Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജുഡീഷ്യല്‍ അന്വേഷണം...

ജുഡീഷ്യല്‍ അന്വേഷണം അനിവാര്യം 

text_fields
bookmark_border
ജുഡീഷ്യല്‍ അന്വേഷണം അനിവാര്യം 
cancel

മഹാപ്രളയം സംസ്ഥാനത്തി​​​െൻറ അടിത്തറ തകര്‍ത്താണ് കടന്നുപോയത്. ഒരു രാത്രികൊണ്ട് എല്ലാം നഷ്​ടപ്പെട്ട അനേക ലക്ഷം മനുഷ്യര്‍ ജീവന്‍മാത്രം കൈയില്‍ പിടിച്ചുകൊണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കൊഴുകിയെത്തി. ഒരായുസ്സുകൊണ്ട് അവര്‍ സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് പ്രളയം വിഴുങ്ങി. കേരളം വിറങ്ങലിച്ചുനിന്ന ദിവസങ്ങളായിരുന്നു അത്.  മനുഷ്യനിർമിതമായ, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഭരണകൂടനിര്‍മിതമായ ഒരു ദുരന്തമായിരുന്നു ഇത്. കാര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതിലും സമയോചിതമായി പ്രവര്‍ത്തിക്കുന്നതിലും സര്‍ക്കാര്‍ വരുത്തിയ വന്‍വീഴ്ചയും കാണാതെ വയ്യ. കനത്ത മഴമൂലം ജൂലൈ അവസാനത്തോടെത്തന്നെ കേരളത്തിലെ ഡാമുകള്‍ എല്ലാം ഏറക്കുറെ സംഭരണശേഷിയുടെ പരമാവധിയിലെത്തിയിരുന്നു. അതുമൂലം പിന്നീടുവന്ന ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ നീരൊഴുക്കിനെ ഉള്‍ക്കൊള്ളാന്‍ ഡാമുകള്‍ക്കായില്ല. മണ്‍സൂണ്‍ കാലയളവില്‍ നിയന്ത്രിതമായ അളവില്‍ വെള്ളം തുറുന്നു വിടാമായിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് കേരളത്തിലെ എല്ലാ അണക്കെട്ടുകളും ഒരേ സമയം ഒരാഴ്ചയോളം തുറക്കേണ്ടിവന്നതാണ് ദുരന്തത്തിന് കാരണമായത്. അതോടൊപ്പം അന്തര്‍സംസ്ഥാന നദീജലബന്ധങ്ങള്‍ ശരിയായി പരിപാലിക്കുന്നതിലും അവധാനത ഉണ്ടായില്ല. മാത്രമല്ല അണക്കെട്ടുകള്‍ തുറക്കുന്നതിനുമുമ്പ്​  വേണ്ടത്ര മുന്നൊരുക്കങ്ങള്‍  സ്വീകരിക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പതിവുപോലെ  ആലസ്യത്തിലായിരുന്നു. സ്ഥിതിഗതികള്‍ വഷളാകുന്നത് കണ്ടിട്ടും അത് അവലോകനം ചെയ്യുന്നതിന്  ഉന്നതതല യോഗങ്ങള്‍പോലും നടന്നില്ല. കൃത്യമായ ആസൂത്രണത്തോടെ മുന്‍കരുതല്‍ സമയോചിതമെടുത്തിരുന്നുവെങ്കില്‍ നൂറുകണക്കിനാളുകളുടെ ജീവനും നൂറുക്കണക്കിന് കോടി രൂപയുടെ സ്വത്തിനും ഉണ്ടായ നാശം വലിയ പരിധി വരെ ഒഴിവാക്കമായിരുന്നു.

അണക്കെട്ടുകളില്‍ ജലവിതാനമുയരുന്ന സന്ദര്‍ഭങ്ങളില്‍ അത് നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തിന് ഡാം സുരക്ഷ അതോറിറ്റിയും ജലനിയന്ത്രണ നടപടിക്രമങ്ങളും നിലവിലുണ്ട്. കേന്ദ്ര ഡാം ഓര്‍ഗനൈസേഷ​​​െൻറ ഡാം സേഫ്റ്റി നടപടിക്രമങ്ങള്‍ പ്രകാരം പാലിക്കേണ്ട പല മാനദണ്ഡങ്ങളും പാലിക്കാതെയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡും സര്‍ക്കാറും ഡാമുകള്‍ തുറന്നുവിട്ടത്. റിസര്‍വോയര്‍ കണ്‍ട്രോള്‍ ഷെഡ്യൂള്‍, റിലീസ് പ്രൊസീജിയര്‍, ഗേറ്റ് ഓപറേഷന്‍ ഷെഡ്യൂള്‍ എന്നിവ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നത് അതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം മുന്‍കൂട്ടി കണക്കാക്കി അത് നേരിടുന്നതിന് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷമായിരിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ അവ സൂക്ഷ്മതയോടെ പരിപാലിച്ചു മാത്രമേ അണക്കെട്ടുകള്‍ തുറന്നവിടുന്നതുപോലെ ജനങ്ങളേയും സ്വത്തിനേയും ബാധിക്കുന്ന ഗൗരവതരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടുള്ളൂ. അവയുടെ നഗ്നമായ ലംഘനമാണ് ഇവിടെ ഉണ്ടായത്​.

ജൂലൈ പകുതി കഴിഞ്ഞപ്പോള്‍തന്നെ ഇടുക്കിയിലെ ഡാമുകള്‍ നിറഞ്ഞിരുന്നു. മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന് സംസ്ഥാന, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, അതൊക്കെ അവഗണിക്കുകയാണുണ്ടായത്. വ്യാപകമായ ഉരുള്‍പൊട്ടല്‍ സാധ്യത നിലനിന്നിരുന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാര്‍ നിറഞ്ഞ് അവിടെ നിന്നുള്ള വെള്ളവും ഇടുക്കിയിലെത്താനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നിട്ടും ജലനിരപ്പ്  പിടിച്ചുനിര്‍ത്താന്‍  വൈദ്യുതി ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ നടപടികള്‍ എടുത്തില്ല.
ജലനിരപ്പ് 2397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്നാണ് വൈദ്യുതി മന്ത്രി എം.എം മണി ജൂലൈ 27ന് പറഞ്ഞത്. പക്ഷേ, അത് നടന്നില്ല. 2400 അടി എത്തുന്നതുവരെ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍. വൈദ്യുതി വിറ്റുകിട്ടുന്ന ലാഭത്തിലായിരുന്നു കെ.എസ്.ഇ.ബിയുടെ കണ്ണ്.

ആ കാലയളവില്‍ മഴ കുറഞ്ഞതിനാലാണ് ഇടുക്കി ഡാം തുറക്കാതിരുന്നതെന്ന് മുഖ്യമന്ത്രി ന്യായവാദം നിരത്തുന്നുണ്ട്. എന്നാല്‍, ജൂലൈ 31 മുതല്‍ മഴയുടെ തോത് വർധിക്കുകയാണ് ചെയ്തതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി ​​​െൻറ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. കെ. എസ്.ഇ.ബിയുടെ രേഖകള്‍ പ്രകാരവും ആഗസ്​റ്റ്​ മാസം മഴയുടെ തോത് വർധിക്കുകയാണ് ചെയ്തത്. ഒടുവില്‍ ആഗസ്​റ്റ്​ ഒമ്പതിന് ഒരു ഷട്ടറും, ആഗസ്​റ്റ്​ 10 രാവിലെ 7.30ന് രണ്ട് ഷട്ടറും, ഉച്ചക്ക് ഒരു മണിക്ക് നാലാമത്തെ ഷട്ടറും, വൈകീട്ട് മൂന്നുമണിക്ക് അഞ്ചാമത്തെ ഷട്ടറും തുറക്കേണ്ടി വന്നു. സെക്കൻഡിൽ 7.5 ലക്ഷം ഘന ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കേണ്ടി വന്നത്​. പ്രളയത്തിന് ഒരു കാരണം അതാണ്.

ചെറുതോണിക്ക് പുറമേ ഇടമലയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഭൂതത്താന്‍കെട്ട്, പൊന്മുടി, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കേണ്ടി വന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാറില്‍നിന്ന് ഇടുക്കിയിലേക്ക് തമിഴ്‌നാട് വെള്ളം തുറന്നു വിട്ടു. ചാലക്കുടിപ്പുഴയില്‍ ആറു ഡാമുകളാണ് ഒന്നിച്ചു തുറന്നത്. ചാലക്കുടിപ്പുഴയിലെ ഏറ്റവും താഴത്തെ പെരിങ്ങല്‍ക്കുത്ത് ജൂൺ പത്തിനുതന്നെ പൂര്‍ണശേഷിയിലെത്തിയിരുന്നു. പക്ഷേ, ഡാം തുറക്കാന്‍ അധികൃതര്‍ തയാറായില്ല. ജൂലൈ 28 മുതല്‍ ആഗസ്​റ്റ്​ എട്ടുവരെ ഡാം നിറഞ്ഞു കിടക്കുകയും മഴ കനക്കുകയും ചെയ്തെങ്കിലും  ജലനിരപ്പ് താഴ്ത്താന്‍ ശ്രമിച്ചില്ല. ഇതിനിടയില്‍ അപ്പര്‍ ഷോളയാറില്‍നിന്നും പറമ്പിക്കുളത്തുനിന്നും തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളം ഒഴുക്കിവിട്ടത് പ്രശ്‌നം വഷളാക്കി. തമിഴ്‌നാടുമായി ബന്ധപ്പെട്ട് അത് തടയാന്‍ സംസ്ഥാന സർക്കാറിന് കഴിഞ്ഞില്ല. ജോയൻറ്​ വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡി​​​െൻറ ചെയർമാന്‍സ്ഥാനം ഇപ്പോള്‍ കേരളത്തിനാണ്. കേരള ഇറിഗേഷന്‍ ചീഫ് എൻജിനീയറാണ് അതി​​​െൻറ ചെയര്‍മാന്‍. പക്ഷേ, തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളം ഒഴുക്കുന്നത് തടയുന്നതില്‍ ഇറിഗേഷന്‍ ചീഫ് എൻജിനീയര്‍ക്കും ഇറിഗേഷന്‍ മന്ത്രിക്കും വലിയ വീഴ്ചയാണുണ്ടായത്. ഒടുവില്‍ പെരിങ്ങല്‍ക്കുത്ത് കരകവിയുകയും ചാലക്കുടിപ്പുഴ ഗതിമാറുകയും ചെയ്യുന്ന ഗുരുതരാവസ്ഥയിലെത്തി.

പമ്പയില്‍ ഒമ്പത് ഡാമുകളാണ് തുറന്നത്. മൂഴിയാര്‍, കൊച്ചുപമ്പ, സീതത്തോട്, കക്കി, മണിയാര്‍, പെരുന്തേനരുവി തുടങ്ങിയവയും, സീതത്തോട് പ്രദേശത്തെ ചെറിയ  ഡാമുകളും തുറന്നു. ഈ ഡാമുകള്‍ നേരത്തെ  ക്രമമായി തുറന്നുവിട്ടിരുന്നെങ്കിൽ പമ്പാതീരത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നു. പരമാവധി ലെവലില്‍ എത്തുമ്പോള്‍  ഡാമുകള്‍ തുറക്കുക എന്ന തത്വം മാത്രമാണ് കെ.എസ്.ഇ.ബിയും ജലവിഭവ വകുപ്പും അനുവര്‍ത്തിച്ചത്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും വെള്ളം പൊങ്ങാനുള്ള പ്രധാന കാരണം ഇതാണ്. മലമ്പുഴ ഡാമി​​​െൻറ ഷട്ടര്‍ ആഗസ്​റ്റ്​ എട്ടിന്​ ഒരു മുന്നറിയിപ്പും കൂടാതെ 180 സെ. മി ആയി ഉയര്‍ത്തി. ഇതുമൂലം കൽപാത്തി പുഴയിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തി ഒഴുകി.

വയനാട്ടിലെ ബാണാസുര സാഗര്‍ സാധാരണ അമ്പത് സെ.മി ആണ് തുറക്കാറ്. ഇത്തവണ അത് 230 സെ.മി ആക്കിയതാണ് പ്രളയത്തിന് കാരണമായത്. ആയിരക്കണക്കിന് ആളുകളും വീടുകളുമാണ് വെള്ളത്തിനടിയിലായത്. ജില്ല കലക്​ടറെപ്പോലും അറിയിക്കാതെയാണ് ബാണാസുരസാഗര്‍ തുറന്നത്. ഇത്രയും ഡാമുകള്‍ തുറന്നുവിടുമ്പോള്‍ പ്രളയം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകുന്നതിലും അവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിലും പൊറുക്കാനാകാത്ത വീഴ്ചയാണ് സര്‍ക്കാറി​​​െൻറ ഭാഗത്തുനിന്നുണ്ടായത്. പന്ത്രണ്ടു ലക്ഷത്തിലേറെ പേരാണ് അഭയാർഥികളായി ക്യാമ്പുകളിലെത്തിയത്. ജനങ്ങള്‍ അഞ്ചു ദിവസത്തോളം നരകയാതന അനുഭവിച്ചു. ഇതി​​​െൻറ പൂര്‍ണ ഉത്തരവാദി ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രിയാണ്.

എല്ലാവിധ മുന്നറിയിപ്പുകളും യഥാസമയം നടത്തി, നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ഡാമുകള്‍ തുറന്നത് എന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ചത്. എന്നാല്‍, മുഖ്യമന്ത്രി പറയുന്ന ഈ മുന്നറിയിപ്പുകളില്‍ ഇടുക്കിയിലെ ചെറുതോണി ഒഴികെ മറ്റൊന്നും ജനങ്ങള്‍ അറിഞ്ഞ കാര്യങ്ങളല്ല. പ്രളയത്തെത്തുടര്‍ന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സര്‍ക്കാറിന് വന്‍വീഴ്ചയാണ് സംഭവിച്ചത്. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു എന്നു വിലപിച്ചത് ഭരണപക്ഷം എം.എല്‍.എമാര്‍ തന്നെയായിരുന്നു. സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും സൈന്യവുമാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെയും നേതൃത്വം നല്‍കിയത്.

ഓഖി ദുരന്തബാധിതര്‍ക്കായി പിരിച്ച 100 കോടി രൂപയില്‍ കേവലം 25 കോടി രൂപ മാത്രമേ ഇതുവരെ ചെലവഴിച്ചിട്ടുള്ളു എന്നതുകൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇപ്പോള്‍ ഉണ്ടായ ഈ ദുരന്തത്തെ ഒരു പാഠമായി ഉള്‍ക്കൊണ്ടുകൊണ്ട് സമഗ്രമായ പരിശോധനകളും പരിഹാരക്രിയകളും നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന്  ഈ ദുരന്തം എങ്ങനെ വന്നു എന്നതിനെപ്പറ്റി നീതിപൂര്‍വ്കമായ ഒരു അന്വേഷണം അനിവാര്യമാണ്. ജുഡീഷ്യല്‍ അന്വേഷണത്തിനു മാത്രമേ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleheavy rainmalayalam newsJudicial ProbeDam Open
News Summary - Want Judicial Probe - Article
Next Story