ബി.ജെ.പി വിജയങ്ങളുടെ രഹസ്യമെന്ത്?
text_fields2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്കു ശേഷം, ആറു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ വിജയിച്ച ബി.ജെ.പി വിവിധ സംസ്ഥാനങ്ങളിലെ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. സമ്പദ്വ്യവസ്ഥ, വ്യാപാരം, വിദേശനയം തുടങ്ങിയ മേഖലകളിലെ വീഴ്ചയും അയൽബന്ധങ്ങൾ വഷളായതും സാമൂഹിക മേഖലകളിലെ മോശം പ്രകടനവുമെല്ലാം നിലനിൽക്കെത്തന്നെ മോദി മധ്യവർഗത്തിന് പ്രിയങ്കരനായി തുടരുന്നു എന്ന നിഗമനത്തിലെത്താൻ ഇതു ചില നിരീക്ഷകരെ പ്രേരിപ്പിക്കുന്നു. ഒരു പ്രമുഖ രാഷ്ട്രീയ ലേഖകൻ പറഞ്ഞത്, ഇന്ത്യൻ മധ്യവർഗം മോദിയിൽ ആസക്തരാണെന്നും അതാണ് അദ്ദേഹത്തിന്റെ തുടർച്ചയായ വിജയങ്ങൾക്ക് കാരണമെന്നുമാണ്.
അടിസ്ഥാന യാഥാർഥ്യങ്ങളെ മറച്ചുവെക്കുന്നവയാണ് ഇത്തരം അവകാശവാദങ്ങൾ. യഥാർഥത്തിൽ ഭരണകക്ഷിയെ തുണക്കുന്നത് അവർ കാലങ്ങളായി നിർമിച്ചെടുത്ത ‘ഹിന്ദുത്വവത്കരിക്കപ്പെട്ട’ വോട്ട് ബാങ്കാണ്. തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം വിഭജനം സാധിക്കാഞ്ഞതുകൊണ്ടാണ് അവിടെ ഇപ്പോഴും മതേതര പാർട്ടികൾ ആധിപത്യം തുടരുന്നത്. വൻതോതിൽ പണവും മാനവവിഭവശേഷിയും വിനിയോഗിച്ച് ആ പ്രദേശങ്ങളിൽ വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കാൻ നീക്കം നടത്തുന്നതിന്റെ കാരണവും ഇതുതന്നെ.
പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ആദ്യം നടപ്പാക്കിയത് ഗുജറാത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എല്ലാം നിയന്ത്രിക്കുന്ന ഒരു കേന്ദ്രീകൃത സംവിധാനമാണ്. ഉദ്യോഗസ്ഥരോട് മികച്ച ഭരണനിർവഹണത്തിനുള്ള ആശയങ്ങൾ നേരിട്ട് സമർപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ അരുൺ ജെയ്റ്റിലിയെപ്പോലുള്ള ചുരുക്കം ചിലരൊഴികെ മിക്ക മന്ത്രിമാരും അധികാരമില്ലാത്തവരായി മാറി. മന്ത്രിസഭാ തീരുമാനങ്ങൾ ഔപചാരികതയിലൊതുങ്ങി. തീരുമാനം എടുക്കുന്നതും നടപ്പാക്കുന്നതും പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർ. സർക്കാർ നയങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും രാജ്യത്തിനായുള്ള അജണ്ട നിശ്ചയിക്കാനും ഈ അധികാര കേന്ദ്രീകരണംതന്നെ പ്രാപ്തനാക്കുമെന്ന് മോദി വിശ്വസിച്ചു. എന്നാൽ, മാസങ്ങൾക്കുള്ളിൽ ഈ സംവിധാനം തകിടം മറിഞ്ഞു. അതോടെ അദ്ദേഹം അപകടകരമായ വർഗീയ കാർഡിലേക്ക് ചുവടുമാറ്റി. സാമ്പത്തിക ദുർവിനിയോഗം, സാമൂഹിക മേഖലകളോടുള്ള അവഗണന, അയൽക്കാരുടെ അകൽച്ചയുൾപ്പെടെ വിദേശനയ ദുരന്തങ്ങൾ... തുടങ്ങി സർക്കാറിന്റെ എല്ലാ പരാജയങ്ങളെയും മറികടക്കാൻ ഹിന്ദുത്വ പദ്ധതിക്ക് കഴിയുമെന്നതിനാൽ അതിനായി മുൻഗണന.
സമ്പദ്വ്യവസ്ഥയുടെ ദയനീയാവസ്ഥതന്നെ നോക്കു: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ആദ്യമായി 90-ൽ താഴെയായി, ഒരു സ്വതന്ത്ര പഠന പ്രകാരം ദിനംപ്രതി ഒരു വെജിറ്റേറിയൻ ഊണും ഒരു നോൺ-വെജിറ്റേറിയൻ ഊണും പോലും മിക്ക ഇന്ത്യക്കാർക്കും പ്രാപ്യമല്ല. നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ജപ്പാനെ ഇന്ത്യ മറികടക്കുമെന്ന പ്രചാരണ പെരുമ്പറക്കിടയിൽ യാഥാർഥ്യങ്ങൾ മറച്ചുവെക്കപ്പെടുകയാണ് - ഇന്ത്യയുടെ പ്രതിശീർഷ ജി.ഡി.പി 2,694 ഡോളറാണ്. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം ഇത് ജപ്പാന്റെ 32,487 ഡോളറിനേക്കാൾ 12 മടങ്ങ് കുറവാണ്, ജർമനിയുടെ 56,103 ഡോളറിനേക്കാൾ 20 മടങ്ങ് കുറവാണ്. 121 രാജ്യങ്ങളിലെ പട്ടിണിപ്പട്ടികയിൽ ഇന്ത്യ 107-ാം സ്ഥാനത്തായിരിക്കുന്നു. വാസ്തവത്തിൽ, യുദ്ധം മൂലം തകർന്ന അഫ്ഗാനിസ്ഥാൻ ഒഴികെയുള്ള എല്ലാ ദക്ഷിണേഷ്യൻ അയൽക്കാരേക്കാളും മോശമാണ് നമ്മുടെ അവസ്ഥ. ഇന്ത്യ നേരിടുന്ന മറ്റൊരു വലിയ ശാപമായ അസമത്വം ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന അവസ്ഥയിലാണ്. കഴിഞ്ഞ മാസം പുറത്തുവന്ന വേൾഡ് ഇനിക്വാലിറ്റി റിപ്പോർട്ട് പ്രകാരം, രാജ്യത്തെ വരുമാനത്തിന്റെ 58 ശതമാനവും കൈയാളുന്നത് ഏറ്റവും മുകളിലുള്ള 10 ശതമാനം ആളുകളാണ്. താഴെത്തട്ടിലുള്ള 50 ശതമാനം ആളുകൾക്ക് ലഭിക്കുന്നത് കേവലം 15 ശതമാനം മാത്രമാണ്. ഇന്ത്യയിലെ സമ്പത്തിന്റെ മൂന്നിൽ രണ്ടുഭാഗവും കൈവശം വെച്ചിരിക്കുന്നത് അതിസമ്പന്നരായ 10 ശതമാനം ആളുകളാണ്, ഇതിൽ തന്നെ ഏറ്റവും മുകളിലുള്ള ഒരു ശതമാനത്തിന്റെ പക്കലാണ് രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും.
ഇന്ത്യയെ സംബന്ധിച്ച് ഏറെ നാണക്കേടുണ്ടാക്കുന്ന മറ്റൊരു കാര്യം, സർക്കാർ സാമ്പത്തിക വിവരങ്ങളുടെ (Data Infrastructure) ഗുണനിലവാരത്തിൽ അന്താരാഷ്ട്ര നാണയ നിധി നൽകിയ ‘സി’ ഗ്രേഡാണ്. ഇന്ത്യയിലെ ഡേറ്റാ സിസ്റ്റത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒട്ടേറെ പിഴവുകൾ ഐ.എം.എഫ് കണ്ടെത്തി. സാമ്പത്തിക വിദഗ്ധർക്കും നിക്ഷേപകർക്കും നയരൂപകർത്താക്കൾക്കും ഇന്ത്യയെ സംബന്ധിച്ച കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും റിപ്പോർട്ട് പറയുന്നു.
മോദി സർക്കാറിന് കീഴിൽ ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറായിരുന്ന വിരൽ ആചാര്യയുടെ അഭിപ്രായത്തിൽ, കോവിഡിന് ശേഷമുള്ള സർക്കാറിന്റെ സാമ്പത്തിക നയങ്ങൾ ‘കെ-ആകൃതി’യിലുള്ള വളർച്ചക്കാണ് (K-shaped growth) വഴിവെച്ചത്. ഇതിൽ സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകൾ വിരുദ്ധമായ രീതിയിലാണ് പ്രകടനം കാഴ്ചവെച്ചത്. സമ്പന്നർ കൈവശംവെക്കുന്ന അമിതമായ സമ്പാദ്യം സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ പര്യാപ്തമല്ലെന്നും, സാധാരണക്കാരുടെ വരുമാനം വർധിപ്പിക്കാനാണ് നയരൂപകർത്താക്കൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം, പാവപ്പെട്ടവരാണ് കൂടുതൽ പണം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതും അതിനു മുതിരുന്നതും.
ഏറ്റവും കടുത്ത വിമർശനം ഉന്നയിച്ചത് മോദി സർക്കാറിന്റെ ആദ്യ വർഷങ്ങളിൽ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യനാണ്. കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു:‘‘സമ്പദ്വ്യവസ്ഥ എല്ലാ മേഖലകളിലും മോശം അവസ്ഥയിലാണ്’’. വാഷിങ്ടൺ ഡി.സിയിലെ പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷനൽ ഇക്കണോമിക്സിൽ സീനിയർ ഫെലോ ആയ അരവിന്ദ് സുബ്രഹ്മണ്യൻ പറയുന്നത്, ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം താൽക്കാലികമല്ല, മറിച്ച് ഘടനാപരമാണെന്നാണ്. കാര്യങ്ങൾ മെച്ചപ്പെടണമെങ്കിൽ സർക്കാറിന്റെ സമീപനത്തിൽ മാറ്റം വരണം. ഇന്ത്യ 5,000 ഡോളർ പ്രതിശീർഷ വരുമാനമുള്ള ഒരു മധ്യവരുമാന രാജ്യമാകുന്നതിനു മുമ്പുതന്നെ ‘വാർധക്യത്തിലേക്ക്’ എത്തിയേക്കാം എന്ന ഗുരുതരമായ മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.
(തുടരും)
(മുതിർന്ന മാധ്യമപ്രവർത്തകനും
രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകൻ thewire.in ൽ എഴുതിയ ലേഖനത്തിന്റെ സംഗ്രഹ വിവർത്തനം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

