Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right'കേരള ഗാന്ധി'യെ സംഘ്...

'കേരള ഗാന്ധി'യെ സംഘ് പരിവാർ ഏറ്റെടുക്കുമ്പോൾ

text_fields
bookmark_border
കേരള ഗാന്ധിയെ സംഘ് പരിവാർ ഏറ്റെടുക്കുമ്പോൾ
cancel

ചരിത്രത്തെ വക്രീകരിക്കുകയും നന്മകളെ തല്ലിക്കെടുത്തുകയും സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറയുകയും ഒറ്റിക്കൊടുക്കുകയും ചെയ്ത സംഘ് പരിവാറിന് മറ്റൊരു തന്ത്രം കൂടിയുണ്ട്. മഹാമനുഷ്യരെ ഏറ്റെടുത്ത് അവരുടെ സദ്ഗുണങ്ങളുടെ അവകാശം സ്ഥാപിച്ചെടുക്കൽ. രാഷ്​ട്രപിതാവി​െൻറ ഘാതകർ ഇപ്പോൾ ആ മഹാത്മാവിനെപ്പോലും സ്വന്തമാക്കാൻ ശ്രമിക്കുന്നത് നമ്മൾ കാണുന്നു.

കേരളഗാന്ധി കെ. കേളപ്പൻ മൃതിയടഞ്ഞ് 50ാം വാർഷികം തികയുന്ന വേളയിൽ തവനൂരിലെ സ്മൃതി മണ്ഡപത്തിൽ കയറി സ്മരണദിനം ആഘോഷിക്കാൻ അവർക്കുള്ള അർഹതയെന്താണ്? എക്കാലത്തും മതേതര മൂല്യം ഉയർത്തിപ്പിടിച്ച കേളപ്പനെ അവർ കൊണ്ടാടുമ്പോൾ ചവിട്ടിമെതിക്കപ്പെടുന്നത് അദ്ദേഹം ഉയർത്തിയ ആശയങ്ങളാണ്. ചാവക്കാട് മണത്തലയിൽ ചന്ദനക്കുടം ആണ്ട് നേർച്ചയുടെ ഭാഗമായ യാത്ര വർഗീയവാദികൾ തടഞ്ഞപ്പോൾ ഇതിനെതിരെ രംഗത്തെത്തിയ ആളാണ് കേളപ്പൻ. ഒതുക്കുങ്ങലിലെ ഹരിജൻ ഭൂമി കൈയേറിയ ജാതീയ മുതലാളിമാർക്കെതിരെ ശബ്​ദിച്ച് ഭൂമി തിരിച്ചുനൽകാൻ ഇടപെട്ട കറകളഞ്ഞ ഈ ഗാന്ധിയനെ ഏറ്റെടുക്കാൻ ഗാന്ധി ഘാതകർക്ക് എന്തർഹത?

മലബാർ സമരത്തെ ഹിന്ദു-മുസ്​ലിം കലാപമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ കെ. കേളപ്പൻ മലബാർ സമരത്തെ സമീപിച്ചതെങ്ങനെയെന്നതു സംബന്ധിച്ച് വേണ്ടവിധം പഠിച്ചിട്ടില്ല എന്നേ പറയാനാവൂ. ഹിന്ദു -മുസ്​ലിം ഐക്യത്തിനായി നിലകൊണ്ട കേരള ഗാന്ധിക്കൊപ്പം സദാ പ്രവർത്തിച്ച നൂറുദ്ദീൻ സാഹിബുൾപ്പെടെയുള്ളവർ അദ്ദേഹത്തിെൻറ മതേതര മുഖം വ്യക്തമായി രേഖപ്പെടുത്തിയവരാണ്. മാറിയ സാമൂഹിക സാംസ്കാരിക മൂല്യങ്ങൾ മലയാളിയുടെ കണ്ണിൽനിന്നും കേളപ്പ​െൻറ സ്മരണകളെ മായ്‌ച്ചുകളഞ്ഞുവെങ്കിലും, ഭാരത സ്വാതന്ത്ര്യസമരത്തിൽ മാത്രമല്ല, മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെല്ലാം ചേർത്ത് ഐക്യകേരളം രൂപവത്​കരിക്കുന്നതിലും സാംസ്കാരിക അധിനിവേശങ്ങളെ കാലേക്കൂട്ടി കണ്ട്​ അതിനെതിരെ പോരാടുന്നതിനും മുന്നിൽനിന്ന കേളപ്പൻ ആധുനിക കൈരളിയുടെ പിതാവാണെന്നതിൽ ഒരു സംശയവുമില്ല.

ഗാന്ധിയന്‍ സമരമുറകളും ആദര്‍ശങ്ങളും കേരളത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യത്‌നിച്ച അദ്ദേഹം പരാജയത്തിന്റെ മൂല്യം അറിഞ്ഞ നേതാവായിരുന്നു. ഗാന്ധിജിയെ ഉന്മൂലനം ചെയ്ത വർഗീയ ശക്തികൾ കേരള ഗാന്ധിക്കെതിരെയും രംഗത്തുണ്ടായിരുന്നുവെന്ന് ചരിത്രബോധമുള്ള തലമുറ മറക്കില്ല. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ഹൃദയം കുടികൊള്ളുന്നതെന്ന ഗാന്ധിവാക്യം സ്വജീവിതത്തിൽ പകർത്തിയ കേരള ഗാന്ധി കർമമണ്ഡലമായ തവനൂരിലെ കർഷകരായ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിൽ വഹിച്ച പങ്ക് നിസ്തുലമാണ്. തവനൂരിൽ ആദ്യമായി റൂറൽ കോളജും, പ്രൈമറി മുതൽ ഹൈസ്കൂൾ വരെയും കെട്ടിപ്പടുത്തതോടെ പുതുതലമുറക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കിയതും കേളപ്പനായിരുന്നു. ഹരിജൻ യുവതികൾക്കായി താമസിച്ച് പഠിക്കുന്നതിനൊപ്പം നൂൽ നെയ്ത് ജീവിതമാർഗം കണ്ടെത്താനായി സ്ഥാപിച്ച സ്ഥാപനവും അദ്ദേഹത്തി​ന്‍റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമായിരുന്നു. എന്നാൽ, കേരള ഗാന്ധിയെ ചരിത്രം എത്രത്തോളം വിസ്മരിക്കുന്നുവെന്നതിന് ഉദാഹരണമാണ് അദ്ദേഹത്തി​ന്‍റെ സ്മാരകങ്ങളോടുള്ള അവഗണന. കേളപ്പൻ ജീവിതം കൊണ്ട് കാണിച്ചുതന്നതുതന്നെയാണ് വിയോഗത്തിെൻറ അമ്പതാണ്ട് പിന്നിടുമ്പോഴും നമ്മൾ ഓർക്കേണ്ടത്.

(തയാറാക്കിയത്: നൗഷാദ് പുത്തൻപുരയിൽ)

Show Full Article
TAGS:
News Summary - When the Sangh Parivar takes over 'Kerala Gandhi'
Next Story