മുസ്‍ലിം വോട്ടുകൾക്ക് അയിത്തമോ?
text_fieldsമനുഷ്യചരിത്രത്തിലെ ഏതാണ്ടെല്ലാ സാമ്രാജ്യങ്ങളും മതങ്ങളും, പ്രജകളുടെയും വിശ്വാസികളുടെയും തുല്യത തത്വത്തിലെങ്കിലും അംഗീകരിക്കുന്നവയായിരുന്നു. അയിത്തവും തീണ്ടലും അടിസ്ഥാന സംഘാടകതത്വമായിട്ടുള്ള ഒരു സാമൂഹികസംവിധാനം ഇന്ത്യയിലൊഴികെ ലോകത്ത് മറ്റൊരിടത്തുമുണ്ടായിട്ടില്ല. ഇവിടെ സമൂഹത്തിന്റെ നിർമിതിതന്നെ അസമത്വത്തിൽ അധിഷ്ഠിതമായിരുന്നു. അതിനെയാണ് ‘സനാതനധർമം’, ‘ആർഷഭാരതസംസ്കാരം’ എന്നൊക്കെയുള്ള പലതരം അന്യാപദേശ സംജ്ഞകൾ കൊണ്ട് വിശേഷിപ്പിച്ചുപോന്നതും വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നതും.
ഇന്ത്യൻ സമൂഹത്തിലെ 90 ശതമാനത്തിലേറെ മനുഷ്യർ ജന്മംകൊണ്ടുതന്നെ അയിത്തശരീരങ്ങളുടെ ഉടമകളാണെന്ന് സനാതനധർമം പ്രഖ്യാപിക്കുന്നു. ഔദ്യോഗിക രേഖകളിൽ ‘ഹിന്ദു’ എന്ന് രേഖപ്പെടുത്തിയ വിഭാഗത്തിൽപ്പെട്ട അവർണരെയാണ് അടുത്തകാലം വരെയും അയിത്തജാതികളായും തീണ്ടുന്നവരായും കണക്കാക്കിയിരുന്നത്. എന്നാൽ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പോടെ അയിത്തത്തിന് പുതിയൊരു വ്യാപ്തി സംഭവിച്ചിരിക്കുന്നു. കേരളത്തിലെ മുസ്‍ലിം ജനതയെയും പരമ്പരാഗതമായ അയിത്ത ജനതയുടെ അർത്ഥപരിധിയിലേക്കു മാറ്റിയിരിക്കുന്നു.
ഏപ്രിൽ 9-ന് കേരളത്തിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിനു മുമ്പുള്ള ദിവസങ്ങളിൽ, സി.പി.എമ്മിന്റെയും ബി.ജെ.പി നേതാക്കളും നടത്തിയ പരസ്യപ്രസ്താവനകൾ ഇന്നാട്ടിലെ മുസ്‍ലിംകളെ അയിത്തക്കാരാക്കുന്ന തരത്തിലുള്ളതായിരുന്നു. യു.ഡി.എഫ് ജയിച്ചാൽ കേരളം ഭരിക്കുന്നത് ‘മുസ്‍ലിം തീവ്രവാദി’കളായിരിക്കും, ‘കേരളത്തിൽ മാറാട് ആവർത്തിക്കും’ ‘ആഭ്യന്തര വകുപ്പ് ലീഗിന് ലഭിക്കും’ മുസ്‍ലിം ലീഗ് നേതാവ് ഉപമുഖ്യമന്ത്രിയാവും...തുടങ്ങിയ പ്രസ്താവനകൾ സി.പി.എമ്മും ബി.ജെ.പിയും നിരന്തരം ആവർത്തിച്ചു. മുസ്‍ലിം ലീഗിന്റെ വർധിച്ച ജനപിന്തുണയിൽ, യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടുമെന്ന ആശങ്കയായിരുന്നു ഇത്തരം ഇസ്‍ലാംവിരുദ്ധ പ്രസ്താവനകൾക്കു പിന്നിൽ.
പിണറായി വിരുദ്ധ തരംഗത്തിൽ, സി.പി.എം എന്ന രാഷ്ട്രീയ മാഫിയ തകരുകയും യു.ഡി.എഫ് വൻ വിജയം നേടുകയും ചെയ്തത് ‘മുസ്‍ലിം വർഗീയത’യുടെ ഏകീകരണമാണെന്നാണ് സി.പി.എം - ബി.ജെ.പി ഇരട്ടകളുടെ വ്യാഖ്യാനം. ഇത് നമുക്ക് പരിചിതമായ ‘ഇസ്‍ലാമോഫോബിയ’ അല്ല. മുസ്‍ലിംകളുടെ വോട്ടുകൊണ്ടുള്ള യു.ഡി.എഫ് വിജയത്തിന് ആചാരപരമായ സാധൂകരണമില്ലെന്ന പരോക്ഷമായ ആക്ഷേപമാണിത്. അതായത്, ഒ.ബി.സി - ദലിത് - ആദിവാസികളെപ്പോലെ, കേരളത്തിലെ 27 ശതമാനം വരുന്ന മുസ്‍ലിംകൾ സനാതനധർമത്തിന്റെ പുതുവ്യാഖ്യാനമനുസരിച്ച് അയിത്തക്കാരായി മാറിയിരിക്കുന്നു. അതിനാൽ, മുസ്‍ലിം വോട്ടുകൾ ‘അയിത്ത വോട്ടുകളാ’ണ്. അയിത്ത വോട്ടുകൾക്കും ആ വോട്ടുകൾ കൊണ്ട് വിജയിച്ച യു.ഡി.എഫിനും അതിനാൽ സനാതനധർമാചാരത്തിന്റെ സാധൂകരണമുണ്ടാവില്ല!
പരമ്പരാഗത അയിത്തജനതയോടൊപ്പം മുസ്‍ലിംകൾ കൂടി ചേരുമ്പോൾ, 90 ശതമാനത്തിലേറെ വരുന്ന കേരള ജനത, അയിത്ത മഹാജനതയായി മാറും. ഇനിയുള്ള നാളുകളിൽ നാം കാണാൻ പോകുന്നത് ‘അയിത്തകേരള’ത്തിനെതിരെ ഉയരുന്ന കാവി-ചെങ്കൊടികളുടെ കരാള തെയ്യാട്ടങ്ങളായിരിക്കും.
ഇതിനൊരു മറുവശവുമുണ്ട്. അയിത്തമുസ്‍ലിംകളുടെ വരവോടെ, പരമ്പരാഗത അയിത്തജനത കൂടുതൽ ശക്തിയാർജിക്കും. അയിത്തമെന്ന ദുർമന്ത്രവാദത്തിലൂടെ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന സനാതനധർമഭീകരതക്കെതിരെ പുതിയൊരു ‘അയിത്തമുന്നണി’ രൂപംകൊള്ളാനുള്ള സാധ്യത അത് തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

