Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആദിവാസിയെ...

ആദിവാസിയെ കാട്ടിൽനിന്ന്​ ആട്ടിപ്പായിക്കു​േമ്പാൾ

text_fields
bookmark_border
ആദിവാസിയെ കാട്ടിൽനിന്ന്​ ആട്ടിപ്പായിക്കു​േമ്പാൾ
cancel

അറുപതുകളുടെ അവസാനത്തിൽ കർണാടകത്തിലെ ഒരു കാപ്പിത്തോട്ടത്തിൽ ചെലവിട്ട ചെറുപ്രായത്തിൽതന്നെ ആദിവാസിസമൂഹത്തെ കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്​ ഞാൻ. കാടുകൾക്കരികിലായി ഏറ്റവും ലളിതമായ ജീവിതം നയിച്ച മനുഷ്യർ, ഉള്ളതിലെല്ലാം പൂർണ സംതൃപ്​തിയും സന്തോഷവുമായിരുന്നു അവർക്ക്​.

1984ൽ അവർക്കൊപ്പം പ്രവർത്തിക്കാനും എനിക്ക്​ അവസരം കൈവന്നു. ആദിവാസികളിൽ ചിലർ സംഘടിക്കാനും മക്കളുടെ പഠനത്തിൽ സൗകര്യമൊരുക്കാനും പിന്തുണ നൽകണമെന്നാവശ്യപ്പെട്ട്​ എത്തിയ​പ്പോഴാണത്​. അവരുടെ ഗ്രാമങ്ങളിൽ ചെന്ന്​, ഒട്ടിയ വയറുള്ള കുട്ടികളെയും അനാരോഗ്യംമൂലം അടിക്കടി ഗർഭം അലസിപ്പോകുന്ന അമ്മമാരെയും കണ്ടു, വിശപ്പാറ്റാൻ മണ്ണ്​ ചുട്ടുതിന്നതി​െൻറ ഫലമായി മരിച്ച്​ മണ്ണോടുചേർന്ന മനുഷ്യരുടെ നിരാലംബരായ കുടുംബങ്ങളെ കണ്ടു.

ബംഗളൂരുവിനടുത്തുള്ള കനകപുര മേഖലയിലെ സോലിഗ സമുദായക്കാരായിരുന്നു അവർ. കങ്കാണിമാർ അവരെ കൂലിക്കുവിളിച്ച്​ മരം മുറിപ്പിച്ച്​ കരിയുണ്ടാക്കിക്കും. യൂക്കാലിപ്റ്റ​സ്​ തൈകളും നടീക്കും.

ഞങ്ങൾ ഇവരെ ഒരുമിപ്പിച്ച്​ ബുദകാട്ടു കൃഷികാര സംഘ (ബി.കെ.എസ്​) രൂപവത്​കരിച്ചു. 20 കന്നുകളെ സ്വരൂപിച്ച്​ നൽകാനുമായി. നിലമുഴുവാനും പാലിനുമായി അവയെ ഉപയോഗിക്കാമെന്നും അവ പ്രസവിക്കു​േമ്പാൾ കൂടുതൽ കന്നുകാലിസമ്പത്ത്​ ലഭിക്കുമെന്നും അവർ കണക്ക​ു​കൂട്ടി.

60 ഏക്കർ നിലം ഉഴുത്​ അതിൽ റാഗി (പഞ്ഞപ്പുല്ല്​)യും പച്ചക്കറികളും നട്ടു. കൃഷിയുടെ വരുമാനം ഉപയോഗപ്പെടുത്തി 45 കുഞ്ഞുങ്ങളെ ആദ്യമായി സ്​കൂളിലേക്ക്​ കൊണ്ടുചേർക്കാനും കഴിഞ്ഞു.

ഞങ്ങളുടെ ആളുകൾ ഇപ്പോഴും മയക്കത്തിലാണെന്നും അവരെ ബോധവത്​കരിച്ച്​ ഉണർത്തിയെടുക്കണമെന്നുമാവശ്യപ്പെട്ട്​ അവർ പിന്നെയും സമീപിച്ചു. കൂടുതൽ ആളുകൾ വരുന്നതോടെ ഒരു സംഘടിത ശക്തിയായി മാറുമെന്ന ആഗ്രഹത്തോടെയായിരുന്നു അത്.​

പിന്നീട്​ അവർതന്നെ ഗ്രാമങ്ങളൊന്നായി കയറിയിറങ്ങി ആദിവാസി സഹോദരങ്ങളെ കണ്ട്​ ഒരുമിച്ചുനിൽക്കേണ്ടതി​െൻറയും വിദ്യാഭ്യാസത്തി​െൻറയും സംഘടിതമായി നടത്തേ​ണ്ട സുസ്​ഥിര കൃഷിയെക്കുറിച്ചുമെല്ലാം പറഞ്ഞ്​ മനസ്സിലാക്കി. ഒരു വർഷംകൊണ്ട്​ 18 ഗ്രാമങ്ങളിൽ അവരുടെ സന്ദേശമെത്തി, ഒറ്റക്കെട്ടായി പൊതുവിഷയങ്ങളിൽ ഇടപെടാൻ തുടങ്ങി. അത്​ അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു, പൊലീസ്​, സർക്കാർ, അധികാരികൾ, ഭൂജന്മികൾ എന്നിവരോടെല്ലാമുള്ള ഭയപ്പാട്​ നീങ്ങുകയും ചെയ്​തു. ഭൂമിക്കു​ മേലുള്ള അവകാശം, കുടിയിറക്കിൽനിന്ന്​ സംരക്ഷണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ അവർ ഇടപെടാൻ തുടങ്ങി. പരിസ്​ഥിതിലോലമായ നാഗർഹോള ദേശീയ പാർക്കിനുള്ളിൽ താജ്​ റി​േസാർട്ട്​ നിർമിക്കാനുള്ള നീക്കത്തിനെതിരെ വിജയകരമായ പ്രചാരണം നടത്താനും അവർക്കായി. ലോകബാങ്കി​െൻറ ധനസഹായത്തോടെ നടപ്പാക്കാനിരുന്ന ഇന്ത്യ ഇ​ക്കോ ​െഡവലപ്​മെൻറ്​ പ്രോജക്​ട്​ പോലുള്ള പദ്ധതികൾക്കെതിരെയും അവർ ചെറുത്തുനിന്നു.

വ്യത്യസ്​തമായ ഭാഷ, മതാചാരങ്ങൾ, നൃത്തങ്ങൾ, മൂല്യങ്ങൾ, സംസ്​കൃതി തുടങ്ങി അവരുടെ വൈവിധ്യങ്ങളെക്കുറിച്ച്​ മനസ്സിലാക്കാൻ ഇത്​ സഹായിച്ചു. മുഖ്യധാരയിലുള്ളവർ എന്നവകാശപ്പെടുന്ന നമുക്ക്​ മേൽക്കോയ്​മ സ്​ഥാപിക്കാനും ചൂഷണം ചെയ്യാനും പീഡിപ്പിക്കാനും വഞ്ചിക്കാനുമൊക്കെയല്ലേ അറിയൂ, നമ്മുടേതിൽനിന്ന്​ നേർവിപരീതമായിരുന്നു അവരുടെ ശീലങ്ങളും രീതികളും.

കാലാകാലങ്ങളായി, ജെനു കുറുബ, ബേട്ട കുറുബ, യെറാവ വിഭാഗങ്ങൾ മരങ്ങൾ, കായ്​കനികൾ, പക്ഷിമൃഗാദികൾ, നിറങ്ങൾ എന്നിവയുടെ പേരുകളാണ്​ കുട്ടികൾക്ക്​ നൽകിവന്നിരുന്നത്​. പക്ഷേ, ​ ഇത്തരം പേരുകൾ വിചിത്രവും അരോചകവുമൊക്കെയായി തോന്നിയ ഈ സമൂഹങ്ങളുടെ സംസ്​കാരത്തെക്കുറിച്ച്​ ഒരു ചുക്കുമറിയാത്ത അധ്യാപകർ സ്​കൂളിലെത്തുന്ന വിദ്യാർഥികളുടെ പേര്​ മാറ്റി- സിനിമതാരങ്ങളുടെയും ഹിന്ദു ദേവീദേവന്മാരുടെയും പേരുകൾ ചാർത്തി നൽകി. വന്നു വന്ന്​ പുതുതലമുറയിലെ ആദിവാസികൾക്ക്​ പരമ്പരാഗതമായ പേരുകളിൽനിന്നുള്ള മാറ്റം വ്യക്തിത്വവികാസത്തി​െൻറയും സാമൂഹിക സ്വീകാര്യതയുടെയും മാർഗമാണെന്ന ധാരണ വന്നുഭവിച്ചിരിക്കുന്നു.

കാടി​െൻറ ഉള്ളിൽതന്നെ പാർക്കുന്ന ആദിവാസികൾ ഇപ്പോഴും തങ്ങളുടെ അനുഷ്​ഠാനങ്ങളും മൂല്യങ്ങളും കാത്തുപരിപാലിച്ചുപോരുന്നു. അവർ പ്രകൃതിയെയും മുൻകഴിഞ്ഞുപോയവരുടെ ആത്മാക്കളെയുമാണ്​ ആരാധിച്ചുപോരുന്നത്​. അത്​ ഹിന്ദുവോ മുസ്​ലിമോ ക്രൈസ്​തവതയോ അല്ല, അവർക്ക്​ ആദിധർമ എന്ന സ്വന്തം മതമുണ്ട്​. എന്നാൽ, ഔദ്യോഗിക രേഖകളിൽ അവരുടെ അറിവോ സമ്മതമോ ഒന്നുമില്ലാതെ ഹിന്ദുക്കളാക്കി മാറ്റുന്നു.

കുടുവാളി എന്നൊരു സ​​മ്പ്രദായം അവർക്കിടയിലുണ്ട്​- ഒരുമിച്ചുചേരൽ എന്നാണ്​ ആ വാക്കിനർഥം. ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും പരസ്​പരം ഇഷ്​ടമെങ്കിൽ അവർക്ക്​ കാട്ടിനുള്ളിലേക്ക്​ പോയി മൂന്നുനാൾ ഒരുമിച്ചുകഴിയാം. തിരിച്ചെത്തു​േമ്പാൾ അവരെ ദമ്പതികളായി സ്വീകരിക്കും. ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിൽതന്നെ ആരംഭിക്കുന്ന ആദിവാസികളിൽ നമ്മൾ സങ്കൽപിക്കുന്ന മട്ടിലുള്ള ലൈംഗിക ധാർമികതയൊന്നും കാണാനായെന്നു​ വരില്ല. ആദിവാസി സംസ്​കാരത്തി​െൻറ ഭാഗമാണെങ്കിലും ഇന്ന്​ കുടുവാളി നിയമപ്രകാരം കുറ്റകരമാണ്​. ഈ അനുഷ്​ഠാനം പിൻപറ്റിയ കുറെയേറെ പയ്യന്മാർ പോക്​സോ നിയമപ്രകാരം ജയിലിലുമാണ്​. ചൈൽഡ്​ലൈനും ലേബർ വകുപ്പും വനിത-ശിശുക്ഷേമ വിഭാഗവുമെല്ലാം നടത്തിയ നിരന്തര ബോധവത്​കരണത്തി​െൻറ ഫലമായി ഈ പ്രശ്​നത്തിൽ ഇപ്പോൾ നല്ല കുറവുണ്ട്​.

കുഡ്​റേഹബ്ബ എന്നൊരു ഉത്സവമുണ്ടവർക്ക്​. നിറം നിറഞ്ഞ വസ്​ത്രങ്ങളിഞ്ഞ്​ ചമഞ്ഞൊരുങ്ങിയാണ്​ അവരെത്തുക, പുരുഷന്മാർ സ്​ത്രീവേഷവുമണിയും. തങ്ങളെ ചൂഷണം ചെയ്യുന്നവരെ ശപിക്കും ആ ദിവസം. കലക്​ടർ, പൊലീസുദ്യോഗസ്​ഥർ, ഭൂജന്മികൾ... ആരെയും ഈ ചീത്തവിളിയിൽനിന്ന്​ ഒഴിവാക്കാറില്ല.

സ്വകാര്യ സ്വത്ത്​ സമ്പാദനത്തിലും അവർ വിശ്വസിക്കുന്നില്ല. അതിനാൽതന്നെ വേലിക്കെട്ടുകളും ലാഭക്കണക്കുകളുമില്ല. പൊതുസ്വത്തവകാശത്തിലാണ്​ അവരുടെ വിശ്വാസം. പങ്കുവെപ്പും കരുതലുമാണ്​ മുഖമുദ്ര. ഒരു കുടുംബത്തി​െൻറ പക്കൽ ഒരു കിലോ അരി മാത്രമാണ്​ അവശേഷിക്കുന്നതെന്നിരിക്ക​ട്ടെ, എങ്കിൽപോലും ഭക്ഷണമില്ലാത്ത അയൽക്കാർക്ക്​ അതിൽനിന്ന്​ പങ്കുവെക്കാൻ അവർ മടിക്കില്ല. ഒരു കുട്ടിയെ ആരെങ്കിലും വ​ി​ട്ടേച്ചുപോയാലും അങ്ങനെതന്നെ. സമൂഹത്തിലെ മറ്റു സ്​ത്രീകൾ സ്വന്തം കുഞ്ഞിനെയെന്നപോലെ പരിചരിച്ചും പാലുകൊടുത്തും വളർത്തും.

ആദിവാസിസമൂഹത്തിൽ സമത്വത്തിനും വലിയ പ്രാധാന്യമുണ്ട്​. ഭാര്യയും ഭർത്താവും ഒരുമിച്ചാണ്​ വിറകും വനവിഭവങ്ങളും ശേഖരിക്കാൻ കാട്ടിലേക്കു​ പോവുക. ആഴ്​ചച്ചന്തയിൽ പോകുന്നതും ഒരുമിച്ചുതന്നെ. സ്​ത്രീകളുടെ ആർത്തവകാലത്ത്​ പാചകവും അലക്കലും ശുചീകരണവും മുതൽ വീട്ടുജോലികൾ മുഴുവൻ ഭർത്താവ്​ നിർവഹിക്കും.

കാട്ടിൽനിന്ന്​ തേൻ ശേഖരിക്കു​േമ്പാൾ അവസാന തുള്ളിവരെ ഊറ്റിയെടുത്ത്​ കൊണ്ടുവരില്ല അവർ. അൽപം കരടികൾ ഉൾപ്പെടെ മൃഗങ്ങൾക്കും പക്ഷികൾക്കുമായി വെച്ചു പോരും. കിഴങ്ങുകളും വേരുകളും പറിച്ചെടുക്കു​േമ്പാഴും വീണ്ടും തളിർത്തുവളരാൻ പാകത്തിന്​ ബാക്കിവെക്കും.

പരമ്പരാഗത വൈദ്യത്തി​െൻറ കലവറയാണ്​ പല ആദിവാസികളും. ഔഷധച്ചെടികളും വേരുകളും മരപ്പട്ടകളുമെല്ലാം ഉപയോഗിച്ച്​ പല രോഗങ്ങൾക്കും ശമനമുണ്ടാക്കും. അത്യന്തം സമാധാനകാംക്ഷികളും പ്രകൃതിസ്​നേഹികളുമാണവർ. ചെറുമൃഗങ്ങളെ വേട്ടയാടിപ്പിടിച്ചും കാട്ടിൽനിന്ന്​ കായ്​കനികളും കിഴങ്ങുകളും പറിച്ചുമെല്ലാമാണ്​ അവർ ഭക്ഷണമുണ്ടാക്കിപ്പോന്നിരുന്നത്​. വേട്ട നിയമവിരുദ്ധമാണെന്നറിഞ്ഞതോടെ അതിൽനിന്ന്​ പിന്മാറി. തങ്ങൾക്കു​ വേണ്ടത്​ സഹോദരങ്ങൾ തരുമെന്ന്​ പറയാറുണ്ടവർ, വലിയ വേട്ടമൃഗങ്ങൾ പിടിച്ചതി​െൻറ ബാക്കിയാണ്​ അവരുദ്ദേശിക്കുന്നത്​. വനവിഭവം എന്ന നിലയിൽ അതും അവർക്ക്​ അവകാശപ്പെട്ടതാണ്​.

ഇന്ന്​ കാടി​െൻറ ഭൂരിഭാഗവും വെട്ടിയിറക്കി അവിടങ്ങളിൽ മനുഷ്യനോ പക്ഷിമൃഗാദികൾക്കോ ഭക്ഷ്യയോഗ്യമായ ഒന്നും ലഭിക്കാത്ത, ജൈവവൈവിധ്യത്തിന്​ ​പ്രയോജനപ്പെടാത്ത തേക്കും യൂക്കാലിപ്​റ്റസും അക്കേഷ്യയുമൊക്കെ നട്ട്​ തോട്ടങ്ങളാക്കി മാറ്റിയിരിക്കുന്നു. മരങ്ങളുണ്ടെന്നു​വെച്ച്​ തോട്ടങ്ങളെ കാടുകളായി കണക്കാക്കാൻ കഴിയില്ല. പക്ഷേ, വനംവകുപ്പ്​ അവയുടെ സംരക്ഷണത്തിനായി കോടിക്കണക്കിന്​ രൂപ ചെലവിടുന്നു. സൗരോർജവേലികളും ആനകളെ തടയാനുള്ള കിടങ്ങുകളുമെല്ലാം നിർമിക്കുന്നു. ആദിവാസികളെ കാട്ടിൽനിന്നും മൃഗങ്ങളിൽനിന്നും അകറ്റിനിർത്തുകയും ചെയ്യുന്നു. വനംവകുപ്പിനെ സംബന്ധിച്ചിടത്തോളം കാടെന്നാൽ പണം നേടിക്കൊടുക്കുന്ന ചരക്കു​ മാത്രമാണ്​. വാണിജ്യാടിസ്​ഥാനത്തിൽ കാടുകൾ സജ്ജമാക്കാനും വനഭൂമിയിൽ ഖനനം നടത്താനുമെല്ലാം അനുവദിക്കുംവിധത്തിലെ നിയമ-നയ പരിഷ്​കരണങ്ങളും വന്നുകൊണ്ടിരിക്കുന്നു- എല്ലാം വികസനത്തി​െൻറ പേരിലാണെന്നതാണ്​ വലിയ സങ്കടം. തദ്​ഫലമായി കാടും വെള്ളവും പാരമ്പര്യവും സംസ്​കാരവുമെല്ലാം കാത്തുപരിപാലിക്കാനുള്ള ആദിവാസി സമൂഹങ്ങൾക്ക്​ ഭരണഘടന നൽകിയ അവകാശം അട്ടിമറിക്കപ്പെടുന്നു, അവരുടെ ജീവസന്ധാരണ മാർഗങ്ങളും അടയുന്നു.

ക്ലാസ്​മുറിയിൽ തളച്ചിട്ടിട്ടുള്ള പഠനത്തിൽ ആദിവാസികൾക്ക്​ വലിയ താൽപര്യമില്ല. സ്വതന്ത്രരായി പാറിനടന്ന്​ മുതിർന്നവരിൽനിന്നും പ്രകൃതിയിൽനിന്നും പഠിക്കുന്നതാണ്​ അവരുടെ ശീലം. സർക്കാറും ബന്ധപ്പെട്ട വകുപ്പുകളും ഇത്​ മനസ്സിലാക്കണം. ജൈവവൈവിധ്യം, സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ മാതൃഭാഷയിൽ പഠിപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കണം.

ഗ്രാമസഭകൾ മുഖേനെ താഴേത്തട്ടിലെ ജനാധിപത്യവത്​കരണം ആദിവാസികൾക്കിടയിൽ സാധ്യമാക്കാനുമാവും.

ആദിവാസികളിൽ കുറച്ചുപേർ ക്രൈസ്​തവതയിലേക്ക്​ മാറുന്നത്​ ചിലർക്കിടയിൽ ഉത്​കണ്​ഠ സൃഷ്​ടിച്ചിരുന്നു. അവർ സ്വന്തം താൽപര്യപ്രകാരമാണ്​ അത്​ ചെയ്​തിരിക്കുന്നത്​, അല്ലാതെ ബലപ്രയോഗമോ പ്രലോഭനമോകൊണ്ടല്ല. അസുഖങ്ങൾ, ഗാർഹിക അതിക്രമങ്ങൾ, മദ്യപാനാസക്തി എന്നിവയെന്തെങ്കിലുംകൊണ്ട്​ പൊറുതിമുട്ടവെ ചിലർ ചർച്ചുകളിൽ പ്രാർഥനയുമായി അഭയം തേടാറുണ്ട്​, പ്രശ്​നങ്ങൾ മാറിയാൽ ചിലർ ആ മതത്തിലേക്ക്​ ചേരുന്നുമുണ്ട്​.

പുതിയ തലമുറയിലെ ആദിവാസികളിൽ ഒരുപാടുപേർ മോ​ട്ടോർസൈക്കിൾ, പുത്തൻമോഡൽ മൊബൈൽ ഫോൺ, ഫാഷൻ മുടിവെട്ട്​ തുടങ്ങി മുഖ്യധാരയുടെ ജീവിതരീതികൾ പകർത്താൻ ശ്രമിക്കുന്നുണ്ട്​. പഴയകാല തൊഴിൽരീതികൾകൊണ്ട്​ അത്തരം ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താനാവില്ല എന്ന ചിന്തയും അവരിൽ വളരുന്നു. അതേസമയംതന്നെ ആദിവാസികളല്ലാത്ത ചിലർ ആദിവാസിയെന്ന സാക്ഷ്യപത്രം സംഘടിപ്പിക്കുകയും ചെയ്യുന്നു. സൗജന്യ വിദ്യാഭ്യാസം, ​ധനസഹായം, തൊഴിൽസാധ്യതകൾ, സംവരണം എന്നിവയെല്ലാം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണിത്​. അങ്ങനെ വരു​േമ്പാൾ യഥാർഥ ആദിവാസികൾക്ക്​ ഈ സൗകര്യങ്ങളിൽ പലതും നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

ആദിവാസികളുടെ സമ്പന്നമായ സംസ്​കാരവും ശീലങ്ങളും സംരക്ഷിക്കപ്പെടണം. ഈ ഭൂമി​െയ കേടുപറ്റാതെ സൂക്ഷിക്കാൻ അവരുടെ ലളിതമായ ജീവിതരീതിക്ക്​ വലിയ പങ്കുണ്ട്​. ആദിവാസികളെ കാട്ടിൽനിന്ന്​ ആട്ടിയിറക്കിയാൽ, അവരുടെ സംസ്​കാരങ്ങളെ നശിപ്പിച്ചാൽ പിന്നെ കാടുകൾ അവശേഷിക്കില്ല. വരുംതലമുറക്കായി സൂക്ഷിച്ചുവെക്കാൻ പ്രകൃതിയുടെ ഒരു പച്ചത്തുണ്ടുപോലും അവശേഷിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adivasiforest
News Summary - When the adivasi is driven out of the forest
Next Story