വിദ്യാർഥിയെ വില്ലനാക്കുന്നതാര്?
text_fieldsശാസ്ത്ര-സാങ്കേതിക മേഖലകളിൽ ലോകം കുതിക്കുമ്പോൾ, മനുഷ്യനിലെ മനുഷ്യത്വം കിതക്കുന്നതിന്റെ സൂചനയാണ് ആനുകാലിക സംഭവങ്ങൾ വെളിവാക്കുന്നത്. കുടുംബത്തിനും സമൂഹത്തിനും വെല്ലുവിളിയാകുന്ന വിദ്യാർഥികളുടെ എണ്ണം കൂടിവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളായി ചുരുക്കാനാവില്ല. വിദ്യാർഥി കേന്ദ്രീകൃതമായി വിദ്യാഭ്യാസ പ്രക്രിയ മാറാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന, പ്രതിഫലനങ്ങൾ ആശാവഹം അല്ലെങ്കിൽ അത് ആരുടെ പരാജയം ആണെന്ന് വിലയിരുത്തപ്പെടേണ്ടതാണ്.
ഒരു രാജ്യം തകർക്കുന്ന ഏറ്റവും വലിയ ആയുധം ആറ്റംബോംബ് അല്ല, വിദ്യാഭ്യാസത്തിന്റെ ഉന്മൂലനമാണ്; അതുവഴിയുള്ള തലമുറകളുടെ തകർച്ചയാണ് - എന്ന ആശയത്തിന് പിന്നിൽ വിദ്യാഭ്യാസ പ്രക്രിയയുടെ സമ്പൂർണതയും സമഗ്രതയും ഉണ്ട്. അറിവ് ആർജിക്കലിന് അപ്പുറമുള്ള തലങ്ങളിൽ, ഉണ്ടായിക്കൊണ്ടിരിക്കുന്ന പതർച്ചയാണ് സമകാലിക സംഭവങ്ങൾ വ്യക്തമാക്കുന്നത്.
വിദ്യാർഥി- രക്ഷിതാവ്- അധ്യാപകൻ എന്നീ മൂവരുടെയും ത്രികോണ ബന്ധത്തിൽ വിദ്യാലയ അന്തരീക്ഷവും സമന്വയിക്കുന്നതിലൂടെയാണ് യഥാർഥ വിദ്യാഭ്യാസ പ്രക്രിയ രൂപപ്പെടുന്നതും രൂപാന്തരപ്പെടുന്നതും എന്ന കാഴ്ചപ്പാടിൽ വന്നിരിക്കുന്ന മാറ്റം ഗുണപരമാണോ എന്ന പുനർവിചിന്തനത്തിന് സമയമായിരിക്കുന്നു. കാലഘട്ടത്തിന്റെ മാറ്റം ഈ മൂവരെയും ബാധിച്ചിട്ടുണ്ടെങ്കിലും, അവർക്കിടയിൽ പുലർത്തേണ്ട ബന്ധത്തിലെ ആരോഗ്യപരമായ സന്തുലിതത്വവും അന്തർധാരയും നഷ്ടപ്പെടുന്നിടത്താണ് വിദ്യാഭ്യാസ പ്രക്രിയയുടെ പരാജയം തുടങ്ങുന്നതെന്ന് പറയേണ്ടിവരും.
ആചരിച്ചു കാണിച്ച് ആചാര്യനായി മാർഗത്തെ ചൂണ്ടിയവൻ, പല ഘട്ടങ്ങളിലൂടെയും പറിച്ചുനടപ്പെട്ട് സഹായി മാത്രം ആയപ്പോൾ - ആക്കിയപ്പോൾ; അവന്റെ സ്ഥാനം കുട്ടിയുടെയും സമൂഹത്തിന്റെയും മനസ്സിൽ മറ്റൊന്നായി. വിഷയം പഠിപ്പിക്കുന്നതിനപ്പുറത്തുള്ള ഇടപെടലുകളും, തിരുത്തലുകളും അയാളുടെ ഉത്തരവാദിത്തം അല്ലാതായി.
അതുചെയ്യുന്ന അധ്യാപകൻ കാലക്രമേണ കുട്ടിയുടെ ശത്രുവായി. പണ്ട് കുട്ടിയുടെ ഈ ശത്രുതാഭാവത്തെ തിരുത്തി, അധ്യാപകരുടെ ലക്ഷ്യം നേരിന്റേതാണെന്ന് കുട്ടിയെ മനസ്സിലാക്കി പോന്ന രക്ഷിതാവും സമൂഹവും അധ്യാപക പക്ഷത്തുനിന്ന് തങ്ങളുടെ കുട്ടിയെ നേർവഴി കാണിച്ചിരുന്നു.
എന്നാൽ ഇന്ന് നാം കാണുന്നത്, അണുകുടുംബങ്ങളിൽ അച്ഛനമ്മമാരെ നിയന്ത്രിക്കുന്ന മക്കളെയാണ്. അരുതായ്മകൾ അരുതെന്ന് കുട്ടിയോട് പറയാൻ ഭയക്കുന്ന രക്ഷിതാക്കളെയാണ്. കുട്ടിയുടെ പാകത വരാത്ത ചിന്തകളെയും പ്രവൃത്തികളെയും കണ്ണടച്ച് ഇരുട്ടാക്കി അംഗീകരിക്കുന്നതിലൂടെ, രക്ഷിതാവ് അറിഞ്ഞോ അറിയാതെയോ മക്കളുടെ ശത്രുവായ അധ്യാപകനെ തന്റെ കൂടി ശത്രുവായി പ്രഖ്യാപിക്കുന്നു. ഫലമോ? അധ്യാപകർ നിസ്സംഗരായിത്തീരുന്നു.
സ്നേഹവും കരുതലും അറിവും കൊണ്ട് വിദ്യാർഥിയുടെ മനസ്സിൽ ഇടംപിടിച്ചിരുന്ന അധ്യാപകർ ഏറെയുണ്ടായിരുന്ന കാലഘട്ടത്തിൽനിന്നും, അധ്യാപന പ്രക്രിയയുടെ പരിപ്രേക്ഷ്യത്തിനുതന്നെ മാറ്റം വന്ന കാലഘട്ടത്തിലാണ് താൻ എന്നത് അവനിലെ ആത്മവിശ്വാസം തകർക്കുന്നതാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ സാമൂഹിക ആരോഗ്യത്തെക്കുറിച്ച് ബോധമുള്ളവർ വിലയിരുത്തണം.
കഴിഞ്ഞ ദിവസങ്ങളിൽ വൈറലായി പ്രചരിക്കുന്ന മുൻ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ വിഡിയോ ക്ലിപ്പ് കാണാത്തവരായി ആരും ഉണ്ടാകില്ല. അദ്ദേഹം പറയുന്നതുപോലെ നിങ്ങൾ അധ്യാപകരെ വിശ്വാസത്തിൽ എടുക്കൂ. അവർക്ക് ആത്മവിശ്വാസം നൽകൂ, കാര്യങ്ങൾ മാറിമറിയുക തന്നെ ചെയ്യും. സേവന സന്നദ്ധതയും പ്രഫഷനലിസവും എന്തിനൊക്കെയോ അടിയറവുവെച്ച്, സമരസപ്പെടലുകൾക്ക് വശംവദരാവേണ്ടവരല്ല അധ്യാപകർ. അവരെ അങ്ങനെ ബന്ധിക്കുന്ന കാരണങ്ങളെല്ലാം വിലയിരുത്തപ്പെടണം.
പലരും പറയുന്ന പോലെ അധ്യാപകർക്ക് വടി തിരികെ നൽകണമെന്നോ, ‘പഴയ തലമുറയിൽ പെട്ടവരെല്ലാം അടികൊണ്ട് വളർന്നവർ ആണെന്നോ’ ഉള്ള വാദമല്ല; എന്നാൽ വിവിധ ഏജൻസികളുടെയും, നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെയും സ്മാർത്തവിചാരങ്ങൾക്ക് അധ്യാപക സമൂഹം വിധേയരാകുന്നത്, കുട്ടികളുടെ തെറ്റായ ചെയ്തികൾക്ക് ബലം നൽകുന്നു. 18 വയസ്സ് തികയാത്ത താൻ കുട്ടിയാണെന്നും, എന്ത് തെറ്റുചെയ്താലും തനിക്ക് സംരക്ഷണം കിട്ടുമെന്നുമുള്ള ഒരു സന്ദേശം എങ്ങനെയോ അവനിൽ രൂഢമൂലമായിരിക്കുന്നു. ഇത് എന്തുതെറ്റും ചെയ്യാൻ അവനെ പ്രാപ്തനാക്കുന്നു.
പോക്സോ ഉൾപ്പെടെയുള്ള നിയമങ്ങൾ ചുമത്തപ്പെട്ട്, കള്ളക്കേസുകളിൽ കുടുങ്ങുന്ന അധ്യാപകരുടെ എണ്ണം കൂടിവരുന്നതും അവരെ പിന്നോട്ടുവലിക്കുന്നു. അധ്യാപകർ കുട്ടിയുടെ ബാഗ് പോലും പരിശോധിക്കാൻ പാടില്ല എന്ന തരത്തിലുള്ള ഉത്തരവുകൾ അവന് ഏതു മയക്കുമരുന്നും ബാഗുകളിൽ സുരക്ഷിതമായി കൊണ്ടുനടക്കാവുന്ന സാഹചര്യം സൃഷ്ടിച്ചുനൽകുന്നു. പെൺകുട്ടികൾപോലും മദ്യവും മയക്കുമരുന്നുകളും ക്ലാസ് റൂമുകളിൽ കൊണ്ടുവരുന്നു എന്നത് ഗുരുതരമായി കാണേണ്ടതാണ്.
സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി, കുടുംബബന്ധങ്ങളിൽ വർധിച്ചുവരുന്ന അകൽച്ചയും തകർച്ചയും വിദ്യാർഥികളിൽ സൃഷ്ടിക്കുന്ന സമ്മർദങ്ങൾ ചെറുതല്ല. ഇത് തെറ്റായ കൂട്ടുകെട്ടുകളിലേക്കും ലഹരിയിലേക്കും അവരെ എത്തിക്കുന്ന ഒരുപാട് അനുഭവങ്ങൾ അധ്യാപകർക്ക് പറയാനാകും. മദ്യവും മയക്കുമരുന്നുപയോഗവും, സമ്പത്തും കുടുംബസമാധാനവും ഇല്ലാതാക്കുന്നത് ഇത്തരം കുടുംബങ്ങളിൽ നിന്നും വരുന്ന ഒട്ടേറെ കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ- വലവിരിച്ച് കാത്തിരിക്കുന്നവരുടെ കൈകളിൽ എത്തപ്പെടുന്നതിന് കാരണമാകുന്നു.
സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിൽ, കുടുംബാംഗങ്ങൾ തമ്മിൽ തീരെ ആശയവിനിമയം ഇല്ലാത്തതും കുട്ടികളുടെ വഴിപിഴപ്പിന് കാരണമാകുന്നു. ഇന്നത്തെ കുട്ടികൾ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും ഡിപ്രഷനും അവരെ മറ്റു പലതിലേക്കും നയിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇന്നത്തെ തലമുറയിലെ കുട്ടികളിൽ വൈജ്ഞാനിക- ബൗദ്ധിക തലങ്ങൾക്ക് വളർച്ചയുണ്ടാകുന്നെങ്കിലും വൈകാരിക വളർച്ച ഉണ്ടാകുന്നില്ല. വീട്ടിനുള്ളിൽത്തന്നെ അന്യനാകുന്ന ഓരോ കുട്ടിയും സമൂഹത്തിന് ബാധ്യതയാകുന്നു.
ഇന്നത്തെ അണു കുടുംബ സാഹചര്യവും ജീവൽ ഗതിവിഗതികൾ അറിഞ്ഞ് വളരാനുള്ള അവസരം ഇല്ലാതാക്കുന്നു. അവൻ കഴിക്കുന്നതിന്റെയും അണിയുന്നതിന്റെയുമൊക്കെ വിലയറിഞ്ഞ് വളരണം. അച്ഛനമ്മമാരുടെ വിയർപ്പിന്റെ വില അറിയണം. എന്ത് ചോദിച്ചാലും മുണ്ടുമുറുക്കിയുടുത്ത് അതെല്ലാം വാങ്ങിനൽകി അവനെ തൃപ്തനാക്കുന്നതല്ല പാരന്റിങ് എന്ന് രക്ഷിതാവ് തിരിച്ചറിയണം.
ഇന്ന് കളിപ്പാട്ട സ്കൂട്ടറും കാറും ചോദിച്ചാൽ കിട്ടുമെങ്കിൽ നാളെ അവൻ യഥാർഥ കാർ തന്നെ ചോദിക്കുമ്പോൾ, ആവില്ലെന്ന് പറയുന്ന അച്ഛനും അമ്മയും അവന്റെ ശത്രുവാകും. നോ (No) പറയേണ്ടിടത്ത് അത് പറഞ്ഞും, ജീവനത്തിന്റെ വിലയറിയിച്ചും കുട്ടികളെ വളർത്താൻ രക്ഷിതാവ് തുനിയേണ്ടിയിരിക്കുന്നു. അധ്യാപകനും രക്ഷിതാവും വിദ്യാർഥിയും പരസ്പരബന്ധിതമായി മാറേണ്ടതുണ്ട്. അവർക്ക് താങ്ങും തണലുമായി സമൂഹവും ചേർന്നുനിൽക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

