വനിത ​പ്രാതിനിധ്യം ദയാദാക്ഷിണ്യമായി

Devika-J

ഇടതും വലതും സ്ത്രീകളെ രാഷ്​ട്രീയമായി വിറ്റു കാശാക്കിയ വർഷമാണിതെന്ന് സ്ത്രീപക്ഷ എഴുത്തുകാരിയും ചിന്തകയും അധ്യാപികയുമായ ജെ. േദവിക. മറ്റെല്ലാ തെരഞ്ഞെടുപ്പുകളും പോലെ ഇത്തവണയും സ്ത്രീപ്രാതിനിധ്യത്തിൽ ഒരു വ്യത്യാസവുമില്ലാത്ത തെരഞ്ഞെടുപ്പാണ് മുന്നിലുള്ളത്. ബി.ജെ.പി ‍അയ്യപ്പജ്യോതിയിലൂടെയും ഇടതുപക്ഷം വനിതാമതിലിലൂടെയും മുതലെടുത്ത കാലമാണിത്. വിമോചന സമരകാലത്താണ് ഇതുപോലൊരു മുതലെടുപ്പ് മുമ്പ്​ നടന്നത്.

അന്നത്തെ സ്ത്രീകൾ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അഖിലകേരള വനിത സമാജം പോലുള്ള സംഘടനക‍ൾ രൂപവത്കരിച്ച്, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ടി കോൺഗ്രസിനു മേൽ ശക്തമായ സമ്മർദം ചെലുത്തിയിരുന്നു. എന്നാലിന്നത്തെ സ്ത്രീകൾക്ക് ഒന്നും വേണ്ട. വലതുപക്ഷക്കാരികൾക്ക് തീരേ വേണ്ട, ഇടതുപക്ഷക്കാരികൾക്കും വേണ്ട -അവർ പറഞ്ഞു.

വനിതസംവരണം വന്നപ്പോൾ നിയമസഭയിലേക്ക് ഇതൊരു പുതിയ ചുവടുവെപ്പായിരിക്കും എന്ന ശുഭപ്രതീക്ഷയുണ്ടായിരുന്നു.  എന്നാൽ, ആ ചരിത്രമെല്ലാം മായ്ച്ചുകളഞ്ഞ് നാം വീണ്ടും 1950കൾക്കും മുമ്പുള്ള കാലത്തേക്ക് വീണ്ടുമെത്തിയ പോലെയാണ് തോന്നുന്നത്. 1940കളിൽ തിരുവിതാംകൂർ സഭയിൽ പോലും സ്ത്രീകളുടെ പ്രശ്നങ്ങൾ പറയാൻ നോമിനേറ്റഡ് അംഗങ്ങളുണ്ടായിരുന്നു. അക്കാലത്തിനും പിറകിലേക്ക്​ നാട് പോയ പ്രതീതിയാണ് ഇപ്പോഴുള്ളത്.

രാഷ്​ട്രീയകക്ഷികളുടെ സൗകര്യത്തിനനുസരിച്ച്, അവരുടെ ദയാദാക്ഷിണ്യത്തിനനുസരിച്ച് ഒന്നോ രണ്ടോ സീറ്റ് എറിഞ്ഞുകൊടുക്കുകയാണിന്ന്. അത് വാങ്ങിക്കൊണ്ട് മിണ്ടാതെ, സന്തോഷത്തോടെ ഒരു മൂലയിൽ ഒതുങ്ങിയിരിക്കണം. വല്യ കാര്യമായ പ്രതിനിധാനം എൽ.ഡി.എഫിനോ യു.ഡി.എഫിനോ ബി.ജെ.പിക്കോ അവകാശപ്പെടാനില്ല. ഇടതും വലതും സ്ത്രീകളോട് കാണിച്ച വഞ്ചനയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത. എൻ.ഡി.എയുടെ കാര്യമെടുത്താൽ, അവരെ പിന്തുണക്കുന്ന സ്ത്രീകളുടെ നിലപാട് സ്ത്രീകൾ രാഷ്​ട്രീയ രംഗത്തേക്ക്​ വ​േരണ്ട എന്നാണ്. എന്നാൽ, അയ്യപ്പജ്യോതി പോലുള്ള പരിപാടികൾക്ക് പങ്കെടുക്കണം, അതാണ്​ അവർ ആഗ്രഹിക്കുന്നത്​.

പൊതുവെ സ്ത്രീകൾക്ക് രാഷ്​ട്രീയ അവകാശങ്ങൾ ആവശ്യമില്ല എന്ന  നിലപാടിലേക്കെത്തിയിരിക്കുന്നു വലതുപക്ഷം. ഇടതുപക്ഷമാണെങ്കിൽ വായകൊണ്ടു പറയും; പക്ഷേ, ഒന്നും പ്രവർത്തിക്കില്ല. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജനാധിപത്യം നിലനിൽക്കാതെ അവകാശങ്ങളൊന്നും ആവശ്യപ്പെടാനോ നേടിയെടുക്കാനോ കഴിയില്ല. അത്രത്തോളം സ്ത്രീകൾ ജനാധിപത്യത്തിനുവേണ്ടി പോരാടണം. മോദിയും ബി.െജ.പി സർക്കാറും തോറ്റാലേ സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങൾ നേടിയെടുക്കാനാവൂ.

കോൺഗ്രസി​െൻറ പ്രകടന പത്രിക ഒന്നാന്തരമാണ്, അതിൽ രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്യുന്നതെല്ലാം ഏറെ മികച്ച കാര്യങ്ങളാണ്. എന്നാൽ, ഹിന്ദുത്വ അധീശത്വവും ഹൈന്ദവ വലതുപക്ഷ ആധിപത്യവും ഒരു പുതു സാധാരണത്വം (ന്യൂ നോർമൽ) ആയിരിക്കുന്നു. ഭരണഘടന നൽകുന്ന അവകാശങ്ങൾക്കുമീതെ ഹിന്ദുത്വ അധീശത്വം പിടിമുറുക്കിയിരിക്കുന്നു. ഇതിലേറ്റവും നഷ്​ടമനുഭവിക്കുന്നത് സ്ത്രീകളെന്ന സാമൂഹികവിഭാഗമാണ്. പ്രാേദശിക തലങ്ങളിൽ ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് എത്രമാത്രം കഴിയുമെന്നാണ് നോക്കേണ്ടത് -അവർ കൂട്ടിച്ചേർത്തു. 

Loading...
COMMENTS