Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
no war
cancel
camera_altകടപ്പാട്: menekse cam
Homechevron_rightOpinionchevron_rightArticleschevron_rightഎന്നവസാനിക്കും ഈ...

എന്നവസാനിക്കും ഈ യുദ്ധങ്ങൾ!

text_fields
bookmark_border

സാമ്പത്തിക മത്സരങ്ങളിലേർപ്പെടുന്ന കുത്തകകൾ ഭരണകൂടത്തെ സ്വാധീനിക്കുന്നതും അവരുടെ പക്ഷം ചേരുന്നതും സ്വാഭാവികമാണ്. ക്രമേണ ഭരണകൂടം തന്നെ ഇങ്ങനെയുള്ള മുതലാളിമാരുടെ നിയന്ത്രണത്തിനു വിധേയമാകുന്നു. ഭരണകക്ഷികളും വൻകിട മുതലാളിമാരും ഒത്തുചേരുന്ന 'ഭരണകൂട മുതലാളിത്ത ഭാരവാഹിത്വം' ('State Capitalist trusts) നിലവിൽ വരുമെന്ന കാര്യം 'പ്രവദ'യുടെ പത്രാധിപരും കമ്യൂണിസ്റ്റ് ആചാര്യനുമായിരുന്ന നിക്കോളായ് ബുക്കാറൈൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണകൂട മേധാവിത്വം സൈനികശേഷികൊണ്ട് തെളിയിക്കേണ്ടതിനാലും വാണിജ്യ താൽപര്യങ്ങൾ രാജ്യാന്തര വിപണികൾ ലക്ഷ്യമിടുന്നതിനാലും ഇതൊരു 'രാജ്യാന്തര രാഷ്ട്രീയ മത്സര' (geopolitical competition) മായി വളരുന്നു. മുതലാളിത്ത സാമ്പത്തിക വളര്‍ച്ചക്ക് കടിഞ്ഞാണിടാതെ വരുമ്പോൾ സംഭവിക്കാവുന്ന ഈ ഭവിഷ്യത്തിനെക്കുറിച്ചു ആചാര്യനായ വ്ലാദിമിർ ലെനിൻ തന്നെയും സൂചന നല്‍കിയിരുന്നു! മുതലാളിത്തം സാമ്രാജ്യത്വമായി വികസിക്കുമെന്ന ലെനിന്‍റെയും ബുക്കാറൈന്‍റെയും ഈ നിരീക്ഷണം അമേരിക്കൻ പ്രസിഡന്റായിരുന്ന വുഡ്റോ വിൽസനും അംഗീകരിച്ചിരുന്നതായി പറയപ്പെടുന്നു .

രണ്ടാം ലോക മഹായുദ്ധം വരെയും ലോകരാജ്യങ്ങളൊക്കെയും സാമ്പത്തികമായും രാഷ്ട്രീയമായും വിവിധ വിദേശ മേൽകോയ്മകളെ അംഗീകരിക്കുന്നവയായിരുന്നു. എന്നാൽ, യുദ്ധശേഷം സാമ്പത്തിക കാര്യങ്ങളിൽ പരസ്പരാശ്രിതത്വം നിലനിർത്തുന്നതോടൊപ്പം തന്നെ ലോകം രാഷ്ട്രീയമായി രണ്ട് ധ്രുവങ്ങളിൽ കേന്ദ്രീകൃതമായി. റഷ്യയുടെയും അമേരിക്കയുടെയും ചേരികൾ സാമ്പത്തികമായും സൈനികമായും പരസ്പര മത്സരത്തിനുള്ള വേദികളായി. സോവിയറ്റ് റഷ്യ തകരുകയും അമേരിക്ക ലോക പൊലീസ് ചമയുകയും ചെയ്തതോടെ കാര്യങ്ങളെല്ലാം യു. എസിന്‍റെ ഇംഗിതങ്ങൾക്ക് അനുസൃതമായി.

'വാഴ്സോ' സഖ്യത്തിന്‍റെ തിരോധാനത്തോടെ, ലോകപൊലീസ് ചമഞ്ഞ അമേരിക്കക്ക് തിമിർത്താടാനുള്ള അവസരം കൈവന്നു. അവരുടെ 'നാറ്റോ' സഖ്യത്തിന് പടർന്നുപന്തലിക്കാൻ ഇത് അവസരമായി! 1949ൽ 12 അംഗ ങ്ങളുമായി തുടങ്ങിയ നാറ്റോയിൽ ഇപ്പോൾ 40 അംഗങ്ങളുണ്ട്. അമേരിക്ക യുടെ 1986 മുതലുള്ള വിദേശ നയരൂപവത്കരണത്തിന് നേതൃത്വം നല്‍കിയ ഗാലൻ കാർപെൻറർ (Galen Carpenter) തുടക്കം മുതലേ നാറ്റോയുടെ വികസനം റഷ്യയുമായുള്ള യുദ്ധത്തിന് കാരണമാവുന്നതാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ രാഷ്ട്രാന്തര ബന്ധങ്ങളിലുണ്ടായ പന്തിയില്ലായ്മയുടെ പരിണിതഫലമാണ് ഉക്രെയ്ൻ യുദ്ധമെന്നാണ് വിമർശകർ ആരോപിക്കുന്നത്.

നാറ്റോ സഖ്യത്തിന്‍റെ വ്യാപനവുമായി അമേരിക്കയും യൂറോപ്യൻ യൂനിയനും മുന്നോട്ടുവന്നപ്പോൾ പുടിൻ പല നിർദേശങ്ങളും മുന്നോട്ടുവെച്ചു. ഇതിൽ ഏറെ പ്രധാനമായത് അത് റഷ്യയുടെ സുരക്ഷക്ക് ഭീഷണിയാകരുതെന്നതായിരുന്നു. അതിനാൽ, നാറ്റോയുടെ വികസനം കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിപ്പിക്കരുതെന്നും പ്രത്യേകിച്ചും ഉക്രെയ്നിന് നാറ്റോ അംഗത്വം നൽകരുതെന്നും റഷ്യ വാദിച്ചു. എന്നാൽ, അമേരിക്കൻ നടപടികളിൽ പന്തികേട് കണ്ടതോടെയാണ് പുടിൻ ഉക്രെയ്ൻ അതിർത്തിയിൽ സൈനിക വിന്യാസം തുടങ്ങിയത്. ഇത്രയും കുറിച്ചത് പുടിനെ ന്യായീകരിക്കാനല്ല; മറിച്ച് ഭീഷണമായ പുതിയ യുദ്ധ സാധ്യതകൾ ചൂണ്ടിക്കാട്ടാനാണ്.

ആംഗ്ലോസാക്സൺ അച്ചുതണ്ടിന്‍റെ സ്വയം പ്രഖ്യാപിത അമരക്കാരായ അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ എന്നീ രാഷ്ട്രങ്ങളുടെ നേതാക്കൾ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഹൈപർ സോണിക് (hypersonic) മിസൈലുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തത്. അതുപോലെ ഇലക്ട്രോണിക് യുദ്ധതന്ത്ര സാധ്യതകളും അവർ വിലയിരുത്തി . ഇതിലൂടെ ചൈനയെ നേരിടുന്നത് എളുപ്പമാകുമെന്നാണ് അവർ സ്വയം തന്നെ പ്രഖ്യാപിച്ചത്. ഈ ചര്‍ച്ചക്ക് കാരണമായത് ഉക്രെയ്നിൽ റഷ്യ സൂപ്പർ സോണിക് മിസൈലുകൾ ഉപയോഗിച്ച വാര്‍ത്തയാണ്. റഷ്യയും ചൈനയും സൂപ്പർസോണിക് മിസൈലുകൾ കരസ്ഥമാക്കിയതിലൂടെ പാശ്ചാത്യ ശക്തികൾക്ക്-പ്രത്യേകിച്ചും അമേരിക്കക്ക് -യുദ്ധ രംഗത്തെ അവരുടെ അപ്രമാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു. അത് വീണ്ടെടുക്കാനും ചൈനയെ കീഴ്പ്പെടുത്താനുമുള്ള അവരുടെ ഉദ്ദേശ്യം അടുത്ത യുദ്ധം ഏഷ്യയുടെ കിഴക്ക് തന്നെയാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ, റഷ്യയും ചൈനയും തമ്മിലെ സൈനിക-സാമ്പത്തിക സഹകരണത്തെയും യുക്രെയ്ൻ യുദ്ധ ഫലങ്ങളെയും ആശ്രയിച്ചേ ഇതിൽ അന്തിമ തീരുമാനത്തിന് സാധ്യതയുള്ളൂ.

ഇസ്രായേലും ഇറാനും എന്നും ശത്രുതാപരമായ നിലപാടിൽ ഉറച്ചു നില്‍ക്കുന്നവരാണല്ലോ. ആണവകരാർ പുനഃസ്ഥാപിക്കുന്നതിനായി ഇറാനും വൻശക്തികളും ശ്രമം തുടർന്നു കൊണ്ടിരിക്കുന്നതിൽ ഏറെ പ്രകോപിതരാണ് ഇസ്രായേല്‍. എന്നാൽ,ഏറെ അത്ഭുതകരമായ കാര്യം ഇന്നുവരെയും ആണവ വ്യാപന നിരോധന കരാറിൽ (nuclear Non proliferation treaty) ഒപ്പുവെക്കാതെ ആണവ വ്യാപനത്തിനെതിരെ വാചകമടിക്കാൻ അവർക്കെങ്ങനെ സാധ്യമാകുന്നു എന്നതാണ്. നിരീക്ഷകരുടെ അഭിപ്രായത്തിൽ ഇസ്രായേലിന്‍റെ കൈവശം എൺപത് ബോംബുകളുണ്ടത്രേ! 1950ൽ ഫ്രാൻസിന്‍റെ സഹായത്തോടെ ജറൂസലമിൽ നിന്ന് 55കി.മീ അകലെ ഡിമോണ മരുഭൂമി കേന്ദ്രമാക്കി ആരംഭിച്ച ആണവകേന്ദ്രം ഇസ്രായേൽ വിപുലമായ രൂപത്തിൽ പുനഃസംവിധാനിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

അസോസിയേറ്റഡ് പ്രസ് അതിന്‍റെ ഫോട്ടോകൾ പ്രസിദ്ധീകരിച്ചു. എന്നിട്ടും ഇതിലാർക്കും പരാതിയില്ല. സാങ്കേതികവിദ്യകളിലെ പുരോഗതി യുദ്ധതന്ത്രങ്ങളിലും വമ്പിച്ച മാറ്റങ്ങൾക്ക് കാരണമായിരിക്കുന്നു! പരസ്യമായ യുദ്ധങ്ങളെക്കാൾ, സൈബർ സ്പേസിലുള്ള രഹസ്യയുദ്ധങ്ങളെക്കുറിച്ചാണ് ഇപ്പോൾ കൂടുതൽ കേൾക്കുന്നത്. ഇത് നടത്തുന്നതാകട്ടെ അധികവും പകരക്കാരാണ്. പ്രോക്സി യുദ്ധങ്ങളിലേർപ്പെടുന്ന ഈ സംഘങ്ങൾ ശത്രു രാജ്യങ്ങളുടെ ആഭ്യന്തര ഘടനകൾ തകര്‍ത്തുകളയുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.

ശത്രുരാജ്യങ്ങളുടെ ജല സ്രോതസ്സുകൾ, ആശുപത്രികൾ, ഹാർബറുകൾ, ഗവൺമെൻറിന്‍റെ വെബ്സൈറ്റുകൾ എന്നിങ്ങനെ പലതും കേടുവരുത്തുന്നതുവഴി അവർ ശത്രുരാജ്യങ്ങളുടെ മേൽ ആധിപത്യം പുലർത്തുന്നു. കഴിഞ്ഞ മാർച്ച് 14ന് ഇസ്രായേലി ഗവൺമെൻറ് വെബ്സൈറ്റുകൾ ഇങ്ങനെയുള്ള ഒരാക്രമണത്തിന് വിധേയമായി. പ്രധാനമന്ത്രിയുടെ ഓഫിസും ആരോഗ്യ, ആഭ്യന്തര, നീതിന്യായ, ജനസേവന വകുപ്പുകളുടെ കാര്യാലയങ്ങളുമെല്ലാം പെട്ടെന്ന് തകരാറിലായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതുമൂലമുണ്ടായ നഷ്ടം വിലയിരുത്തുന്നതിനായി നടപടികൾ സ്വീകരിച്ചു. എങ്കിലും, ആക്രമണത്തിന്റെ യഥാർഥ സ്രോതസ്സ് കണ്ടെത്തി നടപടികൾ സ്വീകരിക്കാൻ അവർക്ക് സാധ്യമായില്ല.

ഇറാഖിൽ അമേരിക്ക രേഖപ്പെടുത്തിയത് 85,000 പേരുടെ മരണമാണ്. എന്നാൽ, അനൗദ്യോഗിക കണക്കുകൾ അഞ്ചുലക്ഷം ആളുകൾ -നല്ലൊരു ശതമാനം കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ-മരണപ്പെട്ടതായി പറയുന്നു. ഇവിടെ ഈ കൂട്ടവംശഹത്യയുടെ പേരിൽ ആരും വിചാരണക്കിരയാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാനുള്ള ഒരു ചർച്ച പോലും നടന്നിട്ടില്ല!

റോമൻ തത്ത്വചിന്തകൻ ലൂഷ്യസ് അനായസ് സെനക്കാ ( Lucius Annaeus Seneca:) പ്രസ്താവിച്ചതു പോലെ വിജയികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളെയാണ് നാം പുണ്യമെന്നു വിളിക്കുന്നത്!

മനുഷ്യൻ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ ചൂണ്ടിക്കാട്ടി അഹങ്കരിക്കുന്നു! എന്നാൽ, ഇത് പരീക്ഷണങ്ങൾക്കും തിരുത്തലുകൾക്കും വിധേയമാണെന്ന് നമുക്കറിയാം. യുദ്ധരംഗങ്ങൾ തന്നെ ഇതിനു സാക്ഷ്യമാണ്. മനുഷ്യന് വിവേകമോ സാമൂഹികബോധമോ നൽകാൻ ശാസ്ത്രമോ തത്ത്വസംഹിതകളോ ഉതകുന്നില്ലെങ്കിൽ അത് മനുഷ്യരെ പരസ്പരം സംവദിക്കുന്നതിനും സഹവർത്തിക്കുന്നതിനും സത്യം കണ്ടെത്തുന്നതിനും സഹായിക്കേണ്ടതാണ്. എന്നാൽ, നേതാക്കളെല്ലാം തന്നെ സ്വത്വ രാഷ്ട്രീയത്തിലഭയം തേടുന്ന കാഴ്ചയാണ് ലോകമെമ്പാടും! ഇത് തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട ഇന്ത്യയിലും. നീതിയും, ന്യായവും, സത്യ-ധർമ പരിഗണനകളൊന്നുമില്ലാത്ത പിടിവാശിയും ആക്രമണങ്ങളും ആഭ്യന്തര കലഹങ്ങൾക്ക് വഴിമരുന്നിടുകയാണ്! ഇതെവിടെ അവസാനിക്കുമെന്ന് ദൈവത്തിനു മാത്രമെ അറിയുകയുള്ളൂ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineIsraelSayNoToWarRussia Ukraine War
News Summary - when will these wars will end forever!
Next Story