Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right വിഷു, ഓർമകളുടേയും...

 വിഷു, ഓർമകളുടേയും വർത്തമാനത്തിേൻറയും കൈനീട്ടം 

text_fields
bookmark_border
 വിഷു, ഓർമകളുടേയും വർത്തമാനത്തിേൻറയും കൈനീട്ടം 
cancel

പതിവുപോലെ ഇക്കൊല്ലവും കൃത്യസമയത്ത് വിഷു വന്നെത്തി. എ​െൻറ മകളുടെ സന്തോഷത്തിനായി, വിഷുവി​െൻറ തലേന്നു രാത്രിയിൽ അവളോടൊപ്പം ഒരു കുട്ടിയെപ്പോലെ ഞാനും മതിമറന്ന് പടക്കവും പൂത്തിരിയും കത്തിക്കുന്നു. പിന്നെ കണിയൊരുക്കുന്നു. രാവിലെ ഉറക്കത്തിൽനിന്ന് ഉണർത്തിക്കൊണ്ടുവന്ന് കണി കാണിക്കുന്നു. രാവിലെ വിഷുസദ്യയൊരുക്കുന്നു. തൃശൂരിൽ ജനിച്ചു വളർന്നതുകൊണ്ട്, ഏതു നാട്ടിലായാലും ഞാനും  വർഷത്തിലൊരിക്കൽ ഈ ദിവസം,  എ​െൻറ അമ്മ ഉണ്ടാക്കുന്ന അതേ രുചിയോടെ വിഷുക്കട്ടയുണ്ടാക്കുന്നു. വിഷുക്കട്ടയില്ലാത്ത വിഷു അപൂർണമാണെനിക്ക്. 
വിഷുവാണെങ്കിലും ഓണമാണെങ്കിലും ഓർമകളിലാണതി​െൻറ ആഴമുള്ള വേരുകൾ. ഓരോരുത്തർക്കും എന്തെല്ലാം തരം ഓർമകൾ! ഈ ഓർമകളെല്ലാം  നാം ഇതുവരെ ജീവിച്ചതി​െൻറ സജീവമായ ചരിത്രം കൂടിയാണ്. ഓർമകളുടെ സമൃദ്ധമായ ഈ കൈനീട്ടം നമുക്ക് എന്നെന്നും വിശേഷപ്പെട്ടതായിരിക്കുന്നതുകൊണ്ട് അതി​െൻറ ആനന്ദങ്ങൾ പുതിയ തലമുറകളിലേക്ക് പകർന്നു നൽകാൻ നാം ഉത്സാഹമുള്ളവരാണ്.  

പലതരം ഓർമകൾ നിറഞ്ഞ ഭൂതകാലത്തുനിന്നുകൊണ്ടാണ് ഈ വിഷുവിനേയും നമ്മൾ അനുഭവിക്കുന്നത്. വിഷു മലയാളികളുടെ സംസ്കാരത്തി​െൻറ കഥകൂടിയാണ്; നമ്മുടെ കൃഷിയും കർഷകരും കേന്ദ്രസ്ഥാനത്തു വരുന്ന സംസ്കാരത്തി​െൻറ. കൃഷിയെ ആശ്രയിച്ചുകൊണ്ടുള്ള ഉപജീവനത്തിേൻറയും അധ്വാനത്തിേൻറയും അതിജീവനത്തിേൻറയും ആചാരങ്ങളും വിശ്വാസങ്ങളും ആഘോഷങ്ങളുമാണത്. പ്രകൃതിയിലെ സ്വാഭാവികമായ ഋതുഭേദങ്ങളെ കാത്തിരിക്കുകയും തിരിച്ചറിയുകയും വിനയത്തോടെ അനുസരിക്കുകയും ചെയ്യുന്ന പരമ്പരാഗത അറിവുകളുടെ  ഉത്സവം.  വെയിലും മഴയും കാറ്റും മഞ്ഞും നമ്മുടെ വിളവുകളെ മാത്രമല്ല,  ജീവിതത്തെയാകെത്തന്നെ കരുതലോടെ സ്പർശിച്ച് കടന്നുപോവുന്നതു കൂടിയാണ് ഈ ഉത്സവം. 

ഇന്ന് ഈ ഉത്സവത്തിന്  പല തരത്തിൽ മങ്ങലേറ്റിരിക്കുന്നു. ആഘോഷങ്ങൾക്ക് പകരം ആശങ്കകളും സങ്കടങ്ങളും കേന്ദ്രസ്ഥാനത്തു വരുന്നു. പ്രകൃതിക്ക്  നാം കണ്ടു പരിചയിച്ച സ്വാഭാവികത നഷ്ടപ്പെട്ടു കഴിഞ്ഞു. ഇന്നലെ പെരിങ്ങോട്ടുകരയിൽനിന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടയിൽ  ഒരേയൊരു കാഴ്ചമാത്രമാണ് ഞാൻ കണ്ടത്. കുടിവെള്ളത്തിനായി വഴിയിൽ ദാഹിച്ച്  അവിടവിടെയായി കൂട്ടം കൂടിയിരിക്കുന്ന അനേകമനേകം കുടങ്ങളും കലങ്ങളും. വെയിലിൽ കത്തിക്കരിഞ്ഞ് അവക്കു കാവലിരിക്കുന്ന കുട്ടികളും. എന്തൊരു തരം വിഷുക്കൈനീട്ടമാണ് നമ്മൾ ഈ കുഞ്ഞുങ്ങൾക്കായി കാത്തുവെച്ചു നൽകിയത്!  
കാലാവസ്ഥവ്യതിയാനത്തി​െൻറ ഈ വിഷുക്കാലം, മഴയുടെ സ്നേഹസ്പർശമേൽക്കാത്ത, കൊടും വരൾച്ചയുടെ പൊള്ളുന്ന വിഷുക്കൈനീട്ടമായി മാറി. ഓട്ടുരുളിയിൽ കാണുന്ന വിഷുക്കണി, കരിഞ്ഞുപോയ വിളകളും കർഷകരുടെ കണ്ണീരും പരിദേവനങ്ങളുമാണ്. വിഷു ഒരിക്കലും ഇങ്ങനെയുള്ള  ദുരിതത്തി​െൻറ കാഴ്ചയായിക്കൂടാ. 

നമ്മുടെ കൃഷിയെ, മണ്ണിനെ, വിത്തുകളെ  സംരക്ഷിച്ചെങ്കിൽ മാത്രമേ, മഴയേയും വെള്ളത്തേയും കരുതലോടെ ഉപയോഗിച്ചെങ്കിൽ മാത്രമേ, കർഷകർക്ക് ഉദാരമായ പിന്തുണസംവിധാനങ്ങൾ സർക്കാർതലത്തിൽ ഉണ്ടായാൽ മാത്രമേ മലയാളികൾക്കിനി വിഷുവിനെ അതി​െൻറ സാമൂഹിക സാംസ്കാരിക അർഥത്തിൽ ആഘോഷിക്കാനുള്ള അവകാശമുണ്ടായിരിക്കൂ എന്നാണെനിക്ക് തോന്നുന്നത്. 

ഈ രൂക്ഷമായ കാലാവസ്ഥവ്യതിയാനം തുടർന്നുപോയാൽ നമ്മുടെ ഭക്ഷ്യവിളകളുടെ വിത്തുകളുടെ നാശം അതിവേഗം സംഭവിക്കും. മണ്ണിൽ, വിത്തിൽനിന്ന് നേരിട്ട് കിളിർക്കുന്ന രാഷ്ട്രീയം  ജൈവഭൗമികതയുടെ രാഷ്ട്രീയമാണെന്ന അറിവിനെ എല്ലാ അധികാര രാഷ്ട്രീയത്തിനും മീതെ പ്രതിഷ്ഠിക്കുകയും ആദരിക്കുകയും ചെയ്യേണ്ട കാലമാണിത്.  വിത്തുകൾ എന്ന രാഷ്ട്രീയ വ്യവഹാരത്തിലൂടെ ലോകത്തെ, വികസനത്തെ, മനുഷ്യ ജീവിതത്തെ, അറിവിനെ,  സംസ്കാരങ്ങളെ, കാലാവസ്ഥയെ, കൃഷിയെ, ഭക്ഷണത്തെ, ജീവ​െൻറ നിലനിൽപിനെ എല്ലാം  സമഗ്രമായി സമീപിക്കാൻ കാലം നമ്മെ അതിയായ സമ്മർദത്തിൽ അകപ്പെടുത്തിയിരിക്കുന്നു. ഈ വർഷവും കലണ്ടറിൽനിന്ന് തെറ്റാതെ കടന്നുവന്ന വിഷു ഈയൊരു വലിയ ഓർമപ്പെടുത്തൽ കൂടിയാവട്ടെ.  

വികസനത്തിലേക്ക് കുതിക്കുന്നു എന്നു പറയുമ്പോഴും  ഈ സമൂഹത്തിൽ സാമൂഹിക പദവി വിഭജനങ്ങളും അധികാര സമവാക്യങ്ങളും ശക്തമാവുന്നു. അധികാരരഹിതരുടെ സാംസ്കാരിക, പാരിസ്ഥിതിക വിഭവങ്ങൾക്കു നേർക്കുള്ള അധിനിവേശങ്ങളും രൂക്ഷമായി തുടരുകയാണ്. ഉപജീവനത്തിനായി കൃഷിയെമാത്രം ആശ്രയിക്കുന്ന ചെറുകിട കർഷകരാണ് നമ്മുടെ ഭക്ഷ്യവിളകളുടെ എക്കാലത്തേയും ഉൽപാദകരും സംരക്ഷകരും  എന്നത് നാം സൗകര്യപൂർവം മറന്നുപോകുന്നു. അതിരപ്പിള്ളിയിൽ ജലവൈദ്യുതപദ്ധതി നടപ്പാക്കും എന്നു  പറയുമ്പോൾ,  അതും ആത്യന്തികമായി നമ്മുടെ കാർഷിക വ്യവസ്ഥയെതന്നെയാണ് എന്നന്നേക്കുമായി തകർക്കുക എന്ന തിരിച്ചറിവ് നമ്മുടെ ഭരണാധികാരികൾക്ക്  ഇല്ല എന്ന വെളിപ്പെടുത്തലായി മാറുന്നു.

ഇതിനോടകം സമാനമായ വിവിധ വികസന പദ്ധതികളിലൂടെ, കൃഷിഭൂമിയെ ഇല്ലാതാക്കിയ നിയമനിർമാണങ്ങളിലൂടെ  നഷ്ടപ്പെടുത്തിക്കഴിഞ്ഞ  കൃഷിയും വിത്തുകളുടെ വൈവിധ്യവും തിരിച്ചുപിടിക്കുക എന്നത് അസാധ്യമായിരിക്കേ, അവശേഷിക്കുന്ന കർഷകരേയും കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നവരേയും തിരിച്ചറിയുകയും അവരുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുക എന്നത് നമ്മുടെ വലിയ ഉത്തരവാദിരത്തമാണ്. കാർഷിക ജൈവവൈവിധ്യ സംരക്ഷണം ജീവിതരീതിയുടെതന്നെ ഭാഗമായും സംസ്കാരത്തി​െൻറ തന്നെ അടയാളമായും നാം പരിശീലിച്ചെടുക്കണം. ഇങ്ങനെ ചെയ്തു പോരുന്ന ആദിവാസികളും ഗ്രാമീണ മേഖലകളിലെ ചെറുകിട കർഷകരും ചെയ്യുന്ന സേവനങ്ങളുടെ മൂല്യം കണക്കാക്കപ്പെടുകയും അതിനുള്ള പ്രതിഫലം സർക്കാറുകളും ആകെ സമൂഹവും തിരിച്ചുനൽകുകയും വേണം. ഇങ്ങനെ ചെയ്യുന്നത് പുതിയ തലമുറയിലെ കുട്ടികൾക്ക് കൃഷിയിലേക്ക് വരാനുള്ള വലിയ േപ്രാത്സാഹനവും ആവേശവുമായിരിക്കും. 

നമ്മുടെ ശരീരത്തെ പൊള്ളിക്കുന്ന  കാലാവസ്ഥയേയും മനസ്സിനെ അലട്ടുന്ന  കർഷകരുടെ കണ്ണീരിനേയും  വിഷുസദ്യയെ വൈവിധ്യമുള്ളതാക്കുന്ന ഭക്ഷ്യവിളകളേയും ഓർക്കാതെ, അറിയാതെ  ഈ വിഷുദിനം കടന്നുപോകാൻ  ആർക്കെങ്കിലും കഴിയുമോ? കഴിയരുത് എന്നാണ്  ഈ വിഷുദിനത്തിൽ എ​െൻറ മനസ്സിൽനിന്നുവരുന്ന  എളിയ അഭ്യർഥന.

Show Full Article
TAGS:vishu happy vishu 
News Summary - vishu
Next Story