മറക്കാനാകാത്ത വിപ്ലവകാല ഓർമകൾ
text_fieldsപാർട്ടിയുടെ വളർച്ചക്ക് ചാലകശക്തിയായിരുന്നു വിശ്വനാഥനെന്ന കമ്യൂണിസ്റ്റിെൻറ പ്രവർത്തനം. എറണാകുളത്തും ചുറ്റുപാടും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ വിശ്വം വഹിച്ച പങ്ക് വളരെ വലുതാണ്. അസംബ്ലിയിലേക്കും പാർലമെൻറിലേക്കുമൊക്കെ മത്സരിച്ച് വിജയിച്ച അദ്ദേഹം വളരെയധികം ശോഭിച്ചു. ധനമന്ത്രിയെന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. വിദ്യാർഥി പ്രവർത്തനങ്ങളിലൂെട നേതൃനിരയിലേക്ക് വളർന്നുവന്ന വിശ്വവും ഞാനും അത്രയേറെ അടുത്ത് സൗഹൃദം പുലർത്തിയവരാണ്.
കൊച്ചി രാജ്യത്തിെൻറ തലസ്ഥാന നഗരിയെന്ന നിലയിൽ എറണാകുളം കേന്ദ്രീകരിച്ചുള്ള ഫെഡറേഷെൻറ പ്രവർത്തനം അന്ന് വിപുലമാക്കി വരികയായിരുന്നു. അക്കാലത്താണ് ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക് ഒരു പ്രകടനം നടത്താൻ തീരുമാനിച്ചത്. ഇന്നത്തെ എറണാകുളം ലോ കോളജാണ് അക്കാലത്തെ ലെജിസ്ലേറ്റിവ് കൗൺസിൽ കെട്ടിടം. അന്ന് വടിയുമായി പ്രകടനത്തിനെത്തി കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ വിശ്വത്തെ ഇന്നും ഓർമിക്കുന്നുണ്ട്. ഭയപ്പെടാത്ത ധീരനായ കമ്യൂണിസ്റ്റുകാരനായിരുന്നു വിശ്വം.
തങ്ങൾ പരിചയക്കാരായി മാറിയതിന് ശേഷം പുതുക്കാട് നടന്ന സമ്മേളനത്തിൽ ഒരുമിച്ച് പങ്കെടുത്തു. അവിടെയൊരു നാടകം അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഈ സമയം നാടകത്തിലെ പൊലീസുകാരെൻറ വേഷം അഭിനയിക്കേണ്ട വ്യക്തി എത്തിയിരുന്നില്ല. പെട്ടെന്ന് അവർ എന്നെ പിടിച്ച് വേഷം അണിയിച്ചു. അങ്ങനെ ഒരുതവണ പോലും നാടകം പരിശീലിക്കാതെ ഞാൻ തട്ടിൽകയറി. എങ്ങനെയൊക്കെയോ നാടകം അവതരിപ്പിച്ചു. അതിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിശ്വമായിരുന്നു. ഈ സംഭവത്തോടെ ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി. അക്കാലത്ത് അദ്ദേഹത്തിെൻറ വീടിെൻറ ഔട്ട്ഹൗസിലായിരുന്നു ഞങ്ങളുടെ യോഗങ്ങളെല്ലാം.
1948ലാണ് സംഭവം. അന്നൊന്നും രാത്രിയിൽ ഞാൻ വീട്ടിലേക്ക് പോകാറേയില്ല. പാർട്ടി ഓഫിസിൽ തന്നെ കിടക്കും. ഒരുദിവസം അതിരാവിലെ വിശ്വം പാർട്ടി ഓഫിസിലേക്ക് എന്നെ കാണാനെത്തി. എന്താണിത്ര പുലർച്ചയെന്ന ചോദ്യത്തിന് ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് അദ്ദേഹം വിഷയത്തിലേക്ക് കടന്നു. ‘‘മുനിസിപ്പൽ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. എനിക്ക് മത്സരിക്കണം, സഖാവും മത്സരിക്കണം’’. ഇതായിരുന്നു ആവശ്യം. എന്നാൽ, ഞാൻ മത്സരിക്കാനില്ലെന്ന് അപ്പോൾ തന്നെ തുറന്ന് പറഞ്ഞു. തുടർന്ന് വിഷയം പാർട്ടിയിൽ അവതരിപ്പിച്ച് വിശ്വം സ്ഥാനാർഥിയായി.
1950 മാർച്ച് ഒമ്പതിനുണ്ടായ ഇടപ്പള്ളി സ്റ്റേഷൻ ആക്രമണം ഒരിക്കലും മറക്കാനാകാത്ത ഓർമയാണ്. റെയിൽവേ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചത്. എനിക്ക് 20 വയസ്സുള്ളപ്പോഴാണ് അത് നടക്കുന്നത്. നിലവിലെ ഭരണ സംവിധാനത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യ നേതാവായിരുന്ന രണദിവെയാണ് റെയിൽവേ സമരത്തിന് ആഹ്വാനം ചെയ്തത്. അക്കാലത്ത് ലോറിയോ മറ്റ് വാഹനങ്ങളോ ഇന്നത്തേതു പോലെ അധികമില്ല. റെയിൽവേ ചരക്കുനീക്കം നിലക്കുമ്പോൾ അരിയും ഭക്ഷണസാധനങ്ങളും വരെ കിട്ടാതെയാകും. അത് ഭരണത്തിന് വലിയ തിരിച്ചടിയാകും. അങ്കമാലി മുതൽ വടുതല വരെ റെയിൽവേ സ്തംഭിപ്പിക്കുകയായിരുന്നു ഇവിടെയുണ്ടായിരുന്ന ലക്ഷ്യം. പണിമുടക്ക് എന്തുവിലകൊടുത്തും വിജയിപ്പിക്കുകയായിരുന്നു ലക്ഷ്യം.
കെ.സി. മാത്യുവാണ് അന്ന് വിദ്യാർഥികളുടെ നേതാവ്. ഇതിനിടെയാണ് സമരത്തിെൻറ പ്രചാരണ പ്രവർത്തനത്തിനിടെ രണ്ട് സഖാക്കളെ പൊലീസ് പിടികൂടിയെന്ന വാർത്ത വരുന്നത്. ഒരാളെ പൊലീസ് മർദിച്ചുകൊന്നുവെന്നും രണ്ടാമനെയെങ്കിലും രക്ഷിക്കണമെന്നും കെ.സി. മാത്യു പറഞ്ഞു. തുടർന്ന് പോണേക്കരയിലെ ഒരു കാടുപിടിച്ച സ്ഥലത്ത് അതിനായി ഞങ്ങൾ യോഗം ചേരുകയാണ്. ഞാനും വിശ്വവും അവിടെയെത്തി. ഏതാനും ആയുധങ്ങൾ തയാറാക്കിയിട്ടുണ്ട്. ഒരു കൈബോംബ്, വടികൾ, വടിവെട്ടാൻ ഉപയോഗിച്ച രണ്ട് വാക്കത്തി ഇതൊക്കെയാണ് ആകെ ആക്രമണത്തിനുള്ള ആയുധങ്ങൾ. ഇതുമായി പോയാൽ ആക്രമണം വിജയിക്കുമോ എന്ന സംശയം എനിക്കും വിശ്വത്തിനുമുണ്ടായിരുന്നു. അത് യോഗത്തിൽ പറഞ്ഞാലോ എന്ന് വിശ്വം ചോദിച്ചെങ്കിലും വേണ്ടെന്നും നമ്മൾ ഭീരുക്കളാണെന്ന് കരുതുമെന്നും ഞാൻ പറഞ്ഞു. അങ്ങനെ ആക്രമണം നടത്തി. ബോംബ് എറിഞ്ഞെങ്കിലും ചെറിയ മഴയുണ്ടായിരുന്നതിനാൽ നനഞ്ഞ് പൊട്ടിയില്ല. ആക്രമണം കഴിഞ്ഞ് ഒളിവിൽ പോയെങ്കിലും പിന്നീട് അറസ്റ്റിലാകുകയും ചെയ്തു.
പിന്നീട് അദ്ദേഹം പാർട്ടിയിൽ നിന്നകന്ന് സ്ഥാനാർഥിയാകാൻ തീരുമാനമെടുത്തു. സംഭവമറിഞ്ഞ് ഞങ്ങൾ മൂവാറ്റുപുഴയിലെ വീടിന് മുന്നിലെത്തി. അവിടെയെത്തുമ്പോൾ മാധ്യമങ്ങളുടെ പട തന്നെയുണ്ട് മുറ്റത്ത്. അവരൊക്കെയൊന്ന് മാറിയിട്ട് നമുക്ക് അകത്തേക്ക് കയറാമെന്ന് കൂടെയുണ്ടായിരുന്നവരോട് ഞാൻ പറഞ്ഞു. അങ്ങനെ അകത്ത് ചെന്നപ്പോൾ എന്തു പറഞ്ഞിട്ടും അദ്ദേഹം തീരുമാനത്തിൽനിന്ന് മാറുന്നില്ല. ഭാര്യയുമായി ഞങ്ങൾ സംസാരിച്ചു. തങ്ങൾ പറഞ്ഞിട്ടും ഒരുമാറ്റവുമില്ലെന്ന മറുപടിയാണ് അവരും പറഞ്ഞത്. പിന്നീട് പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് തിരിച്ചുവരവിന് വഴിയൊരുങ്ങി. ഞാൻ തന്നെ വിഷയം പാർട്ടി സെക്രട്ടറിയെ ധരിപ്പിച്ചു. അദ്ദേഹം പാർട്ടിയിലേക്ക് മടങ്ങിവരികയും ചെയ്തു.
(മുതിർന്ന സി.പി.എം നേതാവാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
