മലബാറിൽ ബ്രിട്ടീഷ് ഭരണത്തിെൻറ തുടക്കത്തിൽത്തന്നെ നികുതിനിഷേധത്തിലൂടെ സമരത്തിനിറങ്ങിയ കവിയും വിപ്ലവകാരിയുമായ വെളിയങ്കോട് ഉമർ ഖാദിയുടെ സിംഹഗർജനത്തിന് 200 വർഷം. ഗാന്ധിയുടെ നേതൃത്വത്തിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നതിന് ഒരു നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാർക്കെതിരെ നികുതിനിഷേധവുമായി രംഗത്തിറങ്ങിയ ആദ്യ നേതാവായിരുന്നു അദ്ദേഹം. മതപണ്ഡിതന്, കവി, പരിഷ്കര്‍ത്താവ്, സ്വാതന്ത്ര്യസമര സേനാനി തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വെളിയങ്കോട് ഉൾപ്പെടുന്ന ഏതാനും മഹല്ലുകളുടെ ഖാദി എന്ന കര്‍മമണ്ഡലത്തിനപ്പുറം ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ചെറുത്തുനിൽപിന് മാതൃകയായി എന്നതാണ് അദ്ദേഹത്തിെൻറ സവിശേഷത.
1792 മാർച്ച് 18ൽ ടിപ്പു സുൽത്താനുമായുള്ള ഉടമ്പടിയിലൂടെയാണ് മലബാര്‍ ബ്രിട്ടീഷുകാർക്ക് സ്വന്തമായത്. 1799ൽ ടിപ്പുവിനെ വധിച്ചതോടെ ആധിപത്യം പൂർണമായി. ടിപ്പു ഭരണകാലത്ത് തിരുവിതാംകൂറിലും മറ്റും കുടിയേറിയ ജന്മിമാര് മലബാറിലേക്ക് തിരിെച്ചത്തി അവകാശങ്ങള്‍ തിരിച്ചുപിടിക്കാനും ശ്രമമാരംഭിച്ചു. ജന്മികൾക്ക് ഒപ്പമായിരുന്നു ബ്രിട്ടീഷുകാർ. ബ്രിട്ടീഷുകാരുടെ അന്യായ നികുതി നീക്കം ഉമർ ഖാദി ചോദ്യം ചെയ്തു. ദൈവത്തിെൻറ ഭൂമിക്ക് കരം ചുമത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് അവകാശമില്ലെന്നായിരുന്നു നിലപാട്. ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ അദ്ദേഹമറിയാതെ സുഹൃത്ത് പുതിയ വീട്ടിൽ സൈനുദ്ദീൻ മരക്കാർ നികുതിയടച്ചു. അടുത്ത വർഷം സൈനുദ്ദീൻ മരിച്ചതോടെ അംശം അധികാരി ഉമർ ഖാദിക്ക് കനത്ത നികുതി ചുമത്തി.
ഖാദി നികുതിയടച്ചില്ല. അധികാരി തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. ജപ്തിക്ക് വന്ന ഉദ്യോഗസ്ഥരും ഖാദിയുമായി വാക്കേറ്റമുണ്ടായി. സംഘർഷത്തിനിടെ ഉദ്യോഗസ്ഥനെ ഖാദി പേനാകത്തി കൊണ്ട് നേരിട്ടു.ഉദ്യോഗസ്ഥർ ചാവക്കാട് തുക്ടി നീബു സായിപ്പിന് റിപ്പോർട്ട് നൽകി. നീബു ഖാദിയെ പിടിച്ചുകൊണ്ടുവരാൻ ഉത്തരവിട്ടു. വിവരമറിഞ്ഞ ഖാദി മഞ്ചലില്‍ ചാവക്കാട്ടേക്ക് തിരിച്ചു. വഴിയിൽ പിടികൂടാനെത്തിയവർ മഞ്ചലിൽനിന്നിറക്കി നടത്തിക്കൊണ്ടുപോകാൻ നിർബന്ധിച്ചു. നീബുവിനെ കാണാൻ പുറപ്പെട്ടതാണ്. പിടിച്ചുകൊണ്ടു പോകുകയായിരുന്നെങ്കിൽ അനുസരിക്കാമായിരുന്നുവെന്ന് പറഞ്ഞ് യാത്രതുടർന്നു. സംഭവം നാടറിഞ്ഞു. ചാവക്കാട്ടെത്തുമ്പോഴേക്കും വന്‍ ജനാവലിയായി.
1800 ഡിസംബർ 17നായിരുന്നു സംഭവം. കച്ചേരിയിൽ എത്തിയ ഖാദി നീബുവിനു മുന്നിെല കസേരയിൽ ഇരുന്നു. ഇഷ്ടപ്പെടാതിരുന്ന നീബു അവജ്ഞയോടെ ഇംഗ്ലീഷിൽ ആക്രോശിച്ചു. ഖാദി അറബിയിൽ വിഡ്ഢിയെന്ന് വിളിച്ച് മറുപടി നൽകി. മുഖത്ത് തുപ്പി. നേരിടാനെത്തിയ പൊലീസുകാരനെ പ്രഹരിച്ചു. ക്ഷുഭിതനായ നീബു ചാവക്കാട് ജയിലിലടച്ചു. എന്നാൽ, ഖാദി രക്ഷപ്പെട്ടു. വിവരം അടുത്ത ദിവസമാണ് പുറത്തറിഞ്ഞത്. സുഹൃത്തിെൻറ സഹായത്തോടെ കോടഞ്ചേരി പള്ളിയിെലത്തി.
തുക്ടി മലബാര്‍ കലക്ടര്‍ മക്ലീനെ വിവരമറിയിച്ചു. തുടർന്ന് വലിയൊരു സംഘമെത്തി അറസ്റ്റുചെയ്തു. വിവരമറിഞ്ഞ നാട്ടുകാർ ഹജൂർ കച്ചേരിക്ക് മുന്നിൽ തടിച്ചുകൂടി. അനുനയിപ്പിക്കാനും മാപ്പു ചോദിക്കാനും നികുതിയടക്കാമെന്ന് സമ്മതിപ്പിക്കാനും മക്ലീൻ ശ്രമിച്ചെങ്കിലും ഖാദി വിസമ്മതിച്ചു. ‘നിങ്ങള്‍ വഞ്ചിച്ചാണ് ഞങ്ങളുടെ രാജ്യം കൈവശപ്പെടുത്തിയത്, ഞാന്‍ ദൈവത്തിെൻറ ഭൂമിക്ക് നികുതി കൊടുക്കില്ല. നീബു അപമര്യാദയായി പെരുമാറിയപ്പോള്‍ ഞാന്‍ തുപ്പിയത് ശരിയാണ്. അക്കാര്യത്തില്‍ നുണ പറയില്ല, മാപ്പുചോദിക്കില്ല’ എന്ന് പ്രതികരിച്ചു.
1819 ഡിസംബര്‍ 19ന് കലക്ടറുടെ ഉത്തരവിനെ തുടർന്ന് ഏതാനും നാൾ ഉമർ ഖാദിയെ തുറുങ്കിലടച്ചു. ജയിലില്‍ കിടന്ന് നീബുവിെൻറ ദുഷ്ചെയ്തികളും ഇംഗ്ലീഷുകാരുടെ ക്രൂരതയും വിവരിച്ച് സുഹൃത്തും വഴികാട്ടിയുമായ മമ്പുറം സയ്യിദലവി തങ്ങള്‍ക്ക് അറബി കവിതയുടെ രൂപത്തിൽ സന്ദേശമയച്ചു. ഖാദിയെ മോചിപ്പിച്ചില്ലെങ്കില്‍ മാപ്പിളമാര്‍ ഒന്നടങ്കം രംഗത്തിറങ്ങുമെന്ന് മമ്പുറം തങ്ങൾ അറിയിച്ചു. വിരണ്ട കലക്ടർ ഖാദിയെ മോചിപ്പിച്ചു. ഖാദി മമ്പുറത്തെത്തി തങ്ങളെ കണ്ടു. പിന്നീട് മരിക്കും വരെ ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാ സമരമാണ് നടത്തിയത്. അതിനിടയിൽ കൊച്ചി, തിരുവിതാംകൂർ ദിവാന്മാരായ നഞ്ചയപ്പ, റഢി റാവു എന്നിവർക്ക് കത്തുകളയച്ച് വെള്ളക്കാർക്കെതിരെ പോരാടാനും ആഹ്വാനം ചെയ്തു.
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും മുമ്പായിരുന്നു ഉമർ ഖാദിയുടെ പോരാട്ടം. സദര്‍ അദാലത്തു കോടതി ജഡ്ജിയായിരുന്ന സ്ട്രയിന്ജ്, അക്കാലത്തെ ശക്തനായ ബ്രിട്ടീഷ് വിരോധിയാണ് ഉമർ ഖാദിയെന്ന് വിശദീകരിച്ച് മദ്രാസ് ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നൽകിയിരുന്നു.