ആവർത്തിക്കാതിരിക്കട്ടെ ആ തലക്കെട്ട്
text_fieldsഛത്തിസ്ഗഢിലെ കബീർധാം ജില്ലയിലുള്ള പരാശ്വര ഗ്രാമപഞ്ചായത്തിലായിരുന്നു സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാശ്വരയിലെ 12 വാർഡുകളിൽ ആറിടത്ത് വിജയിച്ചത് വനിതകളാണ്. എന്നാൽ, അവർക്ക് പകരം ഭർത്താക്കന്മാരാണ് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഞെളിഞ്ഞുനിന്ന് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതുകൊണ്ടുമാത്രം വിവരം പുറത്തറിഞ്ഞു. ഇത്ര ശക്തമായ തെളിവുണ്ടായിട്ടും ന്യായീകരിക്കാനാണ് അധികൃതർ തുനിഞ്ഞത്. ഒടുവിൽ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വികസനത്തിലും നിയമനിർമാണത്തിലും വനിത പ്രാതിനിധ്യവും അവസര സമത്വവും ഉറപ്പാക്കാൻ വിഭാവനം ചെയ്ത് ആവിഷ്കരിച്ച പദ്ധതികൾ എങ്ങനെയാണ് തകിടംമറിയുന്നത് എന്നറിയാൻ ഈ ഉദാഹരണം ധാരാളം. സ്ത്രീ അവകാശങ്ങൾ ഉറപ്പാക്കാനും അവർ നേരിടുന്ന വെല്ലുവിളികളെ മറികടക്കാനും സാമൂഹിക പുരോഗതിയെ ത്വരിതപ്പെടുത്താനുമുള്ള ‘‘പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക’’ (Accelerate Action) എന്ന മുദ്രാവാക്യമുയർത്തി ഇന്ന് വനിതദിനം ആചരിക്കുമ്പോൾ നാം ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നു പരാശ്വര പോലുള്ള അധ്യായങ്ങൾ.
“ലോകം അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷേ, ഒരു രാജ്യവും ലിംഗസമത്വം നേടിയിട്ടില്ല’’ -ഐക്യരാഷ്ട്രസഭയുടെ തുറന്നുപറച്ചിലാണിത്. 2030ഓടെ ലിംഗസമത്വം എന്ന ലക്ഷ്യം ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പുരുഷന്മാരെ അപേക്ഷിച്ച് 23 ശതമാനം വരുമാനമാണ് സ്ത്രീകള്‍ നേടുന്നത്. ലോകമെമ്പാടുമുള്ള പാര്‍ലമെന്റ് സീറ്റുകളില്‍ 24 ശതമാനം സീറ്റുകളേ സ്ത്രീകള്‍ക്ക് ലഭിച്ചിട്ടുള്ളൂ. സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര വനിതദിനാചരണം യു.എൻ പ്രഖ്യാപിച്ചത്.
സമത്വത്തിനായി സത്വര നടപടികൾ അതിവേഗം സ്വീകരിക്കണമെന്നാണ് ഈ വർഷത്തെ പ്രമേയം ആഹ്വാനം ചെയ്യുന്നത്. സാമ്പത്തിക അസമത്വം, രാഷ്ട്രീയ പ്രാതിനിധ്യക്കുറവ്, ലിംഗാധിഷ്ഠിത അക്രമം, ഗാര്‍ഹിക പീഡനം, ശൈശവവിവാഹം, സ്ത്രീധനം, കുറഞ്ഞ വേതനം, സാമൂഹിക നീതികേടുകള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നടപടികള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. കുടുംബത്തിലെയും സമൂഹത്തിലെയും വിലക്കുകൾ നേരിട്ടുവേണം ഇന്നും പലപ്പോഴും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം തേടാൻ. രാഷ്ട്രീയ നേതൃ സ്ഥാനങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം തുലോം കുറവാണ്. സ്ത്രീകളെ മത്സരിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എത്തിക്കുന്നുണ്ടെങ്കിലും പുരുഷ മേധാവിത്വം നിഴൽപോലെ ഒപ്പമുണ്ട്. അതിന് ശാശ്വതമായ അവസാനം കുറിക്കേണ്ടതുണ്ട്.
മേധാവിത്വത്തിനായുള്ള സ്ത്രീയും പുരുഷനും തമ്മിലെ മത്സരമല്ല, മറിച്ച്, എല്ലാ സവിശേഷ കഴിവുകളും ഉൾക്കൊണ്ടുകൊണ്ട് പൂർണമായ വളർച്ചയിലേക്കും വികസനത്തിലേക്കും തുല്യമായ അവകാശങ്ങളും അവസരങ്ങളുമുള്ള സമൂഹം സാധ്യമാക്കുക എന്നതാണ് സ്ത്രീശാക്തീകരണം കൊണ്ട് അർഥമാക്കുന്നത്. ശാശ്വതമാറ്റത്തിനുള്ള ഉത്തേജകങ്ങളായി അടുത്ത തലമുറയെ ശാക്തീകരിക്കുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം.
വൈവിധ്യം, തുല്യത, ഉൾക്കൊള്ളല്‍ എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത ത്വരിതപ്പെടുത്തണം. പക്ഷപാതങ്ങള്‍ക്കെതിരെ ധൈര്യത്തോടെ സംസാരിക്കാം, ജോലിസ്ഥലത്ത് ശമ്പള തുല്യതക്കായി വാദിക്കാം, പരസ്പരം സഹാനുഭൂതിയോടെ മുന്നിട്ടിറങ്ങാം, ഉൾക്കൊള്ളലിനായി ശബ്ദമുയര്‍ത്താം. അങ്ങനെ വൈവിധ്യമാര്‍ന്നതും തുല്യവും ഉള്‍ക്കൊള്ളുന്നതുമായ ഒരു ലോകം കെട്ടിപ്പടുക്കാം. അവകാശങ്ങള്‍ക്കായി നിരന്തരം പോരാടാം. ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പോരാളികളായി മാറാം.
(സംസ്ഥാന വനിത വികസന കോര്പറേഷന് മുന്‍ റീജനല്‍ മാനേജറും എറണാകുളം വിമന്‍ വെല്‍ഫെയര്‍ സര്‍വിസസ് സെക്രട്ടറിയുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

