Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപെൺപോരാളികൾ; വീര...

പെൺപോരാളികൾ; വീര പ്രസുക്കൾ....

text_fields
bookmark_border
പെൺപോരാളികൾ; വീര പ്രസുക്കൾ....
cancel
camera_alt

ആ​ബാ​ദി ബാ​നു ബീ​ഗം, ഝാ​ൻ​സി​യി​ലെ റാ​ണി ല​ക്ഷ്മിബാ​യി

മക്കൾക്ക് ഗുരുതര രോഗം ബാധിച്ച വേളയിൽ അവരെ സന്ദർശിക്കാൻ പോകുന്നതിന് ജയിലിലായിരുന്ന മൗലാനാ മുഹമ്മദലിക്ക് മുന്നിൽ ബ്രിട്ടീഷ് ഭരണകൂടം ഒരു ഉപാധിവെച്ചു: മാപ്പപേക്ഷ നൽകുക, സർക്കാറിനെതിരായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക. മാപ്പ് പറഞ്ഞ് അത്തരമൊരു ഔദാര്യം വേണ്ടെന്നുവെച്ചു അദ്ദേഹം. സർക്കാറിന്റെ നിർദേശത്തെക്കുറിച്ച് അലി സഹോദരന്മാരുടെ ഉമ്മ ആബാദി ബാനു ബീഗം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:

'ഇന്ത്യയെ അടിമയാക്കി വെച്ചിരിക്കുന്ന സർക്കാറിന്റെ ആവശ്യം അനുസരിക്കാൻ എന്റെ മക്കൾ തയാറായാൽ അവരുടെ കഴുത്ത്‌ ഞെരിക്കാൻ എന്റെ വൃദ്ധകരങ്ങൾക്ക് അല്ലാഹു ശക്തി നൽകട്ടെ'മൗലാനാ ഷൗക്കത്തലി ജയിലിൽ നിന്ന് ഉമ്മക്ക് അയച്ച കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: ഏറെ ത്യാഗം സഹിച്ച് എന്നെ വളർത്തി വലുതാക്കിയ, വിദേശത്ത് പഠിക്കാൻ സകല സൗകര്യങ്ങളുമൊരുക്കിയ ഉമ്മാ, നിങ്ങൾക്ക് കരുതലൊരുക്കേണ്ട ഈ പ്രായത്തിൽ അതിനു കഴിയാത്ത വിധം ഞാൻ ജയിലിലാണല്ലോ. ഒരു പക്ഷേ ഞാൻ തൂക്കിലേറ്റപ്പെടും.

അതോർത്ത് എനിക്ക് ഭയമില്ല, എന്നാൽ, ദൈവസന്നിധിയിലെ വിചാരണ വേളയിൽ നിന്റെ ഉമ്മക്ക് വേണ്ടി നീ എന്തു ചെയ്തു എന്ന ചോദ്യമോർത്ത് എനിക്ക് ഭയം തോന്നുന്നു ആ മറുപടി കുറിച്ചു: പ്രിയപ്പെട്ട മോനേ, നീ എന്റെ കാര്യമോർത്ത് വിഷമിക്കേണ്ട. ഈ നാടിന്റെ മോചനത്തിന് വേണ്ടി ജീവനും ജീവിതവും നൽകുന്നതിനേക്കാൾ വലുതായൊന്നും ഒരാൾക്കും ചെയ്യാനില്ല.

ഞാൻ മക്കളെ പ്രസവിച്ചു വളർത്തിയതും പഠിപ്പിച്ചു വലുതാക്കിയതും നാടിനു വേണ്ടി അടർക്കളത്തിലേക്ക് അയക്കാൻ വേണ്ടിത്തന്നെയാണ്. അത് നീ നിറവേറ്റിയിരിക്കുന്നു. ഒരു പോരാളിയുടെ ഉമ്മ എന്ന പദവി നീയെനിക്ക് സമ്മാനിച്ചിരിക്കുന്നു. കഴുമരം വിധിക്കപ്പെട്ടാൽ ആ ശിക്ഷയേറ്റുവാങ്ങാൻ പോകുമ്പോൾ നിന്റെ കാലുകൾ പതറാതിരിക്കട്ടെ, കണ്ണുകൾ നിറയാതിരിക്കട്ടെ, ഹൃദയം വേദനിക്കാതിരിക്കട്ടെ പടച്ചവൻ നിന്നെ അനുഗ്രഹിക്കട്ടെ.

മഹാത്മജി അമ്മീ ജാൻ എന്നു വിളിച്ചിരുന്ന, ബീ അമൻ എന്നറിയപ്പെടുന്ന ആബാദി ബാനു ബീഗം ഒരു പ്രതീകം മാത്രമാണ്. അത്തരം ആയിരക്കണക്കിന് അമ്മമാരാണ് രാജ്യത്തിന്റെ മോചനത്തിന് വേണ്ടിപ്പൊരുതുന്ന മക്കളെയോർത്ത് അഭിമാനം കൊണ്ടത്, പതിനായിരങ്ങൾക്ക് പ്രചോദനം പകർന്നത്. മക്കളെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് സമർപ്പിച്ചതിലൊതുങ്ങുന്നില്ല ബീ അമൻ ഉൾപ്പെടെയുള്ള വനിതകളുടെ സമരചരിതം.

അവർ സമരത്തെരുവുകളിൽ മുന്നിൽ തന്നെയുണ്ടായിരുന്നു- ബ്രിട്ടീഷ് തിട്ടൂരങ്ങൾക്ക് വഴങ്ങാതെ, തോക്കുകളെയും ബൂട്ടടികളെയും ഭയക്കാതെ.ആദ്യകാല ചെറുത്തുനിൽപ്പുകൾ നടത്തിയ ഗോത്രസമൂഹങ്ങളിൽ തന്നെ ഒട്ടനവധി വനിതാ പോരാളികളുണ്ടായിരുന്നു. ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്ന ഝാൻസിയിലെ റാണി ലക്ഷ്മിബായി, അവധിലെ ബീഗം ഹസ്രത്ത്‌ മഹൽ തുടങ്ങിയവർ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ധീരമുഖങ്ങളായിരുന്നു.


രാജ്കുമാരി ഗുപ്ത

മഹാത്മ ഗാന്ധിയുടെ ആദർശങ്ങളിൽ പ്രചോദിതയായി ഭർത്താവിനൊപ്പം സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കു വന്ന രാജ്കുമാരി സായുധ പോരാട്ടം കൊണ്ടേ ബ്രിട്ടനെ തുരത്താനാകൂ എന്ന വിശ്വാസത്തിൽ ചന്ദ്രശേഖർ ആസാദ് ഉൾപ്പെടെയുള്ള വിപ്ലവകാരികളുടെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിൽ ചേർന്നു.

വിപ്ലവ പ്രവർത്തനങ്ങൾക്ക് ധനം സമാഹരിക്കാൻ കാക്കോരിയിൽ ട്രെയിൻ കൊള്ള നടത്തിയ വിപ്ലവകാരികൾക്ക് തോക്കുകൾ എത്തിച്ചു കൊടുത്തത് മൂന്നു വയസ്സുള്ള മകനുമായെത്തിയ രാജ്കുമാരിയാണ്. കേസിലെ പങ്കാളിത്തത്തിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചു, എന്നാൽ താൻ ചെയ്യാനുള്ള ദൗത്യമാണ് നിർവഹിച്ചതെന്നും അതിൽ തെല്ലു മനസ്താപമില്ലെന്നുമാണ് വർഷങ്ങൾക്ക് ശേഷവും ആ ധീരപോരാളി പ്രതികരിച്ചത്.


ബീന ദാസ്

അച്ഛനും അമ്മയും സാമൂഹിക പ്രവർത്തകരായിരുന്ന ബീനയുടെ കുഞ്ഞുനാളിൽ തന്നെ അവർ ഗാന്ധിശിഷ്യയായി മാറി. 'ഛാത്രിസംഘ' എന്ന പെൺകുട്ടികളുടെ സംഘടനയുടെ സജീവ പ്രവർത്തകയായിരുന്നു 1926ലെ കൊൽക്കത്ത കോൺഗ്രസിൽ വളൻറിയറായും പ്രവർത്തിച്ചിട്ടുണ്ട്.

കൊൽക്കത്ത യൂനിവേഴ്സിറ്റി ബിരുദദാന ചടങ്ങിനിടയിൽ ബീന ബംഗാൾ ഗവർണർ സ്റ്റാൻലി ജാക്സനു നേരെ നിറയൊഴിച്ചു. തുടർന്ന് ഒമ്പതുവർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ടു. ഗാന്ധിജിയുടെ ശ്രമഫലമായി 1939ൽ മോചിതയായ ശേഷം വീണ്ടും കോൺഗ്രസിൽ സജീവമായി. 1946 മുതൽ 1951 വരെ ബംഗാൾ നിയമസഭ സാമാജികയായിരുന്നു.


കിറ്റൂർ ചെന്നമ്മ

കർണാടകയിലെ കിറ്റൂർ ദേശത്തെ റാണിയായിരുന്നു കിറ്റൂർ ചെന്നമ്മ. ഡൽഹൗസി പ്രഭു നടപ്പാക്കിയ ദത്തവകാശ നിരോധന നിയമത്തിന്റെ ആദ്യ ഇര കൂടിയായിരുന്നു കിറ്റൂർ ചെന്നമ്മ. അവരുടെ ദത്തുപുത്രൻ ശിവലിംഗപ്പയുടെ അധികാരാവകാശം ഈസ്റ്റ് ഇന്ത്യ കമ്പനി തിരസ്കരിക്കുകയായിരുന്നു.

കിറ്റൂർ ദേശത്തെ ആക്രമിച്ച ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്യുകയും കിറ്റൂർ സൈന്യം കലക്ടർ ജോൺ താക്കറെ വധിക്കുകയും ചെയ്തു. ഇംഗ്ലീഷ് സൈന്യം തടവിലാക്കിയ ചെന്നമ്മ തടവിൽ കഴിയവെയാണ് മരിച്ചത്.


ദുർഗാവതിദേവി

ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധകലാപം നയിച്ച വിപ്ലവകാരിയായിരുന്നു ദുർഗാവതിദേവി. സാൻഡേഴ്സ് വധത്തിനുശേഷം ലാഹോറിൽനിന്ന് രക്ഷപ്പെട്ട് സാഹസികമായ രീതിയിൽ ഭഗത് സിങ്ങിനെ സഹായിച്ചതോടുകൂടിയാണ് ദുർഗാവതിദേവി ചരിത്രത്തിലിടം നേടുന്നത്.

അതിനുശേഷം നിരവധി തവണ വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തി. സ്വാതന്ത്ര്യാനന്തരം മറ്റ് സമരസേനാനികളിൽനിന്ന് തികച്ചും വ്യത്യസ്തയായി ദുർഗാവതിദേവി ഗാസിയാബാദിൽ സാധാരണ ജീവിതം നയിക്കാൻ തീരുമാനിച്ചു. അവിടെ തന്നെ നിർധനരായ വിദ്യാർഥികൾക്കായി വിദ്യാലയം ആരംഭിക്കുകയും ചെയ്തു.


മാതംഗിനി ഹസ്റ

18ാം വയസ്സിൽ വിധവയായ മാതംഗിനി രാജ്യത്തിന്റെ മോചനം ജീവിത ലക്ഷ്യമായി വരിച്ചു. ദണ്ഡി മാർച്ചിൽ പങ്കെടുത്തതിന് ആറു മാസം തടവുശിക്ഷ അനുഭവിച്ചു. 1942ൽ ക്വിറ്റ് ഇന്ത്യ സമരം നടക്കുമ്പോൾ 71 വയസ്സായിരുന്നു പ്രായം. ആറായിരത്തോളം അനുയായികളുമായി തംലൂക്ക് പൊലീസ് സ്റ്റേഷൻ പിക്കറ്റ് ചെയ്യാനെത്തി. ഭീഷണികളെ വകവെക്കാതെ മുന്നോട്ടു നീങ്ങുന്നതിനിടെ പൊലീസ് വെടിവെച്ചുവീഴ്ത്തി.


ഹാജിറ ബീഗം

വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാ സത്യഗ്രഹ സമരങ്ങളിൽ പങ്കെടുത്തു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ല സെക്രട്ടറിയായിരുന്ന ഹാജിറ 'പ്രഭ' എന്നപേരിൽ ഹിന്ദി മാസിക പുറത്തിറക്കി.1940ലെ അഖിലേന്ത്യ വിമൻസ് കോൺഫറൻസിന്റെ ഓർഗനൈസിങ് സെക്രട്ടറിയായി. 1954ൽ കോപൻഹേഗനിൽ നടന്ന വിമൻസ് വേൾഡ് കോൺഗ്രസിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചു.


അക്കമ്മ ചെറിയാൻ

കാഞ്ഞിരപ്പള്ളിക്കാരിയായ അക്കമ്മ ചെറിയാൻ 1938ലെ കാഞ്ഞിരപ്പള്ളിയിലെ സ്ത്രീകളുടെ സമര നേതാവായിരുന്നു. ചിത്തിരതിരുനാൾ രാജാവിന് നിവേദനം സമർപ്പിക്കുന്നത് തടയാൻ തോക്കുമായെത്തിയ കേണൽ വാട്കിസിന്റെ തോക്കിൻമുനയിലേക്ക് സധൈര്യം കടന്നുചെന്ന ധീരവനിത. 1942ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡൻറായി. സ്വാതന്ത്ര്യാനന്തര തിരുവിതാംകൂർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indipendence DayBest of Bharat
News Summary - Women fighters during freedom struggle
Next Story