വക്കം മൗലവിയും അറബിഭാഷയും
text_fieldsസാമൂഹിക പരിഷ്കർത്താവ്, നവോത്ഥാന നായകൻ, സ്വാതന്ത്ര്യസമര പോരാളി, പത്രപ്രവർത്തകൻ, പ്രസാധകൻ തുടങ്ങിയ നിലകളിൽ പ്രശസ്തിയാർജിച്ച വക്കം അബ്ദുൽ ഖാദർ മൗലവി സാധ്യമാക്കിയ പരിവർത്തനങ്ങൾ വിസ്മയാവഹമാണ്. 1873 ഡിസംബർ 28ന് തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ വക്കത്താണ് അദ്ദേഹത്തിന്റെ ജനനം. പൗരാവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും വിലകൽപിക്കാതിരുന്ന രാജവാഴ്ചക്കാലത്ത് ജനങ്ങളുടെ സങ്കടങ്ങളും പരാതികളും നിർഭയം പ്രകടിപ്പിക്കാനും ചാഞ്ചല്യമില്ലാതെ വിമർശിക്കാനും പ്രതിജ്ഞാബദ്ധമായ മാധ്യമം എന്ന നിലക്കാണ് മൗലവി 1905ൽ അഞ്ചുതെങ്ങിൽനിന്ന് സ്വദേശാഭിമാനി പത്രം പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. മാധ്യമ സ്വാതന്ത്ര്യത്തിനും നവോത്ഥാന മുന്നേറ്റത്തിനും വേണ്ടി അദ്ദേഹമെടുത്ത ധീരമായ നിലപാടും ത്യാഗങ്ങളും ‘മാധ്യമം’ പലപ്പോഴും ചർച്ച ചെയ്തിട്ടുള്ളതിനാൽ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചാണ് ഇവിടെ കുറിക്കുന്നത്. സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മൗലവിയെ ഏറെ ആകുലനാക്കിയിരുന്നു. പൊതുവിദ്യാലയങ്ങളിൽ നിന്ന് അകന്നുനിന്നിരുന്ന അന്നത്തെ മുസ്ലിം കുട്ടികളെ സ്കൂളുകളിലേക്ക് ആകർഷിക്കാൻ അറബിഭാഷാ പഠനം ഏർപ്പെടുത്തുക വഴി സാധിക്കുമെന്ന് അദ്ദേഹം കണ്ടെത്തി. അങ്ങനെ പൊതുവിദ്യാലയങ്ങളിൽ അറബി ഭാഷാ പഠനം ആരംഭിക്കുന്നതിന് അവസരം സൃഷ്ടിച്ചതും പൊതുവിദ്യാലയങ്ങളിൽ അറബി ഭാഷയും വിദ്യാഭ്യാസ മേഖലയിൽ സമുദായവും ഇന്ന് കൈവരിച്ച പുരോഗതിക്ക് വഴിതുറന്നത് വക്കം മൗലവിയുടെ പ്രയത്നങ്ങളായിരുന്നുവെന്ന് പറയാനാവും.
1912ൽ വക്കം മൗലവി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അറബിഭാഷാ പഠനം ആരംഭിക്കുന്നതിനും മുസ്ലിം വിദ്യാഭ്യാസ പുരോഗതിക്കായി നടപടികൾ സ്വീകരിക്കാനും തിരുവിതാംകൂർ സർക്കാർ തീരുമാനിച്ചത്. ഒരു വർഷത്തിനകം വിദ്യാലയങ്ങളിൽ ഖുർആൻ ടീച്ചർമാരെ നിയമിച്ച് ഉത്തരവിറങ്ങി. അതിന്റെ അടിസ്ഥാനത്തിൽ അറബി പഠിപ്പിക്കുന്ന 75ഓളം സ്കൂളുകൾ തിരുവിതാംകൂർ പ്രദേശത്ത് ആരംഭിച്ചു. ഖുർആൻ ടീച്ചർ എന്ന തസ്തികയിലാണ് അറബി അധ്യാപകരെ ആദ്യം നിയമിച്ചിരുന്നത്. മുസ്ലിം വിദ്യാർഥികൾക്ക് സ്കോളർഷിപ്പും അറബി അധ്യാപകർക്ക് ധനസഹായവും സർക്കാർ നൽകി. എന്നാൽ, അറബി മുൻഷിമാരെ നിയമിക്കുന്നതിന് ആവശ്യമായ യോഗ്യത നിർണയിക്കാൻ പ്രത്യേക സംവിധാനം അന്ന് നിലവിലുണ്ടായിരുന്നില്ല. അതിനുള്ള പരിഹാരമായി അധ്യാപകരുടെ യോഗ്യത നിർണയിക്കാനുള്ള ചുമതല വക്കം മൗലവിക്ക് നൽകപ്പെട്ടു. അറബി പഠിപ്പിക്കാൻ യോഗ്യനാണെന്ന് വക്കം മൗലവി നൽകുന്ന സാക്ഷ്യപത്രം അധ്യാപകനായി നിയമിക്കപ്പെടാൻ അന്ന് പര്യാപ്തമായിരുന്നു. അറബി അധ്യാപകരുടെ കുറവ് നികത്തുന്നതിനു വേണ്ടി ലോവർ, ഹയർ എന്നീ രണ്ട് പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ധാരണയാവുകയും ആ പരീക്ഷകളുടെ നടത്തിപ്പിന് വക്കം മൗലവിയുടെ നേതൃത്വത്തിൽ ബോർഡ് രൂപവത്കരിക്കുകയും ചെയ്തു. അറബി ബോധനത്തിനുള്ള പാഠ്യപദ്ധതി തയാറാക്കേണ്ട ഉത്തരവാദിത്തവും അദ്ദേഹത്തിനായിരുന്നു.
കേരളത്തിലെ മുസ്ലിം സമുദായത്തിനിടയിൽ നിലനിന്നിരുന്ന അറബിഭാഷാ പഠനത്തിലെ അശാസ്ത്രീയത ബോധ്യപ്പെട്ട അദ്ദേഹം ഈജിപ്തിലും മറ്റും അറബി പഠിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ശാസ്ത്രീയ ബോധനരീതികൾ തിരിച്ചറിയുകയും അതിൻപ്രകാരം നവീന പാഠ്യപദ്ധതി തയാറാക്കുകയും ചെയ്തു. ഖുർആൻ ടീച്ചർമാർക്കുവേണ്ടി ‘അഹ്കാമുത്തജ് വീദ്’
എന്ന ലഘു ഗ്രന്ഥവും പ്രാഥമിക ക്ലാസുകളിലേക്കുവേണ്ടി ‘ഇൽമുൽ ഖിറാഅത്ത്’ എന്ന ലഘു പുസ്തകവും അദ്ദേഹം തയാറാക്കി.
തിരുവിതാംകൂറിൽ അറബിഭാഷാ പഠനത്തിലുണ്ടായ വളർച്ചയെ തുടർന്നാണ് കേരള മുസ്ലിം ഐക്യ സംഘത്തിന്റെ നേതൃത്വത്തിൽ മലബാറിലും അറബിഭാഷാ പഠനം സജീവമാകുന്നത്. അറബി ഭാഷയെ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും തുടർന്ന് മുസ്ലിം സമുദായത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതിലും വക്കം മൗലവി പുലർത്തിയ ദീർഘ ദർശനവും കാലോചിതമായ നടപടിക്രമങ്ങളും എന്നും സ്മരിക്കേണ്ടതുണ്ട്.
തിരുകൊച്ചിയിലെ മുൻഷിമാർ ഒത്തുചേർന്ന് രൂപം നൽകിയ തിരുകൊച്ചി അറബിക് മുൻഷീസ് അസോസിയേഷൻ(ടി.സി.എ.എം.എ) സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രി ആയപ്പോൾ നൽകിയ നിവേദനം പരിഗണിച്ച് അറബിക് അധ്യാപകരെ ഭാഷാധ്യാപകരായി അംഗീകരിച്ചു. വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ദീർഘവീക്ഷണത്തോടുകൂടിയുള്ള പ്രവർത്തനങ്ങളുടെ ഫലമായി ഇന്നും പൊതുവിദ്യാലയങ്ങളിൽ അറബിഭാഷാ പഠനം പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയും അതിന്റെ തുടർച്ചയായി കോളജ് തലങ്ങളിലും ഗവേഷണ തലങ്ങളിലും മികവുറ്റ രീതിയിൽ നടക്കുന്നു.
(കേരള അറബിക് മുൻഷീസ് അസോസിയേഷൻ-കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

