‘പൊതു’ എന്നു വ്യവഹരിക്കപ്പെടുന്ന ഇടങ്ങള്‍ വാസ്തവത്തില്‍ ആരുടേതാണ്? നിഷ്പക്ഷമായി ചിന്തിച്ചാല്‍ നമ്മള്‍ ആണും പെണ്ണും ഒരേ സ്വരത്തില്‍ പറയും അത് ആണുങ്ങളുടേതു മാത്രമാണെന്ന്. ‘പൊതു’ മാത്രമല്ല ‘ജന’വും പ്രതിനിധാനം ചെയ്യുന്നത് പുരുഷനെ മാത്രമാണ്. തെറ്റിദ്ധരിക്കേണ്ട, ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നും അല്ല. ഏറെക്കാലമായി പെണ്ണുങ്ങള്‍ അറിയുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. എന്നിട്ടും വീണ്ടും പരസ്യമായി ഓര്‍മപ്പെടുത്തേണ്ടിവന്നിരിക്കുന്നു. സ്ത്രീ സുരക്ഷയെപ്പറ്റി ഭരണാധികാരികളുടെ വാതോരാതെയുള്ള ഗീര്‍വാണങ്ങളും അവകാശവാദങ്ങളും കേട്ടുകേട്ട് സ്ത്രീകള്‍ മടുത്തുപോയിരിക്കുന്നു. ഒരാഴ്ചക്കുള്ളില്‍ രണ്ടു പൊതു ഇടങ്ങളില്‍ ഉണ്ടായ പെണ്ണനുഭവങ്ങളാണ് എന്നെ വീണ്ടും ഇങ്ങനെ ഒരെഴുത്തിലേക്കു നയിക്കുന്നത്.
ആദ്യത്തെ സംഭവം ശനിയാഴ്ച എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ ബികാനീര്‍ എക്സ്പ്രസ് കയറാനത്തെിയ രാജനന്ദിനിക്കുണ്ടായ അനുഭവമാണ്. അന്നുവരെ കണ്ടു പരിചയമില്ലാത്ത ഒരു പുരുഷന്‍ അവരോടു ചോദിക്കുന്നു, കൂടെ പോരുന്നോ എന്ന്. അയാള്‍ക്കൊപ്പം കിടന്നുകൊടുക്കാന്‍. ഈ ചോദ്യം ഏതൊരു സ്ത്രീക്കും വലിയ വൈകാരിക വിക്ഷോഭങ്ങളോടെ മാത്രമേ കേള്‍ക്കാന്‍ കഴിയൂ. രാജനന്ദിനി അയാളെ അടിക്കുകയും ഉന്തുകയും തള്ളുകയുമൊക്കെ ഉണ്ടായത്രെ. അവര്‍ തമ്മില്‍ നല്ല മല്‍പിടിത്തം സൗമ്യ പ്രശ്നത്തിലേതെന്നപോലെ നടന്നുവെന്നര്‍ഥം. ആ സമയത്ത് റെയില്‍വേ സ്റ്റേഷന്‍ ജനസാന്ദ്രമായിരുന്നു. എന്നാല്‍, ഇത്ര വലിയ ബഹളം നടന്നത് ശ്രദ്ധിക്കുക പോലും ചെയ്യാതെ ജനം കടന്നുപോയെന്ന് അവര്‍ പറയുന്നു. ധാരാളം യാത്രകള്‍ ചെയ്ത് വ്യത്യസ്തമായി ജീവിക്കുന്ന ഒരു സ്ത്രീയാണ് രാജനന്ദിനി. മറ്റൊരു നാട്ടിലും യാത്രക്കിടയില്‍ ഇല്ലാത്ത ഈ അനുഭവം കേരളത്തിലെ റെയില്‍വേ സ്റ്റേഷനില്‍ ഒരുവള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത് എന്തുകൊണ്ട്? തികച്ചും അന്യനായ ഒരു പുരുഷന്‍െറ അപ്രതീക്ഷിതവും അന്യായവുമായ ഈ കടന്നുകയറ്റം ഏതൊരു പെണ്ണിനെയും സ്വാഭാവികമായും അരക്ഷിതയാക്കും. അതോടൊപ്പം ഒരുപക്ഷേ, അതെക്കാള്‍ മാരകമായത് ഇതു കണ്ടു നില്‍ക്കുന്ന ‘പൊതുജന’ത്തിന്‍െറ നിസ്സംഗമായ നിഷ്ക്രിയത്വമാണ്. സൗമ്യയുടെ കാര്യത്തില്‍ ഈ നിഷ്ക്രിയത്വം അതിന്‍െറ പാരമ്യത്തില്‍ എത്തിയത് നാം അനുഭവിച്ചു കഴിഞ്ഞിട്ടും അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നുവെന്നത് ഒരു പൗരസമൂഹത്തിന്‍െറ സംസ്കാര വികാസത്തെയല്ല സൂചിപ്പിക്കുന്നതെന്നു വ്യക്തം.
എന്തുകൊണ്ട് ഇങ്ങനെ? സൗമ്യയുടെ ട്രെയിനും പുറപ്പെട്ടത് എറണാകുളത്തുനിന്നായിരുന്നു. എന്നാല്‍, അവളുടെ കൂടെ അന്നു യാത്രചെയ്ത അതേ പൗരസമൂഹമായിരിക്കില്ല രാജനന്ദിനി കണ്ടതെന്നുതന്നെ വിശ്വസിക്കാം. സൗമ്യയുടെ കരച്ചില്‍ കേട്ടിട്ടും വണ്ടിയുടെ ചങ്ങല വലിച്ചു നിര്‍ത്താതിരുന്ന അതേ മനുഷ്യരാണോ രാജനന്ദിനിയെ തിരിഞ്ഞുനോക്കാതെ കടന്നുപോയത്? ആയിരിക്കാന്‍ വഴിയില്ല. പക്ഷേ, ഈ പ്രതികരണങ്ങളിലെ അഥവാ പ്രതികരണമില്ലായ്മയിലെ സാദൃശ്യം അദ്ഭുതകരമാണ്. എനിക്കു തോന്നുന്നു, അതീവ സ്വാര്‍ഥതയിലേക്കും അലസതയിലേക്കും മൂക്കുകുത്തി വീണുകൊണ്ടിരിക്കുന്ന ഒരു മധ്യവര്‍ഗ ജീവിതത്തിനും താല്‍പര്യങ്ങള്‍ക്കും കേരളീയ പൗരസമൂഹം വിധേയപ്പെട്ടുകഴിഞ്ഞിരിക്കുന്നു. സ്വന്തം പണം മാത്രമല്ല, സ്വന്തം സമയം, സൗകര്യങ്ങള്‍ എന്നിവകളില്‍ ഇത്തിരിപോലും നീക്കുപോക്കുകള്‍ക്ക് തയാറില്ലാത്തവിധം ഒരു സമൂഹം പരിണമിക്കുകയെന്നാല്‍ അതിന് അല്‍പംപോലും മനുഷ്യത്വം ഇല്ലാതാവുക എന്നുകൂടിയാണര്‍ഥം. കേരളീയ സമൂഹമാകട്ടെ, അതിന്‍െറ സവര്‍ണ പൗരുഷ ബോധ്യങ്ങളെ ഈ സ്വാര്‍ഥതയുമായി ചേര്‍ത്തിണക്കിക്കൊണ്ടാണ് പുതിയ വികസന മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കേരളീയ സ്ത്രീജീവിതം പൂര്‍വാധികം അരികുവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകതന്നെയാണ്.
മറ്റൊരു പ്രതലത്തിലാണ് കോഴിക്കോട് വിനയക്കുണ്ടായ അനുഭവം. ഈമാസം 2ന് ഞായറാഴ്ച പുലര്‍ച്ചയാണതു സംഭവിക്കുന്നത്. അതേപ്പറ്റി വിനയയുടെ ഫേസ് ബുക് കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിക്കാം: ‘നാടും നഗരവും എത്രത്തോളം സ്ത്രീ സൗഹൃദം സൂക്ഷിക്കുന്നു എന്നു മനസ്സിലാക്കാനും സ്വാതന്ത്ര്യത്തോടെ ഏതു പാതിരാത്രിക്കും ചുമ്മാ തെരുവിലൂടെ രാത്രി സൗന്ദര്യം ആസ്വദിച്ചു നടക്കാന്‍ ഇഷ്ടപ്പെടാനും അപ്രകാരം പ്രവര്‍ത്തിക്കാനും അധികാരവും അവകാശവുമുള്ള ഒരു സിറ്റിസെന്‍ എന്ന അവകാശം ഉറപ്പിക്കുക എന്ന ഉദ്ദേശ്യവും ആ നടപ്പിനുണ്ട്. ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചയും ഞാന്‍ പതിവു തെറ്റിച്ചില്ല... ജയലക്ഷ്മി ടെക്സ്റ്റൈല്‍സിനു സമീപം റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള റോഡിലൂടെയുള്ള നടത്തം പെണ്ണടയാളങ്ങള്‍ വഹിച്ചു നടക്കുന്ന ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം അതീവ സാഹസംതന്നെയാണ്. ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ അരിച്ചുനീങ്ങുന്ന അനവധി കഴുകന്‍ കണ്ണുകളുമായി 17നും 25നും മധ്യേ പ്രായമുള്ള തെമ്മാടിക്കൂട്ടങ്ങള്‍...കുറ്റിയറ്റു പോയിട്ടില്ല ഈ വിഭാഗം. രാത്രി 12 മണി മുതല്‍ 5 മണി വരെയും ഈ തെമ്മാടിക്കൂട്ടങ്ങള്‍ കോഴിക്കോട് ശാപമായി ഇന്നും തുടരുന്നു...’ നിര്‍ഭാഗ്യവശാല്‍ വിനയ അത്യാവശ്യം ആത്മബോധം വികസിച്ച ഒരു പെണ്ണും സര്‍വോപരി ഒരു പൊലീസുകാരിയും ആണ്. അവര്‍ക്കാണ് ഇത്തരം ഒരനുഭവം.
ഇവിടെ അത്യധികം കാപട്യം നിറഞ്ഞ ഒരു ആണ്‍ചോദ്യം മുരണ്ടുവരുന്നത് കേള്‍ക്കാം. എന്തിന് രാത്രി പെണ്ണുങ്ങള്‍ ഒരു കാര്യവുമില്ലാതെ നഗരം ചുറ്റുന്നു. ‘വെറുതേ ഒരു രസത്തിന്’ എന്നുതന്നെ മറുപടി. ഇവര്‍ ആരെയും ആക്രമിക്കാനോ വെട്ടിക്കൊല്ലാനോ മോഷണത്തിനോ അല്ല പുറത്തിറങ്ങിയത്. ഇന്ത്യന്‍ പൗരക്ക് ഇന്ത്യന്‍ ഭരണഘടന വാഗ്ദാനംചെയ്ത മൗലികാവകാശങ്ങളില്‍ ഒന്ന് ഉപയോഗിക്കുക മാത്രമായിരുന്നു ഇവര്‍. ഇവരെ റോന്തുചുറ്റിയ ചെറുപ്പക്കാരോ? എന്തിനാണവര്‍ ആ നേരത്ത് തെരുവിലിറങ്ങിയത്? പെണ്ണുങ്ങളെക്കാണുമ്പോള്‍ ബൈക്കുകളുമായി റോന്തുചുറ്റി ഭയപ്പെടുത്താനോ? അതിന് ആരാണ് അവരെ കയറൂരിവിട്ടിരിക്കുന്നത്? ഏതു മതത്തിന്‍െറ, രാഷ്ട്രീയ സംഘടനയുടെ അജണ്ടയിലും തത്ത്വസംഹിതയിലുമാണ് ഇത്തരം ഏകപക്ഷീയമായ ആക്രമണങ്ങള്‍ ന്യായീകരിക്കപ്പെടുന്നത്? ഏതു സര്‍വകലാശാലയുടെ പാഠ്യപദ്ധതിയിലാണ് ഇങ്ങനെയൊരു പാഠഭാഗമുള്ളത്?
ഇല്ല. ഇല്ളേയില്ല. എവിടെയും സ്ത്രീകള്‍ക്കെതിരെയുള്ള ഈ ഏകപക്ഷീയമായ ആക്രമണങ്ങള്‍ക്കു ന്യായീകരണമില്ല. എന്നിട്ടും ഇതു വര്‍ധിച്ചു വരുന്നതെന്തുകൊണ്ട്? നമ്മുടെ വീടും നാടും സ്ത്രീസൗഹൃദപരമാക്കാന്‍ ഇനി എന്തു ചെയ്യണം? പെണ്ണുങ്ങള്‍ക്കു കൂടി അവകാശപ്പെട്ട പൊതു ഇടങ്ങളില്‍ വെച്ചാണ് ഞങ്ങള്‍ ഇത്തരത്തില്‍ അപമാനിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ആക്രമണങ്ങള്‍ മാത്രമല്ല അതിനോടുള്ള നിസ്സംഗമായ പൊതു പ്രതികരണങ്ങള്‍, അധികാരികളുടെ നിഷ്ക്രിയത്വം -ഇവയെല്ലാം സ്ത്രീ സമൂഹത്തിനു നല്‍കുന്ന സന്ദേശമെന്താണ്? കൂടുതല്‍ കൂടുതല്‍ അരികുകളിലേക്കു മടങ്ങുകയും പൊതു ഇടങ്ങളില്‍ ക്രമേണ അദൃശ്യരാവുകയും ചെയ്യേണ്ടവരാണ് പെണ്ണുങ്ങള്‍ എന്നുതന്നെ. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയില്ളെന്നു മാത്രമല്ല ആക്രമിക്കപ്പെട്ട പെണ്ണിനെതിരെ പല തരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്തു കൊണ്ട് ഭരണകൂടം കൂടുതല്‍ സ്ത്രീവിരുദ്ധമായിക്കൊണ്ടിരിക്കുന്നു. സ്ത്രീസുരക്ഷയെപ്പറ്റിയും സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും ലക്ഷങ്ങള്‍ പൊടിക്കുന്ന സെമിനാറുകളല്ല ഇനി പെണ്ണുങ്ങള്‍ക്കാവശ്യം.
അതെ, അവകാശപ്പെട്ട ഇടങ്ങളില്‍, നഗരങ്ങളോ നാട്ടിന്‍പുറങ്ങളോ ആകട്ടെ, രാവും പകലും ഇറങ്ങിനടക്കാന്‍ ഞങ്ങള്‍ക്കു സാധിക്കണം. അനുവാദമില്ലാത്തവര്‍ (ഞങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ = ഞങ്ങള്‍ വേണ്ട എന്നു പറയുന്നവര്‍) ഞങ്ങളുടെ അടുത്തു വരരുത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ മൗലിക സ്വാതന്ത്ര്യങ്ങളും ഞങ്ങള്‍ക്ക് അനുഭവിക്കണം.