Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇ​നി അ​ദീ​ന മ​സ്ജി​ദും...

ഇ​നി അ​ദീ​ന മ​സ്ജി​ദും അ​ധീ​ന​പ്പെ​ടു​ത്തു​മോ?

text_fields
bookmark_border
ഇ​നി അ​ദീ​ന മ​സ്ജി​ദും അ​ധീ​ന​പ്പെ​ടു​ത്തു​മോ?
cancel
camera_alt

അദീന മസ്ജിദ്

പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ 14-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട അദീന മസ്ജിദ് പുരാതന ഹിന്ദു ക്ഷേത്രമായിരുന്നു എന്ന അവകാശവാദവുമായി പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഹിന്ദുത്വർ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ഈ ചരിത്ര സ്മാരകത്തിന്റെ വളപ്പിനുള്ളിൽ പൂജകൾ നടത്താനും ശ്രമം നടക്കുന്നു. ‘ഹിന്ദു സുരക്ഷാ സമിതി’ എന്ന പേരിൽ ഒരു സംഘം ഹൂഗ്ലിയിലെ താരകേശ്വറിൽ നിന്ന് 1.5 ടൺ ഭാരവും 3.5അടി ഉയരവുമുള്ള കല്ലിൽ തീർത്ത ശിവലിംഗം മസ്ജിദ് കോംപൗണ്ടിന്റെ അതിർത്തിയിൽ നിന്ന് 50 വാര അകലെയുള്ള ആരാധനാലയത്തിൽ എത്തിച്ച് പൂജ നടത്തി.

കോടതി സമ്മതിച്ചാലും ഇല്ലെങ്കിലും

‘‘ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച [ജൂലൈ 27] അദീന മസ്ജിദിൽ ആദിനാഥന്റെ (ശിവൻ) പൂജ നടത്തുമെന്ന് ഞങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പേ പ്രഖ്യാപിച്ചതാണ്. മസ്ജിദ് വളപ്പിന് തൊട്ടുവെളിയിലാണ് ഇക്കുറി പൂജ നടത്തിയത്. അടുത്ത വർഷം കോംപൗണ്ടിനുള്ളിൽ പൂജ നടത്താൻ അനുമതി തേടി ഞങ്ങൾ കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിട്ടുണ്ട്, കോടതി ഉത്തരവ് ലഭിച്ചില്ലെങ്കിലും, ഞങ്ങൾ മസ്ജിദ് കോംപൗണ്ടിനുള്ളിൽ തന്നെ പൂജ നടത്തും.’’-ഹിന്ദു സുരക്ഷാ സമിതി സംസ്ഥാന സെക്രട്ടറി അവിജിത് ദാസ് ‘ദി വയറി’നോട് പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ നിരോധനാജ്ഞ നിലനിൽക്കെത്തന്നെ പ്രാദേശിക ഭരണകൂടത്തിൽ നിന്നും പൊലീസിൽ നിന്നും തങ്ങൾക്ക് പിന്തുണ ലഭിച്ചതായും ദാസ് അവകാശപ്പെട്ടു. ഹിന്ദു സുരക്ഷാ സമിതിയുടെ ആസ്ഥാനം എവിടെയാണെന്നോ, അതിന് എത്രമാത്രം ശക്തിയുണ്ടെന്നോ വ്യക്തമല്ല. ആർ.എസ്.എസുമായി ഔദ്യോഗിക ബന്ധമുണ്ടെന്ന കാര്യം അവിജിത് ദാസ് നിഷേധിച്ചെങ്കിലും, സംഘടനയുടെ മറ്റൊരു മുതിർന്ന ഭാരവാഹി താൻ ആർ.എസ്.എസ് പ്രചാരകനാണെന്നും സംഘം മാതൃസംഘടനയാണെന്നും വ്യക്തമാക്കുന്നു. ഭരണകൂട ഉത്തരവ് കർശനമായി പാലിച്ച് മസ്ജിദ് വളപ്പിന് പുറത്താണ് പൂജ നടത്തിയതെന്ന് ഹിന്ദു സുരക്ഷാ സമിതി നാദിയ ജില്ലാ സെക്രട്ടറി ശുഭങ്കർ ദാസ് പറഞ്ഞു.

ബി.ജെ.പി ഈ പരിപാടിയുടെ ഭാഗമായില്ലെങ്കിലും മസ്ജിദ് പണ്ട് ആദിനാഥ ക്ഷേത്രമായിരുന്നുവെന്ന ഹിന്ദു സുരക്ഷാ സമിതിയുടെ അവകാശവാദത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി ശമിക് ഭട്ടാചാര്യ പിന്തുണച്ചു.

‘‘ഏത് ഹിന്ദു സംഘടനയാണ് എവിടെയാണ് ശിവലിംഗം സ്ഥാപിച്ചതെന്ന് എനിക്കറിയില്ല. എന്നാൽ അത് ആദിനാഥന്റെ, അതായത് ശിവന്റെ ഒരു ക്ഷേത്രമായിരുന്നുവെന്നും, മുസ് ലിം ഭരണാധികാരികൾ ആധിപത്യം ഉറപ്പിക്കുന്നതിനായി അതിനെ അദീന മസ്ജിദ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നുവെന്നും എനിക്കറിയാം’’- ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന അവകാശവാദത്തെ ചരിത്രപണ്ഡിതരും വാസ്തുവിദ്യാ വിദഗ്ധരും ഔദ്യോഗിക രേഖകളും തള്ളുന്നു. ബംഗാളിന്റെ ചരിത്രകാരൻ ദീപാഞ്ചൻ ഘോഷ് വിശദീകരിക്കുന്നത്, ഈ ക്ഷേത്ര വാദത്തിന് ചരിത്രപരമോ ഭാഷാപരമോ ആയ യാതൊരു അടിസ്ഥാനവുമില്ല എന്നാണ്.

‘‘ഈ പ്രദേശത്ത് ആദിനാഥന്റെ പേരുള്ള ഏതെങ്കിലും ക്ഷേത്രം നിലനിന്നിരുന്നതായി ഒരു തെളിവുമില്ല. ഞാൻ പരിശോധിച്ച ചരിത്രരേഖകളിലൊന്നും ഇത് പരാമർശിക്കുന്നില്ല. ‘അദീന’ എന്ന പേർഷ്യൻ വാക്കിന്റെ അർഥം ‘വെള്ളിയാഴ്ച’ എന്നാണ്. അദീന മസ്ജിദ് എന്നാൽ ജുമാ മസ്ജിദ് എന്നാണ് അർഥമാക്കുന്നത്’’- ഘോഷ് ദി വയറിനോട് പറഞ്ഞു.

ബംഗാൾ സർക്കാരിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം,1369ൽ സുൽത്താൻ സിക്കന്ദർ ഷായാണ് അദീന മസ്ജിദ് നിർമിച്ചത്. 500 മീറ്റർ നീളവും 300 മീറ്റർ വീതിയുമുള്ള ഈ കൂറ്റൻ പള്ളിയിൽ 260 തൂണുകളും 387 ഗോളാകൃതിയിലുള്ള മഖ്ബറകളുമുണ്ട്. 19-ാം നൂറ്റാണ്ടിലുണ്ടായ ശക്തമായ ഭൂകമ്പങ്ങളിൽ ചുവരുകൾക്കും കമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് പള്ളി ഉപേക്ഷിക്കപ്പെടുകയായിരുന്നു.പിന്നീട് എ.എസ്.ഐ ഇതിനെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി ഏറ്റെടുത്തു.

സമന്വയമുള്ള നിർമാണ ശൈലി

മധ്യകാല ബംഗാളിന്റെ സാംസ്കാരികവും കലാപരവുമായ സമന്വയത്തിന്റെ ഉദാഹരണമാണ് അദീന മസ്ജിദ്. അതിലെ 39 മിഹ്‌റാബുകളും പ്രസംഗപീഠങ്ങളും ഇസ്‍ലാമിക ശൈലിയിലുള്ളതാണെങ്കിലും, താമര ആകൃതിയിലുള്ള അടിത്തറകളും മൂന്ന് വശങ്ങളുള്ള കമാനങ്ങളും കാണാം. സൂറ അൽ-നൂറുമായി ബന്ധപ്പെട്ട വിളക്കുകളുടെ ചിത്രീകരണങ്ങൾ പോലുള്ള ഇസ്‍ലാമിക അടയാളങ്ങൾക്കൊപ്പം ഇവയും നിലകൊള്ളുന്നു. കൂടാതെ, ഇസ്‍ലാമിക കാലഘട്ടത്തിന് മുമ്പുള്ള നിർമാണ രീതികളിൽ നിന്ന് എടുത്ത ബസാൾട്ട് കല്ലുകളും വാതിൽ തളങ്ങളും മറ്റും ഈ മസ്ജിദിൽ കാണാം. ഇതിൽ താമരയിതളുകളും ഗണപതി, ശിവൻ എന്നിവരുടേതെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്ന ചിത്രങ്ങളും കൊത്തിവെച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് വലതുപക്ഷ ഗ്രൂപ്പുകൾ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് വാദിക്കുന്നത്.

എന്നാൽ ‘മോസ്‌ക് ആർക്കിടെക്ചർ ഓഫ് പ്രീ-മുഗൾ ബംഗാൾ’ എന്ന പുസ്തകം രചിച്ച സയ്യിദ് മഹ്മൂദുൽ ഹസൻ അടക്കമുള്ള ചരിത്രപണ്ഡിതർ ചൂണ്ടിക്കാണിക്കുന്നത്, പഴയ കെട്ടിടാവശിഷ്ടങ്ങൾ പുതിയ നിർമാണങ്ങൾക്ക് ഉപയോഗിക്കുന്നത് അക്കാലത്ത് സർവസാധാരണമായിരുന്നു എന്നാണ്. അതിനാൽ ഇതുകൊണ്ടുമാത്രം ഒരു ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് പറയാനാകില്ല. മുസ്‍ലിം ഭരണാധികാരികളുടെ കാലത്തും ബംഗാളിലെ പ്രാദേശിക കലാകാരന്മാരുടെ സ്വാധീനം നിർമിതികളിലുണ്ടായിരുന്നു.

വ്യത്യസ്ത മതപരമായ ചിഹ്നങ്ങളുടെ സാന്നിധ്യം, അക്കാലത്തെ സാംസ്കാരിക സഹവർത്തിത്വത്തെയും പ്രാദേശിക വാസ്തുവിദ്യാ രീതികളുടെ സ്വീകാര്യതയെയുമാണ് കാണിക്കുന്നത്, അല്ലാതെ ഒരു ആരാധനാലയം ബലമായി തകർത്തതിനെയല്ല. അദീന മസ്ജിദ് നിർമിക്കുന്നതിന് മുൻപ് പാണ്ഡുവയിൽ ഒരു ക്ഷേത്രം നിലനിന്നിരുന്നതായി ചരിത്രരേഖകളിലൊന്നുമില്ല.

അതിനിടെ, സംസ്ഥാനത്തുടനീളം തങ്ങളുടെ അജണ്ട വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഹിന്ദു സുരക്ഷാ സമിതി. ബംഗാളിലെ ഏറ്റവും പഴക്കമുള്ള ഇസ്‍ലാമിക സ്മാരകം-ഹൂഗ്ലി ത്രിവേണിയിൽ, 1298ൽ നിർമിതമായ സാഫർ ഖാൻ ഗാസി മസ്ജിദും ദർഗയും പിടിച്ചെടുക്കാൻ പദ്ധതിയുണ്ടെന്നും അവിജിത് ദാസ് പറഞ്ഞു.

‘‘ബംഗാളിലുടനീളം മനോഹരമായ ആയിരക്കണക്കിന് ടെറാക്കോട്ട ക്ഷേത്രങ്ങൾ ഫണ്ടിന്റെ അഭാവവും സംരക്ഷണവുമില്ലാതെ നശിച്ചുപോകുന്നുണ്ട്. ഒരു ഹിന്ദുത്വ ഗ്രൂപ്പും അവ സംരക്ഷിക്കാൻ മുന്നോട്ടുവന്നിട്ടില്ല. അദീന അല്ലെങ്കിൽ സഫർ ഖാൻ ഗാസി പോലുള്ള സ്ഥലങ്ങളിൽ മാത്രമാണ് അവർക്ക് താല്പര്യം. ഇതിൽ നിന്ന് തന്നെ അവരുടെ ലക്ഷ്യം മതമോ ദൈവഭക്തിയോ അല്ല, കലാപങ്ങൾ സൃഷ്ടിക്കുകയാണെന്ന് വ്യക്തമാണ്’’- ദീപാഞ്ചൻ ഘോഷ് പറഞ്ഞു.

മതാന്തര വിവാഹങ്ങൾ നിരോധിക്കുക, സർക്കാർ ജോലികളിൽ ബംഗാളി ഹിന്ദുക്കൾക്ക് 100 ശതമാനം സംവരണം ഏർപ്പെടുത്തുക, മുസ്‍ലിംകൾക്ക് ഭൂമി വിൽക്കുന്നത് പൂർണമായി നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളും തങ്ങൾ മുന്നോട്ടുവെക്കുമെന്ന് ദാസ് പ്രഖ്യാപിച്ചു. പ്രചാരണ പരിപാടികൾക്കൊപ്പം തന്നെ നിയമ നടപടികളും ഇവർ ആരംഭിച്ചിട്ടുണ്ട്. സ്മാരകത്തിനുള്ളിൽ ശാസ്ത്രീയ സർവേ നടത്തണമെന്നും പൂജകൾക്ക് അനുമതി നൽകണമെന്നുമാവശ്യപ്പെട്ട് 2026 ജനുവരി 19-ന് ദേബദത്ത മാജി എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജി കൽക്കട്ട ഹൈകോടതി, ഫയലിൽ സ്വീകരിച്ചു. ഗ്യാൻവാപി, മഥുര,ഭോജ്ശാല-കമാൽ മൗല കേസുകൾക്ക് നേതൃത്വം നൽകുന്ന മുതിർന്ന അഭിഭാഷകരായ ഹരിശങ്കർ ജെയിൻ, വിഷ്ണു ശങ്കർ ജെയിൻ എന്നിവരാണ് ഹിന്ദുത്വ സംഘങ്ങൾക്ക് വേണ്ടി ഹാജരാകുന്നത്.

എന്നാൽ, ഒരു സംരക്ഷിത സ്മാരകം ഏത് അവസ്ഥയിലാണോ നിയമപരമായ സംരക്ഷണത്തിന് കീഴിൽ കൊണ്ടുവന്നത്, അതേ അവസ്ഥയിൽ തന്നെ നിലനിർത്തണമെന്നാണ് എ.എസ്.ഐയും ഭരണകൂടവും വ്യക്തമാക്കുന്നത്. അതുപ്രകാരം അദീന മസ്ജിദ് കോംപൗണ്ടിനുള്ളിൽ പുതിയ ആരാധനാ രീതികൾ ആരംഭിക്കാൻ അനുവാദമില്ല. മസ്ജിദിനുള്ളിൽ പൂജ നടന്നതായി സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് മാൾഡ പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. അദീന മസ്ജിദിനുള്ളിൽ യാതൊരുവിധ പൂജകളും നടന്നിട്ടില്ലെന്നും എ.എസ്.ഐയുടെ കീഴിലുള്ള പ്രദേശത്ത് മതപരമായ ചടങ്ങുകൾ നിരോധിച്ചിട്ടുണ്ടെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

(മുതിർന്ന മാധ്യമ പ്രവർത്തകയായ അപർണ ഭട്ടാചാര്യ the wire.in ൽ എഴുതിയ റിപ്പോറട്ടിന്റെ സംഗ്രഹ വിവർത്തനം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam articleWest Bengalmuslim mosquebjp govermentHindutva
News Summary - Will the Adina Mosque also be occupied?
Next Story