Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവയനാട് തുരങ്ക പാത:...

വയനാട് തുരങ്ക പാത: പഠിച്ച ശാസ്ത്രജ്ഞർ ജനവിചാരണ നേരിടണം

text_fields
bookmark_border
https://www.madhyamam.com/tags/wayanad-landslide
cancel
camera_alt

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തെ മണ്ണിടിഞ്ഞിടത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വയനാട് തുരങ്ക പാത പോലെ ഇത്രയധികം അശാസ്ത്രീയമായ പദ്ധതി ഇനി വരാനില്ല. തുരങ്ക പാതയല്ല, അത് ദുരന്ത പാത തന്നെയാണ്. മെഡിക്കൽ കോളജിലേക്ക് രോഗികളെ കൊണ്ടുപോകാൻ, ഏറ്റവും കുറഞ്ഞ ദൂരം മാത്രമുള്ള റൂട്ട് എന്ന നിലയിലാണല്ലോ മുഖ്യമായും തുരങ്കപാതയെ കുറിച്ച് പറയുന്നത്. എന്നാൽ പദ്ധതി സൃഷ്ടിക്കുന്ന ദുരന്തങ്ങൾ കാരണം അവിടുത്തെ നാട്ടുകാരെ വേഗം ആശുപത്രിയിൽ കൊണ്ടു പോകുന്നതാകും ഈ പാത.

പാതയുടെ അന്തിമ ഡി.പി.ആർ കൊടുത്ത ശേഷം 60ഓളം ഭേദഗതികൾ ആണ് നിർദേശിച്ചത്. ഇത്രയധികം ഭേദഗതി നിർദേശിക്കപ്പെട്ട മറ്റൊരു പദ്ധതി ഉണ്ടാകില്ല. ഈ ഭേദഗതികളെല്ലാം അവസാനം നേർപ്പിച്ചും വെള്ളം ചേർത്തും മാറ്റി മറിക്കുകയാണ് ചെയ്തത്. ഉയർന്ന അപകട സാധ്യതാ മേഖലയിലാണ് (ഹൈ റിസ്ക് സോൺ) പാതയുടെ അലൈൻമെന്‍റ്. ചെറിയ പ്രകമ്പനം വന്നാൽ തന്നെ ഇത്തരം പ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കും. കൊങ്കൺ റെയിൽവേക്കാണ് പദ്ധതിയുടെ നിർവഹണം. അവർ നടപ്പാക്കിയ പദ്ധതികൾ ഗോവ അടക്കം പല സ്ഥലത്തും ഇതുപോലെ ദുരന്തത്തിൽ കലാശിച്ചിട്ടുണ്ട്. ഹൈ റിസ്ക് ഏരിയകളിൽ മണ്ണിടിച്ചിൽ ഉണ്ടാക്കിയതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്.

വയനാട്ടിലേത് വിളിച്ചുവരുത്തുന്ന ദുരന്തം തന്നെയാണ്. 60ഓളം ഭേദഗതികൾ നിർദേശിച്ചിട്ട് പദ്ധതിയിൽ അപ്രൈസൽ കമ്മിറ്റി അവയുടെ വിശദ അപഗ്രഥനം നടത്തണമെന്ന് പ്രത്യേകം നിർദേശിച്ചിരുന്നു. ഭൂഗർഭ ജലത്തിന്‍റെ കാര്യത്തിലും ജിയോ ടെക്നിക്കൽ, വാട്ടർ ഡ്രൈനേജ് വിഷയങ്ങളിലും അടക്കം വിശദ പരിശോധനകൾ നടന്നിട്ടില്ല. ജിയോളജിക്കൽ ആൻഡ ജിയോ മോർഫോളജിക്കൽ പഠനം നടത്തിയിരുന്നു. വിരമിച്ച ശാസ്ത്രജ്ഞനെയാണ് പഠനം നടത്താനായി നിയോഗിച്ചത്. ഏത് ശാസ്ത്രജ്ഞനായാലും ഇത്തരം ഉദ്യോഗസ്ഥർ ഭാവിയിൽ ജനകീയ വിചാരണ നേരിടണം. അന്ധനായ ജിയോളജിസ്റ്റിനെ കൊണ്ടു വിട്ടാലും തുരങ്കപാത ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പറയും. ഇങ്ങനെ സൗകര്യാർഥം പദ്ധതികൾ കണ്ണുമടച്ച് കൊടുക്കുന്നത് ശരിയല്ല. കൺസൾട്ടേഷൻ ഫീസൊക്കെ അവർക്ക് കിട്ടുമായിരിക്കും. അത്തരം ആളുകളെ ജനകീയ വിചാരണ ചെയ്യണം. അത്രയധികം ദേഷ്യവും സങ്കടവുമൊക്കെ ഇക്കാര്യത്തിൽ തനിക്കുണ്ട്.

മുൻ ദുരന്തങ്ങളിൽ നിന്ന് പാഠം പഠിച്ചെന്നോ ഇല്ലെന്നോ പറയുന്നത് പറഞ്ഞു പഴകിയ കാര്യം മാത്രമാണ്. കാര്യങ്ങൾ മാറുന്നില്ല. ശാസ്ത്രജ്ഞർ സത്യസന്ധരാകണം. ആരും ഒന്നും പഠിക്കുന്നില്ല. പഠനം നടത്തുന്ന ശസ്ത്രജ്ഞർ ജനകീയ വിചാരണക്ക് വിധേയമാകുന്ന കാലംഘട്ടം വരും. സുരക്ഷാ ഓഡിറ്റിൽ ഒരുപാട് ആഴത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയാണിതെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും അവിടെ തന്നെ ഇത് ചെയ്യുകയാണ്. വയനാട്ടിൽ മൾട്ടി സ്പെഷാലിറ്റി ആശുപത്രി തുടങ്ങാൻ എത്ര പണം വേണം. 200 കോടിയോ കൂടിയാൽ 500 കോടിയോ ചെലവ് വരുമായിരിക്കും. 2134 കോടി രൂപ ഒരാശുപത്രിക്ക് ചെലവ് വരില്ലല്ലോ.

ഡി.പി.ആർ തയറാക്കുമ്പോൾ കാലാവസ്ഥ വ്യതിയാനത്തന്‍റെ കാര്യങ്ങൾ, മഴയുടെ അതിതീവ്ര സ്വഭാവം, വാട്ടർ ഇമേജ്, 2016 മുതൽ 24 വരെ മണ്ണിടിച്ചിൽ നടന്ന സംഭവങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഒക്കെ പരിശോധിക്കപ്പെടണം. ഭൂഗർഭ ജലം പോകുന്ന ദിശ തന്നെ ഇതുവഴി മാറി പോകും. അതൊന്നും കണക്കിലെടുത്തിട്ടില്ല. പഴയ ഡി.പി.ആർ തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. ജിയോ മോർഫോളജിക്കൽ - ജിയോജളിക്കൽ പഠനം മാത്രമാണ് അവിടെ നടന്നിരിക്കുന്നത്. മണ്ണ് നീക്കാൻ മരാമത്ത് വകുപ്പ് ജൂണിൽ മുന്നറിയിപ്പ് കൊടുത്തുവെന്ന് പറയുന്നുണ്ട്. അത് നടപ്പാക്കിയില്ലെങ്കിൽ എന്ത് തുടർ നടപടി സ്വീകരിക്കണം?. ആരാണ് ഉത്തരവാദി?. ജില്ല ദുരന്ത നിവാരണ അതോറിറ്റിയും ജില്ല കലക്ടറും തന്നെയാണ് ഉത്തരവാദി. അവർ അത് പരശോധിക്കേണ്ടതായിരുന്നു. പറഞ്ഞിട്ട് കരാറുകാർ കേട്ടില്ല എന്ന് പറയുന്നത് എന്ത് ഒഴുക്കൻ മറുപടിയാണ്. അതിൽ കേസെടുക്കുകയാണ് വേണ്ടത്. ദുരന്ത നിവാരണ നിയമപ്രകാരം തന്നെ കേസെടുക്കാവുന്ന വ്യവസ്ഥകൾ ഉണ്ട്. മണ്ണ് നീക്കാൻ എഴുതി കൊടുത്തിട്ടുണ്ടോ, വാക്കാൽ പറഞ്ഞതേയുള്ളോ എന്ന് നോക്കേണ്ടതുണ്ട്.

പാറകളുടെ സന്തുലിതാവസ്ഥ ഒന്നും കണക്കിലെടുക്കാതെയാണ് തുരങ്കപാതയുടെ അലൈൻമെന്‍റ് കടന്ന് പോകുന്ന്. ഇനിയും ദുരന്തങ്ങൾ നമ്മൾ കാണേണ്ടി വരും. കേന്ദ്ര സർക്കാർ ഏറ്റെടുത്ത എല്ലാ പദ്ധതികളിലും -ദേശീയപാത നിർമ്മാണം അടക്കം -എന്തുമാത്രം ദുരന്തങ്ങളുണ്ടായി?. അതിലൊന്നും ശാസ്ത്രീയ പഠനങ്ങൾ നടത്തിയിട്ടില്ല. തട്ടിക്കൂട്ടി അങ്ങ് ചെയ്യുകയാണ്. അവരും തുല്യകുറ്റക്കാരാണ്. ബാക്കിയുള്ള പദ്ധതികൾ നോക്കുമ്പോൾ അവർ വേണ്ട അവധാനത കാണിച്ചിട്ടില്ല. ഡി.പി.ആർ തയാറാക്കുന്നതിലും കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കൈകടത്തലുകൾ ഉണ്ടായിട്ടുണ്ട്.

(ദുരന്ത നിവാരണ അതോറിറ്റി മുൻ അംഗവും ഡിസാസ്റ്റർ മാനേജ്മെന്‍റ് വിദഗ്ധയുമാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsScientistsdisasterWayanad Tunnel
News Summary - Wayanad Tunnel: Learned scientists should face public scrutiny
Next Story