ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളും ഇരയാക്കപ്പെടുമ്പോൾ
text_fieldsമുസ്ലിം ന്യൂനപക്ഷത്തിനെതിരായ അക്രമം രാജ്യത്ത് പതിവുസംഭവമാണ്. രൂപവും തീവ്രതയും വ്യത്യാസപ്പെടുമെങ്കിലും മുസ്ലിംകൾക്കെതിരായ ഭീഷണി നിർബാധം തുടരുന്നു. രണ്ടാമത്തെ വലിയ ന്യൂനപക്ഷമായ ക്രിസ്ത്യാനികളും ഇവിടെ ഒഴിവാക്കപ്പെടുന്നില്ല. അവർക്കെതിരായ അക്രമ സംഭവങ്ങൾ വാർത്തയാകുന്നത് കുറവാണെന്നു മാത്രം. സംഭവങ്ങളുടെ എണ്ണം തീരെ കുറവാണെന്നതുതന്നെ പ്രധാന കാരണം. എന്നാലും, ക്രിസ്മസ് കാലത്ത് ഇതിന് കൂടുതൽ ദൃശ്യത വരുകയാണ്.
1990കൾ നമുക്ക് ഓർമയുണ്ട്. ഒഡിഷയിലും ഗുജറാത്തിലും അക്രമം പൊട്ടിപ്പുറപ്പെട്ട കാലം. അതേ സമയത്താണ് മതപരിവർത്തന വിഷയത്തിൽ ദേശീയ ചർച്ച വേണമെന്ന് അടൽ ബിഹാരി വാജ്പേയി അഭിപ്രായപ്പെടുന്നത്. ക്രിസ്ത്യൻ സംഭവങ്ങൾക്കു നേരായ ആക്രമണങ്ങളിൽ പ്രധാന പശ്ചാത്തലമായത് മതപരിവർത്തനമായിരുന്നു. പ്രാർഥനാസംഗമങ്ങൾ, ചർച്ച് കൂട്ടായ്മകൾ, ആഘോഷങ്ങൾ എന്നിവയായിരുന്നു പൊതുവെ ലക്ഷ്യം വെക്കപ്പെട്ടത്. ഈ വർഷവും ക്രിസ്മസ് പരിപാടികൾക്കിടെ ആക്രമണങ്ങളുണ്ടായി.
ഇത്തരം സംഭവങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. അവരുടെ രാജ്യങ്ങളിൽ ഹിന്ദുക്കൾക്കെതിരെ പ്രതികാര നടപടികളുണ്ടാകാമെന്ന മുന്നറിയിപ്പും ചില മാധ്യമങ്ങളിൽ വന്നു. എന്നാൽ, ഏറ്റവും രസകരമായ വസ്തുത ഈ സംഭവങ്ങളോട് ഇന്ത്യൻ സർക്കാർ കാണിച്ച പൂർണ നിശ്ശബ്ദതയായിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മിക്ക അക്രമങ്ങളും നടക്കുന്നത് എന്നത് യാദൃച്ഛികമല്ല. പ്രധാനമന്ത്രി ഭൗതികനല്ലാത്തത് നമ്മുടെ ഭാഗ്യം. കാരണം, ഇവക്കിടയിലൊക്കെയും അദ്ദേഹം ചർച്ചിലെത്തി പ്രാർഥിക്കുന്നു. ഹിന്ദുത്വയുടെ പരമോന്നത നേതാവ് പള്ളിയിൽ ചെന്ന് ക്രിസ്തുമതത്തോട് ആദരവ് കാണിക്കുമ്പോൾ, അദ്ദേഹത്തിന്റെ അനുയായികൾ പള്ളികളിലും തെരുവുകളിലും ക്രിസ്ത്യൻ വിരുദ്ധ അക്രമത്തിൽ ഏർപ്പെടുന്നത് വളരെ രസകരമായിരുന്നു.
സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (2025 ഡിസംബർ 24)ന് തങ്ങളുടെ റിപ്പോർട്ടിൽ ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങളിലെ നാടകീയമായ വർധന ചുരുക്കിവിവരിക്കുന്നുണ്ട്: ‘‘2014-2024 കാലയളവിൽ രേഖപ്പെടുത്തിയ ക്രിസ്ത്യൻ വിരുദ്ധ അക്രമസംഭവങ്ങളുടെ പ്രതിവർഷ എണ്ണം 139ൽ നിന്ന് 834 ആയി വർധിച്ചു-അഥവാ, 500 ശതമാനം ഇരട്ടി. 2025 ജനുവരി മുതൽ നവംബർ വരെ മാത്രം വീടുകൾ, പള്ളികൾ, സ്കൂളുകൾ, ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 700ലധികം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ദലിത്, ആദിവാസി ക്രിസ്ത്യാനികളും സ്ത്രീകളുമാണ് ഏറ്റവും കൂടുതൽ ഇരകളായത്’’. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമീഷൻ 2025ലെ റിപ്പോർട്ടിൽ, ആശങ്കപ്പെടുത്തുന്നതാണ് ഇന്ത്യയുടെ സ്ഥാനമെന്ന് പറയുന്നുണ്ട്. മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടുത്ത വെല്ലുവിളികൾ തന്നെ വിഷയം. ഹ്യൂമൻസ് റൈറ്റ്സ് വാച്ചും മറ്റു സംഘടനകളും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ഇത്തരം സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്മസിന് തൊട്ടുമുമ്പ് അക്രമം പുതിയ കാര്യമല്ല, റായ്പൂരിലെ പള്ളികളിൽ അക്രമസാധ്യത ഒരു ബിഷപ് മുന്നറിയിപ്പ് നൽകുന്നുണ്ട്. റായ്പൂരിലെ കാത്തലിക് ആർച്ച് ബിഷപ് വിക്ടർ ഹെന്റി താക്കൂർ കടുത്ത ആശങ്കയാണ് അറിയിച്ചത്. പ്രദേശത്തെ ചർച്ചുകൾ, വിദ്യാലയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവക്കെല്ലാം അദ്ദേഹം എഴുതിയ കത്തിൽ ജാഗ്രത വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ‘‘നാളെ (ക്രിസ്മസ് ദിനം) ഛത്തിസ്ഗഢ് അടച്ചിടണമെന്ന ആഹ്വാനം കണക്കിലെടുത്ത്, നമ്മുടെ എല്ലാ പള്ളികളും കോൺവെന്റുകളും മറ്റ് സ്ഥാപനങ്ങളും സംരക്ഷണം ആവശ്യപ്പെട്ട് പ്രാദേശിക പൊലീസിന് രേഖാമൂലം അപേക്ഷ നൽകണമെന്ന് ഞാൻ വിശ്വസിക്കുകയും നിർദേശിക്കുകയും ചെയ്യുന്നു.’’
2007ലും 2008ലും ക്രിസ്മസിനോടനുബന്ധിച്ച് ഒഡിഷയിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറി. ഈ ആസൂത്രിത അക്രമം 2008ൽ കൂടുതൽ മോശമായി. ഏകദേശം 7,000 ക്രിസ്ത്യാനികൾക്ക് വീടുവിട്ട് ഓടിപ്പോകേണ്ടിവന്നു, 400 പള്ളികൾ നശിപ്പിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിൽ, ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളിൽ വിവിധ തലങ്ങളിലുള്ള സഭാ നേതാക്കൾ ആശങ്ക പ്രകടിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഈ ഗുരുതര വിഷയത്തിൽ അവരുടെ മൗനം സൂചിപ്പിക്കുന്നത് സ്വന്തം സമൂഹത്തെക്കുറിച്ച് അവർക്ക് ആശങ്കയില്ലെന്നോ അല്ലെങ്കിൽ അവർക്ക് ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്നോ ആണ്.
ഒന്നിനുപിറകെ ഒന്നായി സംസ്ഥാനങ്ങൾ ‘മതസ്വാതന്ത്ര്യ നിയമങ്ങൾ’ എന്നുപേരിട്ട് മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നത് നാം കണ്ടിട്ടുണ്ട്. ക്രിസ്ത്യൻ സമൂഹത്തിന്റെ മതപരമായ പ്രവർത്തനങ്ങൾക്ക് ഇവ തടസ്സങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ടിച്ചിട്ടുണ്ട്. മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് പുരോഹിതന്മാർ അറസ്റ്റ് ചെയ്യപ്പെടുകയും വർഷങ്ങൾ നീളുന്ന നിരർഥകമായ നിയമക്കുരുക്കുകളിൽ കുരുങ്ങുകയും ചെയ്യുന്നു.
മതപരിവർത്തനവുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനികൾക്കെതിരായ പ്രചാരണം പരിഗണന തേടുന്ന ഒന്നാണ്. പുരാതന കാലം മുതൽ തന്നെ ഇന്ത്യയിൽ ക്രിസ്തുമതം നിലനിന്നിട്ടുണ്ട്. എ.ഡി 52ൽ സെന്റ് തോമസ് വഴി മലബാർ തീരത്ത് ക്രിസ്തുമതം എത്തുന്നുണ്ട്. ബ്രിട്ടീഷ് വാഴ്ചക്കാലത്താണ് ഇന്ത്യയിൽ അത് എത്തിയതെന്ന വ്യാപക വിശ്വാസം അടിസ്ഥാനരഹിതമാണ്. 1952 എ.ഡി മുതൽ അവസാന സെൻസസ് നടന്ന 2011 വരെയുള്ള രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 2.3 ശതമാനമായിരുന്നു ക്രിസ്ത്യൻ ജനസംഖ്യ. മനഃപൂർവമായ മതപരിവർത്തന കേസുകൾ തീരെ നടന്നിട്ടില്ലെന്ന് ആരും അവകാശപ്പെടുന്നില്ല. ചില സ്ഥലങ്ങളിൽ ഇത് സംഭവിച്ചിട്ടുണ്ടാകാം. എന്നിരുന്നാലും, സെൻസസ് ഡേറ്റ അടിസ്ഥാനമാക്കി 1971നും 2011നും ഇടയിലുള്ള ക്രിസ്ത്യൻ ജനസംഖ്യ പരിശോധിക്കുമ്പോൾ, 1971ൽ മൊത്തം ജനസംഖ്യയുടെ 2.60 ശതമാനവും 1981ൽ 2.44 ശതമാനവും, 1991ൽ 2.34 ശതമാനവും, 2011ൽ 2.30 ശതമാനവുമായിരുന്നു ക്രിസ്ത്യൻ ജനസംഖ്യയെന്ന് വ്യക്തമാകുന്നു. ഈ കണക്കുകൾ രസകരമായ ഉൾക്കാഴ്ചകൾ പകരുന്നുണ്ട്. സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.
മതപരിവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് പാസ്റ്റർ ഗ്രഹാം സ്റ്റെയിൻസിനെ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളായ തിമോത്തി, ഫിലിപ്പ് എന്നിവരോടൊപ്പം ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. ഈ ദാരുണമായ കൊലപാതകം അന്വേഷിച്ച വാധ്വ കമീഷൻ, പാസ്റ്റർ സ്റ്റെയിൻസ് കുഷ്ഠരോഗികളെ ശുശ്രൂഷിച്ച കിയോഞ്ജറിൽ ക്രിസ്ത്യാനികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ലെന്ന് അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ക്രിസ്ത്യൻ മിഷനുകൾ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നടത്തുന്നുണ്ട്. അവ വളരെ ജനപ്രിയമായവയുമാണ്. വിദൂര പ്രദേശങ്ങളിൽ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ലഭിക്കാൻ പാടുപെടുന്ന ആദിവാസി, ദലിത് സമൂഹങ്ങൾക്കിടയിലാണ് മതപരിവർത്തനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. വിദൂര പ്രദേശങ്ങളിൽ ഈ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിനിടയിലാകാം മിക്ക മതപരിവർത്തനങ്ങളും നടന്നിട്ടുണ്ടാവുക എന്നത് ശരിയാണ്.
മതപരിവർത്തനം ആരോപിച്ച് അനുബന്ധമായി സൃഷ്ടിച്ചെടുക്കുന്ന വിദ്വേഷത്തിന്റെ അന്തരീക്ഷം കൂടുതൽ വ്യാപകമായി വരുകയാണ്. ക്രിസ്മസ് പരിപാടികൾക്കുനേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ ഭരണകൂടം മൗനം പാലിക്കുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നു. ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങൾ വർധിക്കുന്നതിൽ സർക്കാർ സംവിധാനങ്ങളുടെ പങ്കാളിത്തവും ഒരു പ്രധാന വിഷയമാണ്. ഈ വർഷത്തെ ആക്രമണങ്ങൾ ഭരണകക്ഷിയുടെ കാപട്യം വെളിപ്പെടുത്തുന്നു. ഒരു വശത്ത്, പ്രാർഥിക്കാൻ പള്ളിയിൽ പോകുമ്പോൾ, മറുവശത്ത്, ഗുണ്ടകൾക്ക് പള്ളികൾ നശിപ്പിക്കാൻ അവസരം നൽകുന്നു. ക്രിസ്ത്യൻ വിരുദ്ധ അക്രമം ആഗോളതലത്തിൽ അപലപിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. രാജ്യത്ത് മതസ്വാതന്ത്ര്യം നിലനിൽക്കണം. ഇത് ഉറപ്പാക്കാൻ മറ്റ് ഭരണകൂടങ്ങൾ ഇന്ത്യൻ സർക്കാറുമായി ചർച്ച നടത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

