വാങ്‌ചുക് എന്തിനാണ് സമയം പാഴാക്കുന്നത്?
text_fieldsജന്തർ മന്തറിൽ നിരാഹര സമരം തുടരുന്ന സോനം വാങ്‌ചുകിനെ ഡോക്ടർമാർ വൈദ്യപരിശോധനക്ക് വിധേയമാക്കുന്നു. സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ സമീപം
താൻ മുന്നോട്ടുവെച്ച ന്യായമായ ആവശ്യങ്ങൾ നരേന്ദ്ര മോദി സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുമെന്നുമാണ് സോനം വാങ്‌ചുക് കരുതുന്നതെങ്കിൽ, തീർച്ചയായും അദ്ദേഹം മൂഢസ്വർഗത്തിലാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന സമരത്തിന് ജന്തർ മന്തറിലെ വാങ്‌ചുകിന്റെ സാന്നിധ്യം ഒരു ധാർമിക പരിവേഷം പകർന്നിട്ടുണ്ട്. രാജ്യത്തിന്റെ ശ്രദ്ധ അതിവേഗം ആകർഷിച്ച സി.ജെ.പി ഇൻസ്റ്റാഗ്രാം പേജിലൂടെ രണ്ടു കോടിയിലധികം അനുയായികളെയാണ് നേടിയത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രാജ്യത്തെ തൊഴിലില്ലാത്ത യുവതയെ ‘പാറ്റകൾ’, ‘പരാദങ്ങൾ’ എന്നിങ്ങനെ വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ച് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിജീത് ദിപ്കെയാണ് ഈ പേജ് നിർമിച്ചത്.
തീർച്ചയായും, അത് അപമാനകരമായ പരാമർശമായിരുന്നു. ഒരു തിരുത്തൽ എന്നോണം ചീഫ് ജസ്റ്റിസ് ആ വാക്കുകൾ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു. അദ്ദേഹത്തിന്റെ പരാമർശം രാജ്യ മനസ്സാക്ഷിയെ വ്രണപ്പെടുത്തി. നീതിയുടെ പരമോന്നത പീഠത്താൽ പരിഹസിക്കപ്പെടുകയും തൊഴിൽ നിഷേധിക്കപ്പെടുകയും ചെയ്ത അപമാനിതരായ ആത്മാക്കളുടെ കടലാസ് വിപ്ലവമായിരുന്നു സി.ജെ.പി.
എന്നാൽ, യുവാക്കളുടെ ഈ കൂട്ടായ അപമാനബോധം ഒരു യഥാർഥ വിപ്ലവമായി മാറുമെന്നും, അത് ഭരണകൂടത്തിന്റെ അടിത്തറ ഇളക്കുമെന്നും കരുതുന്നത് അമിതപ്രതീക്ഷയായിരുന്നു. താൻ പുതിയൊരു അണ്ണാ ഹസാരെയോ അരവിന്ദ് കെജ്‌രിവാളോ ആകുമെന്ന് ദിപ്കെ കരുതിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് തെറ്റി.
ജി.ഡി. അഗർവാൾ, അണ്ണാ ഹസാരെ
ഇന്ത്യ മാറിയിരിക്കുന്നു
2014-ന് ശേഷം ഇന്ത്യ നാടകീയമായി മാറിമറിഞ്ഞിരിക്കുന്നു. നമ്മൾ പണ്ട് അറിഞ്ഞിരുന്ന ജനാധിപത്യ സംവിധാനമല്ല ഇത്. മൻമോഹൻ സിങ്ങ് സർക്കാർ ഒരു ജനാധിപത്യ സർക്കാരായിരുന്നു; അത് പാർലമെന്റിലൂടെ ഇന്ത്യയിലെ ജനങ്ങളോട് ഉത്തരവാദിത്തം പുലർത്തിയിരുന്നു. ജനാധിപത്യപരവും അക്രമരഹിതവുമായ സമരങ്ങളെ പരിഗണിക്കുക എന്നത് അതിന്റെ ഭരണഘടനാപരമായ കടമയായിരുന്നു. ആ ഭരണഘടനാപരമായ പ്രേരണ കൊണ്ടാണ് അണ്ണാ ഹസാരെ ജന്തർ മന്തറിലും രാംലീലാ മൈതാനത്തുമായി രണ്ടുതവണ അനിശ്ചിതകാല നിരാഹാര സമരം ഇരുന്നപ്പോഴും, മൻമോഹൻ സർക്കാർ അവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും പ്രതിസന്ധിക്ക് പരിഹാരം കാണാൻ അണ്ണാ ഹസാരെയോടും സംഘത്തോടും ചർച്ച നടത്താൻ ശ്രമിക്കുകയും ചെയ്തത്.
ജന്തർ മന്തർ സമരത്തിന് ശേഷം ലോകപാൽ ബില്ലിനെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും ചർച്ച ചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിച്ചു. രാംലീലാ മൈതാനത്തെ സമര ശേഷം, അഴിമതിക്കെതിരെ പോരാടാൻ ലോകപാൽ ബിൽ നടപ്പിലാക്കുമെന്ന് ഉറപ്പുനൽകുന്ന പ്രമേയം പാർലമെന്റ് പാസാക്കി.
കർഷക സമരത്തിന്റെ അനുഭവം
എന്നാൽ ഇതേ കാര്യം മോദി സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയുമോ? ഒരിക്കലുമില്ല! അതിന് ഒരു സാധ്യതയുമില്ല! ഒരു ജനാധിപത്യ സർക്കാർ ജനാധിപത്യ പ്രസ്ഥാനങ്ങളെ ബഹുമാനിക്കുകയും ജനങ്ങളുടെ വേദനയും വിഷമവും മനസിലാക്കാൻ അവരുമായി ചർച്ചകളിൽ ഏർപ്പെടുകയോ വഴി കണ്ടെത്തുകയോ ചെയ്യുന്നു. എന്നാൽ മോദി സർക്കാർ പ്രകൃത്യാ ജനാധിപത്യപരമല്ല; ജനാധിപത്യ മാർഗങ്ങളോടുള്ള ഭരണഘടനാപരമായ ആഭിമുഖ്യവും അതിനില്ല.
മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ധർണയിരുന്നപ്പോൾ, അവരെ അപകീർത്തിപ്പെടുത്താനും അടിച്ചമർത്താനും സാധ്യമായ എല്ലാ തന്ത്രങ്ങളും സർക്കാർ പ്രയോഗിച്ചു. കാർഷിക സമരം ബി.ജെ.പിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നും നിയമങ്ങൾ പിൻവലിക്കേണ്ടി വരുമെന്നും സർക്കാരിന് ബോധ്യപ്പെടാൻ കർഷകർക്ക് കഠിനമായ ചൂടും തണുപ്പും മഴയും സഹിച്ച് ഒരു വർഷത്തിലധികം സമരം ചെയ്യേണ്ടി വന്നു.
സമരത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഇത് ചെയ്യാമായിരുന്നു, എന്നാൽ അവർ ചെയ്തില്ല, കാരണം അത് അവരുടെ സ്വഭാവത്തിന് ചേർന്നതല്ലായിരുന്നു. കർഷകരുടെ ദുരവസ്ഥയല്ല, മറിച്ച് സമരത്തിന്റെ രാഷ്ട്രീയ ലാഭനഷ്ടങ്ങളുടെ വിശകലനമായിരുന്നു അവരുടെ ആശങ്ക. പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്ന നിഗമനത്തിൽ എത്തിയപ്പോൾ മാത്രമാണ് സർക്കാർ പ്രവർത്തിച്ചത്. ഗംഗാ നദി ശുദ്ധീകരിക്കുന്നതിനായി 112 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം പരിസ്ഥിതി പ്രവർത്തകൻ ജി.ഡി. അഗർവാൾ മരണത്തിന് കീഴടങ്ങേണ്ടി വന്ന അവസ്ഥ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ഗംഗാ ശുദ്ധീകരണം പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ ബാധിക്കുകയേ ഇല്ലെന്നതിനാൽ സർക്കാർ അത് ഗൗനിച്ചതേയില്ല.
സി.ജെ.പിക്ക് പറ്റിയ പാളിച്ച
‘പാറ്റ വിപ്ലവം’ ജനങ്ങളിൽ ജിജ്ഞാസ ഉണർത്തിയിരുന്നു. എന്നാൽ രാജ്യത്തെ യുവതയെയും അവരുടെ ഭാവിയെയും നേരിട്ട് ബാധിക്കുന്ന പ്രശ്നമായിട്ടും ഒരു ഗൗരവമേറിയ പ്രസ്ഥാനമായി സി.ജെ.പിക്ക് സാധിച്ചില്ല. ഇപ്പോൾ നടക്കുന്ന നിരാഹാര സമരത്തെക്കുറിച്ച് യുവത അറിഞ്ഞ മട്ടുപോലുമില്ല.
ശക്തമായ നേതൃത്വത്തിന്റെയും വ്യവസ്ഥാപിതമായ സംഘടനയുടെയും അഭാവമാണ് ഇതിനുള്ള ഒരു കാരണം. മുഖ്യധാര ടി.വി ചാനലുകൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ പിന്തുണ ഒട്ടും തന്നെ ഇല്ലെന്നതാണ് മറ്റൊന്ന്.അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തിന് ഈ രണ്ട് ഘടകങ്ങളുടെയും പിന്തുണ നന്നായുണ്ടായിരുന്നു.
സോനം വാങ്‌ചുക് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഒരു വ്യക്തിത്വമാണ്, എന്നാൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ആവശ്യമായ ഒരുക്കങ്ങൾ നടത്തിയിട്ടില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് പിന്തുണക്ക് വേണ്ടി ഇപ്പോൾ പോരാടേണ്ടി വരുന്നത്.
മുൻകൂട്ടി ആസൂത്രണം ചെയ്യുകയും, പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളോടും സിവിൽ സമൂഹ-മാധ്യമ വ്യക്തിത്വങ്ങളോടും സംസാരിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ സമരത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. തുടക്കത്തിൽ പ്രമുഖ നേതാക്കളാരും സമരവേദി സന്ദർശിച്ചില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയപ്പോഴാണ് രാഷ്ട്രീയ പാർട്ടി നേതാക്കൾ അനുകൂല പ്രസ്താവനകൾ ഇറക്കുന്നത്,അതും വളരെ വൈകിപ്പോയി. സി.ജെ.പി സമരത്തിനും വാങ്‌ചുക്കിന്റെ നിരാഹാര സമരത്തിനും സർക്കാരിനെ പരിഭ്രമിപ്പിക്കാൻ തക്കവണ്ണമുള്ള ഒരു മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല തന്നെ.
തങ്ങൾ ഇടപെടേണ്ട ഒരു വിഷയം ഹൈജാക്ക് ചെയ്യാൻ സി.ജെ.പി ശ്രമിക്കുകയാണെന്ന ആശങ്ക പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ വളരെ ശക്തമായി രംഗത്തുണ്ട്. അവരുടെ വിദ്യാർഥി-യുവജന സംഘടനകളായ എൻ.എസ്.യു.ഐയും യൂത്ത് കോൺഗ്രസും ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിൽ തെരുവിലിറങ്ങി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ പ്രധാന കേന്ദ്രമായ കോട്ട സന്ദർശിച്ച രാഹുൽ ഗാന്ധി അവരുമായി സംവദിച്ചിരുന്നു. അത്തരം സംവാദങ്ങൾ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനും അദ്ദേഹത്തിന് പദ്ധതികളുണ്ട്.
ദിപ്കെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ ജന്തർ മന്തറിൽ സമരത്തിന് അനുമതി നൽകിക്കൊണ്ട് സർക്കാർ ഒരു മുഴം നീട്ടിയെറിഞ്ഞു. സാധാരണഗതിയിൽ ആളുകളെ ജന്തർ മന്തറിൽ ഒത്തുകൂടാൻ പോലും അനുവദിക്കാത്ത ഒരു സർക്കാരാണ് ഇവിടെ അദ്ദേഹത്തിന്റെ അഭ്യർഥന മാനിക്കാൻ തയ്യാറായതും, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടയച്ച് അനുമതി പത്രം കൊടുത്തതും.
ഈ സംഭവം, സർക്കാരിന്റെ തന്നെ നിർമിതിയാണോ സി.ജെ.പി എന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് സംശയമുണ്ടാക്കി. വാങ്‌ചുകിന്റെ സാന്നിധ്യം കുറച്ചൊക്കെ വിശ്വാസ്യത നൽകിയെങ്കിലും അപ്പോഴേക്കും നാശനഷ്ടം സംഭവിച്ചിരുന്നു.
സർക്കാർ വാങ്‌ചുകിന്റെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നോ അദ്ദേഹത്തിന് സമരം അവസാനിപ്പിക്കാൻ മാന്യമായ വഴിയൊരുക്കുമെന്നോ എനിക്ക് തോന്നുന്നില്ല. അതുപോലെ പ്രതിപക്ഷം സഹതാപം പ്രകടിപ്പിച്ചേക്കാം, എന്നാൽ യുവജനങ്ങളുടെയും വിദ്യാർഥികളുടെയും മധ്യവർഗത്തിന്റെയും ഇടയിൽ തങ്ങൾക്കനുകൂലമായ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഇത് സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നില്ല. വാങ്‌ചുകും ദിപ്കെയും കരുതുന്നത്ര ഉദാരമനസ്കത മറ്റുള്ളവർക്കില്ല.
(സത്യഹിന്ദി സഹ-സ്ഥാപകനും ആപ് മുൻ അംഗവുമായ ലേഖകൻ thequint.com ൽ എഴുതിയ കുറിപ്പിന്റെ സംഗ്രഹ വിവർത്തനം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

