വായിച്ചു. യയാതിയ്ക്ക് ശർമിഷ്ഠ നല്കിയ പോലൊരു പ്രണയതാംബൂലം കരുതി വെച്ചു.
വായന ഒരു മാന്ത്രികപ്പായ പോലെയാണ്.നമ്മള് സ്വപ്നം കണ്ട ഇടത്തേക്ക് പോവാം..ജീവിതത്തിന്റെ വഴികളില്‍ എവിടെയാണ് ജമുനാദാസ് അപകടത്തീല്‍ പെട്ടത്? ഈ പുസ്തകപൂക്കാലം കടന്ന് ഞാന്‍ തിരുവനന്തപുരത്തെത്തിയിരുന്നു. ജമുനാദാസ് ഇതൊക്കെ ഉപേക്ഷിച്ച് ജോലിയിലും..വീണ്ടും എന്റെ വായന വരണ്ടു. തിരക്കുകള്‍. പ്രാരാബ്ധങ്ങള്‍. ഇടയില്‍ പത്രം മാത്രം മറിച്ച് പോയിരുന്ന കാലം. പാഠപുസ്തകങ്ങളിലെ കവിതകള്‍ പഠിപ്പിക്കുമ്പോള്‍ ലജ്ജസഹിക്കാതെ വീണ്ടും തിരിച്ചുവന്നു വായനയില്‍. അപ്പോഴേക്കും നാട്ടില്‍ ജമുനാദാസ് അപകടത്തില്‍ പെട്ട് കിടപ്പിലായിരുന്നു. ഇപ്പോഴും കിടപ്പിലാണ്. ഒരു നാടിന്റെ പെണ്ണകങ്ങളെ വായനയുടെ നിറവ് കൊണ്ട് നിറച്ച (വെളിച്ചത്തിനെന്തൊരു വെളിച്ചം പോലെ നിറവിനൊരു നിറവ്)ജമുനാദാസ് ...കാലം നമ്മെഎന്തെല്ലാം പഠിപ്പിക്കുന്നു ?കാണിക്കുന്നു
ഇന്ന് വായന മാറി. കുറഞ്ഞില്ല. ആഴവും പരപ്പും കുറഞ്ഞു. ഇ.വായന നമ്മളെ പരമാവധി തൃപ്തരാക്കുന്നുണ്ട്. എങ്കിലും ഓര്‍മ്മകളില്‍ എവിടെയോ വായനശാലയൂം ചര്‍ച്ചകളും സൈക്കിളിനു പിന്നിലെ പുസ്തകങ്ങളും നിറയും. ഒരുപക്ഷേ എല്ലാ ഗ്രാമങ്ങളിലും ഇത്തരം ജമുനാദാസുമാര് ഉണ്ടായിരിക്കാം. നിങ്ങളെയും എന്നെയും വായനയിലേയ്ക്ക് ഒഴുക്കിവിട്ടവര്‍. പുല്‍ക്കൊടിയിലെ മഞ്ഞുതുള്ളിയില്‍ ഒരു മായികലോകം കണ്ട് അമ്പരന്നു നില്ക്കാന് പ്രേരിപ്പിച്ചവര്‍..അവരെക്കൂടി ഓര്‍ത്തുകൊണ്ട് ,വാങ്ങിയിട്ടും വായിക്കാതെ വെച്ച എന്റെ അഹന്തയെ ചവിട്ടിക്കൊണ്ട് ഞാന്‍ ഒരു പുസ്തകം തുറക്കട്ടെ ഇന്ന്...ആ മണത്തില്‍ ലയിക്കട്ടെ..