Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനെഹ്​റുവിനെ...

നെഹ്​റുവിനെ ഭയക്കുന്നതാര്​?

text_fields
bookmark_border
neharu
cancel

നെഹ്​റുവിയൻ ആശയാവലികൾ മുമ്പില്ലാത്തവിധം നിശിത വിചാരണകൾക്കിരയാവുന്നു. ഇതിന്​ സമാന്തരമായി പ്രഥമ പ്രധാനമന്ത്രിയുടെ ആദർശങ്ങൾ വീറോടെ ആഘോഷിക്കപ്പെടുന്നുമുണ്ട്​. ഇൗ വൈരുധ്യങ്ങളുടെ പൊരുളന്വേഷിക്കുകയാണ്​ പ്രമുഖ ഗവേഷകൻ

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവി​​െൻറ ആശയാദർശങ്ങ​െള നിശിതമായി വിമർശിക്കുന്നതിലാണ്​ ഇന്ത്യയിലെ രാഷ്​ട്രീയ വലതുപക്ഷം സായുജ്യമടയാറുള്ളത്​. അദ്ദേ​ഹത്തെ ‘അമിത പരിഷ്​കാരി’ എന്നും ‘അമിത’ യൂറോകേന്ദ്രിതൻ’ എന്നും അവർ കുറ്റപ്പെടുത്താറുണ്ട്​. ബ്രിട്ടനിൽനിന്ന്​ സ്വാതന്ത്ര്യം ലഭിച്ചശേഷവും യൂറോപ്യൻ രാഷ്​ട്രീയ സംസ്​കാരവും സാമൂഹിക തത്ത്വശാസ്​ത്രവും പിൻപറ്റിക്കൊണ്ട്​ കൊളോണിയലിസത്തെ ഇന്ത്യയിൽ സ്​ഥായിയായി നിലനിർത്താൻ ശ്രമിച്ചതി​​െൻറ പ്രധാന ഉത്തരവാദിത്തം നെഹ്​റുവിനാണ്​ എന്ന ആർ.എസ്​.എസി​​െൻറ താത്ത്വികാചാര്യൻ രാകേശ്​ സിൻഹയുടെ​ നിരീക്ഷണം ശ്രദ്ധിക്കുക. സിൻഹ ചൂണ്ടിക്കാട്ടിയതുപോലെ യൂറോപ്യൻ സംസ്​കാരം തന്നിൽ ചെലുത്തിയ പ്രഭാവം നെഹ്​റു തുറന്നു പ്രഖ്യാപിക്കുകയുണ്ടായി. ആത്​മകഥയിൽ തന്നെ സ്വാധീനിച്ച യൂറോപ്യൻ എഴുത്തുകാരെ അദ്ദേഹം എണ്ണിപ്പറയുന്നു. റുഡ്യാഡ്​ കിപ്ലിങ്​, ലൂയിസ്​ കാരൽ, സെർവാൻറിസ്​, എച്ച്​.ജി. വെൽസ്​, മാർക്​ ടെയ്​ൻ, ചാൾസ്​ ഡിക്കൻസ്​... എന്നിങ്ങനെ ആ പട്ടിക നീണ്ടതാണ്​. വാൾട്ടർ സ്​കോട്ട്​, ഷേക്​സ്​പിയർ തുടങ്ങിയ എഴുത്തുകാരുടെ കൃതികളോടുള്ള ആഭിമുഖ്യവും നെഹ്​റു വെളിപ്പെടുത്തുകയുണ്ടായി.

ഇന്ത്യൻ സ്വത്വം വേരുകൾ ഇല്ലാത്തതാണോ? ഭരണഘടന തത്ത്വങ്ങൾ മാത്രമാണോ അതി​​െൻറ അടിത്തറ? രാജ്യസഭാംഗം സപൻദാസ്​ ഗുപ്​തയുടെ നിരീക്ഷണങ്ങൾ നോക്കാം: ‘‘നെഹ്​റുവി​​െൻറ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ദേശസ്​നേഹമാണോ നമുക്കു വേണ്ടത​്​. അതോ ദേശീയവാദത്തിലധിഷ്​ഠിതമായ ദേശഭക്​തിയോ? ദേശീയതയും സ്വാത​ന്ത്ര്യസമരങ്ങളുടെ പൈതൃകമായാണ്​ നമുക്ക്​ ലഭ്യമായത്​. എന്നാൽ, നെഹ്​റുവിയൻ പൈതൃകം ഇതുമായി പൊരുത്തപ്പെടുന്നില്ല.’’

അതേസമയം, നെഹ്​റുവിയൻ പൈതൃകത്തെ വിമർശിക്കുന്ന വാദഗതികളെ നിഷേധിക്കുന്ന ചരിത്രകാരന്മാർ നിരവധി. ‘‘ഇന്ത്യയുടെ ചരിത്രം, ഭൂമിശാസ്​ത്രം, മിത്തുകൾ, ഇതിഹാസങ്ങൾ തുടങ്ങിയവയിൽ നിരന്തര ഗവേഷണങ്ങൾ നടത്തിയ വ്യക്​തിയായിരുന്നു നെഹ്​റു. സംസ്​കാരത്തെ നെഹ്​റു സ​ുപ്രധാനമായി കണ്ടു. ഇന്ത്യൻ സംസ്​കൃതിയെ അഗാധമായി സ്​നേഹിച്ച അതുല്യ മതേതരവാദിയായിരുന്നു നെഹ്​റു. ധൈഷണികതലത്തിലുള്ള സ്​നേഹമായിരുന്നില്ല അത്​. അസാധാരണമായ സ്​നേഹം ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ സംസ്​കാരത്തെ സംബന്ധിച്ചും ഇന്ത്യയുടെ ഭൂമിശാസ്​ത്രത്തെക്കുറിച്ചും ഇത്ര വാചാലമാകാൻ അദ്ദേഹത്തിന്​ സാധിക്കുമായിരുന്നില്ല’’ ^ചരിത്രകാരനായ സുധീർ ചന്ദ്രയുടേതാണ്​ ഇൗ നിരീക്ഷണം. 

ഇന്ത്യൻ സംസ്​കാരത്തെ സംബന്ധിച്ച്​ ആർ.എസ്​.എസും നെഹ്​റുവും ആവർത്തിച്ചു സംസാരിക്കാറുണ്ട്​. എന്നാൽ, ഇരുപക്ഷത്തി​​െൻറയും കാഴ്​ചപ്പാടുകൾ തമ്മിൽ മൗലികമായ വ്യത്യാസങ്ങൾ നിരവധിയാണെന്നും അ​േദ്ദഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സുവർണ, വേദകാലഘട്ടം പുനഃസ്​ഥാപിക്കാനുള്ള പരിശ്രമങ്ങളിൽ വ്യാപൃതരായ ആർ.എസ്​.എസ്​ മുസ്​ലിം അധിനിവേശം ഇന്ത്യക്ക്​ ഇരുണ്ടയുഗം സമ്മാനിച്ചതായി കുറ്റപ്പെടുത്തുന്നു. അതേസമയം, മുസ്​ലിംകളുടെ ആഗമനം രാജ്യത്തിന്​ സാംസ്​കാരിക വൈവിധ്യം സമ്മാനിച്ചു എന്നതായിരുന്നു നെഹ്​റുവി​​െൻറ നിലപാട്​. 

കേംബ്രിജിലെ പഠനം നെഹ്​റുവിൽ ആഴത്തിലുള്ള സ്വാധീനങ്ങൾ ഉളവാക്കി. സജീവ രാഷ്​ട്രീയത്തിൽ പ്രവേശിച്ചതോടെ മതത്തെ അദ്ദേഹം പുറത്തുനിർത്തി. ഇൗ നിലപാട്​ രാഷ്​ട്രീയ വലതുപക്ഷത്തെ അരിശംകൊള്ളിച്ചു. അവർ അദ്ദേഹത്തെ ഹിന്ദുവിരുദ്ധനായി മുദ്രകുത്തി. ആർ.എസ്​.എസ്​ ആചാര്യൻ എം.ജി. വൈദ്യയുടെ വിമർശനം നോക്കാം: ‘‘ഹിന്ദുരാഷ്​ട്രം എന്ന സങ്കൽപത്തോട്​ നെഹ്​റു പ്രകടിപ്പിക്കുന്ന എതിർപ്പാണ്​ അദ്ദേഹത്തോടുള്ള ഞങ്ങളുടെ എതിർപ്പിനു കാരണം. ഹിന്ദുത്വ രാജ്യം എന്ന ആശയം സങ്കുചിതമാണെന്ന്​ നെഹ്​റു കരുതി.’’ നെഹ്​റു ഇന്ത്യൻ യാഥാർഥ്യങ്ങളെ അടിച്ചമർത്തി, പാശ്ചാത്യ സംസ്​കാരത്തി​​െൻറ കാർബൺ  പതിപ്പ്​ ഇന്ത്യയിൽ നടപ്പാക്കുകയായിരുന്നു എന്നാണ്​ രാകേഷ്​ സിൻഹയുടെ മറ്റൊരു ആരോപണം. എന്നാൽ, നെഹ്​റുവി​​െൻറ  ‘ഡിസ്​കവറി ഒാഫ്​ ഇന്ത്യ’യിലെ പ്രതിപാദ്യങ്ങൾ ചൂണ്ടിക്കാട്ടി നെഹ്​റു അനുകൂലികൾ ഇൗ ആരോപണത്തെ ഖണ്ഡിക്കുന്നു. മുസ്​ലിംകളുടെ ആഗമനത്തിനുമുമ്പ്​ ഇന്ത്യയിൽ നിലനിന്ന ഹൈന്ദവ^ബുദ്ധ സംസ്​കൃതികളെ വിശദമായി പ്രതിപാദിക്കുന്ന നെഹ്​റുവിന്​ എങ്ങനെ ഹിന്ദു വിരുദ്ധനാകാൻ സാധിക്കും?

ഇന്ത്യൻ സംസ്​കൃതിയോടുള്ള നെഹ്​റുവി​​െൻറ പ്രണയം വ്യാജമാണെന്ന ആരോപണവും ഇതിനിടെ ഉയർന്നു. 1950കളിൽ ‘പാഞ്ചജന്യ’യുടെ എഡിറ്ററായിരുന്ന ആർ.എസ്​.എസ്​ ആചാര്യൻ ദേവേന്ദ്ര സ്വരൂപി​​െൻറ കണ്ണുകളിൽ നെഹ്​റു അഭിനേതാ​വ്​ മാത്രമാണ്​. ഇന്ത്യൻ സംസ്​കാരത്തോട്​ ആഭിമുഖ്യമുണ്ടെന്ന നാട്യം അനിവാര്യതയായിരുന്നു അദ്ദേഹത്തിന്​. ജനപിന്തുണ ആർജിക്കാനുള്ള കുറുക്കുവഴി. എന്നാൽ, ഇൗ വിമർശനം സ്വഭാവഹത്യ മാത്രമാ​െണന്നാണ്​ പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ നിരീക്ഷണം. നെഹ്​റു ഇന്ത്യ വി​േരാധിയാണ്​, ഹിന്ദു വിരോധിയാണ്​ തുടങ്ങിയ ആരോപണങ്ങൾ അർഥശൂന്യമാണെന്നും അദ്ദേഹം പറയുന്നു. 

ഇന്ത്യയോടുള്ള അഗാധ സ്​നേഹം വഴിയുന്ന പരാമർശങ്ങളാൽ ‘ഡിസ്​കവറി ഒാഫ്​ ഇന്ത്യ’ നിർഭരമായിരിക്കുന്നുവെന്നും രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നു.
ഇത്തരം ആക്രമണങ്ങളിലൂടെ നെഹ്​റുവി​​െൻറ വിശ്വാസ്യത തകർക്കുക മാത്രമല്ല ലക്ഷ്യം. നെഹ്​റുവിയൻ പൈതൃകത്തി​​െൻറ പ്രാമാണികത തകർക്കുക എന്നതും ഇത്തരം പ്രചാരണങ്ങൾക്കു പിന്നിലെ പ്രേരണയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ ജയ​റാം രമേശ്​ തിരിച്ചടിക്കുന്നു. അദ്ദേഹം എഴുതുന്നു: ‘‘നെഹ്​റു  പുകവലിച്ചിരുന്നുവെങ്കിൽ എന്താണതിൽ പന്തികേട്​. ബി.ജെ.പി നേതാക്കൾ  പുകവലിക്കാറില്ലേ.  നെഹ്​റുവിന്​ ലേഡി മൗണ്ട്​ ബാറ്റണുമായി അടുപ്പമുണ്ടായിരുന്നുവത്രെ. എന്താണതിൽ കുഴപ്പം. വാജ്​പേയിക്കു രാജ്​കുമാരി കൗളുമായി ബന്ധം ഉണ്ടായിരുന്നില്ലേ? വ്യക്​തിഗതമായ കാര്യങ്ങളെ രാഷ്​ട്രീയ സൈദ്ധാന്തികതയിലേക്ക്​ ഉയർത്തുകയാണോ വേണ്ടത്​? ^ജയറാം രമേശ​്​ ആരായുന്നു.

സോഷ്യലിസവും മതേതരത്വവും
മതേതരത്വത്തി​​െൻറ പേരിൽ മാത്രമല്ല സോഷ്യലിസ്​റ്റ്​ വീക്ഷണത്തി​​െൻറ പേരിലും നെഹ്​റുവിനെതിരെ പ്രചാരണങ്ങൾ ശക്​തിപ്പെടുന്നുണ്ട്​. മതേതരത്വ ആശയം യൂറോപ്പിൽനിന്ന്​ ഇറക്കുമതി ചെയ്​ത നെഹ്​റു സോഷ്യലിസ്​റ്റ്​ ചിന്ത സോവിയറ്റ്​ യൂനിയനിൽനിന്നാണ്​ കടംകൊണ്ടത്​ എന്ന ആരോപണം ശ്രദ്ധിക്കുക. നെഹ്​റുവി​​െൻറ സോഷ്യലിസ്​റ്റ്​ വീക്ഷണങ്ങൾ ഇന്ത്യൻ യാഥാർഥ്യങ്ങളുമായി ഇടയുന്നതാണത്രെ. മാർക്​സിയൻ വീക്ഷണത്തിൽ ഇന്ത്യയെ വീക്ഷിക്കുന്നതുകൊണ്ടാണ്​ കേ​​ന്ദ്രീകൃത ആസൂത്രണത്തിന്​ ഉൗന്നൽ നൽകുന്ന സോവിയറ്റ്​ മാതൃകയെ നെഹ്​റു സ്വയം പരിക്ഷിച്ചത്​. ഹൈന്ദവ വർഗീയതക്കെതിരെ കടുത്ത നിലപാട്​ സ്വീകരിച്ച നെഹ്​റു ന്യൂനപക്ഷ വർഗീയത കണ്ടില്ലെന്ന ആരോപണവും സംഘശക്​​തികൾ ഉന്നയിക്കുന്നുണ്ട്​. എന്നാൽ, ന്യൂനപക്ഷ വർഗീയതയോട്​ ശക്​തമായ വിയോജിപ്പാണ്​ നെഹ്​റു പ്രകടിപ്പിച്ചിരുന്നത്​.

മഹാത്​മ ഗാന്ധിയുടെ വധത്തെ തുടർന്ന്​ ആർ.എസ്​.എസിനെ നിരോധിക്കാൻ നടത്തിയ നീക്കങ്ങളാണ്​  നെഹ്​റുവിനെതിരായ ആർ.എസ്​.എസ്​ രോഷത്തി​​െൻറ മറ്റൊരു കാരണം. ആർ.എസ്​.എസിനെ വർഗീയ സംഘടനയായി കാണാൻ നെഹ്​റു കിണഞ്ഞു ശ്രമിച്ചുവെന്നും ആർ.എസ്​.എസ്​ വൃത്തങ്ങൾ ആരോപിക്കുന്നു. ഗാന്ധിജിയും അംബേദ്​കറും ആർ.എസ്​.എസിനെ എതിർത്തിരുന്നുവെങ്കിലും ഇൗ സംഘടനകൾ നല്ല പ്രവർത്തനങ്ങൾ നടത്തിയാൽ പ്രശംസിക്കാനും അവർ സന്നദ്ധരായി. എന്നാൽ, നെഹ്​റു എതിർപ്പുകളിൽ ഉറച്ചുനിന്നു. സ്വന്തം വിശ്വപൗര വീക്ഷണമായിരുന്നു നെഹ്​റുവി​​െൻറ ആർ.എസ്​.എസ്​ വിരോധത്തി​​െൻറ അടിത്തറ.​  ആർ.എസ്​.എസി​​െൻറ ശിഥിലീകരണ വാദങ്ങളോട്​ കടുത്ത എതിർപ്പായിരുന്നു ​അദ്ദേഹത്തിന്​. അപര വിദ്വേഷം എന്ന ആശയത്തെ അദ്ദേഹം എക്കാലത്തും എതിർത്തു. 

കുടുംബ വാഴ്​ച
നെഹ്​റുവിയൻ പൈതൃകത്തോടുള്ള എതിർപ്പിനിടയിൽ കുടുംബവാഴ്​ചയും ചെറിയ ഘടകമായി പ്രവർത്തിച്ചിരിക്കാം. നെഹ്​റു കുടുംബം അധികാരത്തിലും പൊതുജനങ്ങളിലും സ്​ഥാപിച്ച കുത്തക രാജ്യക്ഷേമത്തിന്​ ഗുണകരമാകില്ലെന്ന വിലയിരുത്തലുകൾ ഇത്തരം വിദ്വേഷങ്ങൾക്ക്​ പിന്നിലുണ്ടാകാം. അതേസമയം, നെഹ്​റുവി​യൻ പൈതൃകം രാജ്യത്തെ ഒഴിച്ചുകൂടാനാകാത്ത മറ്റൊരു അനിവാര്യതയായി വിശേഷിപ്പിക്കുന്നതായി സൂചിപ്പിക്കുന്നതാണ്​ ഒാരോ സംഭവവികാസവും. പാകിസ്​താനെ മെരുക്കാൻ ​െഎ.​െഎ.ടി, ​െഎ.​െഎ.എം​ തുടങ്ങിയ സ്​ഥാപനങ്ങൾ സക്രിയമാകണമെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ നടത്തിയ ആഹ്വാനം നെഹ്​റുവിയൻ ആശയത്തി​​െൻറ അനുസ്​മരണം കൂടിയായിരുന്നു. സംഘ്​പരിവാര നേതാക്കളിൽ പലരും നെഹ്​റുവി​​െൻറ നയങ്ങളെ നേരത്തെ പ്രകീർത്തിക്കുകപോലുമുണ്ടായി.

പൊതു​േമഖലയുടെ പ്രാമുഖ്യം, ചേരിചേരാ നയം, മതനിരപേക്ഷത എന്നീ മൂന്ന്​ ആശയങ്ങളുടെ സമന്വയമായിരുന്നത്ര നെഹ്​റുവിയൻ ആദർശം. ഇതിൽ പൊതുമേഖല, ചേരിചേരാ നയം എന്നീ ആശയങ്ങളെ കോൺഗ്രസ്​ ഭരണകർത്താക്കൾതന്നെ അട്ടിമറിച്ചു. മതനിരപേക്ഷത എന്ന ആശയവുമായി ബന്ധപ്പെട്ട്​ ദാസ്​ഗുപ്​ത നെഹ്​റുവിനു സംശയത്തി​​െൻറ ആനുകൂല്യം നൽകുന്നു.  സ്വാതന്ത്ര്യലബ്​ധിക്കു തൊട്ടുപിറകെയുള്ള ദിനങ്ങളിൽ ജനകീയ ആദരവുകൾ പിടിച്ചുപറ്റാൻ അദ്ദേഹം മതനിരപേക്ഷ തന്ത്രം ആവിഷ്​കരിച്ചതാകാമെന്ന്​ അദ്ദേഹം കരുതുന്നു. 

എന്നാൽ, ഇത്തരം വിതണ്ഡവാദങ്ങൾക്ക്​ ഇന്ത്യയിൽ ഇടമില്ല.  നെഹ്​റുവിനെതിരായ സംഘ്​പരിവാര രോഷം വൈകാരികതയിൽനിന്ന്​ ഉദ്​ഭവിക്കുന്നതു മ​ാത്രമാണ്​. ആർ.എസ്​.എസ്​ ഒരു ബൗദ്ധിക പ്രസ്​ഥാനവുമല്ല. സംഘ്​പരിവാരം വൈകാരിക ദേശീയതയെ ആണ്​ പ്രതിനിധാനം ചെയ്യുന്നതെന്ന സ്വരൂപി​​െൻറ നിരീക്ഷണവും പ്രസക്​തമാണ്​.

(നോവലിസ്​റ്റും എഴുത്തുകാരനുമായ ലേഖകൻ ഷിംലയിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്​റ്റഡീസിൽ ഗവേഷകനാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressJawaharlal Nehruarticlemalayalam newsBJPBJP
News Summary - Who Fears Nehru? - Article
Next Story