വെനിസ്വേലയും നുണ സാമ്രാജ്യവും
text_fieldsവീണ്ടും ഒരിക്കൽകൂടി അമേരിക്കൻ സൈനികസാമ്രാജ്യം അത് വിതറി വളർത്തുന്ന ഭീതിയുടെ പിതാവായി ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ഇത്തവണ അത് നമ്മുടെ സ്വന്തം വളപ്പിലാണ്.
റഷ്യയുടെ ഡോളർ ആസ്തികൾ മരവിപ്പിച്ചത് വിദേശ കേന്ദ്രബാങ്കുകൾക്ക് സ്വർണം വാരിക്കൂട്ടാനുള്ള പ്രോത്സാഹനമായി മാറി. അത് ആഗോളതലത്തിലുള്ള അപഡോളറീകരണത്തിന് (de dollarisation) ഇടയാക്കി. ലോകം ഡോളറിന്റെ പിടിയിൽനിന്ന് മാറിത്തുടങ്ങി. അതിനു മറുപടിയെന്നോണം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഡോളറിനെ ആയുധമാക്കിയതിനെതിരെ നിലകൊള്ളുന്നവരെ വ്യംഗ്യമായ ഭീഷണികളാൽ മുന്നറിയിപ്പു നൽകി. അതുപോലെ, വെനിസ്വേലയിലെ എണ്ണ ഉൽപാദനത്തെയും വിപണികളെയും ലക്ഷ്യമിട്ട അമേരിക്കൻ ഉപരോധങ്ങൾ, ഇറാൻ, റഷ്യ, ചൈന എന്നിവയുടെ സാന്നിധ്യം നമ്മുടെ ഭൂഖണ്ഡത്തിൽ ഉറപ്പിച്ചു.
വെനിസ്വേലയെ അമേരിക്കൻ മൂലധന വിപണികളിൽനിന്ന് തടഞ്ഞതും, ദിവസേന അരലക്ഷം ബാരൽ എണ്ണ ഇറക്കുമതി നിർത്തിയതും, ചൈനക്ക് അപാരമായ നേട്ടമായി. ചൈന ഇപ്പോൾ വെനിസ്വേലയിലെ എണ്ണ കയറ്റുമതിയുടെ 80 ശതമാനം വരെ വിലക്കുറവിൽ വാങ്ങുന്നു; അതിലൂടെ പ്രദേശത്ത് തന്റെ സ്വാധീനം കൂടുതൽ ആഴത്തിൽ പതിപ്പിക്കുന്നു.
അമേരിക്കക്കാർ എന്നും ഇരട്ടി ചെലവ് പേറേണ്ടിവരുന്നവരാണ്. സാമ്രാജ്യത്തിന്റെ ഭാരിച്ച സൈനിക ചെലവുകൾ നികുതിദായകരുടെ ചുമലിലേൽപിക്കപ്പെടുന്നു. അതേസമയം, വെനിസ്വേല, റഷ്യ, ഇറാൻ പോലുള്ള രാജ്യങ്ങൾ ലോകവിലയിൽനിന്ന് താഴ്ത്തി എണ്ണ വിൽക്കേണ്ടിവരുന്നു. ഇതിലൂടെ ചൈനയുടെ വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും സബ്സിഡി ലഭിക്കുന്നു -അവർ അമേരിക്കൻ ബിസിനസുകളുമായി മത്സരിക്കുന്നവരാണ്.
ഞാൻ എന്റെ പുതിയ പുസ്തകമായ Empire of Lies: Fragments from the Memory Holeൽ വിശദീകരിച്ചപോലെ വെനിസ്വേല ഏറെക്കാലം മുമ്പുതന്നെ “ഡീപ് സ്റ്റേറ്റ്” എന്ന ശക്തിയുടെ വലയിൽ കുടുങ്ങിയിരുന്നു. 2015 മാർച്ച് ഒമ്പതിന് പ്രസിഡന്റ് ബറാക് ഒബാമ ഔപചാരികമായി ഒരു പുതിയ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആ ദിവസം ഭൂരിഭാഗം അമേരിക്കക്കാർ അവരുടെ ദൈനംദിന കാര്യങ്ങളിൽ മുഴുകി -‘‘നമ്മുടെ ദേശീയ സുരക്ഷക്ക് അസാധാരണവും അത്യന്തം ഗുരുതരവുമായ ഭീഷണി’’ എന്ന് വൈറ്റ് ഹൗസ് ഗൗരവത്തോടെ വിശേഷിപ്പിച്ച ഒരു സംഭവം ഓർക്കാപ്പുറത്ത് പൊട്ടിവീണ മേനിപോലുമില്ലാതെ.
വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞത് ഇങ്ങനെ:
“വെനിസ്വേലയിലെ സാഹചര്യങ്ങൾ അമേരിക്കയുടെ ദേശീയ സുരക്ഷക്കും വിദേശനയത്തിനും അസാധാരണവും അത്യന്തം ഗുരുതരവുമായ ഭീഷണി സൃഷ്ടിച്ച സാഹചര്യത്തിൽ പ്രസിഡന്റ് ഒബാമ ഇന്ന് ഒരു പുതിയ എക്സിക്യൂട്ടിവ് ഓർഡർ പുറപ്പെടുവിച്ചു.”
എന്ത്? വെനിസ്വേലയോ? ഒരു ഭീഷണിയോ? അതിലും വഷളായ രീതിയിൽ അസാധാരണവും അത്യന്തം ഗുരുതരവുമായ ദേശീയ സുരക്ഷാ ഭീഷണിയോ?
വെനിസ്വേല ഉയർത്തുന്ന കൊടുങ്കാറ്റിന്റെ ഭീതിയിൽ ആരും വിറങ്ങലിച്ചുപോകുന്ന ആ സമയത്ത് ഞാൻ അതിന്റെ ‘ഭീകര ശക്തി’യെ അടുത്തുനിന്ന് പരിശോധിച്ചു. അപ്പോൾ ബോധ്യമായ കാര്യങ്ങൾ ഇനി പറയാം:
വെനിസ്വേലക്ക് ന്യൂജഴ്സിയേക്കാൾ കുറവ് ജി.ഡി.പി മാത്രമേ ഉണ്ടായിരുന്നുള്ളൂ; അമേരിക്കയുടെ സൈനിക ബജറ്റിനേക്കാൾ 160 മടങ്ങ് കുറവ്. വിമാനവാഹിനികൾ, നാവിക നശീകരണ കപ്പലുകൾ ഒന്നുമില്ല; വെറും രണ്ട് സബ്മറീനുകൾ, 33 യുദ്ധവിമാനങ്ങൾ, എന്നാൽ അമേരിക്കക്കുള്ളത് 2300 എണ്ണം. 10 ആക്രമണ ഹെലികോപ്ടറുകൾ. അമേരിക്കക്കോ? 957. വെനിസ്വേലക്ക് 192 ടാങ്കുകൾ മാത്രം. യു.എസിന് ഒമ്പതിനായിരവും.
വെനിസ്വേല എന്ന മഹാശക്തി അമേരിക്കയെ ആക്രമിക്കാൻ ഒരുങ്ങിയാലും, ഫ്ലോറിഡയുടെ ഗോൾഡ് കോസ്റ്റിലോ ജേഴ്സി തീരത്തോ ഒരു രണ്ടു കപ്പൽ ഇറക്കാൻതന്നെ വല്ല മഹാത്ഭുതവും സംഭവിക്കേണ്ടിവരും.
അന്ന്, ഒബാമ ഭീകര ഭീഷണി കണ്ടെത്തിയതാകാമോ? ഇല്ല. അദ്ദേഹത്തിന്റെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പിന്നിലെ കാരണങ്ങൾ -ഉപരോധങ്ങളും വെനിസ്വേലയിലെ അമേരിക്കൻ ആസ്തികൾ മരവിപ്പിക്കലും- മനുഷ്യാവകാശങ്ങളുടെ ക്ഷയം, രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കൽ, മാധ്യമനിയന്ത്രണം, വ്യാപകമായ അഴിമതി എന്നിവയായിരുന്നു. മറ്റൊരു വാക്കിൽ പറഞ്ഞാൽ, അമേരിക്കയുടെ ചില കൂട്ടാളികൾ ദൈനംദിനം ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ.
അമേരിക്കൻ “ഡീപ് സ്റ്റേറ്റ്” ഒരിക്കൽ ഒരു രാജ്യത്തെ ഭീഷണിയായി അടയാളപ്പെടുത്തിക്കഴിഞ്ഞാൽ -ആയുധങ്ങൾ, ഭീകരവാദം, ഡോളർ നിഷേധം, മയക്കുമരുന്ന് വ്യാപാരം -പിന്നെ, പിറകോട്ടില്ല. അത് യുദ്ധത്തിലേക്ക് വഴിതെറ്റിച്ചാലും മുന്നോട്ട് പോകും.
ജോസെ നിനോ അഭിപ്രായപ്പെടുന്നു: “ഭയാനകമായ ഒരു ഭവിഷ്യത്തിലേക്കാണ് ഇത്തരം നീക്കങ്ങൾ കൊണ്ടെത്തിക്കുക. അമേരിക്ക റഷ്യയെ യുക്രെയ്നിൽ, ചൈനയെ തായ്വാനിൽ, ഇറാനെ ആണവപരിപാടിയിൽ സമ്മർദത്തിലാക്കുമ്പോൾ, അന്നാട്ടുകാർ അമേരിക്കൻ ആധിപത്യത്തെ വെല്ലുവിളിക്കുന്ന സർക്കാറുകളെ പിന്തുണക്കാൻ ഒന്നിക്കും.”
ട്രംപിന്റെ വെനിസ്വേലാ നയം, മറ്റുള്ളവ പോലെ, അമേരിക്കക്കും ലോകത്തിനും ദോഷകരമായിത്തീരും. സ്വയം നശിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ, ഭ്രാന്തന്മാരെ തളക്കാൻ മതിയായ കാരണങ്ങളാണ്.
അതുകൊണ്ടെന്ത്? ‘കള്ളങ്ങളുടെ സാമ്രാജ്യത്തിൽ’ ഇതും മറ്റൊരു സാധാരണ ദിനം മാത്രം.
(ലാറ്റിനമേരിക്കൻ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

