Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്റ്റീവ് ബാനണ്‍:...

സ്റ്റീവ് ബാനണ്‍: ട്രംപിനു പിന്നിലെ  കുടില മസ്തിഷ്കം

text_fields
bookmark_border
സ്റ്റീവ് ബാനണ്‍: ട്രംപിനു പിന്നിലെ  കുടില മസ്തിഷ്കം
cancel

‘ട്രംപ് യുഗം’ ആദ്യമാസം കടന്നുപോയപ്പോള്‍ ലോകം അദ്ഭുതസ്തബ്ധരായി ചോദിച്ച ഒരു ചോദ്യമുണ്ട്: ഇമ്മട്ടില്‍ അമേരിക്കയെ അട്ടിമറിക്കാന്‍ ഈ മനുഷ്യന് എവിടെനിന്ന് കിട്ടി ധൈര്യം? തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വാഗ്ദാനം ചെയ്തതെല്ലാം നൊടിയിടകൊണ്ടല്ളേ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്! ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയിലോ കൂട്ടായ്മയിലോ പ്രവര്‍ത്തിച്ചതിന്‍െറ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത, പക്കാ ബിസിനസുകാരനായ ഒരു കോടീശ്വരന്‍െറ കരങ്ങളെ ചലിപ്പിക്കുന്ന മസ്തിഷ്കം ആരുടേതാണ്? യു.എസിന്‍െറ എഴുപത് വര്‍ഷത്തെ ചരിത്രത്തെ ദിവസങ്ങള്‍കൊണ്ട്് തലകീഴായി മറിക്കാനുള്ള സൂത്രം ഏത് ബുദ്ധിയില്‍നിന്നാണ് ഊറ്റിയെടുക്കുന്നത്? ‘ഞാന്‍ അമേരിക്കയെ മഹാശക്തിയായി തിരിച്ചുപിടിക്കും’ എന്ന് പ്രചാരണവേളയില്‍ ആക്രോശിച്ചപ്പോള്‍ ആര്‍ക്കും പിടികിട്ടിയില്ല  ഒരു തീവ്രവലതുപക്ഷത്തിന്‍െറ അദൃശ്യാംഗുലികള്‍ ഇയാളുടെ ഓരോ വാക്കിനും ചുവടുവെപ്പിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്. യു.എസിനെക്കുറിച്ച് നാമിതുവരെ വെച്ചുപുലര്‍ത്തിയ സകലസങ്കല്‍പങ്ങളെയും തകിടംമറിക്കുന്ന, വംശീയതയിലും മതപക്ഷപാതത്തിലും  പരദേശനിന്ദയിലും മുക്കിയെടുത്ത പ്രത്യയശാസ്ത്ര ചുടുകാറ്റ് അടിത്തട്ടില്‍ ആഞ്ഞുവീശുന്നുണ്ടായിരുന്നുവെന്നതാണ് വാസ്തവം. അതിനു നേതൃത്വം കൊടുത്തവരുടെ കൈകളിലേക്ക് യു.എസിന്‍െറ ചെങ്കോല്‍ എത്തിയതാണ് ട്രംപിനെക്കൊണ്ട് ഇക്കണ്ട കടുംകൈകള്‍ ചെയ്യിക്കുന്നതത്രെ. ട്രംപിസത്തിന്‍െറ പിന്നിലെ മുഖ്യ ബുദ്ധികേന്ദ്രം സ്റ്റീവ് ബാനണ്‍ എന്ന അപകടകാരിയായ തീവ്ര വലതുപക്ഷ  നേതാവാണെന്ന യാഥാര്‍ഥ്യം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ട്രംപിന്‍െറ ചീഫ് സ്ട്രാറ്റജിസ്റ്റും മുഖ്യ ഉപദേഷ്ടാവുമാണ് ബാനണ്‍. ആരാണിദ്ദേഹമെന്നും എന്താണ് ഇദ്ദേഹത്തിന്‍െറ രാഷ്ട്രീയ കാഴ്ചപ്പാടെന്നും അടുത്തറിയുമ്പോഴാണ് ട്രംപിന്‍െറ വിവാദങ്ങളുയര്‍ത്തുന്ന എല്ലാ തീരുമാനങ്ങള്‍ക്ക് പിന്നിലും ഈ മനുഷ്യന്‍െറ കുടിലബുദ്ധിയും തലതിരിഞ്ഞ വീക്ഷണഗതികളുമാണെന്ന് നാം കണ്ടത്തെുന്നത്. മുന്‍ നാവിക ഓഫിസറും ഗോള്‍ഡ്മാന്‍ സാഷ്സ് ബാങ്കറുമായിരുന്ന ഈ 62കാരന്‍, ‘ബ്രെയ്റ്റ്ബാര്‍ട്ട്’ എന്ന തീവ്ര വലതുപക്ഷ കൂട്ടായ്മക്ക് നേതൃത്വം കൊടുക്കുകയും ‘ബ്രെയ്്റ്റ്ബാര്‍ട്ട് ന്യൂസി’ലൂടെ മാധ്യമമേഖലയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയുമാണ്്. ‘വൈറ്റ് നാഷനലിസ്റ്റ്,’ ‘നിയോനാസി’ തുടങ്ങിയ വിശേഷണങ്ങളാണ് മാധ്യമങ്ങള്‍ ഇദ്ദേഹത്തിന് ചാര്‍ത്തിക്കൊടുക്കുന്നത്. താന്‍ വിഭാവനംചെയ്യുന്ന അമേരിക്ക എങ്ങനെയുള്ളതാണെന്ന് റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യാഥാസ്ഥിതിക കത്തോലിക്ക ഗ്രൂപ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡിഗ്നിറ്റി) 2014ല്‍ വത്തിക്കാനില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ലോസ് ആഞ്ജലസില്‍നിന്ന് സ്കൈപ് വഴി നടത്തിയ ക്ളാസില്‍ ബാനണ്‍ വിശദീകരിക്കുന്നുണ്ട്. അന്ന് അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങള്‍ ആദ്യമായി കേട്ടവര്‍ ഒരു നിമിഷം സ്തബ്ധരായത് അതിലടങ്ങിയ പ്രതിലോമപരത തിരിച്ചറിഞ്ഞപ്പോഴാണ്. രണ്ടു വര്‍ഷത്തിനുശേഷം അധികാരത്തില്‍ വന്ന ട്രംപിന്‍െറ നയപ്രഖ്യാപന പ്രസംഗമായിരുന്നു അതെന്ന് ഇപ്പോള്‍ പലരും ഓര്‍ക്കുന്നു. 
 


കുടിയേറ്റവിരുദ്ധ നയം എന്ന ചിന്താപദ്ധതി
അമേരിക്കയുടെ ‘പരമാധികാര’ത്തെക്കുറിച്ച് ഏതാനും വര്‍ഷമായി ബാനണ്‍ അവതരിപ്പിക്കുന്ന അപകടകരമായ സിദ്ധാന്തങ്ങളാണ് ഇപ്പോള്‍ കുടിയേറ്റവിരുദ്ധ നയമായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്‍െറ ‘പരമാധികാരം’ കാത്തുസൂക്ഷിക്കുന്നതിന് ബഹുരാഷ്ട്ര ഉടമ്പടികളില്‍നിന്ന് പിന്മാറുകയും എല്ലാതരം കുടിയേറ്റങ്ങളും തടയുകയും വേണമെന്ന് അദ്ദേഹം വാദിക്കുന്നു. അധികാരത്തിലേറി രണ്ടാഴ്ചക്കുള്ളില്‍ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം തടഞ്ഞുകൊണ്ടും അഭയാര്‍ഥികള്‍ക്കുനേരെ കവാടം അടച്ചുകൊണ്ടും ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് ബാനണിന്‍െറ സ്വപ്നസന്തതിയാണ്. ‘വിദേശ ഭീകരവാദികളുടെ  കടന്നുകയറ്റത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍’ എന്ന ശീര്‍ഷകത്തില്‍ 2017 ജനുവരി 28ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പുറത്തുവിട്ട കുടിയേറ്റവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടിവ് ഓര്‍ഡര്‍ ട്രംപ് വായിച്ചുനോക്കിയിട്ടുപോലുമില്ല എന്നാണ് വിശ്വസനീയറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്്്. മതത്തിന്‍െറ പേരില്‍ വിസ നിഷേധിക്കുന്നതും അഭയാര്‍ഥികളെ തരംതിരിക്കുന്നതും ഭരണഘടനയുടെ അന്തസ്സത്തക്ക് അശേഷം നിരക്കുന്നതല്ളെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകരും കലാസാംസ്കാരിക നായകന്മാരും വിദ്യാര്‍ഥികളും മതനേതാക്കളുമൊക്കെ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോള്‍ കോടതികള്‍ക്ക് വിഷയത്തില്‍ സക്രിയമായി ഇടപെടേണ്ടിവന്നു. ഉത്തരവ് കോടതി സ്റ്റേ ചെയ്തപ്പോള്‍ അത് ബാനണ്‍ എന്ന ‘ഷാഡോ പ്രസിഡന്‍റി’ന്‍െറ പരാജയമായി മാധ്യമങ്ങള്‍ വിധിയെഴുതി. വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ളേഴ്സണ്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, വൈറ്റ് ഹൗസ് അഭിഭാഷകര്‍ തുടങ്ങിയവരെ മാറ്റിനിര്‍ത്തിയാണത്രെ ബാനണ്‍ വിവാദ ഉത്തരവിന് അന്തിമരൂപം നല്‍കിയത്. നിലവിലെ അമേരിക്കയെയും അതിന്‍െറ മൂല്യവ്യവസ്ഥകളെയും തകര്‍ത്ത്, തന്‍െറ ഭ്രാന്തന്‍ നയപരിപാടികള്‍ ട്രംപിലൂടെ പ്രയോഗവത്കരിക്കുകയാണ് ഇദ്ദേഹത്തിന്‍െറ ലക്ഷ്യം. വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ ഒരു പരിപാടിയില്‍ പരസ്യമായി ബാനണ്‍ ഇത് വെളിപ്പെടുത്തുകയും ചെയ്തു. നമ്മള്‍ ആസൂത്രണം ചെയ്തതുപോലെ അമേരിക്കയുടെ അപനിര്‍മിതി തുടങ്ങിക്കഴിഞ്ഞെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ ഒരു ലെനിനിസ്റ്റാണ് എന്നുപോലും ചിലപ്പോള്‍ സ്വയം വിശേഷിപ്പിക്കുന്നു. ‘ലെനിന് രാഷ്ട്രത്തെ നശിപ്പിക്കേണ്ടതുണ്ടായിരുന്നു. എന്‍െറയും ലക്ഷ്യം അതുതന്നെ. എല്ലാറ്റിനെയും തകര്‍ത്തെറിയുകയും നിലവിലെ ഭരണസംവിധാനത്തെ നശിപ്പിക്കുകയും വേണം.’ രാജ്യത്തിന്‍െറ പരമാധികാരം തിരിച്ചുപിടിക്കാനുള്ള കുറുക്കുവഴി കുടിയേറ്റക്കാരെ ആട്ടിയോടിക്കുകയാണത്രെ. എച്ച്-1ബി വിസ പദ്ധതിയെ അദ്ദേഹം നഖശിഖാന്തം എതിര്‍ക്കുന്നത് അതുവഴി യു.എസ് കമ്പനികള്‍ക്ക് ഉയര്‍ന്ന സാങ്കേതിക പദവികളില്‍ വിദേശ തൊഴിലാളികളെ വെക്കാന്‍ സാധിക്കുന്നുവെന്നത് കൊണ്ടാണ്. സിലിക്കണ്‍ വാലിയിലെ ചീഫ് എക്സിക്യൂട്ടിവുമാര്‍ ഏഷ്യയില്‍നിന്നുള്ളവരാണെന്ന് ഒരഭിമുഖത്തില്‍  അസഹിഷ്ണുത പ്രകടിപ്പിച്ച ബാനണ്‍ ഇത്രകൂടി പറഞ്ഞു; ഈ രാജ്യത്തെ ജനസംഖ്യയില്‍ 20 ശതമാനം കുടിയേറ്റക്കാരാണ്. കുടിയേറ്റക്കാരുടെ മുന്നില്‍ വാതില്‍ അടച്ചുപൂട്ടി സ്വസ്ഥമായി ഭരിക്കാമെന്ന ട്രംപിന്‍െറയും ബാനണിന്‍െറയും വ്യാമോഹത്തിനെതിരെ പ്രതിഷേധസ്വരങ്ങള്‍ ആദ്യമായി ഉയര്‍ന്നത് യു.എസ് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ സിലിക്കണ്‍ വാലിയില്‍നിന്നുതന്നെ. ഇക്കാണുന്ന അമേരിക്ക കെട്ടിപ്പൊക്കിയത് ഏഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നും കുടിയേറിയ, അല്ളെങ്കില്‍ അടിമക്കച്ചവടക്കാരിലൂടെ ഇറക്കുമതി ചെയ്യപ്പെട്ട മനുഷ്യജന്മങ്ങളുടെ ചോരയും നീരും കൊണ്ടാണെന്ന് വംശീയവെറിയന്മാരല്ലാത്തവര്‍ വിളിച്ചുപറഞ്ഞു. 

രോഷപ്രകടനം
തീവ്ര ഇസ്ലാമിനെതിരെ (ഇസ്ലാമിക് ഫാഷിസം എന്നാണ് പലപ്പോഴും അദ്ദേഹം പ്രയോഗിക്കുന്നത്) ജൂത-ക്രൈസ്തവമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആഗോള ജനകീയ പ്രസ്ഥാനം ഉയര്‍ന്നുവരേണ്ടതിന്‍െറ ആവശ്യകതയാണ് വത്തിക്കാനില്‍ ബാനണ്‍ ഊന്നിപ്പറഞ്ഞത്. ‘‘റാഡിക്കല്‍ ഇസ്ലാമിനെതിരെ നിങ്ങള്‍ വളരെ ആക്രമണോത്സുകമായ നിലപാട് സ്വീകരിക്കേണ്ടിവരും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇസ്ലാമിന് എതിരായ ജുഡോ-ക്രിസ്ത്യന്‍ പടിഞ്ഞാറിന്‍െറ നീണ്ട ചരിത്രത്തിലേക്ക് നിങ്ങള്‍ തിരിച്ചുപോയാല്‍ നമ്മുടെ പൂര്‍വപിതാക്കള്‍ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന് കാണാം. വിയനയിലാവട്ടെ, ടൂര്‍സിലാവട്ടെ, മറ്റു സ്ഥലങ്ങളിലാവട്ടെ അവര്‍ നമുക്ക് പാശ്ചാത്യ ചര്‍ച്ചാണ് അനന്തരമായി കൈമാറിയത്.’’ സി.ഇ 732ല്‍ ഫ്രാന്‍സിലെ ടൂര്‍സില്‍ സ്പെയിനിലെ ഉമവിയ്യ ഖലീഫ അബ്ദുല്‍ റഹ്മാന്‍ അല്‍ ഗാഫിഖിയുടെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യത്തെ ചാള്‍സ് മാര്‍ട്ടലിന്‍െറ നേതൃത്വത്തിലുള്ള പട്ടാളം പ്രതിരോധിച്ചുനിര്‍ത്തിയതും 1529ല്‍ ഓട്ടോമന്‍ ഖലീഫ സുലൈമാന്‍ ദി മാഗ്നിഫിഷന്‍റിന്‍െറ നേതൃത്വത്തില്‍ വിയന കീഴടക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തിയതുമാണ് ബാനണ്‍ അനുസ്മരിക്കുന്നത്.  ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ ചൂണ്ടിക്കാണിച്ച് ബാനണ്‍ പടിഞ്ഞാറന്‍ സമൂഹത്തെ യുദ്ധത്തിന് സജ്ജമാക്കിനിര്‍ത്തുന്നുണ്ട്. ‘‘മുതലാളിത്തത്തിന്‍െറ ഉപകരണങ്ങള്‍ എടുത്താണ് ഐ.എസ് പയറ്റുന്നത്. ഫണ്ട് സ്വരൂപിക്കുന്നതിന് ട്വിറ്ററും ഫേസ്ബുക്കും ഉപയോഗിക്കുന്നു.
ആയുധങ്ങള്‍ യഥേഷ്ടം സംഭരിക്കുന്നുവെന്ന് മാത്രമല്ല, കുഞ്ഞുങ്ങളെ തീവ്രവാദികളാക്കിമാറ്റി ബോംബറുകളായി ഉപയോഗിക്കുന്നു. ദൈവനിരാസവും ഉദാരതാവാദവും ജൂത-ക്രൈസ്തവ പടിഞ്ഞാറിന്‍െറ കരുത്ത് ചോര്‍ത്തിക്കളഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹം വിലപിക്കുന്നത്്. മുസ്ലിംലോകം ദിനംപ്രതി അംഗസംഖ്യയില്‍ പെരുകുകയാണെന്നും മുറവിളി കൂട്ടുന്നു. അമേരിക്കയെ  പൂര്‍വപ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണ് ഏക പോംവഴി. അതിനു മുതലാളിത്തത്തെ ശക്തിപ്പെടുത്തണം. കാപിറ്റലിസ്റ്റുകള്‍ എല്ലാം  ഒന്നുകില്‍ ജൂദായിസത്തില്‍ വിശ്വസിക്കുന്നവരാണ്; അല്ളെങ്കില്‍ ക്രിസ്തുമതത്തില്‍. സെക്കുലറിസമാണ് പാശ്ചാത്യലോകത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 

വെള്ളം ചേര്‍ക്കാത്ത വംശീയതയും കടുത്ത ഇസ്ലാം വിരുദ്ധതയും ക്രൈസ്തവ യാഥാസ്ഥിതികതയുടെ മതഭ്രാന്തുമാണ്  സ്റ്റീവ് ബാനണിന്‍െറ രാഷ്ട്രീയ ആശയലോകത്തെ രൂപപ്പെടുത്തുന്നത്. അത് ട്രംപിന്‍െറ കരങ്ങളിലൂടെ അമേരിക്കയുടെ നയനിലപാടുകളായി പ്രയോഗവത്കരിക്കപ്പെടുന്നതിന്‍െറ കോലാഹലമാണ് നാമിന്ന് കേള്‍ക്കുന്നതൊക്കെ. ലോകം കരുതിയിരിക്കേണ്ടിയിരിക്കുന്നു!
 
Show Full Article
TAGS:Steve Bannon Donald Trump 
News Summary - What Does Steve Bannon Want?
Next Story