Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇൗഴവർക്ക്​ ആത്മാഭിമാനം പകർന്ന യോഗം 
cancel
camera_alt?????????? ??????? ????????????

കേരളത്തി​​​െൻറ നവോത്ഥാനചരിത്രത്തിലെ നാഴികക്കല്ലായ ശ്രീനാരായണ ധര്‍മപരിപാലനയോഗം രൂപംകൊണ്ടിട്ട് 117 വര്‍ഷം പൂര്‍ത്തിയായി. ചാതുര്‍വര്‍ണ്യ വ്യവസ്​ഥയുടെ ഫലമായി മനുഷ്യത്വത്തില്‍നിന്നു വേര്‍തിരിച്ച് നിർത്തിയിരുന്ന ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്ക് ആധ്യാത്മികവും ഭൗതികവുമായ കരുത്തുനല്‍കി സമൂഹത്തി​​​െൻറ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1903 മേയ് 15ന് കമ്പനി നിയമപ്രകാരം എസ്.എന്‍.ഡി.പി യോഗം സ്ഥാപിതമായത്. ശ്രീനാരായണ ഗുരുവിനുവേണ്ടി കുമാരനാശാന്‍ പേരുെവച്ചയച്ച ഒരു ക്ഷണക്കത്തി​​​െൻറ അടിസ്ഥാനത്തില്‍ കേരളത്തി​​​െൻറ നാനാഭാഗത്തുനിന്നെത്തിയ ഏതാനും ഈഴവ പ്രമാണിമാര്‍ 1902 ഡിസംബറില്‍ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവിലും പിന്നീട് 1903 ജനുവരി ഏഴിന് അരുവിപ്പുറത്തും യോഗം ചേര്‍ന്ന് അരുവിപ്പുറം ‘വാവൂട്ട് യോഗം’ കേരളത്തിലാകെ പ്രവര്‍ത്തനമേഖലയുള്ള ശ്രീനാരായണ ധർമപരിപാലന യോഗമാക്കി വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.


ഗുരുദേവദര്‍ശനം പ്രചരിപ്പിക്കുക, ഈഴവ സമുദായത്തില്‍ ലൗകിക, വൈദികവിദ്യാഭ്യാസത്തെയും വ്യവസായശീലത്തെയും പ്രോത്സാഹിപ്പിക്കുക, സന്യാസമഠങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു യോഗത്തി​​​െൻറ മുഖ്യലക്ഷ്യങ്ങള്‍. ശ്രീനാരായണ ഗുരു സ്ഥിരാധ്യക്ഷനും മഹാകവി കുമാരനാശാന്‍ ജനറല്‍ സെക്രട്ടറിയും ഡോ. പൽപ്പു ഉപാധ്യക്ഷനുമായാണ്​ സംഘടന പ്രവര്‍ത്തനം ആരംഭിച്ചത്. 
കേവലം ഒരു ആത്മീയപ്രസ്ഥാനമായല്ല, ശക്തമായ സമരസംഘടനയായും അനിവാര്യഘട്ടങ്ങളിലൊക്കെ നട്ടെല്ലുള്ള രാഷ്​ട്രീയപ്രസ്ഥാനമായും എസ്.എന്‍.ഡി.പി യോഗം സാമൂഹികബാധ്യത നിറവേറ്റി. യോഗം സ്ഥാപിതമാകുന്നതിനു മുമ്പേ ഈഴവസമുദായത്തി​​​െൻറ വിദ്യാലയപ്രവേശനത്തിനും സര്‍ക്കാര്‍ സര്‍വിസിലെ പങ്കാളിത്തത്തിനും ഡോ. പല്‍പ്പു തുടങ്ങി​െവച്ച പോരാട്ടം പിന്നീട് സംഘടനയുടെ മുഖ്യ അജണ്ടകളിലൊന്നായി മാറി. നിവേദനങ്ങള്‍ സമര്‍പ്പിച്ചും സംഘടനയുടെ മുഖപത്രമായ ‘വിവേകോദയ’ത്തിലൂടെ ശക്തമായി എഴുതിയും സമുദായത്തി​​​െൻറ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കുമാരനാശാൻ ശ്രദ്ധാലുവായിരുന്നു. 1915ല്‍ ‘ദേശാഭിമാനി’ പത്രം സ്ഥാപിച്ചു സമുദായകാര്യങ്ങളിലും രാഷ്​ട്രീയകാര്യങ്ങളിലും ശക്തമായി ഇടപെട്ടുകൊണ്ടാണ് ടി.കെ. മാധവന്‍ രംഗത്തുവരുന്നത്.

നിയമനിര്‍മാണസഭകളില്‍ ഈഴവര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം,  പബ്ലിക് സര്‍വിസിലെ പ്രാതിനിധ്യം, അവര്‍ണഹിന്ദുക്കള്‍ക്കും അഹിന്ദുക്കള്‍ക്കും പട്ടാളനിയമനത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കൽ തുടങ്ങി നിരവധി ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുത്തു രംഗപ്രവേശം ചെയ്ത സി. കേശവനാണ്​ പിന്നീട് യോഗത്തെ നയിച്ചത്.  ശ്രീചിത്ര അസംബ്ലിയിലും ശ്രീമൂലം കൗണ്‍സിലിലും ഈഴവര്‍ക്ക് ജനസംഖ്യാനുപാതിക സീറ്റുകൾ ലഭിച്ചതും സര്‍ക്കാര്‍ സര്‍വിസിലെ നിയമനങ്ങളില്‍ നിലനിന്ന അസമത്വങ്ങള്‍ പരിഹരിക്കുന്നതിന്​ തിരുവിതാംകൂറില്‍ പബ്ലിക് സർവിസ് കമീഷന്‍ നടപ്പാക്കി സര്‍ക്കാർ ഉത്തരവായതുമൊക്കെ സി. കേശവ​​​െൻറ പോരാട്ട വിജയമാണ്. എസ്.എന്‍.ഡി.പി യോഗത്തി​​​െൻറ പേരിൽ ആദ്യത്തെ അവകാശപ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചാണ് സഹോദരന്‍ അയ്യപ്പൻ സംഘാടകശേഷി തെളിയിച്ചത്.

യോഗത്തി​​​െൻറ ഭരണസാരഥ്യം 1944 ആയപ്പോഴേക്കും മഹാനായ ആര്‍. ശങ്കറി​​​െൻറ കരങ്ങളിലെത്തിച്ചേര്‍ന്നു. യോഗത്തി​​​​െൻറ ശക്തിയും ശ്രദ്ധയും വിദ്യാഭ്യാസത്തിലേക്ക് കേന്ദ്രീകരിക്കാനാണ് അദ്ദേഹം തുടക്കംമുതൽ  ‍ശ്രമിച്ചത്. കൊല്ലം നഗരത്തിൽ 1947ൽ ശിലാസ്ഥാപനം നടത്തിയ ശ്രീനാരായണ കോളജ് 1948ല്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ ഈഴവസമുദായത്തി​​​െൻറ  ആദ്യത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രം യാഥാർഥ്യമായി. യോഗത്തി​​​െൻറ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 1952ല്‍ എസ്.എന്‍. ട്രസ്​റ്റ്​ രൂപവത്​കരിച്ചു. 1970 ആയപ്പോഴേക്കും ഒരു പോളിടെക്‌നിക്കും, ട്രെയിനിങ്​ കോളജും ഉള്‍പ്പെടെ സംസ്ഥാനത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ 13 വിദ്യാലയങ്ങളും എസ്.എൻ മെഡിക്കല്‍ മിഷ​​​െൻറ നേതൃത്വത്തില്‍ കൊല്ലത്ത് ആശുപത്രിയും സ്ഥാപിച്ചു. ജനറല്‍സെക്രട്ടറി എന്ന നിലയില്‍ ഒരു പതിറ്റാണ്ടുകാലത്തെ സമുദായസേവനത്തിനിടയില്‍ ശാഖകളുടെ എണ്ണം 933 ല്‍ നിന്ന് 1224 ലേക്ക്​ ഉയര്‍ത്തി സംഘടനാപ്രവര്‍ത്തനത്തിലും അദ്ദേഹം ചിരസ്മരണീയനായി.

ശങ്കറി​​​െൻറ കാലശേഷം ചില ആഭ്യന്തരപ്രശ്‌നങ്ങളുടെ പേരിൽ എസ്.എന്‍.ഡി.പി യോഗത്തി​​​െൻറ പ്രവര്‍ത്തനം അല്‍പമൊന്ന്​ മന്ദീഭവിച്ചു. 1973ല്‍ എൻ. ശ്രീനിവാസൻ പ്രസിഡൻറും പി.എസ്. വേലായുധന്‍ ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടതോടെ യോഗത്തി​​​െൻറ ജനകീയസമരങ്ങള്‍ പുനരാരംഭിച്ചു. മലബാര്‍ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി. അതിനിടെയാണ് നിലവിലുള്ള വ്യവസ്ഥഭേദഗതി ചെയ്​ത്​ സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം ശിപാര്‍ശ ചെയ്തു നെട്ടൂർ കമീഷന്‍ റിപ്പോര്‍ട്ട് ഉണ്ടാകുന്നത്. ഇത് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് യോഗം രംഗത്തുവന്നു. ഈ അവസരത്തിലാണ് പിന്നാക്ക സമുദായ ഫെഡറേഷന്‍ രൂപവത്​കരിക്കാന്‍ എസ്.എന്‍.ഡി.പി യോഗം നേതൃത്വം നല്‍കിയത്.

1996ല്‍ നിലവിൽവന്ന ഇപ്പോഴത്തെ നേതൃത്വം എല്ലാവരും സമുദായത്തോട് ആത്മബന്ധം പുലർത്താന്‍ ആവശ്യമായ ക്രിയാത്മക പരിപാടികള്‍ ആസൂത്രണം ചെയ്തു. മറ്റ് മതവിഭാഗങ്ങൾ സംഘടിതപ്രവർത്തനം കൊണ്ട് കൈവരിച്ച നേട്ടങ്ങളുടെ കൃത്യമായ കണക്കുകൾ പ്രസിദ്ധീകരിച്ച് ഈഴവരെ ബോധവത്കരിക്കുന്നതിലുമാണ് നേതൃത്വം കൂടുതല്‍ ശ്രദ്ധിച്ചത്. അതോടെ ഊര്‍ജസ്വലരായ സമുദായാംഗങ്ങളെ ആവേശഭരിതമാക്കുന്ന ധാരാളം കര്‍മപരിപാടികളാണ് പിന്നീട് കേരളം കണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, താഴെത്തട്ടിലെ അംഗങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സാമ്പത്തികാടിത്തറ വികസിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍, വ്യാപാര-വ്യവസായസ്ഥാപനങ്ങൾ എന്നിങ്ങനെ പലതും യോഗത്തി​​​െൻറ അധീനതയിൽ ചേര്‍ക്കപ്പെട്ടു. 10 ലക്ഷത്തിൽനിന്ന് 30 ലക്ഷത്തിലധികമായി അംഗസംഖ്യ വർധിച്ചു. സംസ്ഥാനത്തി​​​െൻറ അതിര്‍ത്തി കടന്നാല്‍ താന്‍ ഈഴവനാണെന്നു പറയാൻ മടിച്ചിരുന്നവര്‍ ഇന്ന് ആത്മാഭിമാനികളും സ്വത്വബോധമുള്ളവരുമായി. അതിനുള്ള ആത്മവിശ്വാസം നൽകി എന്നതാണ് ഇന്നത്തെ നേതൃത്വത്തി​​​െൻറ ഏറ്റവും വലിയ നേട്ടം.  
യോഗം പ്രവര്‍ത്തകരില്‍ കമ്യൂണിസ്​റ്റുകളും കോണ്‍ഗ്രസുകാരും ബി.ജെ.പി ക്കാരും ആര്‍.എസ്.എസ​ുകാരുമൊക്കെയുണ്ട്. എന്നാല്‍, സംഘടിത രാഷ്​ട്രീയ വിലപേശല്‍ ശക്തിയായി, സമുദായത്തി​​​െൻറ ന്യായവും നിയമപരവുമായ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമാണു പൊരുതാൻ ആഗ്രഹിക്കുന്നത്. രാഷ്​ട്രീയത്തില്‍ നിതാന്തമായ ശത്രുവോ മിത്രമോ ഇല്ലാത്തതിനാലും എല്ലാവരെയും സ്വാഗതം ചെയ്യുന്നതാണ്​ സമുദായതാൽപര്യത്തിന് ഉത്തമം.

(എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndp yogamsree narayana guruMalayalam Article
News Summary - vellappally natesan about sndp yogam-malayalam article
Next Story