Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകഭൂപടം പുതുക്കപ്പെടുന്നു

text_fields
bookmark_border
ലോകഭൂപടം പുതുക്കപ്പെടുന്നു
cancel
ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും യഥാർഥ വലുപ്പം പ്രതിഫലിപ്പിക്കുന്ന പുതിയൊരു ലോകഭൂപട മാതൃക അംഗീകരിക്കാൻ 2026 സെപ്റ്റംബർ നാലിന് ചേർന്ന 78-ാമത് യു.എൻ പൊതുസഭ തീരുമാനിച്ചു. ഭൂമിശാസ്ത്രപരമായ തെറ്റായ ധാരണകൾ തിരുത്താനും അന്താരാഷ്ട്രതലത്തിൽ രാജ്യങ്ങളുടെ യഥാർഥ സ്ഥാനവും വലുപ്പവും അടയാളപ്പെടുത്താനുമാണ് ഈ പുതിയ നീക്കം

നമ്മൾ സ്കൂളിൽ കണ്ടുപഠിച്ചതും പരിചയിച്ചതുമായ പരമ്പരാഗത ലോകഭൂപടം ഇനി പഴങ്കഥയാകാൻ പോകുന്നു. ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും യഥാർഥ വലുപ്പം പ്രതിഫലിപ്പിക്കുന്ന പുതിയൊരു ലോകഭൂപട മാതൃക അംഗീകരിക്കാൻ 2026 സെപ്റ്റംബർ നാലിന് ചേർന്ന 78-ാമത് യുഎൻ പൊതുസഭ തീരുമാനിച്ചു. ഭൂമിശാസ്ത്രപരമായ തെറ്റായ ധാരണകൾ തിരുത്താനും അന്താരാഷ്ട്രതലത്തിൽ രാജ്യങ്ങളുടെ യഥാർഥ സ്ഥാനവും വലുപ്പവും അടയാളപ്പെടുത്താനുമാണ് ഈ പുതിയ നീക്കം. നൂറ്റാണ്ടുകളായി പാഠപുസ്തകങ്ങളിലും ഗൂഗിൾ മാപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങളിലും ഉപയോഗിച്ച് ശീലിച്ച ഭൂപടമാണ് ഇനി മാറിവരയ്ക്കാൻ പോകുന്നത്.

എന്തുകൊണ്ടാണ് ഭൂപടം മാറ്റിവരക്കുന്നത്?

1569-ൽ ഗണിതശാസ്ത്രജ്ഞനും കാർട്ടോഗ്രാഫറുമായ ജെറാർഡസ് മെർക്കേറ്ററാണ് ഇന്ന് കാണുന്ന ലോകഭൂപട മാതൃക വികസിപ്പിച്ചെടുത്തത്. പതിനാറാം നൂറ്റാണ്ടിൽ ഗോളാകൃതിയിലുള്ള ഭൂമിയിലൂടെ സഞ്ചരിച്ചിരുന്ന കപ്പലുകൾക്കും കടൽയാത്രക്കാർക്കും ദിശ തെറ്റാതെ യാത്ര ചെയ്യാൻ വേണ്ടിയാണ് ഈ മാതൃക ഉപയോഗിച്ചിരുന്നത്.

കടൽ പര്യവേക്ഷണത്തിനായി രൂപകൽപ്പന ചെയ്ത പാശ്ചാത്യകേന്ദ്രീകൃതമായ ഈ ഭൂപടത്തിൽ, ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് നീങ്ങുന്തോറും പ്രദേശങ്ങളുടെ ദൃശ്യവലുപ്പം അമിതമായി വർധിക്കുന്ന പ്രശ്നമുണ്ടായിരുന്നു. ആഫ്രിക്കയുടെ വിസ്തീർണം ഏകദേശം 3.04 കോടി ചതുരശ്ര കിലോമീറ്ററാണെങ്കിൽ ഗ്രീൻലാൻഡിന്റേത് ഏകദേശം 22 ലക്ഷം ച.കി.മീ. മാത്രമാണ്. എന്നാൽ നിലവിലെ മെർക്കേറ്റർ ഭൂപടത്തിൽ രണ്ടു പ്രദേശങ്ങളും സമാന വലുപ്പത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഗ്രീൻലാൻഡിനേക്കാൾ 14 മടങ്ങ് വലുപ്പമുണ്ടായിട്ടും ആഫ്രിക്കയും ഗ്രീൻലാൻഡും ഒരേപോലെ കാണപ്പെടുന്നത് വലിയൊരു അന്തരമാണ്.

ഗോളാകൃതിയിലുള്ള ഭൂമിയുടെ പ്രതലം പരന്ന കടലാസിലേക്ക് മാറ്റിയപ്പോൾ വടക്കൻ പ്രദേശങ്ങളിലേക്ക് പോകുന്തോറും രാജ്യങ്ങൾ യഥാർഥ വലുപ്പത്തേക്കാൾ വലുതായി ചിത്രീകരിക്കപ്പെട്ടു. നിലവിലെ ഭൂപടത്തിൽ കാനഡ, റഷ്യ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ വളരെ വലുതായും; ആഫ്രിക്ക, ഇന്ത്യ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവ വളരെ ചെറുതായുമാണ് കാണപ്പെടുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ പാശ്ചാത്യരാജ്യങ്ങളെ വൻശക്തികളായി കാണിക്കാൻ ഭൂപടനിർമാണത്തിൽ ബോധപൂർവമായ ശ്രമങ്ങൾ നടന്നിരുന്നു. ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് അർഹമായ ദൃശ്യത ലഭിച്ചതുമില്ല. നിലവിലെ ഭൂപടത്തിൽ ഭൂരിഭാഗവും പരന്നുകിടക്കുന്നത് യൂറോപ്യൻ രാജ്യങ്ങളും റഷ്യ, കാനഡ, യു.എസ് തുടങ്ങിയവരുമാണ്.

യു.എൻ നിലപാടും വോട്ടെടുപ്പും

യു.എൻ പൊതുസഭയിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ ടോഗോയുടെ നേതൃത്വത്തിൽ സമർപ്പിച്ച പ്രമേയത്തെ 193 അംഗരാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടെ 164 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ അമേരിക്ക എതിർത്തു വോട്ടുചെയ്തു. യുകെ, ഇസ്രായേൽ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, യുക്രെയ്ൻ എന്നീ വികസിത രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വികസ്വര രാജ്യങ്ങൾ ആവേശത്തോടെയാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.

ഭൂവിസ്തൃതിയും വൻകരകളുടെ വലുപ്പവും കൃത്യമായും സന്തുലിതമായും പ്രതിഫലിപ്പിക്കുന്ന ഭൂപടങ്ങൾ വേണമെന്ന് വോട്ടെടുപ്പിൽ സംസാരിച്ച ഇന്ത്യൻ പ്രതിനിധി ആവശ്യപ്പെട്ടു. ആഗോളതലത്തിൽ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ യുഎൻ പതിനാറാം നൂറ്റാണ്ടിലെ ഭൂപടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ പ്രസക്തിയെ യുഎസ് പ്രതിനിധി യാരീന ഫെറൻസെവിച്ച് ചോദ്യം ചെയ്തു. ഇത് അനാവശ്യ പ്രത്യയശാസ്ത്ര അജണ്ടയാണെന്നും സമാധാനം, സാമ്പത്തിക വളർച്ച, സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് യുഎന്നിൽ ചർച്ച ചെയ്യേണ്ടതെന്നും അവർ വാദിച്ചു.

എങ്കിലും, ചരിത്രപരമായി ശക്തരായ സമൂഹങ്ങൾ നിശ്ചയിച്ച മാനദണ്ഡങ്ങളെ ചോദ്യം ചെയ്യാനുള്ള ഗ്ലോബൽ സൗത്തിന്റെ ആത്മവിശ്വാസം അമേരിക്കയുടെ വാദമുഖങ്ങൾക്ക് മീതെ വേറിട്ടുനിന്നു. യുഎൻ പ്രമേയം നിയമപരമായ ഉത്തരവല്ലെങ്കിലും, വലിയ പ്രായോഗിക മാറ്റങ്ങൾക്ക് ഇത് വഴിതുറക്കും.

എന്താണ് പുതിയ ‘ഈക്വൽ എർത്ത്’ രീതി?

അന്താരാഷ്ട്ര കാർട്ടോഗ്രാഫർമാരായ ബോയാൻ സാവ്രീക്, ടോം പാറ്റേഴ്സൺ, ബെർണാർഡ് ജെന്നി എന്നിവർ 2018-ൽ രൂപകൽപ്പന ചെയ്ത ‘ഈക്വൽ എർത്ത്’ (Equal Earth) എന്ന മാതൃകയാണ് പുതിയ ഭൂപട നിർമാണത്തിനായി സ്വീകരിക്കുന്നത്. പുതിയ മാതൃകയിൽ ഇന്ത്യ ഉൾപ്പെടെ ഭൂമധ്യരേഖാ പ്രദേശത്തെ രാജ്യങ്ങൾക്കും ബ്രസീൽ അടക്കമുള്ള ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾക്കും പഴയ ഭൂപടത്തേക്കാൾ കൂടുതൽ വലുപ്പവും പ്രാധാന്യവും ലഭിക്കും. നിലവിൽ പർവതസമാനമായി കാണപ്പെടുന്ന ഗ്രീൻലാൻഡ് ഒരു ചെറിയ ദ്വീപായി മാറും.

വക്രരേഖകൾ (Curved meridians) ഉപയോഗിച്ച് അക്ഷാംശങ്ങളും രേഖാംശങ്ങളും ക്രമീകരിച്ച്, ജനങ്ങൾക്ക് കണ്ടുശീലിച്ച മാതൃകയിൽ നിന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ ഭൂമിയുടെ യഥാർഥ വലുപ്പമോ രാജ്യങ്ങളുടെ അതിർത്തികളോ അക്ഷാംശ-രേഖാംശങ്ങളോ മാറില്ലെന്ന് യു.എൻ വ്യക്തമാക്കിയിട്ടുണ്ട്.

വരാനിരിക്കുന്ന പ്രധാന മാറ്റങ്ങൾ

ലോകമെമ്പാടുമുള്ള സ്കൂളുകളിലെ പാഠപുസ്തകങ്ങളിലെയും അറ്റ്ലസുകളിലെയും ഭൂപടങ്ങൾ ഘട്ടംഘട്ടമായി മാറും. കുട്ടികൾക്ക് ചെറുപ്പത്തിലേ രാജ്യങ്ങളുടെ യഥാർഥ വലുപ്പത്തെക്കുറിച്ച് ശരിയായ ധാരണ ലഭിക്കും. ഗൂഗിൾ, ആപ്പിൾ തുടങ്ങിയ സാങ്കേതിക കമ്പനികൾ തങ്ങളുടെ ഗ്ലോബൽ മാപ്പ് വ്യൂവിൽ പുതിയ ഭൂപടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തും.

ജിഐഎസ് (GIS), ആർക്ക്ജിഐഎസ് (ArcGIS), ക്യുജിഐഎസ് (QGIS) തുടങ്ങിയ പ്രൊഫഷണൽ മാപ്പിങ് ആപ്പുകളിലും ഇത് സ്റ്റാൻഡേർഡ് ഓപ്ഷനാകും. ഭൂപടം മാറുന്നതുകൊണ്ട് ഒരു രാജ്യത്തിന്റെ അധികാരമോ അതിർത്തിയോ മാറില്ലെങ്കിലും, പാശ്ചാത്യരാജ്യങ്ങൾ ഭൂപടത്തിലൂടെ നിലനിർത്തിപ്പോന്നിരുന്ന ദൃശ്യപരമായ മാനസിക മേൽക്കോയ്മ ഇല്ലാതാക്കാൻ ഇത് സഹായിക്കും.

പുതിയ ഭൂപടം എങ്ങനെ കാണാം?

ഇന്റർനെറ്റിൽ ‘‘Equal Earth Map’’ അല്ലെങ്കിൽ ‘‘Equal Earth Projection’’ എന്ന് തിരഞ്ഞാൽ പുതിയ ഭൂപടത്തിന്റെ ഉയർന്ന ഗുണനിലവാരമുള്ള ചിത്രങ്ങളും ഡിജിറ്റൽ ഗ്ലോബുകളും കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഗൂഗിൾ മാപ്പ്, ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇവയുടെ 2D മാപ്പ് വ്യൂ ലഭ്യമാകും.

ഫ്രാൻസിലെ സ്കൂളുകളിൽ നിലവിലുള്ള മെർക്കേറ്റർ ഭൂപടത്തിന് പകരം പുതിയ മാതൃകകൾ ഉപയോഗിച്ചുതുടങ്ങി. ബോസ്റ്റൺ പബ്ലിക് സ്കൂളുകളിൽ യഥാർഥ വലുപ്പം കാണിക്കുന്ന പീറ്റേഴ്സ് പ്രൊജക്ഷൻ മാപ്പുകൾ നേരത്തേതന്നെ ഉപയോഗിക്കുന്നുണ്ട്. ടോഗോ, നൈജീരിയ, ഘാന എന്നീ രാജ്യങ്ങൾ ഈക്വൽ എർത്ത് മാതൃക സ്വന്തം ഭൂപടങ്ങളിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The world map is being updated
Next Story