Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
akhilesh yadv and yogi adithyanth
cancel
Homechevron_rightOpinionchevron_rightArticleschevron_rightആദ്യ 'സിക്സർ' അടിച്ച...

ആദ്യ 'സിക്സർ' അടിച്ച അഖിലേഷ്​ യോഗിയുടെ കുറ്റി തെറിപ്പിക്കുമോ?

text_fields
bookmark_border
എസ്​.പിയുടെ ജാതി കാർഡിനെ വെല്ലാൻ ഏതറ്റംവരെയും മതകാർഡ്​ ഉപയോഗിക്കാനുള്ള ബി.ജെ.പി ശ്രമം തിരിച്ചടിക്കുന്നതാണ് പാളയത്തിലെ രാജികൾ തെളിയിക്കുന്നത്​. മോദിയുടെയും അമിത്​ ഷായുടെയും ഇടവലം സുരക്ഷയുള്ള യോഗി കാത്തുസൂക്ഷിച്ചുപോന്ന അര ഡസൻ എം.എൽ.എമാരെയും കാൽഡസൻ മന്ത്രിമാരെയുമാണ്​ അഖിലേഷ്​ ഒന്നൊന്നായി കട്ടുകൊണ്ടുപോയിരിക്കുന്നത്​. ഒരു പിന്നാക്കവിഭാഗം നേതാവും പാർട്ടി വിട്ടുപോകില്ലെന്നു കേന്ദ്രനേതൃത്വത്തിന്​ ഉറപ്പുനൽകിയിരുന്നതാണ്​ യോഗി...


എന്നത്തെയും പോലെ 2024 പൊതുതെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ എന്ന പല്ലവി പാടിത്തന്നെയാണ്​ ഇത്തവണയും ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിനിറങ്ങിയത്​​. ഡൽഹിയിലേക്കുള്ള വഴി ലഖ്​നോയിലൂടെയാണ്​ എന്നു ചൊല്ലു വേറെയുമുണ്ട്​. അതുകൊണ്ടു, ബി.ജെ.പിയും മുഖ്യപ്രതിയോഗി സമാജ്​വാദി പാർട്ടിയും രണ്ടും കൽപിച്ചാണ്. എന്നാൽ, കമീഷന്‍റെ കൈയിൽ നിന്നു തെരഞ്ഞെടുപ്പ്​ ബാറ്റൺ വാങ്ങിയുള്ള ഓട്ടത്തിൽ ആദ്യലാപ്പിൽ ഗുസ്തിവീരൻ മുലായമിന്‍റെ മകൻ അഖിലേഷ്​ യാദവ്​ മുന്നിൽ കയറി ഞെളിഞ്ഞുനിൽപാണ്​. അമിത്​ ഷാ മുതൽ കാവിക്കടുവകളെയൊക്കെ യാദവക്കിടുവ പിടിച്ച അന്ധാളിപ്പിലാണ്​ യു.പി അല്ല, ദേശീയരാഷ്ട്രീയം തന്നെ ഇപ്പോൾ.

ഏതായാലും, ഉത്തരേന്ത്യയിൽ വീശിയടിക്കുന്ന കുളിർകാറ്റിനിടെ വാക്​പോരിൽ ആരംഭിച്ച തെരഞ്ഞെടുപ്പ്​ യുദ്ധം ബി.ജെ.പിയിലെ കൂടുമാറ്റത്തോടെ നന്നായി ചൂടുപിടിച്ചു കഴിഞ്ഞു. 2017ലെ തെരഞ്ഞെടുപ്പ്​ കണക്കു നോക്കിയാൽ താരതമ്യത്തിനു വിലയില്ലാത്ത പോരാട്ടമാണ്​ ഇത്തവണ എന്നു പറയാം. 403 അംഗസഭയിൽ 312 സീറ്റുകൾ നേടി അഭൂതപൂർവമായ വിജയമാണ്​ ബി.ജെ.പി കാഴ്ചവെച്ചത്​. എസ്​.പിക്കു 47 ൽ ഒതുങ്ങേണ്ടി വന്നപ്പോൾ ബി.എസ്​.പിക്ക്​ 19 ഉം കോൺഗ്രസിന്​ ഏഴും സീറ്റുകളേ ലഭിച്ചുള്ളൂ. ബി.ജെ.പിക്ക്​ 39.6 ശതമാനം വോട്ടും എസ്​.പിക്ക്​ 21.8 ശതമാനവും കിട്ടി. ബി.എസ്​.പിയുടെ വോട്ടുവിഹിതം 22.2 ശതമാനമായിട്ടും അവർക്ക്​ അത്​ സീറ്റുകളാക്കി മാറ്റാൻ സാധിച്ചില്ല. 2012 ലെ സീറ്റുനില നോക്കിയാൽ 265 സീറ്റുകളുടെ വർധനയുണ്ടായി. എസ്​.പിക്ക്​ 177 സീറ്റുകളുടെയും ബി.എസ്​.പിക്ക്​ 61 സീറ്റുകളുടെയും നഷ്ടമുണ്ടായി.

​വികസനമല്ല, യോഗിക്ക്​ പഥ്യം 'ഹിന്ദുത്വ'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരിഷ്മയുടെ ബലത്തിലാണ്​ ബി.ജെ.പി നടത്തിയ മുന്നേറ്റം എന്നു വ്യക്തം. കേന്ദ്ര ​െറയിൽവേ സഹമന്ത്രിയായിരുന്ന മനോജ്​ സിൻഹയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു കണ്ടുവെച്ചിട്ടും പൊടുന്നനെ നിലപാടുമാറ്റി യോഗി ആദിത്യനാഥിനെ കസേരയിലിരുത്തുന്ന അമ്പരപ്പിക്കുന്ന നീക്കമാണ്​ മോദി നടത്തിയത്​. അന്നുതൊട്ട്,​ കാവിയണിഞ്ഞ ഒരു 'മത പീഠാധിപതി'യുടെ പ്രതിച്ഛായയിൽനിന്നു മാറി ഒരു സംസ്ഥാനനേതാവിന്‍റെ സ്ഥാനത്തേക്കുയരാൻ മോദി കാര്യമായി അധ്വാനിച്ചു. ഒരു മുഴുദിന മുഖ്യമന്ത്രിയായി, സംസ്ഥാനത്തുടനീളം വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെച്ച അദ്ദേഹം തീവ്രഹിന്ദുത്വനേതാവ്​ എന്ന ചിരകാല പ്രതിച്ഛായയെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ, ഭരണമികവു പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങളെയൊക്കെ നിഷ്പ്രഭമാക്കി, അധികാരത്തി​ലെത്താൻ സഹായിച്ച വർഗീയ വിഭജനരാഷ്ട്രീയം തന്നെയാണ്​ പുറത്തേക്കു രൂക്ഷമായ രീതിയിൽ വമിച്ചത്​. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്​ അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായതിൽപിന്നെ വാരാണസിയി​ലെ കാശി വിശ്വനാഥ്​ ക്ഷേത്രത്തിലാണ്​ ഇപ്പോൾ ബി.ജെ.പി കണ്ണ്​. ഈയിടെ 350 കോടി രൂപയുടെ കാശി വിശ്വനാഥ്​ കോറിഡോറിന്‍റെ ഉദ്​ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. അയോധ്യ, വാരാണസി, മഥുര- മൂന്നും ഹിന്ദു മതവികാരമുണർത്താനുള്ള ഉപാധിയാക്കി മാറ്റുമെന്നുറപ്പാണ്​. യോഗി എന്തായാലും സാമുദായികവിഭജനം കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രചാരണമാണ്​ ഉയർത്തുക. ഉത്തർപ്രദേശിനു പുതി​യൊരു വികസനമുഖഛായ നൽകി എന്ന്​ വലിയ പരസ്യങ്ങളിലൂടെ സ്ഥാപിച്ചെടുക്കാനുള്ള ശ്രമം യോഗി നടത്തിവരുന്നുണ്ട്​. എന്നാൽ, ഈ അവകാശവാദംപോലും ഹിന്ദു-മുസ്​ലിം വിഭജനമെന്ന ആശയത്തോടു ചേർത്തുതന്നെയാണ്​ ബി.ജെ.പി ഉയർത്തുന്നത്​.

ഹിന്ദുക്കളുടെ ചെലവിൽ മുസ്​ലിംകളെ പ്രീണിപ്പിക്കുകയാണ്​ എസ്​.പി എന്നൊരു തെറ്റായ ധാരണ വളർത്താൻ അവർ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്​. അഖിലേഷ്​ യാദവ്​ നടത്തിയ അനാവശ്യമായ ജിന്ന പരാമർശം എതിരാളികളായ ബി.ജെ.പിയുടെ കൈയിൽ വടി കൊടുക്കുകയും ചെയ്തു. ദീർഘകാലമായി തങ്ങളുയർത്തിക്കൊണ്ടു വരുന്ന വാദങ്ങളിൽ അഖിലേഷിന്​ കെണിയൊരുക്കാൻ ബി.ജെ.പിക്കു കഴിഞ്ഞിട്ടുണ്ട്​. അടുത്തായി അഖിലേഷിന്‍റെ റാലികളിൽ യുവാക്കളുടെ സാന്നിധ്യം അപ്രതീക്ഷിതമാംവിധം വർധിക്കുന്നുവെന്നു കണ്ടതോടെ, തൊഴിലില്ലായ്മ, വിലവർധന, കോവിഡ്​ മാനേജ്​മെന്‍റ്​ തുടങ്ങിയ ദൈനംദിന വിഷയങ്ങൾ പരാമർശിക്കാൻ മോദിയും യോഗിയും നിർബന്ധിതരായിട്ടുണ്ട്​. അവിടെയും യോഗി നാലര ലക്ഷം തൊഴിലുണ്ടാക്കി, കർഷകവരുമാനം ഇരട്ടിയാക്കി, വിലവർധന വെറും പ്രതിപക്ഷ ആരോപണമാണ്​ എന്നിങ്ങനെ തെറ്റായ വിവരങ്ങൾ പ്രചണ്ഡമായി പ്രചരിപ്പിച്ചുവരുകയാണ്​. കോവിഡ്​ രണ്ടാംതരംഗത്തിൽ യു.പിയിൽ ഒരാൾ പോലും ഓക്സിജൻ കിട്ടാതെ മരിച്ചി​ട്ടില്ലെന്ന്​ യോഗി സർക്കാർ തട്ടിവിടുന്നു.

പ്രിയങ്കയുടെ 'സ്ത്രീ മാനിഫെസ്​റ്റോ'

കോൺഗ്രസ്​ നേതാവ്​ പ്രിയങ്കഗാന്ധിയുടെ 'സ്ത്രീ മാനിഫെസ്​റ്റോ' ബി.ജെ.പിയെ അങ്കലാപ്പിലാക്കിയിരിക്കുന്നു. കോൺഗ്രസ്​ സംഘടനാപരമായി യു.പിയിൽ ആകെ ശിഥിലമായിക്കിടക്കുകയാണെങ്കിലും സ്ത്രീകൾക്ക്​ 40 ശതമാനം സംവരണം നൽകുമെന്ന പ്രിയങ്കയുടെ പ്രഖ്യാപനം ബി.ജെ.പിയെ അമ്പരിപ്പിച്ചിട്ടുണ്ട്​. അതിനു പിറകെ, സ്ത്രീകളുടെ കാര്യത്തിൽ തങ്ങളുടെ ബദ്ധശ്രദ്ധ വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്​ മോദിയും യോഗിയും. ഹാഥറസ്​, ലഖിംപുർ വിഷയങ്ങളിൽ നടത്തിയ ശക്തമായ ഇടപെടലിലൂടെ മൂന്നു പതിറ്റാണ്ടായി അദൃശ്യമായിക്കഴിഞ്ഞ കോൺഗ്രസിനെ ജനശ്രദ്ധയിലേക്കു തിരിച്ചുകൊണ്ടുവരുകയെന്ന പരിമിതമായ ലക്ഷ്യം സാക്ഷാത്​കരിക്കാൻ പ്രിയങ്ക ഗാന്ധിക്കു കഴിഞ്ഞു. ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു കുഴപ്പമില്ലാത്ത ശക്തിപ്രകടനത്തിനു പ്രാപ്തമാക്കാൻ പ്രിയങ്കക്കു കഴിയുമോ എന്ന കാര്യം തർക്കവിഷയമാണെങ്കിലും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ നില ​മെച്ചപ്പെടുത്താൻ അവരുടെ ശ്രമങ്ങൾക്കു കഴിയുമെന്നുതന്നെ കരുതണം. 2014ൽ അണ്ണാ ഹസാരെയുടെ പ്രസ്ഥാനം മോദിക്കു പ്രയോജനപ്പെട്ടതുപോലെ പ്രിയങ്കയുടെ ശ്രമങ്ങൾ എസ്​.പിക്കുള്ള ഡിവിഡന്‍റായി മാറും.

വെറും മായയായി മായാവതി

കോൺഗ്രസിനെ പോലെ ബഹുജൻ സമാജ്​പാർട്ടിയും കളത്തിലുണ്ടെങ്കിലും കരകയറാൻ അവർക്കു കഴിയുമെന്ന്​ ആരും കരുതുന്നില്ല. മായാവതി രംഗം വിട്ടതുപോലെയാണ്​. സി.ബി.ഐ വാൾ കഴുത്തിനു നേരെ നീണ്ടിരിക്കെ, ഭരണപക്ഷവുമായി നേരിട്ടൊരു ഏറ്റുമുട്ടലിന്​ അവർ ഒരുക്കമില്ല. ബി.എസ്​.പിയുടെ നേതാവായി ദേശീയ ജനറൽ സെക്രട്ടറി സതീഷ്​ മിശ്രയാണ് രംഗത്ത്​​. റാലികളിൽ ആൾക്കൂട്ടമൊക്കെയുണ്ടെങ്കിലും അതൊന്നും സീറ്റുകളാക്കി മാറ്റിയെടുക്കാൻ കഴിയണമെന്നില്ല. 18 ശതമാനം ജാദവ്​ ദലിതുകളുടെ കോർ വോട്ട്​ബാങ്ക്​ പിടിച്ചുനിർത്തുകയാണ്​ അവരുടെ മുന്നിലെ ​വെല്ലുവിളി.

അഖിലേഷിന്‍റെ മുസ്​ലിംപിന്തുണയിൽ വിള്ളൽ വീഴ്ത്താൻ മായാവതി​യെ ബി.ജെ.പി ഉപയോഗിക്കുമെന്നാണ്​ നിരീക്ഷകർ കരുതുന്നത്​. ഏതാനും മാസങ്ങളായി ഓൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ എന്ന ഉവൈസിയുടെ പാർട്ടി ചെയ്യുന്നതും അതുതന്നെ. മായാവതിയും ഉവൈസിയും ബി.ജെ.പിക്കു വേണ്ടി ബാറ്റു ചെയ്യുകയാണ്​ എന്നാണ്​ ​പൊതുധാരണ. സമാജ്​വാദിയുടെ മുസ്​ലിം പരമ്പരാഗത വോട്ടുബാങ്കിൽ വരുന്ന ഏതു വിള്ളലും ബി.ജെ.പിക്കാണ്​ അനുഗുണമാവുക.

ജാട്ട്​-മുസ്​ലിം യോജിപ്പ്​ നിർണായകമാവും

ബി.​ജെ.പി നേതൃത്വത്തെ ഏറെ പിറകോട്ടടിപ്പിച്ചതാണ്​ കർഷകനിയമം പിൻവലിച്ച നടപടി. ഡൽഹി അതിർത്തിയിൽ വർഷം നീണ്ട പ്രക്ഷോഭമാണ്​ ഗവൺമെന്‍റിനെ യാഥാർഥ്യബോധത്തിലേക്കു കൊണ്ടുവന്നത്​. ഇത്​ പശ്ചിമ യു.പിയിലെ ബി.ജെ.പി പ്രതീക്ഷകൾക്കു മങ്ങലേൽപിക്കും. 2017ൽ ഈ മേഖലയിലെ 134 സീറ്റുകളിൽ 109 ഉം ബി.ജെ.പി നേടിയിരുന്നു. 2013ലെ കുപ്രസിദ്ധമായ മുസഫർനഗർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ഉണ്ടാക്കിയെടുത്ത ജാട്ട്​​-മുസ്​ലിം ഭിന്നതയാണ് അതിനു സഹായകമായത്​. കർഷകസമരം വീണ്ടും ജാട്ടുകളെയും മുസ്​ലിംകളെയും ഒന്നിപ്പിച്ചിരിക്കുന്നു. വിവാദ കർഷകബിൽ പിൻവലിച്ചാൽ പ്രകോപിതരായ ജാട്ടുകൾ പിറകെ വരും എന്നായിരുന്നു മോദിയുടെ വിശ്വാസം. എന്നാൽ അതു സംഭവിക്കുമെന്നു തോന്നുന്നില്ല.

കാര്യങ്ങൾ കൈവിട്ടുപോകുമെന്ന പേടി കൊണ്ടാവാം കാവിപ്പട തീവ്രവാദികളെ മൊത്തം കയറൂരി വിട്ടിരിക്കുകയാണ്​. ഹരിദ്വാറിൽ മുസ്​ലിം വംശഹത്യക്കുവേണ്ടി ആയുധമെടുക്കാൻ ഒരു സന്യാസി നയിക്കുന്ന ഹിന്ദുത്വഗ്രൂപ്​ ആഹ്വാനം ചെയ്തത്​ ഈ കളിയുടെ ഭാഗമാണ്​. സമാനമായതാണ്​ വരാണസിയിലെ ഗംഗാ ഘട്ടിൽ അഹിന്ദുക്കൾക്ക്​ പ്രവേശനം വിലക്കി ബജ്രങ്​ദൾ ബോർഡു ​വെച്ചത്​. രണ്ടു കേസിലും, ഹരിദ്വാറിൽ ഉത്തരാഖണ്ഡ്​ പൊലീസോ വരാണസിയിൽ യു.പി പൊലീസോ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ഹരിദ്വാറിൽ ചടങ്ങിനെന്ന വണ്ണം ഒരു എഫ്​.ഐ.ആർ ഇട്ടിട്ടുണ്ട്​. എന്നാൽ ​പൊലീസിനു സ്വമേധയാ കേസെടുക്കാവുന്ന വരാണസി സംഭവത്തിൽ എഫ്​.ഐ.ആർ ഇടാൻ പോലും പൊലീസ്​ തയാറായിട്ടുമില്ല.

മതകാർഡിനെ വിരട്ടുന്ന ജാതികാർഡ്​

എന്നാൽ എസ്​.പിയുടെ ജാതി കാർഡിനെ വെല്ലാൻ ഏതറ്റം വരെയും മതകാർഡ്​ ഉപയോഗിക്കാനുള്ള ബി.ജെ.പി ശ്രമം തിരിച്ചടിക്കുന്നതാണ് പാളയത്തിലെ രാജികൾ തെളിയിക്കുന്നത്​. മോദിയുടെയും അമിത്​ഷായുടെയും ഇടംവലം സുരക്ഷയുള്ള യോഗി കാത്തുസൂക്ഷിച്ചു പോന്ന അര ഡസൻ എം.എൽ.എമാരെയും കാൽഡസൻ മന്ത്രിമാരെയുമാണ്​ അഖിലേഷ്​ ഒന്നൊന്നായി കട്ടുകൊണ്ടു പോയിരിക്കുന്നത്​. ഒരു പിന്നാക്കവിഭാഗം നേതാവും പാർട്ടി വിട്ടുപോകില്ലെന്നു കേന്ദ്രനേതൃത്വത്തിനു ഉറപ്പു നൽകിയിരുന്നതാണ്​ യോഗി. തൊഴിൽമന്ത്രി സ്വാമി പ്രസാദ്​ മൗര്യയാണ്​ രാജിക്ക്​ തുടക്കമിട്ടത്. പരിസ്ഥിതി മന്ത്രി ദാരാ സിങ്​ ചൗഹാനും ധരംസിങ്​ സൈനിയും രണ്ടുനാളുകൾക്കകം പിറകെ പോയി. എല്ലാവരും ഉന്നയിച്ചത്​ ഒരു വിമർശനം തന്നെ-ഒ.ബി.സി ക്ഷേമത്തിനു വേണ്ടി യോഗിസർക്കാർ ഒന്നും ചെയ്യുന്നില്ല എന്നു തന്നെ.

വർഗീയ കാർഡ്​ ഉപയോഗിച്ച്​ ഹിന്ദുക്കളെ ഒന്നായി പിന്നിൽ അണിനിരത്താമെന്ന വ്യാമോഹം യോഗിക്കു വിനയാകുകയാണ്​. പാർട്ടിവിടുന്നവർ അഖിലേഷിന്‍റെ മഴവിൽ സഖ്യത്തിലേക്ക്​ ചേർന്ന്​ പ്രതി​യോഗിയെ ശക്തിപ്പെടഷുത്തുകയാണ്​. നാലരക്കൊല്ലം യോഗിയുടെ വിശ്വസ്തനായിരുന്ന ഓംപ്രകാശ്​ രജ്​ഭറിനെ ചാക്കിട്ടപ്പോൾ തന്നെ അഖിലേഷ്​ മുന്നറിയിപ്പ്​ നൽകിയതാണ്​. ഇപ്പോൾ നിഷാദ്​, കുഷ്​വാഹ, ചൗഹാൻ തുടങ്ങിയ പ്രബല ഒ.ബി.സി വിഭാഗങ്ങളെയും മറ്റു ചെറുവിഭാഗങ്ങളെയുമൊക്കെ ഉൾപ്പെടുത്തി സഖ്യം വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ്​ എസ്​.പി. അതിനെ മറികടക്കുന്നതിനെക്കുറിക്കാനുള്ള ആലോചനകൾക്കു മുമ്പ്​ മറുകണ്ടം ചാട്ടത്തിനെതിരെ ചിറകെട്ടാൻ കഴിയണം. ഇപ്പോൾ അതിനുള്ള തിരുതകൃതിയായ ​പണിയിലാണ്​ യോഗി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2022
News Summary - Will Akhilesh Yogi hit the stumps after hitting his first six?
Next Story