കണ്ണീർ തുടക്കുക, ഈദിനെ നെഞ്ചേറ്റുക...
text_fieldsഅതിസങ്കീർണമായ സ്ഥിതിവിശേഷത്തിലാണ് ഇത്തവണ നാം വിശുദ്ധ റമദാനിനെ വരവേറ്റത്. സാഹചര്യങ്ങൾ നോക്കുമ്പോൾ നമ്മുടെ മനസ്സ് അസ്വസ്ഥവും ആശങ്കയുറ്റതുമായിരുന്നു. ലോകം ഏതൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നുവോ അതിന്റെ അലയൊലികൾ ഓരോ വിശ്വാസിയുടെയും മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. വേദനിക്കുന്നരെ, മുറിവേറ്റവരെ, അന്യായമായി അതിക്രമിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തവരെ-അവരെയെല്ലാം പ്രാർഥനയിൽ ചേർത്തുനിർത്തി നാം വിശുദ്ധ മാസത്തെ ധന്യമാക്കി. റമദാൻ പൂർത്തിയായി ഈദിന്റെ കവാടങ്ങൾ തുറക്കുന്ന വേളയിൽ ചുറ്റും നടക്കുന്ന സംഭവവികാസങ്ങളോർത്ത് നാം വ്യാകുലപ്പെടുമ്പോഴും പ്രവാചകനിലേക്ക് നോക്കൂ എന്നേ പറയാനുള്ളൂ.
നബി തിരുമേനി സത്യസാക്ഷ്യ പ്രഖ്യാപനവും ഏകദൈവ വിശ്വാസ പ്രബോധനവും ആരംഭിച്ച ദിവസം തൊട്ട് ഈ ലോകത്തോട് വിടപറഞ്ഞ ദിനം വരെ വെല്ലുവിളികളെ അഭിമുഖീകരിക്കാത്ത ഒരു കാലമേ ഉണ്ടായിട്ടില്ല. ആ പ്രശ്നങ്ങളും പ്രയാസങ്ങളും വെല്ലുവിളികളും ഒരിക്കൽ പോലും വിശ്വാസദാർഢ്യത്തിൽ നിന്ന് പ്രവാചകനെ ചഞ്ചലപ്പെടുത്തിയിട്ടില്ല. കടുത്ത പ്രതിസന്ധികൾക്കിടയിൽ പോലും വന്നുചേർന്ന ഓരോ പെരുന്നാളിനെയും സന്തോഷപൂർവം, കൂടുതൽ പ്രതീക്ഷയോടെ, ഉറച്ച വിശ്വാസത്തോടെ വരവേൽക്കുക, ഏതൊരു ദുർഘട സാഹചര്യത്തിലും മനസ്സിനെ അസ്വസ്ഥകളിൽനിന്ന് മോചിപ്പിച്ചുനിർത്തി പെരുന്നാൾ ആഘോഷത്തെ ആനന്ദപൂർണമാക്കുക എന്ന മാതൃകയാണ് പ്രവാചകൻ നമുക്ക് കാണിച്ചുതന്നത്. നിറഞ്ഞ പ്രത്യാശയോടെ സ്വന്തത്തിനും കുടുംബത്തിനുമപ്പുറത്ത് സമൂഹത്തെ പെരുന്നാൾ നിറവിലേക്കെത്തിച്ചു. സന്തോഷവും ധൈര്യവും പ്രകടിപ്പിച്ച് പ്രതിസന്ധിഘട്ടങ്ങളിൽ എങ്ങനെ നിലകൊള്ളണമെന്ന് തലമുറകൾക്കുള്ള പാഠം കൈമാറിയാണ് പ്രവാചകൻ കടന്നുപോയത്. ഇതിലേറെ പ്രയാസകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും പ്രവാചക പാരമ്പര്യമുൾക്കൊണ്ട് അന്തസ്സോടെ സത്യത്തിന്റെ പതാക ഉയർത്തിപ്പിടിക്കാൻ നമുക്കാകണം.
ഏതൊരു മനുഷ്യസ്നേഹിയുടെയും ഉള്ളുരുക്കുന്ന കാഴ്ചകളാണ് ഗസ്സയിൽ നിന്ന് ലോകം കാണുന്നത്. സമാധാനത്തിനുള്ള കരാർ ഏകപക്ഷീയമായി ലംഘിച്ചുകൊണ്ട്, സമാധാന കാംക്ഷികളെ വഞ്ചിച്ചുകൊണ്ട്, സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ആശുപത്രികൾക്കും സ്കൂളുകൾക്കും നേരെ ബോംബുകൾ വർഷിക്കാൻ വിശുദ്ധ റമദാന്റെ രാത്രികൾ തന്നെ തിരഞ്ഞെടുത്തു അധിനിവേശകർ. ഈ കടുത്ത പരീക്ഷണ ഘട്ടത്തിലും സത്യത്തിലുറച്ചും വിശ്വാസമർപ്പിച്ചും നെഞ്ചുവിരിച്ച് നിലകൊള്ളുന്ന ആ ജനത അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തുകയാണ്. സത്യത്തിനായി, സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട പതിനായിരക്കണക്കിന് രക്തസാക്ഷികളിലൂടെ ഫലസ്തീനികൾ ലോകത്തിനുമുന്നിൽ കാണിച്ച പോരാട്ട വീര്യത്തെയും വിശ്വാസദാർഢ്യത്തെയും വെല്ലാൻ ഇനി ഒരായിരം കൊല്ലം കഴിഞ്ഞാലും ആർക്കെങ്കിലുമാവുമെന്ന് തോന്നുന്നില്ല. റമദാന്റെ അവസാന രാത്രികളിൽ അവർക്കായി നടത്തിയ പ്രാർഥനകളും ഐക്യദാർഢ്യവും നമ്മളിനിയും തുടരണം.
സാഹോദര്യത്തിനും സഹവർത്തിത്വത്തിനും പേരുകേട്ട, മതനിരപേക്ഷതയിലൂന്നി ലോകത്തിനുതന്നെ മാതൃകയായി നിലകൊണ്ടിരുന്ന നമ്മുടെ രാജ്യത്ത് ഇപ്പോൾ ദൗർഭാഗ്യവശാൽ ഇസ്‍ലാമിനും മുസ്ലിംകൾക്കുമെതിരായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള വളരെ ബോധപൂർവമായ ശ്രമം നടക്കുന്നു. അതും നമ്മെ അസ്വസ്ഥപ്പെടുത്തിക്കൂടാ, നിരാശരാകേണ്ടതുമില്ല. വ്യാജ നിർമിതികൾ കാലഹരണപ്പെട്ടുപോകുമെന്നും ഒടുവിൽ അവശേഷിക്കുക സത്യം മാത്രമായിരിക്കുമെന്നുമുള്ള ഖുർആന്റെ അധ്യാപനം ഓർമയിൽ സൂക്ഷിക്കുക. നമ്മെ പഠിപ്പിച്ചതാണ്. ഈ വ്യാജങ്ങളെല്ലാം കണ്ട് ആശയറ്റുപോകേണ്ടവരല്ല നാം.
നിയമവും ഭരണഘടനയുമെല്ലാം കാറ്റിൽ പറത്തിയാണ് ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായ നീക്കങ്ങളുമായി വിദ്വേഷ ശക്തികൾ മുന്നോട്ടുവരുന്നത്. വഖഫിനുമേൽ സൃഷ്ടിച്ചിരിക്കുന്ന പുതിയ പ്രതിസന്ധി തന്നെ അതിനുദാഹരണമാണ്. ഈ കാലവും വളരെ മനോഹരമായി, ധൈര്യപൂർവം കടന്നുപോകാൻ നമുക്കാകണം. ജനാധിപത്യവിരുദ്ധമായി വഖഫ് ബിൽ പാർലമെന്റിൽ പാസാക്കാനാണ് ശ്രമമെങ്കിൽ വഖഫിന്റെ സംരക്ഷണത്തിനായി നാം ഭരണഘടനാപരമായും നിയമപരമായും നിലകൊള്ളും. ഈ കാലം ഇതുപോലെ നിലനിൽക്കുമെന്ന് ഭയപ്പെടരുത്. ഞാൻ ഞാൻ എന്നഹങ്കരിച്ച ഏകാധിപതികൾക്കും മർദക ഭരണാധികാരികൾക്കും എന്തു സംഭവിച്ചുവെന്ന് ചരിത്രം നമ്മോട് പറയുന്നുണ്ട്. ദൈവകാരുണ്യത്തിലും വാഗ്ദാനങ്ങളിലും നാം വിശ്വാസമർപ്പിക്കുക. ഈ സാഹചര്യങ്ങളെ മറികടക്കാനുള്ള പരിശ്രമങ്ങളിൽ വ്യാപൃതരാകുക.
ഇസ്‍ലാമിന്റെ മാനവിക മൂല്യങ്ങളുടെ ഉല്ലംഘനം നമ്മിൽ നിന്നുണ്ടാവുകയില്ല, എന്തൊക്കെ പ്രകോപനങ്ങളുയർന്നാലും ഉണ്ടാവുകയുമരുത്. തുടിക്കുന്ന കരളുള്ള ഏതൊരു ജീവിയോടും കാരുണ്യം പുലർത്തുക എന്ന ഇസ്‍ലാമിക പാതയിലൂടെ മനുഷ്യത്വവും സാഹോദര്യവും ഗുണകാംക്ഷയും ഉയർത്തിപ്പിടിച്ച് ഈ രാജ്യത്തെയും ഇവിടത്തെ മനുഷ്യരെയും ജീവജാലങ്ങളെയും സ്നേഹിച്ച് നാം മുന്നോട്ടുപോകും. വിണ്ണും മണ്ണും പെരുന്നാളിനായി ഒരുങ്ങിയിരിക്കുന്നു. ഓരോ പുൽനാമ്പിലും കാണാം ഇന്ന് പെരുന്നാളിന്റെ തിളക്കം. ആകയാൽ നമ്മളും കണ്ണീർ തുടക്കുക, സങ്കടങ്ങളും നെടുവീർപ്പുകളും മാറ്റിവെച്ച് പെരുന്നാളിനൊരുങ്ങുക. ഈ സുദിനത്തിൽ നാം മുഴുവൻ ദേശവാസികളെയും ഓർക്കണം, വേദനയിലുഴറുന്നവർക്ക് ആശ്വാസമരുളാൻ ഇറങ്ങിത്തിരിക്കണം, നമ്മുടെ നാടിന്റെയും രാജ്യത്തെ സഹോദരങ്ങളുടെയും സമാധാനത്തിനും അഭിവൃദ്ധിക്കുമായി പ്രാർഥിക്കണം. ഐക്യവും സമഭാവനയും വീണ്ടെടുക്കാൻ ഒരുമിക്കണം. മനോഹരമായൊരു നാളെ നമ്മെ കാത്തിരിപ്പുണ്ട്. പ്രിയസോദരങ്ങൾക്കെല്ലാം ഹൃദയം നിറഞ്ഞ പെരുന്നാൾ സന്തോഷങ്ങൾ.
(പാർലമെന്റ് മന്ദിരത്തിനടുത്തുള്ള ന്യൂഡൽഹി ജുമാ മസ്ജിദ് ഇമാമും റാംപൂരിൽ നിന്നുള്ള ലോക്സഭാംഗവുമാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.