Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപൗരനെ വെയിലത്തു...

പൗരനെ വെയിലത്തു നിര്‍ത്തി മനുഷ്യാവകാശദിനം

text_fields
bookmark_border
പൗരനെ വെയിലത്തു നിര്‍ത്തി മനുഷ്യാവകാശദിനം
cancel

ഏതെല്ലാം മനുഷ്യര്‍ക്കാണ് മനുഷ്യാവകാശങ്ങള്‍ ഉള്ളത് എന്നു ചോദിക്കാന്‍ മാത്രം ഓരോ വ്യക്തിയുടെയും അവകാശങ്ങള്‍ പരിമിതപ്പെട്ടുപോയ കാലത്തിലൂടെയാണ് ജനാധിപത്യ ഇന്ത്യ കടന്നുപോകുന്നത്. ‘മനുഷ്യന്‍ സ്വതന്ത്രനായി ജനിച്ചവനാണ്. അവകാശവും മഹത്വവും അര്‍ഹിക്കുന്നവന്‍. ബുദ്ധിയും മനസ്സാക്ഷിയും ഉള്ള അവര്‍ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം’ -ഐക്യരാഷ്ട്രസഭയുടെ രേഖ മനുഷ്യാവകാശത്തെ ചുരുക്കി നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്. മനുഷ്യാവകാശങ്ങള്‍ എന്താണെന്ന് മാത്രമല്ല, അവകാശ ലംഘനങ്ങള്‍ എന്താണെന്നുകൂടി പറഞ്ഞുവെച്ചിട്ടുണ്ട് ഇതില്‍. ഏതെങ്കിലും ജാതിയിലോ മതത്തിലോ ജനിച്ചുപോയി എന്ന കാരണത്താല്‍ വ്യക്തിയുടെ പൗരാവകാശങ്ങള്‍ നിഷേധിക്കുക, സ്ത്രീയെയും പുരുഷനെയും ലിംഗത്തിന്‍െറ അടിസ്ഥാനത്തില്‍ തുല്യരായി കാണാതിരിക്കുക. വര്‍ഗപരവും മതപരവുമായ വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന വ്യക്തികള്‍ക്ക് ഇതര പൗരന്മാരെപ്പോലുള്ള തുല്യപരിഗണന ലഭിക്കാതിരിക്കുക, ഒരാളെ വധിക്കുകയോ അടിമയാക്കുകയോ ചെയ്യുക, നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷ വിധിക്കുക, വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറുക, അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസസ്വാതന്ത്ര്യവും നിഷേധിക്കുക തുടങ്ങിയവയെല്ലാം അവകാശ ധ്വംസനങ്ങളാണ്. മനുഷ്യാവകാശങ്ങളും തുല്യതയും നീതിയുമൊക്കെ ഓര്‍മിപ്പിച്ചാണ് ഡിസംബര്‍ 10 കടന്നുവരുന്നത്.

അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനെക്കാള്‍ അത് ഭരണകൂടത്താല്‍തന്നെ ലംഘിക്കപ്പെടുന്നതാണ് അനുഭവങ്ങള്‍. സ്ത്രീകള്‍, കുട്ടികള്‍, ദലിതര്‍, ആദിവാസികള്‍, മുസ്ലിംകള്‍ എന്നിങ്ങനെ അപരവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങളാണ് വ്യവസ്ഥാപിതമായി നടക്കുന്ന ജനായത്ത ഭരണകൂടത്താല്‍ നിഷേധിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത്. ദേശീയതയുടെയും ദേശസ്നേഹത്തിന്‍െറയും മറവില്‍ സംശയത്തിന്‍െറ നിഴലില്‍ പൗരന്മാരെ മാറ്റിനിര്‍ത്തുന്ന പ്രവണത കൂടി വരുന്നു. ജയിലറകള്‍ അവര്‍ക്കുവേണ്ടി തുറന്നുവെച്ചിരിക്കുന്നു. എത്രയോ നിരപരാധികളെ സമൂഹത്തിനു മുന്നില്‍ സംശയാലുക്കളാക്കി നിര്‍ത്തിയിട്ടുണ്ട് ഭരണകൂടം. നിരപരാധികളാണെന്ന് നിയമം വിധിയെഴുതിക്കഴിയുമ്പോഴേക്കും ഒരു വ്യക്തിയെന്ന നിലയില്‍ അവന് സമൂഹത്തില്‍നിന്ന് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ഹനിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും.

രാജ്യത്തെ ജയിലുകളില്‍ തടവുകാരായി കഴിയുന്നവരില്‍ മൂന്നില്‍ രണ്ടും ദുര്‍ബല പിന്നാക്ക വിഭാഗക്കാരാണെന്നാണ് പഠനം. പട്ടികജാതി പട്ടിക വിഭാഗത്തിലോ ന്യൂനപക്ഷ വിഭാഗത്തിലോ ഉള്ളവരോ വിദ്യാഭ്യാസപരമായോ സാമ്പത്തികമോയോ പിന്നാക്കം നില്‍ക്കുന്നവരോ ആണ് മിക്കവരുമെന്നാണ് പഠനം. സര്‍ക്കാര്‍ തന്നെ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ നടത്തിയ പഠനത്തിന് അടിവരയിടുന്നതാണ് ഇത്. ജയിലുകളിലെ തടവുകാരില്‍ അഞ്ചുപേരുണ്ടെങ്കില്‍ അതിലൊന്ന് മുസ്ലിം ആണ്. അതിലേറെയും വിചാരണ തടവുകാരാണ്. കസ്റ്റഡിയിലുള്ള വിചാരണത്തടവുകാരിലും മുസ്ലിംകളാണ് മുന്നില്‍ -21 ശതമാനം. 97 ശതമാനം പുരുഷന്മാരില്‍ 67 ശതമാനവും വിചാരണത്തടവുകാരാണ്. അതില്‍ ഏറെയും മുസ്്ലിംകളാണ്. എന്നാല്‍, കുറ്റക്കാരെന്നു കണ്ട് ശിക്ഷ വിധിക്കപ്പെട്ടവര്‍ വെറും 16 ശതമാനം.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിലാണ് ഏറ്റവും കുറവ് തടവുകാര്‍ ഉള്ളത്. വെറും 24 പേര്‍ മാത്രം. കേസുകളിലെല്ലാം ഒരു ദാക്ഷിണ്യവുമില്ലാതെ യു.എ.പി.എ ചുമത്താന്‍ വെമ്പുന്നതിന്‍െറ വികാരം മുസ്ലിം അല്ളെങ്കില്‍ ദലിതന്‍ എന്ന നാമകരണം മാത്രമായിരുന്നു. അന്യായമായി തടവിലാക്കപ്പെട്ടവര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന സുപ്രീംകോടതി വിധികള്‍ പോലും എവിടെയും പാലിക്കപ്പെട്ടിട്ടില്ല. അന്യായമായി ഒരാളെ തടവിലിടുമ്പോള്‍ ആ ഒരൊറ്റ വ്യക്തിയുടെ മാത്രമല്ല, അവനെ ആശ്രയിച്ചും പ്രതീക്ഷയര്‍പ്പിച്ചും കഴിയുന്ന കുടുംബത്തിന്‍െറ കൂടി അവകാശങ്ങളാണ് അപഹരിക്കപ്പെടുന്നത്. ഏത് ദുരിതത്തിന്‍െറയും ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. ജമ്മു-കശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഇന്ന് അറിയപ്പെടുന്നത് അര്‍ധ വിധവകളുടെ നാടെന്നാണ്. ഭര്‍ത്താക്കന്മാര്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ യൗവനം ഹോമിച്ചുതീര്‍ക്കുന്ന സ്ത്രീകള്‍. ഇത്തരം അര്‍ധവിധവകളെല്ലാം മുസ്്ലിംകളാണ്.

ഭരണഘടനാപരമായിപ്പോലും സാധൂകരിക്കാന്‍ കഴിയാത്ത ഏകീകൃതമായൊരു സിവില്‍ നിയമം അടിച്ചേല്‍പിക്കാന്‍ വ്യഗ്രതപ്പെട്ട് നിയമകമീഷനെ വെച്ച സര്‍ക്കാര്‍ അതിലൂടെ ലക്ഷ്യമിടുന്നത് സ്ത്രീകളുടെ ലിംഗസമത്വവും അതിലൂടെയുള്ള ദേശീയോദ്ഗ്രഥനവുമാണെന്നാണ് പറയുന്നത്. മുസ്ലിം പെണ്ണിനോടുളള വല്ലാത്ത കൃപകൊണ്ട് സമുദായത്തിനിടയില്‍നിന്ന്  കിട്ടാതെപോകുന്ന ചില നീതിയെക്കുറിച്ച് വല്ലാതെ വാചാലമായി പറയുന്നവര്‍ രാഷ്ട്രീയമായി ഏതു വിധേനയാണ് മുസ്ലിം പെണ്ണിന്‍െറയും ആ സമുദായത്തിന്‍െറ തന്നെയും അവകാശങ്ങളെ നിഷേധിച്ചതെന്ന് കാണാന്‍ തീരെ പ്രയാസമില്ല. വിവാഹമോചനത്തിലൂടെ ഭര്‍ത്താവിനെ നഷ്്ടപ്പെട്ട ഒരു പെണ്ണിന്‍െറ വേദനയെക്കാള്‍ വലുതാണ് നൊന്തുപെറ്റ മാതൃത്വത്തിന്‍െറ വേദന. എന്‍െറ മകന്‍ എവിടെയെന്ന് വിലപിച്ച് ഭരണകൂടത്തിന്‍െറ മൂക്കിനുതാഴെ നിന്ന നജീബെന്ന ചെറുപ്പക്കാരന്‍െറ ഉമ്മയെ വിലപിച്ചു നടക്കാന്‍ വിട്ടുകൊണ്ടാണ് ഇക്കുറി ജനാധിപത്യ ഇന്ത്യ മനുഷ്യാവകാശ ദിനം ആചരിക്കുന്നത്.

അപ്രഖ്യാപിത അടിയന്തരാവസ്ഥയാണിപ്പോഴിവിടെ എന്ന് ഓര്‍മിപ്പിക്കുന്നതാണ് നജീബിന്‍െറ ഉമ്മക്ക് പിന്നില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആളില്ലാതായിപ്പോകുന്നു എന്നത്. ഭരണകൂടത്തിന്‍െറ അവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ബ്രിട്ടീഷ്രാജ് ഓര്‍മിപ്പിക്കും വിധത്തിലാണ് ദേശദ്രോഹികളായി മുദ്രകുത്തുന്നത്. നിരപരാധികളാണെന്നറിഞ്ഞിട്ടും കനപ്പെട്ട ശിക്ഷനല്‍കുന്ന നിയമത്തിനു കീഴിലാക്കുന്നത്  പൊതുബോധത്തെ തൃപ്തിപ്പെടുത്താനാണെന്നും അത് ദേശീയതയുമായി ബന്ധപ്പെട്ടതാണെന്നുമാണ് അധികാര വാദം. അപ്പോള്‍ പൊതുബോധം ആരാണ് സൃഷ്ടിച്ചെടുക്കുന്നതെന്നും ആരുടേതാണ് ദേശമെന്നും എന്തുകൊണ്ടു ചില പ്രത്യേക വിഭാഗങ്ങള്‍ ദേശത്തിന് പുറത്തായിപ്പോകുന്നതെന്നും വിശദീകരിക്കേണ്ടതുണ്ട്.

ആ വിശദീകരണത്തിന് ഉത്തരം ചെന്നത്തെുക കോര്‍പറേറ്റുകളുടെയും സാമ്രാജ്യത്വത്തിന്‍െറയും താല്‍പര്യങ്ങളെ മാത്രം സംരക്ഷിക്കുന്നവരിലേക്കാണ്. അത് അധികാരവുമായി ബന്ധപ്പെട്ടതുമാണ്. വെള്ളം ഊറ്റിക്കൊണ്ടുപോകുന്നവന്‍െറയും കാടുകള്‍ വെട്ടിമാറ്റുന്നവന്‍െറയും കൂരകള്‍ പൊളിക്കുന്നവന്‍െറയും പെണ്ണിന്‍െറ മാനം കട്ടെടുക്കുന്നവന്‍െറയും മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കാത്തവനാണ് ദേശദ്രോഹിയും രാജ്യദ്രോഹിയും ആയി മാറുന്നത്. അവര്‍ക്കെതിരെയാണ് അധികാരത്തിന്‍െറ അവകാശനിഷേധങ്ങള്‍ നടക്കുന്നതും.

സ്വന്തം ജനതയെ, അതും പട്ടിണിയും പരിവട്ടവുമുള്ള വലിയൊരു വിഭാഗത്തെ ഭരണകൂടം വെയിലത്തുനിര്‍ത്തിക്കൊണ്ടാണ് ഇക്കുറി മനുഷ്യാവകാശദിനം ആചരിക്കുന്നത്. ഇവിടെയും അവകാശം ഹനിക്കപ്പെടുന്നത് സാധാരണക്കാരന്‍േറതു മാത്രം. പണക്കാരെ ഭരണകൂടം സംരക്ഷിച്ചിട്ടുണ്ട്. അതീവ രഹസ്യമായി സര്‍ക്കാര്‍ നടപ്പാക്കിയെന്നു പറയുന്ന നോട്ട് നിരോധനം ഒരു മാസം മുമ്പുതന്നെ കോര്‍പറേറ്റുകള്‍ അറിഞ്ഞിരുന്നുവെന്ന് സര്‍ക്കാറിന്‍െറ തന്നെ  കേന്ദ്ര ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം വമ്പന്മാര്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ ഗവണ്‍മെന്‍റാണ് കള്ളപ്പണത്തിന്‍െറ പേരില്‍ പാവം പൗരന്മാരെ അധ്വാനിച്ചുണ്ടാക്കിയ പണം വാങ്ങാന്‍ കൂടി അനുവദിക്കാതെ വെയിലത്തു നിര്‍ത്തിയത്. സര്‍ക്കാറിനെ വിശ്വസിച്ചേല്‍പ്പിച്ച പണം പോലും പിന്‍വലിക്കാനാവാത്ത അവസരത്തില്‍ മനുഷ്യാവകാശദിനം എങ്ങനെ ആഘോഷിക്കും എന്നാലോചിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world human right day
News Summary - world human right day
Next Story