Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right'ബുള്ളി ബായി'ക്ക്​...

'ബുള്ളി ബായി'ക്ക്​ പിന്നിൽ ആരാണ്​?

text_fields
bookmark_border
ബുള്ളി ബായിക്ക്​ പിന്നിൽ ആരാണ്​?
cancel
camera_alt

ഇസ്മത്​ ആറ പ്രിയങ്ക ചതുർവേദി

സമൂഹമധ്യത്തിൽ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ നൂറോളം പ്രമുഖ മുസ്​ലിം വനിതകളെ '​​ലേലത്തിനു​ വെച്ച' 'ബുള്ളി ബായ്​' സ്ത്രീവിരുദ്ധ വിദ്വേഷ ആപ്​ വിഷയത്തിൽ രണ്ട്​ അന്വേഷണങ്ങളാണ്​ ഇപ്പോൾ മുന്നോട്ടുപോകുന്നത്​. 'മുഖ്യപ്രതി'യെന്നു വിശേഷിപ്പിച്ച്​ ഉത്തരാഖണ്ഡിലെ ശ്വേത സിങ്ങിന്‍റെ അറസ്റ്റ്​ മുംബൈ സൈബർ പൊലീസ്​ രേഖപ്പെടുത്തി. അതിനു​ പിന്നാലെ അസമിലെ ജോർഹട്ടിൽനിന്നുള്ള എൻജിനീയറിങ്​ വിദ്യാർഥി നീരജ്​ ബിഷ്​ണോയ്​ ആണ്​ ഗിറ്റ്​ഹബ്​ പ്ലാറ്റ്ഫോമിൽ ആപ്​ ഉണ്ടാക്കിയ മുഖ്യ ഗൂഢാലോചകനെന്ന്​ അവകാശപ്പെട്ട്​ ഡൽഹി പൊലീസ് രംഗത്തുവന്നു. ഉത്തരാഖണ്ഡിൽനിന്ന്​ മായങ്ക്​ അഗർവാൾ എന്ന 21കാരനെയും ബംഗളൂരുവിൽനിന്ന്​ വിശാൽ കുമാർ എന്ന മറ്റൊരു എൻജിനീയറിങ്​ വിദ്യാർഥിയെയും അറസ്റ്റ്​ ചെയ്ത മഹാരാഷ്​​ട്ര പൊലീസ് ത്വരിതഗതിയിൽ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനി​െടയാണ്​ അതുവരെ കൈയും കെട്ടി നോക്കിനിന്ന ഡൽഹി പൊലീസ്​ രംഗത്തുവരുന്നത്​. 'ബുള്ളി ബായ്​' ആപ്പിനു​ പിന്നിൽ ആരാണെന്ന ചോദ്യമുയരുന്നത് ഈ രണ്ട്​ സമാന്തര അന്വേഷണങ്ങളിലെ വൈരുധ്യങ്ങൾക്കിടയിലാണ്​.

മുംബൈ-ഡൽഹി പൊലീസ്​ സമീപനത്തിലെ അന്തരങ്ങൾ

അറസ്റ്റിലായവരുടെ പ്രാഥമിക വിവരങ്ങൾ മാത്രം നൽകി അ​ന്വേഷണത്തിന്‍റെ വിശദാംശങ്ങളോ പ്രതികൾ പൊലീസിന്​ നൽകിയ മൊഴികളോ മാധ്യമങ്ങൾക്ക്​ ചോർത്തിക്കൊടുക്കാതെ മുംബൈയിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടയിലായിരുന്നു ഡൽഹിയിലെ അറസ്റ്റ്​. മുംബൈ പൊലീസിൽനിന്ന്​ ഭിന്നമായിരുന്നു ഡൽഹി പൊലീസ്​ സ്​പെഷൽ സെല്ലിന്‍റെ സമീപനം. വിദ്വേഷ ആപ്പിന്‍റെ ആക്രമണത്തിനിരയായ ഇസ്മത്​ ആറ എന്ന മാധ്യമപ്രവർത്തക ഡൽഹി പൊലീസിന്​ നൽകിയ പരാതിയിൽ ഒരു നടപടിയുമില്ലാതെ ദിവസങ്ങൾ നിസ്സംഗരായി നിന്നിരുന്ന ഡൽഹി പൊലീസ്​ നീരജിന്‍റെ ചിത്രം പുറത്തുവിടുകയും മൊഴികളെന്ന നിലയിൽ മാധ്യമങ്ങൾക്ക്​ പലവിവരങ്ങളും ചോർത്തിനൽകുകയും ചെയ്തു. നീരജിന്‍റെ ഒരു അറസ്​റ്റോടെ വിദ്വേഷ ആപ്പിന്‍റെ ശൃംഖല പൂർണമായും തകർക്കപ്പെട്ടുവെന്നും കേവലം രണ്ടു ദിവസംകൊണ്ട്​ അന്വേഷണം അന്ത്യത്തിലെത്തിയെന്നുമായിരുന്നു ഡൽഹി പൊലീസിന്‍റെ അവിശ്വസനീയ അവകാശവാദങ്ങൾ. അപ്പോഴേക്കും രാഹുൽ ശിവശങ്കറിനെ പോലുള്ള സർക്കാർ അനുകൂല മാധ്യമപ്രവർത്തകർ സംഘ്​പരിവാറിന്​ ഇതുമായി ബന്ധമില്ലെന്ന ക്ലീൻ ചിറ്റ്​ നൽകി, മതേതര മനുഷ്യാവകാശ സംഘടനകൾ ഭീതിയുണ്ടാക്കി സമൂഹത്തെ വിഭജിക്കുകയാണെന്ന ആരോപണവുമായി രംഗത്തുവന്നു.

നേപ്പാളിലെ സൂത്രധാരനുമായി തീ​വ്ര ഹിന്ദുത്വ പ്രൊഫൈലുകൾ

അന്വേഷണവുമായി മുംബൈ പൊലീസ്​ മുന്നോട്ടുപോകുന്നതു കണ്ടതോടെ ആപ്​ വികസിപ്പിച്ചത്​ഇന്ത്യയിലല്ല, വിദേശത്ത്​ ഇന്ത്യക്കാരെ അവഹേളിക്കാനുണ്ടാക്കിയതാണെന്നു പ്രചരിപ്പിച്ച്​​ തീ​വ്ര ഹിന്ദുത്വ പ്രൊഫൈലുകൾ അന്വേഷണം വഴിതിരിച്ചുവിടാൻ നോക്കി. ഗിയോ എന്നു​ പേരുള്ള നേപ്പാളിയാണ്​ 'ബുള്ളി ബായ്​' ഉണ്ടാക്കിയതെന്ന്​ അവർ പ്രചരിപ്പിക്കുന്നതിനിടയിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു​ കീഴിലുള്ള ഡൽഹി പൊലീസ്​ സ്​പെഷൽ സെൽ തന്നെ മുഖ്യസൂത്രധാരനെന്നു പറഞ്ഞ്​ നീരജ്​ ബി​ഷ്​ണോയിയെ അറസ്റ്റ്​ ചെയ്തത്​. നീരജിനു പിന്നിൽ ഗിയോ ആണെന്ന്​ സ്ഥാപിക്കാനായി അടുത്ത ശ്രമം. അങ്ങനെ അന്വേഷണം വഴിതെറ്റിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾക്കിടയിലാണ്​ മുംബൈ, ഡൽഹി പൊലീസുകളുടെ സമാന്തര അന്വേഷണങ്ങൾ.

ഹിന്ദുത്വ ഭീകരാക്രമണങ്ങളിലെ സമാന്തര അന്വേഷണങ്ങൾ

രാജ്യത്തെ ഞെട്ടിച്ച ഹിന്ദുത്വ സ്​ഫോടനങ്ങളുടെ അന്വേഷണവുമായി കോൺഗ്രസ്​ ഭരിക്കുന്ന സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്​ക്വാഡ്​ മുന്നോട്ടുപോകുന്നതിനിടയിൽ ബി.ജെ.പി ഭരിക്ക​​ുന്ന സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്ക്വാഡ്​ ചാടിവീണ്​ തുടർ അറസ്റ്റുകൾ നടത്തിയതിനെ അനുസ്മരിപ്പിക്കുന്നതാണ്​ 'ബുള്ളി ബായ്​' കേസിന്​ ഇ​പ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്​. മഹാരാഷ്​ട്രയിലെ മാലേഗാവിലെയും ഹൈദരാബാദ്​ മക്കാ മസ്​ജിദിലെയും സംഝോത എക്സ്​പ്രസിലെയും സ്​ഫോടനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ഹിന്ദുത്വ ഭീകരവാദ ശൃംഖലയുടെ അടിവേര്​ തിരഞ്ഞുപോയ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്​ക്വാഡ്​ തലവൻ ഹേമന്ത്​ കർക്കരെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശേഷമായിരുന്നു അത്​. കർ​ക്കരെ വധത്തോടെ നിലച്ചുപോയ അന്വേഷണം വീണ്ടും മുന്നോട്ടുകൊണ്ടുപോകാൻ അന്ന്​ കോൺഗ്രസ്​ ഭരിച്ചിരുന്ന രണ്ടു സംസ്ഥാനങ്ങളിലെ എ.ടി.എസുകൾ ശ്രമം നടത്തിയപ്പോഴായിരുന്നു ബി.ജെ.പി ഭരിച്ച മധ്യപ്രദേശിലെ എ.ടി.എസ്​ ഓടിനടന്ന്​ അവശേഷിക്കുന്ന പ്രതികളെ പിടിച്ച്​ അന്വേഷണത്തിന്​ അന്ത്യം കുറിച്ചത്​. കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസുകൾ വിചാരണ ഘട്ടത്തിലെത്തിയപ്പോൾ സാക്ഷികൾ ഒന്നൊഴിയാതെ കുറുമാറി പ്രതികൾക്ക്​ അനുകൂലമായി മൊഴി നൽകി. അതോടെ കേസ്​ തേഞ്ഞുമാഞ്ഞുപോകുന്നതാണ്​ കാണുന്നത്​. മുഖ്യപ്രതി പാർലമെന്‍റ്​ അംഗമായി മാറുകയും ചെയ്തു.

ഗിറ്റ്​ഹബ്​ മേധാവിയോട്​​ വനിത കൂട്ടായ്മ ചോദിച്ചത്​

ഗിറ്റ്​ഹബ്​ മേധാവി തോമസ്​ ഡോംകെക്ക്​ അയച്ച കത്തിൽ മുസ്​ലിം സ്​ത്രീകളെ ലേലത്തിനുവെച്ച 'സുള്ളി ഡീൽ', 'ബുള്ളി ആപ്​' പോലെ സ്ത്രീവിരുദ്ധ വിദ്വേഷ ആപ് ഇനിയും ആവർത്തിക്കാതിരിക്കാൻ ​എന്ത്​ നടപടി കൈക്കൊണ്ടു എന്നു വ്യക്തമാക്കാൻ 'നെറ്റ്​വർക് ഓഫ്​ മീഡിയ വിമൻ ഇന്ത്യ' ആവശ്യപ്പെട്ടിട്ടുണ്ട്​. രണ്ടു കേസുകളിലും 'ഗിറ്റ്​ഹബ്' ഇതുവരെ കൈക്കൊണ്ട നടപടികൾ വിശദീകരിച്ച്​ പ്രസ്താവനയിറക്കണമെന്നും ഭാവിയിൽ സ്ത്രീകളെയും ന്യൂനപക്ഷ, പാർശ്വവത്കൃത സാമൂഹിക വിഭാഗങ്ങളെയും ഭീകരവത്​കരിക്കാതിരിക്കാൻ 'ഗിറ്റ്​ഹബ്​' കർശന നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യങ്ങളും ഗിറ്റ്​ഹബ്​ സി.ഇ.ഒക്ക്​ വനിത മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ വെച്ചിട്ടുണ്ട്. ആദ്യ പ്രതികരണത്തിനപ്പുറം ഗിറ്റ്​ഹബ്​ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അത്​ കിട്ടാനുള്ള ശ്രമങ്ങൾ അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരാൻ കോടതി മേൽനോട്ടത്തിൽ മാത്രമേ സാധ്യമാകൂ. എന്നാൽ, ഹരിദ്വാറിലും ഡൽഹിയിലും നടന്ന വിദ്വേഷ മത പാർലമെന്‍റുകൾക്കെതിരെ അയച്ച കത്തിനോടുപോലും സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ്​ പ്രതികരിക്കാത്തതായിരിക്കാം ആ വഴിക്കു നീങ്ങാൻ ആരെയും പ്രേരിപ്പിക്കാത്തത്​.

പൊതുസമൂഹത്തിലെ ഒറ്റപ്പെട്ട ശബ്​ദങ്ങൾ

''അനീതിയുടെ സന്ദർഭങ്ങളിൽ നിഷ്പക്ഷരാണ്​ നിങ്ങളെങ്കിൽ നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്​ മർദകന്‍റെ പക്ഷമാണ്​''- 'ബുള്ളി ബായ്​' ആപ്പിനു പിന്നാലെ കൂടി കേന്ദ്രമന്ത്രിയെക്കൊണ്ട്​ ആപ്​ പൂട്ടിച്ച്​ മഹാരാഷ്ട്ര പൊലീസിനെക്കൊണ്ട്​ കേസെടുപ്പിച്ച​ ശിവസേനയുടെ രാജ്യസഭ എം.പിയും മുൻ കോൺഗ്രസ്​ വക്താവുമായ പ്രിയങ്ക ചതുർ​വേദിയുടെ ട്വീറ്റ്​ ആണിത്. 'ബുള്ളി ബായ്' കേസിൽ ​എൻജിനീയറിങ്​ വിദ്യാർഥികൾ അറസ്റ്റിലായശേഷം ഹരിദ്വാറിലെ വിദ്വേഷ മത പാർലമെന്‍റിനെതിരെ​ ബംഗളൂരു, അഹ്​മദാബാദ്​ ഐ.ഐ.എമ്മുകളിലെ വിദ്യാർഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ശബ്​ദത ഭഞ്​ജിക്കണമെന്നും വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ തുറന്നുസംസാരിക്കണമെന്നും​ ആവശ്യപ്പെട്ടതി​െന പിന്തുണച്ചായിരുന്നു പ്രിയങ്കയുടെ ഈ ട്വീറ്റ്​. രാജ്യത്തെ മതേതര പാർട്ടികളുടെ പ്രമുഖ നേതാക്കളൊന്നുംതന്നെ മുസ്​ലിംകൾക്കെതി​രായ വിദ്വേഷ പ്രചാരണത്തോട്​ പ്രതികരിക്കാതെ മൗനംപാലിക്കുമ്പോഴാണ്​ ശിവസേനയിലെത്തിയ പ്രിയങ്കയുടെ തുടർച്ചയായുള്ള ഇടപെടൽ. ഹിന്ദുത്വ തീവ്രവാദി നേതാക്കൾ മത പാർലമെന്‍റ്​​ നടത്തിയ ഛത്തിസ്​ഗഢിൽ ഒരു ഗ്രാമം മുസ്​ലിംക​ളെ മുഴുവൻ ബഹിഷ്കരിക്കുമെന്നു പ്രതിജ്ഞയെടുത്തതാണ്​ വിദ്വേഷ വാർത്തകളിൽ ഏറ്റവും പുതിയത്​. ഒരു ഗ്രാമം പരസ്യമായി ഉച്ചഭാഷിണിയിലൂടെ നടത്തിയ ഈ വിദ്വേഷ പ്രതിജ്ഞ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്​. വിദ്വേഷം പടർത്താനുള്ള നീക്കങ്ങൾ രാജ്യവ്യാപകമായി തുടരുമ്പോഴും പ്രിയങ്ക ചതുർവേദിയെ പോലെ വനിത മാധ്യമപ്രവർത്തകരുടെ കൂട്ടായ്മപോലെ, മനുഷ്യാവകാശ പ്രവർത്തകരെപ്പോലെ പ്രതീക്ഷയായി പൊതുസമൂഹത്തിൽനിന്ന്​ ഒറ്റപ്പെട്ട ശബ്​ദങ്ങളാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bully Bai
News Summary - Who is behind 'Bully Bai?
Next Story