തുരങ്കപാത ദുരന്തം ഭരണകൂട നിർമിതമാണ്
text_fieldsതെറ്റായ വിവരങ്ങൾ നൽകിയും മതിയായ വിദഗ്ദ്ധ പഠനങ്ങൾ നടത്താതെയുമാണ്c പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി സംഘടിപ്പിച്ചെടുത്തത്. അതിനാൽ തുരങ്കത്തിന്റെ പണി തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സംസ്ഥാന സർക്കാരിനെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും സമീപിച്ചിരുന്നു. ഫലമില്ലെന്ന് കണ്ടപ്പോൾ സമിതി കേരള ഹൈകോടതിയിലേക്ക് നീങ്ങി. ഹർജി തള്ളിയതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, തുരങ്കം ‘‘ഇന്ത്യയുടെ ലൈഫ് ലൈനാണ്’’ എന്ന് ചൂണ്ടിക്കാട്ടി പരമോന്നത നീതിപീഠവും അപ്പീൽ തള്ളിക്കളയുകയാണുണ്ടായത്.
പ്രദേശം അതീവ പരിസ്ഥിതി ദുർബല മേഖലയാണെന്നും, നിർമാണ പ്രവർത്തനങ്ങൾ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും ആക്കം കൂട്ടുമെന്നും ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്ദ്ധരും നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് അസാധാരണമായ ധൃതിയോടെ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ചെയ്തത്. ‘‘മതിയായ പരിസ്ഥിതി പഠനത്തിനു ശേഷം മാത്രമേ തുരങ്കനിർമാണം നടത്താവൂ’’ എന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ശഠിച്ചിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രിയും ഭരണം ലഭിച്ചതോടെ നിലപാടിൽ അയവ് വരുത്തി.
വിവേകശൂന്യമായ മെഗാ പ്രോജക്ട്
ഇപ്പോൾ സംഭവിച്ചത് ഒരു ‘മനുഷ്യനിർമിത ദുരന്തമാണ്’ എന്ന കൃഷിമന്ത്രിയും സ്ഥലം എം.എൽ.എയുമായ അഡ്വ. ടി. സിദ്ദീഖിന്റെ പ്രസ്താവന, സകല കുറ്റങ്ങളും കരാർ കമ്പനിയുടെ തലയിൽ കെട്ടിവെച്ച് തുരങ്കനിർമാണത്തിന് മുടക്കം വരാതിരിക്കാൻ വേണ്ടിയുള്ളതാണ്. ഇവിടെ മണ്ണിടിച്ചിലുണ്ടായത് വെറുമൊരു മൺകൂനയിലല്ല, മറിച്ച് മലയുടെ മുകളിലാണ്. തുരങ്ക നിർമാണത്തിന്റെ ഭാഗമായി വൻതോതിൽ മലയിടിച്ചപ്പോൾ ഉണ്ടായ പ്രകമ്പനമാണ് മലയിടിഞ്ഞ് മണ്ണ് കുത്തിയൊലിച്ച് താഴേക്ക് പതിക്കാൻ കാരണമായത്.
കഴിഞ്ഞ 50 വർഷത്തിനിടെ എണ്ണിയാലൊടുങ്ങാത്ത ചെറുതും വലുതുമായ മണ്ണിടിച്ചിലുകളും ഉരുൾപൊട്ടലുകളുമാണ് തുരങ്കം കടന്നുപോകുന്ന കാമൽ ഹംപ് മലനിരകളുടെ കിഴക്കും പടിഞ്ഞാറുമുള്ള ചരിവുകളിൽ ഉണ്ടായിട്ടുള്ളത്. സമീപകാലത്ത് പുത്തുമല, ചൂരൽമല, ചെമ്പ്ര മല എന്നിവടങ്ങളിലും പടിഞ്ഞാറൻ ചരിവിലുള്ള കവളപ്പാറ, പാതാർ എന്നിവിടങ്ങളിലുമുണ്ടായ ദുരന്തങ്ങളിൽ നൂറുക്കണക്കിന് മനുഷ്യജീവനാണ് നഷ്ടമായത്. ഇത്തരമൊരു അപകടമേഖലയിലൂടെയാണ് 2500 കോടി രൂപ ചെലവിട്ട്, വയനാടിന് കാര്യമായ ഒരു ഗുണവും ചെയ്യാത്ത ഒരു മെഗാ പ്രോജക്ട് യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചത്.
വയനാട്ടിലേക്കുള്ള പ്രധാന മാർഗമായ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഈ തുരങ്കം പരിഹരിക്കുമെന്ന പ്രചാരണം ശുദ്ധ ഭോഷ്കാണ്. നിലവിലുള്ള അഞ്ച് ചുരം റോഡുകൾ വീതികൂട്ടി ബലപ്പെടുത്തുകയും, അവ ആധുനികവൽക്കരിച്ച് വാഹനങ്ങളുടെ വാഹകശേഷി തിട്ടപ്പെടുത്തുകയുമാണ് ഗതാഗത പ്രശ്നം പരിഹരിക്കാനായി ആദ്യം ചെയ്യേണ്ടത്. അതിന് ഈ ദുരന്തപാതക്കായി ചെലവിടുന്ന തുകയുടെ പത്തിലൊന്ന് മാത്രം മതിയാകും.
തുരങ്കം വയനാടിന്റെ ടൂറിസം സാധ്യതകളെ പതിന്മടങ്ങ് വർധിപ്പിക്കുമെന്ന വാദവും നിലനിൽക്കുന്നതല്ല. സഞ്ചാരികൾ വയനാട്ടിലെത്തുന്നത് ഇവിടുത്തെ വന്യജീവികളെയും പച്ചപ്പിനെയും ചരിത്രസ്മാരകങ്ങളെയും മലയും തണുപ്പും നിറഞ്ഞ കാലാവസ്ഥയെയും അനുഭവിച്ചറിയാനാണ്. തുരങ്കപാത രൂപപ്പെടുന്നതോടെ വയനാടിന്റെ അതീവ ലോലമായ പരിസ്ഥിതി സന്തുലിതാവസ്ഥയും കാലാവസ്ഥയുമെല്ലാം തകിടം മറിയും.
വാസ്തവത്തിൽ കള്ളാടിയിൽ തുരങ്കത്തിനായി പാറ തുരക്കാൻ തുടങ്ങിയിട്ടുപോലുമില്ല; പാറയിലേക്ക് എത്താനുള്ള മണ്ണുമാറ്റൽ നടപടികൾ മാത്രമേ ഇപ്പോൾ നടന്നിട്ടുള്ളൂ. പാറ തുരക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷക്കണക്കിന് ടൺ അവശിഷ്ടങ്ങളും മണ്ണും കൂടി കുന്നുകൂടുമ്പോൾ വരുംവർഷങ്ങളിൽ എന്തൊക്കെ അനർത്ഥങ്ങളാവും സംഭവിക്കുക!
തുരങ്കത്തിന്റെ പടിഞ്ഞാറേ മുഖത്തുള്ള മലഞ്ചരിവുകൾ വയനാട്ടിലുള്ളതിനേക്കാൾ ആശങ്കാജനകമായ വിധം ദുർബലമാണ്. മറിപ്പുഴയുടെ ഓരത്ത് കൂട്ടിയിട്ട മൺകൂനയും പാറക്കൂട്ടങ്ങളും മഴക്കാലത്തിന്റെ തുടക്കത്തിൽ കുത്തിയൊലിച്ച് രണ്ട് കിലോമീറ്റർ താഴെയുള്ള പള്ളിയിൽ അടിഞ്ഞുകൂടിയത് വലിയ വിവാദമായിരുന്നു. ഈ തുരങ്കമുഖത്ത് വൻ ഉരുൾപൊട്ടലും മണ്ണൊലിപ്പുമുണ്ടാകുമെന്ന് ഭൗമശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
അതുകൊണ്ട് കള്ളാടിയിൽ സംഭവിച്ചതിനെ വെറുമൊരു ‘മനുഷ്യനിർമിത ദുരന്തം’ എന്ന് ലളിതവൽക്കരിക്കുന്നതിൽ അർഥമില്ല. ഇത് ഭരണകൂടത്തിനും ജുഡീഷ്യറിക്കും പൊതുസമൂഹത്തിനും ഒരുപോലെ ഉത്തരവാദിത്തമുള്ള ദുരന്തമാണ്. ഇതിലും ഭയാനകമായ ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുൻപ് തിരുത്തൽ നടപടികൾ സ്വീകരിക്കാനുള്ള ആർജ്ജവവും ധൈര്യവും കേരള സർക്കാരിനുണ്ടോ എന്നതാണ് ഇനി അറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

