Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവഖഫ് ഉമീദ്: പോർട്ടൽ...

വഖഫ് ഉമീദ്: പോർട്ടൽ ആശങ്കകൾ പരിഹരിക്കപ്പെടുമോ?

text_fields
bookmark_border
Umeed central site
cancel

രാജ്യത്ത് മുൻകാലങ്ങളിൽ വഖഫ് നിയമങ്ങൾ ആവിഷ്കരിച്ചത് വഖഫ് സ്വത്തുക്കളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ വേണ്ടിയായിരുന്നുവെങ്കിൽ 2025ലെ വഖഫ് നിയമ ഭേദഗതി (യുനൈറ്റഡ് വഖഫ് മാനേജ്മെന്റ് എംപവർമെന്റ് എഫിഷൻസി ആൻഡ് ഡവലപ്മെന്റ് ആക്ട്) കൊണ്ടുവന്നത് വിപരീത ഉദ്ദേശ്യത്തോടെയാണെന്ന് മുസ്‍ലിം സമുദായ നേതൃത്വവും പൗരാവകാശ സമൂഹവും വിശകലനം ചെയ്ത നിയമവിദഗ്ധരും ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു.

ഭേദഗതി നിയമത്തിലെ ഭരണഘടനാ വിരുദ്ധത പലകുറി ചർച്ച ചെയ്യപ്പെട്ടതാണ്. പുതിയ വഖഫ് നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട 65 അപ്പീലുകൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമ ഭേദഗതി നിലവിൽവന്ന് ആറുമാസത്തിനകം, നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ട വഖഫുകളുടെ വിശദാംശങ്ങൾ മുഴുവൻ പുതിയ ഉമീദ് ഡിജിറ്റൽ പ്ലാറ്റ്ഫോം പോർട്ടലിലും ഡേറ്റാ ബേസിലും രജിസ്റ്റർ ചെയ്യാൻ കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്ന മുതവല്ലിമാർക്ക് തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്നാണ് നിയമത്തിൽ. 2025 ജൂൺ ആറിന് കേന്ദ്രമന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്ത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന രീതികൾ പരിശീലിപ്പിക്കാനും സഹായിക്കാനുമായി

അഖിലേന്ത്യ മുസ്‍ലിം പേഴ്സനൽ ലോ ബോർഡ് മുതൽ മഹല്ല് കൂട്ടായ്മകൾവരെ ഹെൽപ് ഡെസ്കുകൾ തുറന്ന് പരിശീലനം നൽകിവരുന്നുണ്ടങ്കിലും നവംബർ അഞ്ചുവരെ 1500 സ്ഥാപനങ്ങൾക്ക് മാത്രമാണ് പോർട്ടലിൽ വിവരങ്ങൾ ചേർക്കാനായത്. മൂന്നുഘട്ട രജിസ്ട്രേഷന്റെ ആദ്യപടി മാത്രം നിർവഹിക്കാനേ ഭൂരിഭാഗം സ്ഥാപനങ്ങൾക്കും സാധിച്ചിട്ടുള്ളൂ. കേസിൽ വിധിവരുന്നതിനായി പലരും കാത്തുനിന്നെങ്കിലും സുപ്രീംകോടതിയുടെ അന്തിമ തീർപ്പ് വൈകുമെന്നിരിക്കെ നിയമം പാലിച്ച് എല്ലാ വഖഫ് സ്ഥാപനങ്ങളെയും ഉമീദിൽ രജിസ്റ്റർ ചെയ്യിക്കാൻ രാജ്യമൊട്ടുക്ക് സമുദായ നേതൃത്വം ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

എന്നാൽ, പോർട്ടലിന് നിരവധി സാങ്കേതിക തടസ്സങ്ങളുള്ള സാഹചര്യത്തിൽ രാജ്യത്തെ 8.72 ലക്ഷം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ, അനുവദിച്ചിരിക്കുന്ന അവസാന തീയതിയായ ഡിസംബർ അഞ്ചിനകം പൂർത്തിയാക്കുക അപ്രായോഗികമാണ്. ഒരാഴ്ചയിൽ കുറവ് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കെ എല്ലാ വഖ്ഫ് സ്വത്ത് മുത്തവല്ലികളും കൈകാര്യകർത്താക്കളും ഇന്ന് തന്നെ രജിസ്ട്രേഷന് വേണ്ട നടപടി ക്രമങ്ങൾ കൈക്കൊള്ളണം എന്ന് ഉണർത്തട്ടെ. ഏതെങ്കിലും വിധ പിന്തുണകളോ സംശയനിവാരണമോ ആവശ്യമെങ്കിൽ വിവിധ സംഘടനകൾ ഇതിനായി സജ്ജമാക്കിയ ഹെൽപ് ഡെസ്കുകളുമായി ബന്ധപ്പെട്ട് പരിഹാരം തേടണം. രേഖകൾ തയ്യാറാക്കുന്നതു മുതലുള്ള പ്രവർത്തനങ്ങൾക്ക് ഹെൽപ് ഡെസ്കുകൾ പിന്തുണ നൽകുന്നുണ്ട്.

നിലവിൽ വഖഫ് രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ മേപ്പടി പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അർഹതയുള്ളു എന്നതാണ് വലിയ ഒരു പ്രശ്നം. 2002ലെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലും എസ്.ഐ.ആർ പ്രകാരം പുതിയ ഫോറം പൂരിപ്പിച്ച് നൽകണമെന്നതു പോലെ നിലവിൽ വഖഫ് രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ വീണ്ടും പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് പറയുന്നതിന്റെ യുക്തിയും സംശയാസ്പദമാണ്.

പോർട്ടലിലെ പ്രശ്നങ്ങൾമൂലം സഹസ്രകോടികളുടെ വഖഫ് സ്വത്തുക്കളുള്ള ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വഖ്ഫ് സ്ഥാപനങ്ങൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല. ഉത്തർ പ്രദേശിൽ റവന്യൂ വകുപ്പിന്റെ കൈവശം പോലും ലഭ്യമല്ലാത്ത പഴയ റവന്യൂ രേഖകൾ ആവശ്യപ്പെടുന്നതും രജിസ്ട്രേഷൻ പ്രക്രിയക്ക് തടസ്സം സൃഷ്ടിക്കുന്നു. 80 കൊല്ലം മുമ്പ് വഖഫ് ചെയ്ത ഖബർസ്ഥാൻ, പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള ശ്രമംപോലും വിഫലമായി.

പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത സാഹചര്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് വഖഫ് ബോർഡുതന്നെ സർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്. പോർട്ടലിലെ പിഴവുകൾ ഹരിയാനയിൽ വഖഫ് ബോർഡ് അംഗം മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. പോർട്ടൽ തയാറാക്കിയ ഒരാളും വഖഫ് ബോർഡ് മുമ്പ് എങ്ങനെയാണ് ഇത് കൈകാര്യം ചെയ്തതെന്ന് പഠിച്ചിട്ടില്ലെന്നും ആവശ്യമായ ചർച്ചകളോ ആലോചനകളോ നടത്താതെയാണ് പോർട്ടൽ നിർമിച്ചതെന്നും മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനും പുണെയിലെ അലാഗീർ മസ്ജിദ് ഉൾക്കൊള്ളുന്ന 46 ഏക്കർ വഖഫ് വസ്തുവിന്റെ നിലവിലെ മുതവല്ലിയുമായ അക്രമുൽ ജബ്ബാർ ഖാൻ ചൂണ്ടിക്കാട്ടുന്നു.

കാലാവധി അവസാനിക്കാനിരിക്കെ ഒരു ശതമാനം വഖഫ് സ്വത്തുക്കൾ പോലും കൃത്യമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. ബില്ലിന്റെ മേന്മയായി ഭരണകക്ഷി നേതാക്കൾ അവകാശപ്പെടുന്ന വഖഫ് സംരക്ഷണമാണ് ലക്ഷ്യമെങ്കിൽ സമുദായത്തിന്റെ ആശങ്കകൾ അകറ്റി, നിലവിൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യപ്പെട്ട മുഴുവൻ വസ്തുക്കളും സ്ഥാപനങ്ങളും മറ്റു യാതൊരു നിബന്ധനകളോ കടമ്പകളോ ഇല്ലാതെ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്. കൂടാതെ ഇങ്ങനെ രജിസ്റ്റർ ചെയ്ത പഴയ മുഴുവൻ വഖഫുകൾക്കും പഴയ നിയമ പ്രകാരമുള്ള മുഴുവൻ സംരക്ഷണങ്ങളും കിട്ടുമെന്ന സർക്കാറിന്റെ ഭാഗത്തുനിന്നുള്ള നിയമ പ്രകാരമുള്ള ഉറപ്പും അത്യാവശ്യമാണ്.

(അഭിഭാഷക വേദിയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlesLatest NewswaqafUmeed
News Summary - Waqf Umeed: Will the portal concerns be resolved?
Next Story