Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനെതന്യാഹുവി​െൻറ...

നെതന്യാഹുവി​െൻറ കണക്കുകൾ പിഴക്കുമോ?

text_fields
bookmark_border
palastine attack
cancel
camera_alt

ബൈത്ത്​ ഹനൂനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ട്​ പൊട്ടിക്കരയുന്ന ബന്ധുക്കൾ

പുണ്യമാസമായ റമദാനിലെ അവസാന വെള്ളിയാഴ്ച, ലോകമൊട്ടുക്കുമുള്ള മുസ്​ലിംകളുടെ വിശുദ്ധഗേഹങ്ങളിലൊന്നായ ജറൂസലമിലെ അൽഅഖ്സ പള്ളിയിലേക്ക് തൊട്ടടുത്ത 'ജർറാഹ്'പ്രദേശവാസികളായ ആളുകൾ നമസ്കാരത്തിനു​ വരുകയായിരുന്നു. ഇസ്രായേലി പട്ടാളം അവരെ തടഞ്ഞു. 'ജർറാഹി'ലെ ഫലസ്തീനികൾ ഒന്നടങ്കം അവരുടെ വീടുകൾ കുടിയേറിപ്പാര്‍ത്ത ഇസ്രായേലികൾക്കായി ഒഴിഞ്ഞുകൊടുക്കണം എന്നതായിരുന്നു അവരുയർത്തിയ ആവശ്യം. ഈ ദിവസത്തിന് മറ്റൊരു സവിശേഷതകൂടിയുണ്ടായിരുന്നു. ഇസ്രായേൽ ആഘോഷിക്കുന്ന 'ജറൂസല ദിന'വും അന്നുതന്നെ. 1967ൽ യുദ്ധത്തിലൂടെ പിടിച്ചെടുത്ത ജൂലാൻ കുന്നുകളും കിഴക്കൻ ജറൂസലവും കൂടെ കുടിയേറ്റ പ്രദേശങ്ങൾ ഒക്കെയുംതന്നെ ഇസ്രായേലി​െൻറ ഭാഗമാക്കുകയാണ്​ അവരുടെ ഉന്നം. 'ജർറാഹി'െൻറ കാര്യത്തിൽ കോടതി വാദം കേള്‍ക്കാനിരിക്കെയാണ് സംഭവം നടക്കുന്നത്. അതുകൊണ്ടാണ് നമസ്കാരശേഷം പള്ളിയുടെ അങ്കണത്തിൽ തടിച്ചുകൂടിയവർ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചത്.

'ജർറാഹി'ൽനിന്ന്​ തദ്ദേശവാസികളെ കുടിയൊഴിപ്പിക്കുന്നത് ഐക്യരാഷ്​ട്രസഭാ നിർദേശങ്ങളുടെ ലംഘനമാണെന്ന് യു.എൻ മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. അത് അടിയന്തരമായി നിർത്തിവെക്കണമെന്ന് വക്താവ്​ റൂപേർട്ട് കോൾവില്ലെ ആവശ്യപ്പെട്ടു. 1948ൽ 'നക്ക്ബ'യെത്തുടർന്ന്​ എല്ലാം നഷ്​ടപ്പെട്ട് അഭയാർഥികളായവർക്കുവേണ്ടി ജോർഡനും ഐക്യരാഷ്​ട്രസഭയും തമ്മിലുണ്ടാക്കിയ കരാറനുസരിച്ചാണ് 'ജർറാഹി'ൽ അവർ വീടുകൾ വെച്ചത്. അവരെ അകാരണമായി അടിച്ചോടിക്കുന്നത് ക്രൂരതയാണ്. എന്നാൽ, ഇത് കേവലം ഒരു റിയൽ എസ്​റ്റേറ്റ്​ തർക്കമാണെന്ന് പറഞ്ഞ്​ ഇസ്രായേൽ അവഗണിക്കുകയാണ്.

നാട്ടുകാരായ ഫലസ്തീനികളെ കബളിപ്പിച്ചും കൊള്ളയടിച്ചും വളരുന്ന ഇസ്രായേൽ ഐക്യരാഷ്​ട്ര സഭയുടെയും അന്താരാഷ്​ട്ര സംഘടനകളുടെയും നിലപാടുകളും നിർദേശങ്ങളും കാറ്റിൽ പറത്തുന്നു. ഫലസ്തീനുമായി സമാധാനം സാധ്യമാക്കി രണ്ടു നല്ല അയൽപക്ക രാഷ്​ട്രങ്ങളായി നിലനിൽക്കണമെന്ന അഭിപ്രായവും അവർ നിരാകരിക്കുന്നു. ജോസഫ് മസാദ്, റാശിദ് ഖാലിദ്, ഹാമിദ് ദബാശ് തുടങ്ങിയ അക്കാദമിക്കുകളുടെ അഭിപ്രായത്തിൽ ഇസ്രായേൽ, സ്ഥലവാസികളായ നാട്ടുകാരെ നാടുകടത്തുകയും അന്യദേശക്കാരെ ഫലസ്തീനിൽ കൊണ്ടുവന്നു താമസിപ്പിക്കുകയും ചെയ്യുന്നു.

ഇരുപതാം നൂറ്റാണ്ടി​​െൻറ തുടക്കംമുതലേ, സിയോണിസം മുന്നോട്ടുവെച്ചത് 'വിശാല ഇ​സ്രായേൽ'എന്ന കാഴ്ചപ്പാടായിരുന്നു. പക്ഷേ, തന്ത്രശാലികളായ അവർ ലോകത്തിനു മുന്നിൽ മുഖംമൂടിയണിഞ്ഞു. 'ഫലസ്തീനി അഭയാർഥിപ്രശ്നത്തി​​െൻറ ഉദ്​ഭവം' (The Birth of the Palestinian Refugee Problem) എന്ന പേരിൽ ബെന്നി മോറിസ് എഴുതിയ ഗ്രന്ഥം ഇത് വ്യക്തമാക്കുന്നുണ്ട്. 1937 മുതലേ ഫലസ്തീ​​െൻറ വിഭജനത്തിലൂടെ ഇസ്രായേൽ സ്ഥാപിക്കാൻ മുന്നിൽ നിന്ന ബെൻഗൂരിയ​െൻറ മനസ്സിലിരിപ്പ് ക്രമേണ ഒരു 'വിശാല ഇസ്രായേൽ' സാധ്യമാക്കുക എന്നതുതന്നെയായിരുന്നു. ഇപ്പോൾ, ഇസ്രായേലി ഭരണകൂടവും കുടിയേറിപ്പാര്‍ക്കുന്നവരും തമ്മിൽ ഒരു പ്രത്യേക ബന്ധമാണുള്ളത്. അത് എതിർപ്പുള്ളതോ അസ്വാരസ്യങ്ങളുണ്ടാക്കുന്നതോ അല്ല. കുടിയേറിയവർ തങ്ങളുടെ പാർപ്പിടങ്ങൾ വിപുലീകരിച്ച്​ പുതിയ താമസക്കാരെ ഇറക്കുമതി ചെയ്യുന്നു. ഭരണകൂടം അതംഗീകരിക്കുകയും ആ സ്ഥലംകൂടി തങ്ങളുടേതാണെന്നു പ്രഖ്യാപിക്കുന്നു. ആവശ്യമായ സന്ദർഭങ്ങളിലെല്ലാം അവർക്ക് അമേരിക്ക പിന്തുണ നല്‍കി. അവസാനം, കുഷ്​നറുടെയും ​ട്രംപി​െൻറയും സഹായത്താൽ 'അബ്രഹാം കരാറും' അവർ പാസാക്കിയെടുത്തു.

കിഴക്കൻ ജറൂസലം സ്വന്തമാക്കുകയെന്നത് ഇസ്രായേലി​െൻറ ദീര്‍ഘകാല നയമാണ്. അതിനുവേണ്ടി പതിറ്റാണ്ടുകളായി അവർ പണിയെടുക്കുകയായിരുന്നു. കുടിയേറിപ്പാര്‍ത്തവരും ഭരണകൂടവും തദ്ദേശവാസികളായ ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന്​ ഒന്നൊന്നായി പിഴുതെറിയുകയായിരുന്നു. ഗസ്സക്കു ചുറ്റും 'വിവേചനത്തി​​െൻറ (apartheid) വൻമതിൽ പണിതു. ആ പ്രദേശം അവർ വകഞ്ഞുമാറ്റി. ഫലസ്തീ​െൻറ ഭൂപ്രദേശങ്ങളെ പരസ്പരബന്ധമില്ലാത്ത സ്ഥലങ്ങളാക്കി മാറ്റി. രാഷ്​ട്രീയ അഭിപ്രായമുള്ള യുവാക്കളെയെല്ലാം ജയിലിലാക്കി. കുടിയേറ്റക്കാർക്ക് സഹായകമാകുന്ന വിധത്തിൽ ഇടക്കിടെ സ്ഥാപിച്ച ചെക്ക്പോസ്​റ്റുകൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. ഇതവരെ നാടുവിട്ടു പലായനം ചെയ്യാൻ പ്രേരിപ്പിച്ചു. സാമ്പത്തികമായ തകര്‍ച്ച ഫലസ്തീെൻറ ആന്തരഘടനയെ ബാധിച്ചിരിക്കുന്നു. ഇസ്രായേലിലെ പൗരന്മാരായ ഫലസ്തീൻകാർക്ക് ഭൂമി വാങ്ങുന്നതിൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ഇങ്ങനെ ഒട്ടനവധി കാരണങ്ങളാൽ പൗരന്മാർ സ്വന്തം നാട്ടിൽ അന്യരായിത്തീർന്നു. ഇത് തുടർന്നുകൊണ്ടേയിരിക്കും.

ഇതിനൊക്കെ അറുതിവരണമെങ്കിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ ലോകശക്തികൾ മുന്നോട്ടുവരേണ്ടിയിരിക്കുന്നു. ഇപ്പോൾ ഇസ്രായേലും ഫലസ്തീനും തമ്മിൽ യുദ്ധം ശക്തമായിവരുകയാണ്. ഗസ്സയിലെ ഹമാസി​​െൻറ ആസ്ഥാന കെട്ടിടം ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെടുന്നു. തെൽഅവീവിലും കുറെ പൗരന്മാർക്ക് ജീവൻ നഷ്​ടപ്പെട്ടിട്ടുണ്ട്. അശ്കലോണും തെൽഅവീവും ഇസ്രായേലിലെ വിമാനത്താവളവും ആക്രമണത്തിനിരയായി. മൃത്യുവിന്നിരയായവരിൽ സാധാരണക്കാരും കുഞ്ഞുങ്ങളുമുണ്ട്. ഇസ്രായേൽ പൗരന്മാരായ ഫലസ്തീനികളും യുദ്ധത്തിനെതിരെ പ്രതിഷേധിക്കുകയാണ്. തങ്ങളനുഭവിക്കേണ്ടിവന്ന വിവേചനങ്ങൾ അവരെ രോഷാകുലരാക്കുന്നു. 2014ൽ നടന്നതിനെക്കാൾ വലിയ -ഒരു രണ്ടും കൽപിച്ച- യുദ്ധമായി ഇത് മാറുമോ എന്ന ആശങ്ക ഗസ്സയിലെയും തെൽഅവീവിലെയും ജനങ്ങളെ ഒരുപോലെ വേട്ടയാടുന്നു.

മന്ത്രിസഭയുണ്ടാക്കുന്നതിൽ പരാജയപ്പെട്ട നെതന്യാഹുവിനെ കോടതി കാത്തിരിക്കുന്ന സന്ദർഭത്തിലാണ് യുദ്ധം തുടങ്ങുന്നത്. ഇത് തനിക്കെതിരായ അഴിമതി ആരോപണങ്ങളിൽനിന്നെല്ലാം ലോകശ്രദ്ധ തിരിച്ചുവിടുന്നതിന്​ അദ്ദേഹത്തെ സഹായിക്കുന്നു. മാത്രമല്ല, തീവ്രവലതുപക്ഷ രാഷ്​ട്രീയക്കാരെ ഒന്നുകൂടി അദ്ദേഹത്തിലേക്കടുപ്പിക്കാനും ഇത് സഹായകമാകും. ഒരുപക്ഷേ, കുറച്ചുകൂടി കാലം ഭരണത്തിൽ തുടരാനുള്ള അവസരം ഒത്തുവന്നാൽ അത് കോടതി കയറുന്നതിൽനിന്ന്​ അദ്ദേഹത്തെ രക്ഷിച്ചെന്നും വരാം. ഫാഷിസ്​റ്റ്​ ഭരണാധികാരികളെ വഴിനടത്തുന്നത്​ ഇത്തരം ചിന്തകളാണ്. ഹമാസുമായി ഇസ്രായേൽ ഏറ്റുമുട്ടിയ മുൻകഴിഞ്ഞ യുദ്ധങ്ങളെല്ലാം നെതന്യാഹുവിന് ഭരണം നിലനിർത്താൻ സഹായകമായിട്ടുണ്ടെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാൻറിസ് ഫലസ്തീനെ പൂര്‍ണമായും പരാജയപ്പെടുത്തുന്നതുവരെ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇരുരാജ്യങ്ങളും സമാധാന ചര്‍ച്ചകൾക്ക് തയാറാവണമെന്നു പറയുമ്പോഴും ബൈഡൻ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് ഇസ്രായേലിനാണെന്നത് ശ്രദ്ധേയമാണ്. റഷ്യൻ പ്രസിഡൻറ്​ പുടിൻ ഇരു രാഷ്​ട്രങ്ങളോടും യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

അക്രമികളായ അധിനിവേശ ശക്തികൾ അന്താരാഷ്​ട്ര നിയമങ്ങളോ നിർദേശങ്ങളോ പാലിക്കുന്നവരല്ലെന്നതാണ് ചരിത്രം നമുക്കു നല്‍കുന്ന പാഠം. അതിനാൽ, കേവലമായ നിർദേശങ്ങളോ ആജ്ഞകളോ നൽകുന്നതിലുപരി ഇസ്രായേലിനെ സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദിത്തമുള്ളവരാക്കി മാറ്റേണ്ടിയിരിക്കുന്നു. മേഖലയിലെ മറ്റു രാഷ്​ട്രങ്ങൾ സംഘടിതരായി ഇസ്രായേലിനെ മാറ്റിനിർത്തുകയും അന്താരാഷ്​ട്ര നിയമങ്ങൾ പാലിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NetanyahuIsraelIsrael Palestine Conflict
News Summary - Will Netanyahu's figures go wrong?
Next Story