നാം യക്ഷികളുടെ നാട്ടിൽ
text_fieldsകാറൾ മാർക്സ് വോൾട്ടയർ
സഹകരണ ബാങ്ക് തട്ടിപ്പുകളും അതു സംബന്ധമായ കേസുകളും കൊഴുക്കുകയാണല്ലോ. ഇതൊന്നും കുറ്റമല്ലാതായിരിക്കുന്നു. എല്ലാം തൊഴിലാളി വർഗത്തെയും മുതലാളി വർഗത്തെയും സഹായിക്കാനുള്ള നടപടികൾ മാത്രം! ഇതൊക്കെ യക്ഷികളുടെ പണിയാണ്.
അവരെ നമുക്കു ബലിയാടുകളാക്കാം. നമ്മുടെ ഇടയിൽ യക്ഷികളുണ്ടോ? ദരീദ ചോദിച്ചു, ‘‘ഈ സമ്മേളനത്തിൽ ആരെങ്കിലും യക്ഷികളാണോ?’’ യക്ഷികൾക്ക് അസ്തിത്വമുണ്ടോ? ഫ്രഞ്ച് സാമൂഹിക ചിന്തകൻ റൂസ്സോ പാരിസിലെ മെത്രാപ്പൊലീത്തക്ക് എഴുതിയ കത്തിൽ പറയുന്നു: ‘‘സാക്ഷ്യപ്പെടുത്തിയ ഒരു ലോകചരിത്രമുണ്ടെങ്കിൽ അതു യക്ഷികളുടേതാണ്... ശ്രദ്ധേയരുടെ മാത്രമല്ല, തൊഴിലാളികൾ, സർജന്മാർ, പുരോഹിതർ, മജിസ്ട്രേറ്റുമാർ എന്നിവരടങ്ങുന്നവരുടെ മൊഴികൾ, സാക്ഷ്യപത്രങ്ങൾ. നിയമത്തിന്റെ തെളിവ് പൂർണമാണ്.
ഇതൊക്കെ ഉണ്ടായിട്ടും ആരാണ് യക്ഷികളിൽ വിശ്വസിക്കുന്നത്? വിശ്വസിക്കാത്തവരെ ശിക്ഷിക്കുമോ?’’ റൂസ്സോയുടെ കണക്കുപ്രകാരം അധികാരികളുടെ കുപ്പായങ്ങൾക്കുള്ളിലും അധികാര മണ്ഡലങ്ങളിലുമാണ് യക്ഷികൾ വസിക്കുന്നത്. വോൾട്ടയറാവട്ടെ ലണ്ടൻ, പാരിസ് നഗരങ്ങളിലെ വ്യാപാര വേദികളിലാണ് യക്ഷികൾ പാർക്കുന്നതായി കണ്ടെത്തുന്നത്.
18ാം നൂറ്റാണ്ടിലെ യൂറോപ്പിൽ യക്ഷികളിന്മേൽ അസാധാരണമായ താൽപര്യമുണ്ടായി. 1672 മുതൽ 1772 വരെ റഷ്യ ഉൾപ്പെടെയുള്ള പലയിടങ്ങളിലും യക്ഷികൾ ഭീകരമായ വസന്തകൾ പടർത്തി. യക്ഷി (vampire) എന്ന വാക്ക് ഇംഗ്ലീഷ് നിഘണ്ടുവിൽ, 1680ൽ പ്രത്യക്ഷമായി, പത്തുവർഷം കഴിഞ്ഞ് ഫ്രഞ്ചിൽ വന്നു. ജർമനിയിലെ പണ്ഡിത സദസ്സുകളിലും ഈ വാക്ക് നിരന്തര ചർച്ചാവിഷയമായി. ബ്രാം സ്റ്റോക്കർ ഡ്രാക്കുള പ്രസിദ്ധീകരിച്ചത് 1897ലാണ്.
ഭൗതികവാദിയായിരുന്ന മാർക്സിന്റെ രചനകളിൽ അതിനു മുമ്പുതന്നെ യക്ഷി പ്രത്യക്ഷമായി. സ്വകാര്യ സ്വത്ത്, മൂലധനം എന്നിവ യക്ഷി അഥവാ മനുഷ്യന്റെ രക്തമൂറ്റിക്കുടിക്കുന്നു എന്നതായിരുന്നു പരാമർശം. ‘‘ലോകത്തിലേക്ക് പണം വരുന്നത് അതിന്റെ കവിളിൽ ജന്മസിദ്ധമായ രക്തക്കറയുമായിട്ടാണെങ്കിൽ മൂലധനം വരുന്നതു തല മുതൽ പാദം വരെ ചോരയൊലിപ്പിച്ചുകൊണ്ടാണ്.
എല്ലാ ദ്വാരങ്ങളിൽനിന്നും ചോരയും ചലവും പ്രവഹിക്കുന്നു’’ ദരീദ ഉത്തരാധുനിക കാലത്ത് മാർക്സിന്റെ പ്രേതങ്ങളെക്കുറിച്ച് പുസ്തകമെഴുതി. അദ്ദേഹം യക്ഷികളെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഭാരത പുരാണങ്ങളിൽ യക്ഷികളും വേതാളങ്ങളും നിറഞ്ഞുനിൽക്കുന്നു. പാലമരവുമായി അതിനുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല. ഇപ്പോൾ ഉത്തരേന്ത്യയിലേക്ക് പശുമാംസവുമായി പോയാൽ തല്ലിക്കൊല്ലും എന്ന മുന്നറിയിപ്പ് സമൂഹത്തിലുണ്ട്. പക്ഷേ, ഒരിടത്തും പരസ്യപ്പലകകളില്ല.
അവിടെ യക്ഷികളുണ്ട് എന്നു വെളിവാക്കാൻ പരസ്യത്തിന്റെ അധികാരികൾ തയാറില്ല. അക്രമം അവർ അധികാരത്തിന്റെ കവചത്തിൽ മനോഹരമായി മൂടുന്നു. അക്രമത്തെ ഒളിപ്പിക്കുന്നത് ഏതു സംസ്കാരത്തിന്റെയും പണിയാണ്. സംസ്കാരം അതൊക്കെ ഒളിക്കുന്നത് അതിന്റെ ഭാഷയിലും കഥകളിലും ആഖ്യാനത്തിലുമാണ്. അതു മതപരമായും ഒളിക്കപ്പെടും. മതം എപ്പോഴും ബലികളിലും അനുഷ്ഠാനങ്ങളിലും കഥകളിലും അത് ഒളിക്കുന്നു.
അനുകരണമില്ലാതെ സമൂഹമില്ല, സംസ്കാരമില്ല. ഞാൻ എപ്പോഴും മുകളിലേക്കു നോക്കുന്നു. അവിടെ ഉച്ചനീചത്വങ്ങൾ ധാരാളം. മുകളിലേക്കു നോക്കി ഞാൻ ആശിക്കുന്നു - അസൂയപ്പെടുന്നു. അസൂയയില്ലാത്ത സമൂഹമില്ല, സ്പർധയില്ലാത്ത മനുഷ്യരില്ല. താഴ്ന്നവന് ഉയരാൻ മോഹം, ഉയർന്നവനു കൂടുതൽ താഴ്ന്നവരെ ഉണ്ടാക്കാൻ മോഹം.
നാം നിരന്തരം അനുകരിക്കുകയാണ്, അനുകരണം അസൂയയും സ്പർധയും സ്വാഭാവികമായി ഉണ്ടാക്കും. ഉയരണം ഉന്നതനാകണം, പക്ഷേ, അതു സമൂഹത്തിനുള്ളിലാണ്. അവരുടെ അംഗീകാരവും ആദരവും വേണം. കുചേലന് കുബേരനാകണം, കുബേരന് കൂലിക്കാരെ കൂട്ടണം.
അനുകരണത്തിന്റെ സ്പർധ വൈരവും അക്രമവും ഉണ്ടാക്കും. അയൽക്കാരന് കാറുണ്ട്, അവനേക്കാൾ മാർക്ക് കൂടുതൽ കിട്ടി ജയിച്ചിട്ടും എനിക്ക് കാറില്ല. അവന്റെ കാറ് കത്തിയതിൽ എനിക്ക് എന്താ സന്തോഷം! അതു കാർ കത്തിക്കുന്ന അക്രമമായും വളരാം. ഒറ്റക്കും കട്ടാൽ പിടിക്കപ്പെടും.
കള്ളനായി മാറും. സംഘബലത്തോടെ കട്ടാൽ; കട്ടില്ല എന്നു പറയാൻ പലരുണ്ടാകും. സംഘബലത്തിൽ കട്ടവൻ വേറെയാണ് എന്നു തെളിയിക്കുകയും പിടിക്കപ്പെട്ടവൻ കളവ് സമ്മതിക്കുകയും ചെയ്താൽ, ഞാൻ സത്യസന്ധനായി. സംഘബലമുണ്ടെങ്കിൽ ഇതെല്ലാം ചെയ്യാൻ സാധിക്കും.
ബലിയാടാകാൻ സന്നദ്ധരായവരുണ്ടാകും. ഇല്ലെങ്കിൽ പറയാൻ സംഘബലമില്ലാത്തവന്റെ തലയിൽ കെട്ടിവെച്ചും ബലിയാടുകളെ ഉണ്ടാക്കാം. ഇങ്ങനെയുള്ള കളവിനാണ് രാഷ്ട്രീയവും മതവും ഗോത്രവും വരെ മറയാക്കുന്നത്. ‘ആദരണീയമായ’ കളവിനും കൊള്ളയടിക്കും രക്തപാനത്തിനും അനിവാര്യമായത് രാഷ്ട്രീയവും വർഗീയതയുമാണ്.
അപരന്റെ രക്തത്തിനായുള്ള എന്റെ ദാഹത്തിന്റെ കണ്ണാടിച്ചിത്രം മാത്രമാണ് യക്ഷി. അപരനോട് എനിക്കു പ്രതികാരമുണ്ടാകണമെന്നില്ല, കോപമുണ്ടാകണമെന്നില്ല. എന്റെ വേട്ടയിൽ അയാൾ വന്നുപെട്ടു എന്നു മാത്രം. അപരനുള്ളത് എനിക്കു വേണം എന്ന ദാഹമാണ് അപരനെ ആക്രമിക്കുന്നതിനു കാരണം.
അവിടെ യക്ഷി, സംസ്കാരത്തിലെ അപരൻ മാത്രമാണ്. പോൾ റിക്കർ എന്ന വ്യാഖ്യാന പണ്ഡിതൻ ‘ഞാൻ എന്ന അപരനെ’ക്കുറിച്ച് പുസ്തകമെഴുതി. ഞാൻ തന്നെയാണ് ഈ അപരൻ. ഞാൻ എന്റെ കഥ അപരന്റെ കഥയായി പറയുമ്പോൾ അതു യക്ഷിയുടെ കഥയാകും. ഭാഷയും ചിത്രങ്ങളും അബോധത്തിന്റെ സൃഷ്ടികളാകും. ആരും കാണാതെ ഞാൻ രഹസ്യമായി കാത്തുസൂക്ഷിക്കുന്ന എന്റെ കാമത്തിന്റെ ഇടം.
അപരനുള്ളത് എനിക്കു കിട്ടാനുള്ള മോഹത്തിന്റെ ഇടം. ഞാൻ തീരുമാനിക്കുന്നു. തീരുമാനിക്കുക എന്നാൽ പല സാധ്യതകളിൽ ഒന്നു സ്വീകരിക്കുകയും മറ്റുള്ളവയെല്ലാം നിരാകരിക്കുകയും ചെയ്യുന്നതാണ്. എനിക്കുവേണ്ടി അപരനെ മുറിച്ചു മാറ്റുന്നു-അവിടെ അപരന്റെ ചോരയാണ് ഞാൻ കുടിക്കുന്നത്-യക്ഷി. എന്നെ മുറിച്ച് അപരനെ സംരക്ഷിക്കുമ്പോൾ ഞാൻ യക്ഷിയാകാതെ മാലാഖയുമാകും. ‘‘പിശാച് മാലാഖയായി വേഷം കെട്ടുന്നു’’ എന്ന് സെന്റ് പോൾ (2 കൊറി. 11:14).