Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജലക്ഷാമം: ചിറാപുഞ്ചി...

ജലക്ഷാമം: ചിറാപുഞ്ചി കേരളത്തെ ചിന്തിപ്പിക്കുമോ?

text_fields
bookmark_border
ജലക്ഷാമം: ചിറാപുഞ്ചി കേരളത്തെ ചിന്തിപ്പിക്കുമോ?
cancel

കിഴക്കോട്ട് ഒഴുകുന്ന പാമ്പാറും കബനിയും ഭവാനിയുമടക്കം 44 നദികള്‍, വര്‍ഷം മൂവായിരം മി.മീറ്ററിലേറെ മഴ... പോരെ കേരളീയര്‍ക്ക് അഭിമാനിക്കാന്‍. എന്നാല്‍, സാഹചര്യങ്ങള്‍ മാറിയത് വളരെ വേഗത്തിലാണ്. മഴ കുറഞ്ഞു, ഓരോ മഴക്കാലം കഴിയുമ്പോഴും കേരളത്തിന് ദാഹിച്ചു. ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കുന്ന കേരളം, ഇരുട്ടില്‍നിന്ന് രക്ഷനേടാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്തു. എന്നിട്ടും കേരളം പഠിക്കുന്നില്ളെന്നതാണ് സങ്കടകരം. ജലനിരക്ഷരതയാണ് കേരളം ഇന്ന് നേരിടുന്ന ഗുരുതര വെല്ലുവിളി. പെയ്തിറങ്ങുന്ന മഴവെള്ളം ഭൂമിയിലേക്കിറങ്ങാന്‍ അനുവദിക്കാതെ നാടിനെ കടുത്ത വരള്‍ച്ചയിലേക്ക് തള്ളിവിടുകയാണ് കേരളീയര്‍.

1958ലെ ഒരു പഠനമനുസരിച്ച് രാജ്യത്തിന്‍െറ ആകെ ജലവിഹിതത്തിന്‍െറ അഞ്ചുശതമാനം കേരളത്തിലായിരുന്നു. മഴയില്‍ ലഭിക്കുന്ന 4,200 ടി.എം.സി (ആയിരം ദശലക്ഷം) ഘനയടി വെള്ളത്തില്‍ 60 ശതമാനം പടിഞ്ഞാറോട്ട് ഒഴുകുന്നെന്നും അതിലൂടെ കേരളം ജലസമ്പുഷ്ടമാണെന്നുമായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. 16 കി.മീറ്റര്‍ മാത്രം കേരളത്തിലൂടെ സഞ്ചരിക്കുന്ന മഞ്ചേശ്വരം പുഴ തുടങ്ങി 244 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള പെരിയാര്‍വരെ പടിഞ്ഞാറോട്ട് ഒഴുകുന്ന 41 നദികളുടെ വൃഷ്ടിപ്രദേശം 35,018 ച.കി.മീറ്ററായിരുന്നു. കിഴക്കോട്ട് ഒഴുകുന്ന നദികളുടേത് 2,866 ച.കി.മീറ്ററും.

സംസ്ഥാനത്തെ ജനസംഖ്യയില്‍ ഗ്രാമീണ മേഖലയില്‍ 54 ശതമാനവും നഗരങ്ങളിലെ 78 ശതമാനവും വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കുന്നു. ഗ്രാമങ്ങളില്‍ 70 ശതമാനവും സ്വന്തം കിണറുകളെയാണ് ആശ്രയിക്കുന്നത്. ഒരുലക്ഷത്തോളം കിണറുകള്‍ ഉണ്ടെന്നാണ് കണക്ക്. പുറമെ കുളങ്ങളും. എന്നാല്‍, വേനല്‍ക്കാലത്ത് ഈ കിണറുകളും കുളങ്ങളും ഭൂരിപക്ഷവും വറ്റുന്നു. ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ടയിലും ജലനിരപ്പ് താഴുന്നു. തീരപ്രദേശത്ത് മാത്രമല്ല, തീരത്തുനിന്ന് അകലെയുള്ള തൃശൂര്‍ ടൗണില്‍പോലും കുഴല്‍കിണറുകളില്‍ ലഭിക്കുന്ന ജലത്തില്‍ ഉപ്പിന്‍െറ അംശം ഏറിവരുന്നു. കിണറുകളില്‍ ഉപ്പ്, ഇരുമ്പ്, ഫ്ളൂറൈഡ് എന്നിവയുടെ ആധിക്യം വര്‍ധിക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുന്നു. ഭൂഗര്‍ഭജലത്തിന്‍െറ അളവ് കുറഞ്ഞുവരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യവസായ തലസ്ഥാനമായ എറണാകുളം ജില്ല കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്ന പെരിയാറില്‍ ഉപ്പുവെള്ളം കയറാനും ആലുവയിലെ പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും കാരണമായത് നീരൊഴുക്ക് കുറയുകയും മണലെടുപ്പ് വര്‍ധിക്കുകയും ചെയ്തതാണ്.

വികസനത്തിന്‍െറ പേരില്‍ സംസ്ഥാനത്ത് അടുത്തകാലത്ത്  ഏറ്റവും കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടിവരുന്നത് ഭൂപരിസ്ഥിതിയിലാണ്. ഭൂമിയില്‍ വന്ന മാറ്റം കാലാവസ്ഥയെയും മണ്ണ്, ജല സംരക്ഷണത്തെയും മാറ്റിമറിച്ചു. പശ്ചിമഘട്ടം മുതല്‍ തീരദേശം വരെ ചരിഞ്ഞുകിടക്കുന്ന സംസ്ഥാനത്തിന്‍െറ ഉപരിതലത്തില്‍ അതിവേഗം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ജലസുരക്ഷയെ തകര്‍ക്കുംവിധമാണ് മുന്നേറിക്കൊണ്ടിരിക്കുന്നതെന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറ പഠനങ്ങള്‍ പറയുന്നു. വനങ്ങള്‍ ഇല്ലാതാകുന്നതും ഒരു നിയന്ത്രണവുമില്ലാതെ ജലസംഭരണ ഇടങ്ങളായ പുല്‍മേടുകള്‍ നശിപ്പിക്കപ്പെടുന്നതും കുളങ്ങളും പാടങ്ങളും തോടുകളും നദികളും സംരക്ഷിക്കപ്പെടാതെ പോകുന്നതും ജലസുരക്ഷ നേരിടുന്ന ഭീഷണികളാണ്. നെല്‍പാടങ്ങളെല്ലാം ഇന്ന് തണ്ണീര്‍ത്തടങ്ങളാണ്.

കേരളത്തെ സംബന്ധിച്ച് ശുദ്ധജല ഉറവിടം മഴ മാത്രമാണ്. ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യപ്പെടുന്നതും മഴയിലൂടെയാണ്. ദേശീയ ശരാശരിയേക്കാളും 2.18 മടങ്ങ് അധികം ശരാശരി വാര്‍ഷിക മഴ (3070 മി.മീറ്റര്‍) ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഒരുവര്‍ഷം ഏറ്റവുംകൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍മൂന്നാം സ്ഥാനത്താണ് കേരളം. എല്ലാ മാസവും ചെറിയ തോതിലെങ്കിലും മഴ കിട്ടുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 വരെയുള്ള വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷവും  വേനല്‍മഴയുമാണ് നമ്മുടെ ജലസ്രോതസ്സ്. മൊത്തത്തില്‍ 120-140 മഴദിനങ്ങള്‍ മാത്രമാണുള്ളത്.

500 മി.മീറ്റര്‍ മഴ മാത്രം ലഭിക്കുന്ന മൂന്നാറിനടുത്ത വട്ടവടയും മഴനിഴല്‍ പ്രദേശമായ മറയൂരും ഒഴിച്ചാല്‍ പൊതുവെ നല്ല മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. വാര്‍ഷികമഴയുടെ 85 ശതമാനവും കാലവര്‍ഷത്തിലൂടെ വടക്കന്‍ ജില്ലകളില്‍ ലഭിക്കുമെങ്കിലും അവിടെ തുലാവര്‍ഷം നാമമാത്രമാണ്. തെക്കന്‍ ജില്ലകള്‍ക്ക് തുലാവര്‍ഷത്തിലൂടെ 33 ശതമാനവും കാലവര്‍ഷത്തിലൂടെ 54 ശതമാനവും വേനല്‍മഴയായി 13 ശതമാനവും എന്ന തോതിലാണ് മഴലഭ്യത. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴയുടെ അളവില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. മണ്‍സൂണ്‍ മഴയില്‍ 34 ശതമാനത്തിന്‍െറ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 2,039.7 സെ.മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് പെയ്തത് 1,352.3 മി.മീറ്റര്‍ മാത്രം. പ്രീമണ്‍സൂണില്‍ 18 ശതമാനത്തിന്‍െറയും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലഭിക്കുന്ന വേനല്‍മഴയില്‍ 21 ശതമാനത്തിന്‍െറയും കുറവുണ്ടായി. എന്നാല്‍, 2015ല്‍ തുലാമഴയില്‍ 27 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായി. അപ്പോഴും വയനാട്, പാലക്കാട് ജില്ലകളില്‍ കുറവായിരുന്നു.

പക്ഷേ, ഇതുകൊണ്ട് കാര്യമില്ല. കേരളത്തില്‍ ലഭിക്കുന്ന മഴയുടെ 80 ശതമാനവും ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലാണ് പെയ്യുന്നത്. മഴയുടെ ഏറ്റക്കുറച്ചിലുകളെ സംസ്ഥാനത്തിന്‍െറ മാത്രം പ്രതിഭാസമായി കാണാനാകില്ല. ആഗോളതലത്തിലുണ്ടാകുന്ന വ്യതിയാനമാണ് മഴയെ നിയന്ത്രിക്കുന്നത്. എങ്കിലും, മഴയിലെ ഏറ്റക്കുറച്ചിലുകള്‍ ജലലഭ്യതയെ ബാധിച്ചിട്ടില്ളെന്നാണ് വിലയിരുത്തല്‍. കേരളത്തേക്കാള്‍ മൂന്നിലൊന്ന് മഴയാണ് തമിഴ്നാട്ടില്‍ ലഭിക്കുന്നത്. അവര്‍ ഒരുതുള്ളി പാഴാക്കാതെ പ്രയോജനപ്പെടുത്തുന്നു. അവര്‍ക്ക് കൃത്യമായ ജല മാനേജ്മെന്‍റുണ്ട്. എന്നാല്‍, ഇവിടെ അതില്ല.

കേരളത്തിലെ ഭൂപ്രകൃതിയുടെയും ജൈവഭൗതിക പരിസ്ഥിതിയുടെയും പ്രത്യേകതകളാല്‍ വടക്കന്‍ ജില്ലകളില്‍ ഭൂതലത്തില്‍ പതിക്കുന്ന മഴയുടെ 80 ശതമാനവും തെക്കന്‍ ജില്ലകളിലെ 70 ശതമാനവും ഉപരിതല നീരൊഴുക്കായി ഭവിക്കുന്നുവെന്നാണ് പരിഷത്തിന്‍െറ പഠനം. ഭൂവിനിയോഗത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ നീരൊഴുക്കിന്‍െറ വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്. മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്ന ജലം വടക്കന്‍ ജില്ലകളില്‍ 10 ശതമാനവും തെക്ക് 20 ശതമാനവുമാണ്. ഭൂപ്രകൃതി, മണ്ണിന്‍െറ ഘടന, ജൈവപരിസ്ഥിതി, മഴനിരക്ക് എന്നിവയെല്ലാം നീരൊഴുക്കിനെ സ്വാധീനിക്കുന്നു. ഭൂമിയുടെ നിന്മോന്നത സ്ഥിതിയും ചരിവും നീരൊഴുക്ക് രൂപപ്പെടുന്നതിന് നിര്‍ണായകമാണ്. കളിമണ്‍ ചേരുവ അധികമുള്ള മണ്ണില്‍ മണിക്കൂറില്‍ ഒരു മി.മീറ്റര്‍ നിരക്കില്‍ ജലം കിനിഞ്ഞിറങ്ങുമ്പോള്‍, എക്കല്‍പ്രദേശത്ത് 150 മി.മീ, ചരല്‍പ്രദേശത്ത് 600 മി.മീ എന്നിങ്ങനെ കിനിഞ്ഞിറങ്ങല്‍ വര്‍ധിക്കുന്നു.

സസ്യജാലസാന്ദ്രതയും മണ്ണ് സംരക്ഷണപ്രവര്‍ത്തനങ്ങളും കിനിഞ്ഞിറങ്ങലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ് -പരിഷത്ത് പറയുന്നു.
വനമേഖലയുടെ നാശത്തിന് ആനുപാതികമായി നീരൊഴുക്കിന്‍െറ സുസ്ഥിരതയും നഷ്ടപ്പെടുന്നു എന്ന് ജലവിഭവ വികസന പരിപാലനകേന്ദ്രത്തിന്‍െറ പഠനം വ്യക്തമാക്കുന്നു. മണല്‍വാരലാണ് നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകം. കനാലുകള്‍ കോണ്‍ക്രീറ്റ് ചെയ്തതോടെ വെള്ളം അതിവേഗമാണ് ഒഴുകുന്നത്. ജലം മണ്ണിലിറങ്ങാനുള്ള അവസരമാണ് ഇതിലൂടെയും നഷ്ടമായത്.

പെയ്യുന്ന മഴയെ കൃത്യമായി സംരക്ഷിക്കുകയാണ് പോംവഴി. പടിഞ്ഞാറോട്ട് ചരിഞ്ഞ പ്രദേശമായതിനാല്‍ മഴവെള്ളം 48 മണിക്കൂറിനകം കടലില്‍ ചേരുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. വരള്‍ച്ച വരുമ്പോള്‍ മാത്രം മഴവെള്ള സംഭരണത്തെക്കുറിച്ച് ആലോചിക്കാതെ ദീര്‍ഘവീക്ഷണത്തോടെ പദ്ധതി ആസൂത്രണം ചെയ്യണം. ഒരു ഹെക്ടര്‍ പ്രദേശത്ത് ഒരു വര്‍ഷം 1.20 കോടി ലിറ്റര്‍ മഴവെള്ളം ലഭിക്കുന്നുവെന്നാണ് കണക്ക്. ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുരപ്പുറത്ത് മൂന്നുലക്ഷം ലിറ്റര്‍ മഴവെള്ളം ഒരു വര്‍ഷം വീഴുന്നു. ഇതൊക്കെ മണ്ണിലേക്ക് ഇറക്കിയാല്‍ സംസ്ഥാനത്ത് ജലക്ഷാമത്തെ കുറിച്ച് ആലോചിക്കേണ്ടി വരില്ല. മഴവെള്ള സംഭരണികള്‍, മഴക്കുഴികള്‍ എന്നിവയാണ് മാര്‍ഗങ്ങള്‍.

1990കളില്‍ റബര്‍ ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ മഴക്കുഴികള്‍ എന്ന പദ്ധതി ആസൂത്രണം ചെയ്തെങ്കിലും ചില കോണുകളില്‍നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് നിലച്ചു. മഴക്കൊയ്ത്ത്, മഴപ്പൊലിമ എന്നിങ്ങനെ ആകര്‍ഷകമായ പേരുകളുമായി വിവിധ പദ്ധതികള്‍ പലയിടത്തും ആസൂത്രണം ചെയ്തിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മഴവെള്ള സംഭരണികള്‍ സ്ഥാപിക്കുന്ന പദ്ധതിയും നടപ്പാക്കി. പുതിയ വീടുകള്‍ക്ക് മഴവെള്ള സംഭരണി വേണമെന്ന ഉത്തരവും ഇടക്കാലത്തിറങ്ങി. എന്നാല്‍, ഇതൊക്കെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. അല്ളെങ്കില്‍ വെള്ളം കിട്ടാതാകുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ടു. ജലസമ്പാദ്യം എന്ന പേരിലുള്ള പദ്ധതിക്കും എന്ത് സംഭവിച്ചുവെന്നറിയില്ല.

മൈക്രോ നീര്‍ത്തടങ്ങള്‍ തുടങ്ങി നദീതടം വരെ സമഗ്രമായ മണ്ണ്-ജല സംരക്ഷണ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ ഇടതുമുന്നണി നല്‍കിയ വാഗ്ദാനമാണ് പ്രതീക്ഷ നല്‍കുന്നത്. ജലാഗിരണശേഷി കുറഞ്ഞാല്‍ വെള്ളം ഭൂമിയിലേക്ക് ഇറങ്ങില്ളെന്നും അറിയണം. അതിന്‍െറ അവസാനം മരുവത്കരണമായിരിക്കും.

വര്‍ഷം 14,000 മി.മീറ്റര്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചിയിലെ ജനങ്ങളുടെ അനുഭവം കേരളത്തിനും പാഠമാണ്. ഇത്രയേറെ മഴ ലഭിച്ചിട്ടും അവിടെ കുടിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ വില കൊടുത്ത് വെള്ളം വാങ്ങുകയാണ്. പെയ്യുന്ന മഴയത്രയും ഭൂമിയിലിറങ്ങാതെ താഴ്വരയിലേക്ക് ഒഴുകിപ്പോകുന്നതുമൂലമാണ് ചിറാപുഞ്ചിയിലത്തെുന്ന വിനോദസഞ്ചാരികളടക്കം വെള്ളം വിലക്ക് വാങ്ങുന്നത്. എന്നാല്‍, കേരളത്തിന് അതിനും കഴിയില്ല. കാരണം തൊട്ടടുത്ത സംസ്ഥാനങ്ങളും ജലക്ഷാമം നേരിടുകയാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainwater scarcitychirapunchi
News Summary - water scarcity : did chirapunchi influence to rethink kerala
Next Story