കോർപറേറ്റുകൾ ആശുപത്രികളെ കൈയടക്കുമ്പോൾ
text_fieldsഅമേരിക്കൻ കോർപറേറ്റ് ഭീമന്മാരായ രണ്ടു കമ്പനികൾ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ തിടുക്കപ്പെട്ട് ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കുന്നതിന് പിന്നിലെ കോർപറേറ്റുകളുടെ ഏക ലക്ഷ്യം ലാഭം മാത്രമാണ്. അമേരിക്കയിൽ നിലവിലുള്ള, ‘ഇൻഷുറൻസ് ഇല്ലെങ്കിൽ ചികിത്സയില്ല’ എന്ന തത്ത്വം ഇവിടേക്കും വ്യാപിക്കും. ഈ സംവിധാനത്തിൽ ഒരു രോഗിക്ക് എന്ത് ചികിത്സ വേണമെന്ന് തീരുമാനിക്കുന്നത് ഡോക്ടർമാരല്ല, മറിച്ച് ഇൻഷുറൻസ് കമ്പനികളായിരിക്കും. ആരോഗ്യ കേന്ദ്രങ്ങൾ നിയന്ത്രിക്കുന്നത് മെഡിക്കൽ വിദഗ്ധരായിരിക്കില്ല, പകരം ബിസിനസ് എക്സിക്യൂട്ടിവുകളായിരിക്കും
അമേരിക്കയിലും യൂറോപ്പിലും ചികിത്സാ ചെലവ് അമിതമായി വർധിച്ചതിനാൽ, അവിടെ താമസിക്കുന്ന ഇന്ത്യക്കാരും വിദേശികളും പോലും പത്തിലൊന്ന് ചെലവിൽ ചികിത്സ തേടി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ഉദാഹരണത്തിന്, അയർലൻഡിൽ നഴ്സായി ജോലി ചെയ്യുന്ന എന്റെ അനന്തരവൾക്ക് അവിടെ ഒരു ദന്തശസ്ത്രക്രിയക്ക് 1000 യൂറോ ചെലവ് വരുമായിരുന്നു. എന്നാൽ, അവൾ ഡൽഹിയിൽ വന്ന് ശസ്ത്രക്രിയ നടത്തി തിരിച്ചുപോയി. വിമാന ടിക്കറ്റിനും ചികിത്സക്കും വീട്ടുകാർക്കും കൂട്ടുകാർക്കും വാങ്ങിക്കൊണ്ടുപോയ സമ്മാനങ്ങൾക്കുമെല്ലാമായി ചെലവു വന്നത് 700 യൂറോ മാത്രം. വികസിത രാജ്യങ്ങളിലെ ആരോഗ്യ സേവനത്തിന്റെ അവസ്ഥയാണിത്.
സ്വകാര്യ-പൊതു മേഖലകൾ 70:30 എന്ന അനുപാതത്തിൽ ചേർന്നതാണ് കേരളത്തിന്റെ ആരോഗ്യ മാതൃക. 70 ശതമാനം വരുന്ന സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും രോഗശമന ചികിത്സയിൽ (Curative medicine) ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ പ്രതിരോധ ചികിത്സക്കാണ് (Preventive medicine) ഊന്നൽ നൽകുന്നത്. സ്വകാര്യ ആശുപത്രികൾ സൗകര്യങ്ങൾക്കനുസരിച്ച് പണം ഈടാക്കുമ്പോൾ സർക്കാർ ആശുപത്രികളിൽ ചികിത്സ ഏറക്കുറെ സൗജന്യമാണ്.
കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും ആയുർവേദ, പാരമ്പര്യ വൈദ്യന്മാർ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒടിവുകളും ചതവുകളും ലിഗ്മെന്റ് പ്രശ്നങ്ങളും പോലും അവർ ഫലപ്രദമായി ചികിത്സിച്ചിരുന്നു. എനിക്ക് 12 വയസ്സുള്ളപ്പോൾ വീണ് വലതുകൈക്ക് പരിക്കുപറ്റി. വീടിനടുത്ത ഡിസ്പെൻസറിയിലെ ഡോക്ടറെ കണ്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഒരു സഭാ ആശുപത്രിയിൽ കാണിച്ചപ്പോൾ അവർ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ശസ്ത്രക്രിയ വേണമെന്നും എന്നാൽ വലതുകൈ ഇനി ഒരിക്കലും പഴയതുപോലെ നിവർത്തി വെക്കാൻ കഴിയില്ലെന്നും അവിടത്തെ ഡോക്ടർ മുന്നറിയിപ്പ് നൽകി. ഇതുകേട്ട് പേടിച്ച് വീട്ടിലെത്തിയ ഞാൻ ആയുർവേദത്തിൽ വലിയ വിശ്വാസമുള്ള മുത്തച്ഛന്റെ നിർദേശപ്രകാരം പാലാക്കടുത്തുള്ള അണ്ടൂരിലെ പ്ലാത്തോട്ടത്തിൽ കൊച്ചു എന്ന ആയുർവേദ വൈദ്യനെ ചെന്നുകണ്ടു. 15 ദിവസം കൊണ്ട് അദ്ദേഹം എന്റെ കൈ സുഖപ്പെടുത്തി. 77ാം വയസ്സിലും ഇന്നും ഞാൻ ആ വലതുകൈ കൊണ്ട് ബാഡ്മിന്റൺ കളിക്കുന്നു!
അറുപത് വർഷം മുമ്പ് ഓരോ താലൂക്കിലും അല്ലെങ്കിൽ ചെറിയ പട്ടണങ്ങളിലും ഒരു ഡോക്ടറും കുറച്ച് സഹായികളും ചേർന്ന് നടത്തുന്ന കൊച്ചു ആശുപത്രികൾ ഉണ്ടായിരുന്നു. 2000വരെ ഇത്തരം ക്ലിനിക്കുകൾ കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് അടിസ്ഥാന സേവനങ്ങൾ നൽകിയിരുന്നു. എന്നാൽ 2010ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് (Clinical Establishment Act) പോലുള്ള നിയമങ്ങൾ വന്നതോടെ ഒറ്റക്ക് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർക്ക് ഇത്തരം സ്ഥാപനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയായി.
കോർപറേറ്റുകൾ ആരോഗ്യ മേഖലയിലേക്ക് കടന്നുവരുന്നതോടെ ആരോഗ്യരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമെന്നൊരു പ്രചാരണം ഒരു ഭാഗത്ത് ശക്തമാണ്. നിലവിൽ പലപ്പോഴും ഗുണമേന്മയിൽ വീഴ്ച സംഭവിക്കുന്നുണ്ട് എന്നത് ശരി തന്നെ. ഗുണനിലവാര നിയന്ത്രണം ആവശ്യമാണ്, എന്നാൽ അത് സാധാരണക്കാർക്ക് താങ്ങാവുന്ന നിലവാരത്തിലായിരിക്കണം. കോർപറേറ്റുകൾ ആശുപത്രികളുടെ നിയന്ത്രണം പിടിക്കുന്നതോടെ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധിതമാവുകയും ചെലവ് ഇരട്ടിയാവുകയും ചെയ്യും. കൃത്യമായ നിയന്ത്രണങ്ങളോ ചട്ടങ്ങളോ ഏർപ്പെടുത്താത്ത പക്ഷം ലോകത്തിനുതന്നെ മാതൃകയായ കേരളത്തിന്റെ ആരോഗ്യ പരിരക്ഷാ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ വഴിവെക്കുന്നതാണ് ഈ ഏറ്റെടുപ്പുകൾ.
ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കവും പാവപ്പെട്ടവർക്ക് തിരിച്ചടിയാകും. ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് ക്ഷേമരാഷ്ട്രത്തിൽ ദരിദ്രർക്ക് ചികിത്സ നിഷേധിക്കാൻ പാടില്ല.പണമില്ലാത്തവർ തെരുവിൽ മരിച്ചുവീഴുന്ന സാഹചര്യം അനുവദിച്ചുകൂടാ.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

