ഈ ‘നവ രാഷ്ട്രീയ’ പ്രസ്ഥാനത്തിന്‍റെ ഭാവി എന്ത്?
text_fields‘കോക്രോച്ച് ജനതാ പാർട്ടി’ വെറുമൊരു ട്രോളല്ല. ഒരു മീമുമല്ല. അത് നമ്മുടെ കാലത്തിന്റെ രാഷ്ട്രീയ മനഃശാസ്ത്രത്തെക്കുറിച്ചും ജനാധിപത്യ സമൂഹങ്ങളിലെ വിശ്വാസ പ്രതിസന്ധിയെക്കുറിച്ചും ഡിജിറ്റൽ യുഗത്തിലെ രാഷ്ട്രീയ ആശയവിനിമയത്തിന്റെ രൂപാന്തരത്തെക്കുറിച്ചും ചില പ്രധാന ചോദ്യങ്ങൾ ഉയർത്തുന്ന ഒരു സാംസ്കാരിക പ്രതിഭാസമാണ് (cultural phenomenon). ആധുനിക രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ, വലിയ രാഷ്ട്രീയ മാറ്റങ്ങൾ പലപ്പോഴും ഔപചാരിക രാഷ്ട്രീയ സ്ഥാപനങ്ങളിൽ നിന്നല്ല ആരംഭിക്കുന്നതെന്ന് വ്യക്തമാകും. അവ ആദ്യം പ്രത്യക്ഷപ്പെടുന്നത് സംസ്കാരത്തിന്റെ തലങ്ങളിലാണ്. ഒരു പാട്ടായി, ഒരു കാർട്ടൂണായി, ഒരു സാറ്റയറായി, ഒരു മീമായി, ഒരു പ്രതീകമായി. പിന്നീട് മാത്രമാണ് അവ വ്യക്തമായ രാഷ്ട്രീയ ഭാഷകളും സംഘടനാ രൂപങ്ങളും സ്വീകരിക്കുന്നത്.
യുവജനങ്ങളുടെ അസംതൃപ്തി പുതിയ സാംസ്കാരിക രൂപങ്ങളിൽ പ്രകടമാകുമ്പോൾ അതിനെ രാഷ്ട്രീയമായി വായിക്കുന്നതിനുപകരം തമാശയായി തള്ളിക്കളയുകയോ അപരവത്കരിക്കുകയോ ചെയ്യുക എന്നത് ചരിത്രത്തിൽ അധികാരകേന്ദ്രങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു തെറ്റാണ്. ആ അതൃപ്തിയെ ഒരു രാഷ്ട്രീയ മുന്നറിയിപ്പായി കാണാൻ അവർക്ക് സാധിക്കാറില്ല. 1968ലെ ഫ്രഞ്ച് വിദ്യാർഥി പ്രക്ഷോഭങ്ങൾ ആദ്യഘട്ടത്തിൽ ഗൗരവമായി പരിഗണിക്കപ്പെട്ടിരുന്നില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ അത് രാജ്യവ്യാപക തൊഴിലാളി സമരങ്ങളിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും വളർന്നു. 2011ലെ ഒക്കുപ്പൈ വാൾ സ്ട്രീറ്റ് ഒരു തെരഞ്ഞെടുപ്പും ജയിച്ചില്ല; രാഷ്ട്രീയ പാർട്ടിയായി പരിണമിച്ചതുമില്ല. എന്നിട്ടും സമ്പത്തും അധികാരവും കൈവശം വെക്കുന്ന ചെറിയൊരു വിഭാഗവും (1%), ജീവിതത്തിന്റെ ഭാരവും സാമ്പത്തിക അസമത്വത്തിന്റെ ആഘാതവും നേരിടുന്ന ബഹുഭൂരിപക്ഷം ജനങ്ങളും (99%) തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് അത് ആഗോള ശ്രദ്ധ നേടിക്കൊടുത്തു. സ്പെയിനിലെ ഇന്തിഗ്നഡോ (Indignados) പ്രസ്ഥാനം, അറബ് വസന്തത്തിന്റെ ആദ്യഘട്ടങ്ങൾ, ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങൾ, ലാറ്റിനമേരിക്കയിലെ വിദ്യാർഥി സമരങ്ങൾ എന്നിവയും സ്ഥാപിത രാഷ്ട്രീയ ഘടനകൾക്ക് പുറത്തുനിന്ന് രൂപംകൊണ്ട സാമൂഹിക ഊർജത്തിന്റെ ഉദാഹരണങ്ങളാണ്. അവയുടെ ശക്തി സംഘടനാ അച്ചടക്കത്തിലായിരുന്നില്ല; യുവാക്കൾക്കിടയിൽ പങ്കുവെക്കപ്പെട്ട അസംതൃപ്തിയിലായിരുന്നു.
സ്പാനിഷ് സാമൂഹിക ശാസ്ത്രജ്ഞനായ മാനുവൽ കാസിൽസ് (Manuel Castells) അവതരിപ്പിച്ച ‘നെറ്റ്‍വർക്ക് സൊസൈറ്റി’ എന്ന ആശയം ഇവിടെ പ്രസക്തമാണ്. ആധുനിക സമൂഹങ്ങളിൽ രാഷ്ട്രീയ ബോധവും സാമൂഹിക പ്രതിരോധവും രൂപപ്പെടുന്നത് പാർട്ടി ഓഫിസുകളിലോ പരമ്പരാഗത സ്ഥാപനങ്ങളിലോ മാത്രമല്ല. ഡിജിറ്റൽ നെറ്റ് വർക്കുകളിലും ഓൺലൈൻ പൊതുമണ്ഡലങ്ങളിലുമാണ് പുതിയ രാഷ്ട്രീയ അർഥങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തിൽ മീമുകളും വൈറൽ പ്രതീകങ്ങളും വെറും വിനോദ വസ്തുക്കളല്ല, രാഷ്ട്രീയ ആശയവിനിമയത്തിന്റെ പുതിയ മാധ്യമങ്ങളാണ്. അതുകൊണ്ടുതന്നെ, ജെൻ സി തലമുറയെ മനസ്സിലാക്കാതെ ‘കോക്രോച്ച് ജനത’ എന്ന പ്രതിഭാസത്തെ മനസ്സിലാക്കാൻ കഴിയില്ല. അവർ പലപ്പോഴും സംഘടിത രാഷ്ട്രീയ ഘടനകളേക്കാൾ നെറ്റ് വർക്കുകളിൽ വിശ്വസിക്കുന്ന തലമുറയാണ്. ആശയവിനിമയത്തിനുള്ള അവരുടെ ഉപകരണങ്ങൾ പാർട്ടി സമ്മേളനങ്ങളല്ല, ഹാഷ്‌ടാഗുകളും വൈറൽ വിഡിയോകളും സാറ്റയർ പേജുകളും മീമുകളുമാണ്. അവരുടെ രാഷ്ട്രീയം പലപ്പോഴും പ്രഖ്യാപന പത്രങ്ങളിലല്ല പ്രത്യക്ഷപ്പെടുന്നത്,സാംസ്കാരിക ചിഹ്നങ്ങളിലാണ്.
രാഷ്ട്രീയത്തിന്റെ അന്ത്യമല്ല; രൂപാന്തരമാണ്
അധികാരത്തിന്റെ ഭാഷയിൽ സംസാരിക്കാൻ കഴിയാത്തവരോ അതിനാഗ്രഹിക്കാത്തവരോ പലപ്പോഴും പുതിയ പ്രതീകങ്ങൾ സൃഷ്ടിക്കുന്നു. ഇവിടെയാണ് ‘കോക്രോച്ച്’ എന്ന പ്രതീകത്തിന്റെ രാഷ്ട്രീയ പ്രസക്തി. കോക്രോച്ച് ഇവിടെ അധികാരത്തിന്റെ ചിഹ്നമല്ല; അതിജീവനത്തിന്റെ സൂചകമാണ്. സമൂഹത്തിന്റെ ദൃശ്യപരിധിക്ക് പുറത്തേക്ക് തള്ളപ്പെട്ടവരുടെ സാന്നിധ്യത്തിന്റെ പ്രതീകമാണ്. എത്രതവണ നശിപ്പിക്കാൻ ശ്രമിച്ചാലും വീണ്ടും പ്രത്യക്ഷപ്പെടുന്ന ജീവന്റെ രൂപകമാണ്. പ്രതീകങ്ങളുടെ അർഥം അവയുടെ ജൈവ സ്വഭാവത്തിൽ നിന്നല്ല രൂപപ്പെടുന്നത്; അവ ഉപയോഗിക്കപ്പെടുന്ന സാമൂഹിക സന്ദർഭത്തിൽ നിന്നാണ്. ചരിത്രത്തിലുടനീളം അപമാനിക്കാനോ ചെറുതാക്കാനോ ഉപയോഗിക്കപ്പെട്ട പല പ്രതീകങ്ങളും പിന്നീട് പ്രതിരോധത്തിന്റെ ചിഹ്നങ്ങളായി മാറിയിട്ടുണ്ട്. സാമൂഹിക പ്രസ്ഥാനങ്ങൾ പലപ്പോഴും അധികാരം നൽകുന്ന പേരുകളെ തിരിച്ചുപിടിച്ച് അവക്ക് പുതിയ രാഷ്ട്രീയ അർഥങ്ങൾ നൽകാറുണ്ട്. ‘കോക്രോച്ച് ജനത’ എന്ന ആശയത്തിന്റെ സാധ്യതയുള്ള രാഷ്ട്രീയ വായനയും അതുതന്നെയാണ്.
അധികാരം സ്വയം ഗൗരവത്തിന്റെ ഭാഷയിൽ അവതരിപ്പിക്കുമ്പോൾ, ചിരിയും പരിഹാസവും ആ ഗൗരവത്തെ അസ്ഥിരമാക്കുന്നു. സാറ്റയർ അധികാരത്തിന്റെ നിയമസാധുതയെ നേരിട്ട് തകർക്കുന്നില്ല. പക്ഷേ, അതിന്റെ ‘വിശുദ്ധതാ പരികൽപനകളെ’ ചോദ്യം ചെയ്യുന്നു. അതിനാലാണ് ചരിത്രത്തിലുടനീളം നിരവധി ഏകാധിപത്യ പ്രവണതകളുള്ള ഭരണകൂടങ്ങൾ സാറ്റയറിനെയും രാഷ്ട്രീയ ഹാസ്യത്തെയും സംശയത്തോടെ നോക്കിയിട്ടുള്ളത്. വിമർശനത്തെയും അവ ഉന്നയിക്കപ്പെടുന്ന പൊതുയോഗങ്ങളെയുമെല്ലാം നിയന്ത്രിക്കാനാകും. പക്ഷേ, പരിഹാസത്തെ പൂർണമായി നിയന്ത്രിക്കുക ഭരണകൂടങ്ങളെ സംബന്ധിച്ച് എളുപ്പമല്ല. കാരണം അധികാരത്തിന്റെ ഏറ്റവും വലിയ മൂലധനം അതിന്റെ കാലങ്ങളായി നിർമിച്ചെടുത്ത ഗൗരവത്തിന്റെ ആവരണമാണ്. സാറ്റയർ ആ ഗൗരവത്തെ അസ്ഥിരമാക്കുന്നു.
ഡിജിറ്റൽ യുഗത്തിൽ മീം സംസ്കാരം വഹിക്കുന്നത് ഇതേ രാഷ്ട്രീയ പങ്കാണ്. അത് വെറും വിനോദമല്ല. പൊതുബോധത്തെ രൂപപ്പെടുത്തുന്ന ഒരു സാംസ്കാരിക ശക്തിയാണ്. ഒരു തലമുറയുടെ നിരാശയെയും അവിശ്വാസത്തെയും വ്യവസ്ഥാപിത രാഷ്ട്രീയത്തോടുള്ള അകൽച്ചബോധത്തെയുംഏറ്റവും സംക്ഷിപ്തമായി പ്രകടിപ്പിക്കുന്ന പുതിയ ഭാഷയാണ്. ‘കോക്രോച്ച് ജനതാ പാർട്ടി’ നാളെ ഒരു രാഷ്ട്രീയ പാർട്ടിയായി മാറുമോ എന്നത് ഇന്ന് പ്രസക്തമായ ചോദ്യമല്ല. അതിന് തെരഞ്ഞെടുപ്പ് വിജയങ്ങൾ നേടാനാകുമോ എന്നതും ഇപ്പോൾ പ്രധാനമല്ല. പ്രധാനപ്പെട്ട ചോദ്യം മറ്റൊന്നാണ്. എന്തുകൊണ്ടാണ് ഒരു വിഭാഗം യുവാക്കൾ സ്ഥാപിത രാഷ്ട്രീയ ഭാഷകളിൽ നിന്ന് അകന്ന് ഇത്തരം പ്രതീകങ്ങളിൽ സ്വന്തം രാഷ്ട്രീയ വികാരങ്ങളെ കണ്ടെത്തുന്നത്? ആ ചോദ്യത്തിനുള്ള ഉത്തരമാണ് യഥാർഥ രാഷ്ട്രീയം.
കോക്രോച്ച് ജനതാ പാർട്ടി
സോഷ്യൽ മീഡിയ അധിഷ്ഠിത ആക്ഷേപഹാസ്യ രാഷ്ട്രീയ പ്രസ്ഥാനമെന്ന് സാമാന്യമായി വിശേഷിപ്പിക്കാം. ‘കോക്രോച്ച്’ (പാറ്റ) എന്ന ജീവിയെ പ്രതീകമാക്കിയ ഈ പ്രസ്ഥാനം ഇന്ത്യയിലെ യുവാക്കളുടെ അസംതൃപ്തിക്കും പ്രതിഷേധത്തിനും ഒരു വേദിയായി മാറി. ദിവസങ്ങൾക്കുള്ളിൽതന്നെ ഇൻസ്റ്റഗ്രാമിൽ കോടിക്കണക്കിന് അനുയായികളെ ഇത് നേടിയിരുന്നു. സത്യത്തിൽ ഇതൊരു രാഷ്ട്രീയ പ്രസ്ഥാനമല്ല. എന്നാൽ, നിലവിലെ രാഷ്ട്രീയ സംസ്കാരം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ യുവതലമുറയുടെ വികാരം ഇതിൽ പ്രതിഫലിക്കുന്നുണ്ട്. അത് ട്രോളുകളായും മീമുകളായും അവർ അവതരിപ്പിക്കുന്നു. അതിനുള്ള സ്വതന്ത്ര പ്ലാറ്റ്ഫോം ആണ് സി.പി.ജെ. ‘‘യുവാക്കളുടെ, യുവാക്കൾക്ക് വേണ്ടിയുള്ള, യുവാക്കൾ നയിക്കുന്ന രാഷ്ട്രീയ മുന്നണി’’ എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്.
എന്തുകൊണ്ട് ‘കോക്രോച്ച്’?
കോക്രോച്ചുകൾ അതിജീവനശേഷിയുള്ള ജീവികളായി അറിയപ്പെടുന്നു. സമൂഹം അവഗണിച്ചാലും നശിപ്പിക്കാൻ കഴിയാത്തവരാണ് അവർ എന്ന ആശയം പ്രസ്ഥാനം രാഷ്ട്രീയ സന്ദേശമാക്കി മാറ്റി. ‘‘ഞങ്ങളെ ഇല്ലാതാക്കാനാകില്ല’’ എന്ന സന്ദേശമാണ് കോക്രോച്ച് പ്രതീകത്തിലൂടെ മുന്നോട്ടുവെക്കുന്നത്.
തുടക്കം ഇങ്ങനെ
മേയ് 15ന് ഒരു ഹരജി പരിഗണിക്കവെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സോഷ്യൽ മീഡിയയിൽ സജീവമായ ഉദ്യോഗസ്ഥരെയും യുവാക്കളെയും ‘പാറ്റകൾ’ (Cockroaches), ‘പരാദങ്ങൾ’ (Parasites) എന്നിങ്ങനെയൊക്കെ ഉപമിച്ചത് വലിയ വാർത്തയായിരുന്നു. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചുവെങ്കിലും നീതിപീഠത്തിൽനിന്നുണ്ടായ ആ പ്രയോഗം വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. തുടർന്ന്, അഭിജീത് ദിപ്കെ എന്ന യുവാവാണ് ഒരു മീം എന്ന നിലയിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ സോഷ്യൽ മീഡിയ കാമ്പയിൽ ആരംഭിച്ചത്.
തുടക്കത്തിൽ ഒരു തമാശ എന്ന നിലയിൽ ആളുകൾ കാമ്പയിന്റെ ഭാഗമായി; പിന്നീട് ചർച്ചകൾ ഗൗരവമായതോടെ അതൊരു ‘രാഷ്ട്രീയ മുന്നേറ്റം’ കൂടിയായി പരിണമിച്ചു. നാല് ദിവസത്തിനുള്ളിൽ ഒന്നര കോടിയോളം പേർ ഇൻസ്റ്റ ഗ്രമിൽ സി.ജെ.പിയെ അനുഗമിക്കാൻ തുടങ്ങി. ബി.ജെ.പിക്കുപോലും ഒരു കോടിയിൽ താഴെയാണ് ഇൻസ്റ്റ ഫോളോവേഴ്സ്. ഇതും വാർത്തതായതോടെയാണ് അധികാരികൾ സി.ജെ.പിയുടെ അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനാരംഭിച്ചത്. എന്നിട്ടും പാറ്റകൾ പിന്നെയും ഡിജിറ്റൽ ലോകത്ത് കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ, അവർ ഇതാദ്യമായി ഇന്നലെ തെരുവിലുമെത്തി.
അഭിജീത് ദിപ്കെ
പാർട്ടിയുടെ സ്ഥാപകൻ. ബോസ്റ്റൺ സർവകലാശാലയിൽ പൊളിറ്റിക്കൽ കമ്യൂണിക്കേഷൻസ്, സ്ട്രാറ്റജി വിദ്യാർഥിയും മുൻ ആം ആദ്മി പാർട്ടി പ്രവർത്തകനുമാണ് ഇദ്ദേഹം. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ജനനം. പൂണൈ സർവകലാശാലയിൽനിന്ന് ജേണലിസത്തിൽ ബിരുദം നേടിയശേഷമാണ് യു.എസിലേക്ക് തിരിച്ചത്. 2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആപ്പിനുവേണ്ടി പ്രവർത്തിച്ചു. അന്ന് പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രചാരണ വിഭാഗത്തിലാണ് പ്രവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

