ആരോഗ്യരംഗത്തിന്റെ പോക്ക് എങ്ങോട്ട്?
text_fieldsകേരളത്തിലെ ആശുപത്രികളിൽ നടക്കുന്ന കോർപറേറ്റ് ഇടപെടലുകളെക്കുറിച്ച് സീനിയർ മാധ്യമപ്രവർത്തകൻ ജോസഫ് മാളിയേക്കൻ ജനുവരി 17ന് എഴുതിയ കുറിപ്പ് (കോർപറേറ്റുകൾ ആശുപത്രികളെ കൈയടക്കുമ്പോൾ) വായിച്ചപ്പോള്‍ അതു സംബന്ധിച്ച് ചിലകാര്യങ്ങള്‍ പറയണമെന്നുതോന്നി.
പ്രശാന്ത് ശ്രീകുമാര്‍ (42), ലോകം മുഴുവന്‍ കഴിഞ്ഞ മാസം ശ്രദ്ധിച്ച ഒരു പേര്. കനേഡിയന്‍ പ്രവാസിയായ ഈ മലയാളി ഹൃദയാഘാതം വന്ന് മരിച്ചത് നമ്മളെല്ലാം ഞെട്ടലോടെയാണ് കേട്ടത്. കടുത്ത നെഞ്ചുവേദനയുമായി അടുത്തുള്ള ആശുപത്രിയില്‍ ഉച്ചക്ക് 12.15ന് അച്ഛന്റെ കൂടെയെത്തിയ അദ്ദേഹത്തിന് പാരസെറ്റമോള്‍ കൊടുത്ത് കാത്തിരിക്കാന്‍ പറഞ്ഞു. “പപ്പാ എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല” എന്നദ്ദേഹം കരഞ്ഞു പറഞ്ഞപ്പോള്‍ വീണ്ടും കാത്തിരിക്കാനാണ് ആശുപത്രി അധികൃതര്‍ നിർദേശിച്ചതത്രെ. അവസാനം രാത്രി 8.15ന് (എട്ടു മണിക്കൂറിനു ശേഷം) ഡോക്ടറെ കാണാനുള്ള ഊഴമെത്തി. ഡോക്ടറോട് അസുഖ വിവരം പറയുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ഈ സംഭവമറിഞ്ഞ മലയാളികള്‍ ഒന്നടങ്കം പ്രതികരിച്ചത്, കേരളത്തിലായിരുന്നെങ്കില്‍ ഇദ്ദേഹത്തിന് ഈ ഗതി വരില്ലായിരുന്നു എന്നാണ്. ശരിയാണ് ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തിലെ ഒരു താലൂക്ക് ആശുപത്രിയില്പോലും അതുണ്ടാവില്ല. എന്നാല്‍, സമീപഭാവിയില്‍ നമ്മുടെ നാട്ടിലും ഇത്തരം കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്ന ആശങ്ക എന്നെപ്പോലുള്ളവർക്കുണ്ട്. നമ്മുടെ ആരോഗ്യരംഗം ഒരു വലിയ അപകടമുനമ്പിലാണെന്ന ഗൗരവം അധികാരികളും മാധ്യമങ്ങളും പൊതുജനവും, എന്തിനധികം ഡോക്ടര്‍മാര്‍പോലും ഉള്‍ക്കൊണ്ടിട്ടില്ല എന്ന് തോന്നുന്നു.
കേരളത്തിലെ പ്രമുഖ മൂന്ന് ആശുപത്രി ചെയിനുകള്‍ വിദേശ നിക്ഷേപ കമ്പനികള്‍ വാങ്ങിക്കഴിഞ്ഞു. അതിനുപുറമെ ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പാക്കാന്‍ പോകുന്നതും ആരോഗ്യരംഗത്തെ തകിടം മറിക്കുമെന്ന് നിസ്സംശയം പറയാനാവും.
അറുപതുകളിൽ അമേരിക്കയുടെ ആരോഗ്യരംഗത്ത് സംഭവിച്ചതിന്റെ തനിയാവർത്തനമാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നത്. പണ്ട് അമേരിക്കയിലും നമ്മുടെ നാട്ടിലേതുപോലെ 70 ശതമാനം സ്വകാര്യ ആശുപത്രികളും 30 ശതമാനം സര്‍ക്കാര്‍-സൗജന്യ ആശുപത്രികളുമായിരുന്നു. എന്നാല്‍, ക്വാളിറ്റി കൂട്ടാന്‍ എന്ന പേരില്‍ കൊണ്ടുവന്ന ചില പരിഷ്കാരങ്ങള്‍ സൗജന്യ ചികിത്സ നല്‍കിയിരുന്ന സ്ഥാപനങ്ങളെയും, ചെലവ് കുറഞ്ഞ ചെറുകിട ആശുപത്രികളെയും ഇല്ലാതാക്കി. അതോടെ ഈ രംഗത്തേക്ക് കടന്നുവന്നത് ഭീമന് കോർപറേറ്റ് സ്ഥാപനങ്ങളായിരുന്നു. സേവനതൽപരരും മനുഷ്യജീവന് വിലകൽപിക്കുന്നവരുമായ സീനിയര്‍ ഡോക്ടര്‍മാരായിരുന്നു പണ്ട് ആശുപത്രിയുടെ നേതൃസ്ഥാനത്ത്. ആ സ്ഥാനത്തേക്ക് ലാഭക്കണക്ക് മുന്നിൽ ക്കണ്ട് മാത്രം പ്രവർത്തിക്കുന്ന ഫിനാന്‍സ് എം.ബി.എക്കാർ രംഗപ്രവേശം ചെയ്തു. അതോടെ ആശുപത്രികള്‍ ലാഭമുണ്ടാക്കാന്‍ മാത്രമായുള്ള ബിസിനസ് സ്ഥാപനങ്ങളായി മാറി. ചികിത്സാ ചെലവ് കുത്തനെ വർധിച്ചു. ഇതിനുള്ള പോംവഴിയായി കുത്തകകള്‍ നിർദേശിച്ചത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാനാണ്. ഇന്‍ഷുറന്‍സ് കമ്പനികളും അവരുടേതുതന്നെ.
ഇതോടെ ചികിത്സാ ചെലവ് കുതിച്ചുയര്‍ന്നു. ഒപ്പം ഇന്‍ഷുറന്‍സ് പ്രീമിയവും. ഇന്ന് അമേരിക്കയില്‍ ഒരാള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാന്‍ 8000 ഡോളര്‍ വേണം. രണ്ട് കുട്ടികളുള്ള ഒരു ചെറിയ കുടുംബത്തിന് 25000 ഡോളര്‍. ഒരു മധ്യവര്‍ഗ കുടുംബത്തിന് വരുമാനത്തിന്റെ 25 ശതമാനം ഹെല്‍ത്ത് ഇന്‍ഷുറന്‍സിനായി ചെലവിടേണ്ടി വരുന്നു. ഫലമോ, ഇന്ന് അമേരിക്കയില്‍ 25 ശതമാനം ആളുകൾക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ല-അഥവാ ചികിത്സ ഇല്ല എന്നർഥം. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ചെറിയ രോഗങ്ങള്‍ ബാധിച്ച് ചികിത്സ കിട്ടാതെ അവിടെ മരിച്ച ആളുകളുടെ എണ്ണം ഒന്നര ലക്ഷം വരും. കേരളവും അമേരിക്കയുടെ വഴിയേ ആണെന്ന് പറയാന്‍ കാരണമുണ്ട്. ഇവിടെയും പഴയ അമേരിക്കപോലെ 70-30 റേഷ്യോയിലാണ് ആശുപത്രി ബെഡുകള്‍. ഇതില്‍ പകുതിയിലധികം ചെറുകിട ആശുപത്രികളിലാണ്. നമ്മുടെ ചികിത്സാചെലവ് പിടിച്ചുനിര്‍ത്തുന്നത് ഇത്തരം ചെറുകിട ആശുപത്രികളാണെന്നത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അറിയാം. സാധാരണക്കാരായ രോഗികൾക്ക് താങ്ങാവുന്ന അത്തരം ആശുപത്രികളാണ് ഏതാനും വര്‍ഷത്തിനകം അപ്രത്യക്ഷമാകാന്‍ പോകുന്നത്. പകരം വരുന്നത് വന്‍കിട കോർപറേറ്റ് ആശുപത്രികള്‍ ആയിരിക്കും. അതിനുള്ള വഴിയൊരുക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെൻറ് നിയമം നടപ്പാക്കുന്നതോടെ ചെറുകിട മീഡിയം ആശുപത്രികളുടെ മരണമണി മുഴങ്ങും.
സ്വകാര്യ ആശുപത്രികള്‍ക്ക് മൂക്കുകയറിടുക, ആശുപത്രികളുടെ ക്വാളിറ്റി ഉറപ്പാക്കുക എന്നിവയാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യമായി പറഞ്ഞിരുന്നത്. എന്നാല്‍, മൂക്കുകയറിടപ്പെടേണ്ട കോർപറേറ്റ് ആശുപത്രികള്‍ NABH അക്രഡിറ്റേഷൻ ഉണ്ട് എന്ന കാരണത്താൽ ഈ നിയമത്തിന് പുറത്താണ്.
ക്വാളിറ്റി കൂട്ടാന്‍ എന്ന പേരില്‍ നിര്‍ബന്ധമാക്കാന്‍ പോകുന്ന പല പരിഷ്കാരങ്ങളും ചെറുകിട ആശുപത്രികള്‍ക്ക് താങ്ങാൻ സാധിക്കാത്തവയാണ്. ഉദാഹരണത്തിന്, ആശുപത്രികളില്‍ എത്തുന്ന അത്യാഹിത സ്വഭാവമുള്ള എല്ലാ രോഗികളെയും സ്റ്റെബിലൈസ് ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. പ്രഥമ ശുശ്രൂഷ നൽകി സ്റ്റെബിലൈസ് ചെയ്യാൻ എല്ലാ ആശുപത്രികൾക്കും സാധിക്കും. എന്നാൽ, ഒരു അപകടം പറ്റി തലക്ക് പരിക്കേറ്റ് ബോധരഹിതനായെത്തുന്ന ഈ അവസ്ഥയിലുള്ള ഒരാളെ സ്റ്റെബിലൈസ് ചെയ്യാൻ വെൻറിലേറ്റർ നിര്‍ബന്ധമാണ്. വെൻറിലേറ്റർ വാങ്ങിയാല്‍ തന്നെ അത് പ്രവര്‍ത്തിപ്പിക്കാൻ പരിചയമുള്ള സ്റ്റാഫ് ചെറുകിട ആശുപത്രികൾക്ക് ഉണ്ടാവില്ല. ഇത്തരം രോഗികളെ ഏറ്റവും അടുത്ത റഫറല്‍ ആശുപത്രികളില്‍ എത്തിക്കാൻ വെൻറിലേറ്റർ സൗകര്യമുള്ള ആംബുലന്‍സ് അത്യാവശ്യമാണ്. ഒരു ചെറുകിട ആശുപത്രിയെ സംബന്ധിച്ചിടത്തോളം അതും സാധ്യമല്ല. ബില്ലില്‍ പറയുന്ന സ്റ്റാഫ് പാറ്റേൺ നടപ്പിലാക്കാന്‍ ഒരു ആശുപത്രിക്കും കഴിയില്ല.
ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സിലേക്ക് കടക്കാം. 30 വര്‍ഷം മുമ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നൊരു സംവിധാനം നമ്മള് കേട്ടിരുന്നോ? സര്‍ക്കാര്‍ തന്നെ RSBY എന്ന പേരില്‍ തുച്ഛമായ ഒരു സംഖ്യക്ക് സാധാരണക്കാര്‍ക്ക് ഇന്‍ഷുറന്‍സ് നല്കാന് തുടങ്ങി. ഇപ്പോള്‍ അത് KASP എന്ന പേരില്‍ കുറച്ചുകൂടി പ്രീമിയമുള്ള ഒരു സിസ്റ്റമാക്കി മാറ്റി. നമ്മുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ കിട്ടാന്‍ എന്തിനാണ് ഇൻഷുറൻസ് എന്ന് ആരും ചോദിച്ചില്ല. ഇപ്പോള്‍ നടക്കുന്നത് ഒരുതരം കണ്ടീഷനിങ് ആണ്. അടുത്ത ഘട്ടത്തില്‍ ചികിത്സ കിട്ടാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. അതോടൊപ്പം എല്ലാ ചെറുകിട ആശുപത്രികള്‍ക്കും പൂട്ടുവീണാല് നമ്മുടെ ആരോഗ്യരംഗം എന്താകുമെന്ന് ആലോചിക്കാൻ കൂടി വയ്യ. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സാധാരണക്കാർക്ക് താങ്ങാനാവാത്ത സ്ഥിതിയിലാവും. ആശുപത്രി ചെലവുകളും കുത്തനെ കൂടും.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെൻറ് ബില്ലും, കോർപറേറ്റുകളുടെ ആശുപത്രി വാങ്ങിച്ചുകൂട്ടലും, ഇന്‍ഷുറന്‍സ് രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം വരലും എല്ലാം കൂടി ചേര്‍ത്തുവായിച്ചാല്‍ ഭീകരമായ ഒരവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. ലോകത്തിലെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ പരാജയപ്പെട്ട രീതി ദരിദ്രരും പാവപ്പെട്ടവരും സാധാരണക്കാരും ജീവിക്കുന്ന നമ്മുടെ നാട്ടില്‍ വന്നാല്‍ എന്താകും സ്ഥിതി എന്ന് ആലോചിച്ചുനോക്കൂ. പൊതുജനങ്ങളും അധികാരികളും മാധ്യമങ്ങളും നയരൂപകർത്താക്കളും ആരോഗ്യ പ്രവർത്തകരും യോജിച്ച് ഇതെല്ലാം ചര്‍ച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
(മണ്ണാർക്കാട് ന്യൂ അൽമാസ് ഹോസ്പിറ്റൽ ചെയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

