Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅസംബന്ധം, ഭരണഘടന...

അസംബന്ധം, ഭരണഘടന വിരുദ്ധം

text_fields
bookmark_border
അസംബന്ധം, ഭരണഘടന വിരുദ്ധം
cancel

ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് എത്രത്തോളം അഭികാമ്യമായിരിക്കും? പ്രധാനമന്ത്രി നരേന്ദ്ര മോദി ആറുമാസമായി ആവര്‍ത്തിച്ച് ഉരുവിടുന്ന പല്ലവികളിലൊന്നാണ് തെരഞ്ഞെടുപ്പുകളുടെ സമയ ഏകീകരണം. ചില മാധ്യമങ്ങളും നേതാക്കളും അതിന്‍െറ മേന്മകള്‍ വാഴ്ത്താന്‍ രംഗപ്രവേശം ചെയ്തതായും കാണാം. വേണ്ടത്ര പൊതുചര്‍ച്ചകളോ സംവാദങ്ങളോ അഭിപ്രായ സമവായ രൂപവത്കരണ പരിപാടികളോ ഇല്ലാതെ ഇത്തരമൊരു നിര്‍ദേശത്തെ അനുകൂലിക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് കമീഷനും നിതി ആയോഗും പ്രതികരിച്ചത് നിര്‍ഭാഗ്യകരമാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും വിവിധ സംസ്ഥാന ഭരണകൂടങ്ങളുമായും ഇതുസംബന്ധിച്ച് കൂടിയാലോചനകള്‍ നടത്താതിരിക്കുന്നത് മാപ്പര്‍ഹിക്കാത്ത ജനാധിപത്യവിരുദ്ധതയാണ്. സാര്‍ഥകമായ ഒരു സംവാദം ആരംഭിക്കണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളും സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന യഥാര്‍ഥ സ്ഥിതിവിശേഷങ്ങളും ഗ്രഹിച്ചിരിക്കേണ്ടതും അനിവാര്യമാണ്.

2019 മേയോടെ അവസാനിക്കുകയാണ് നിലവിലെ ലോക്സഭയുടെ കാലാവധി. 2014 മേയിലെ തെരഞ്ഞെടുപ്പില്‍ തന്‍െറ അധികാര ആരോഹണത്തിലേക്ക് നയിച്ച ആവേശാന്തരീക്ഷം പടിപടിയായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയെ സംബന്ധിച്ച പൂര്‍ണ ബോധ്യമാണ് ‘ഒറ്റത്തവണ തെരഞ്ഞെടുപ്പ്’ എന്ന നിര്‍ദേശം മോദി ഉന്നയിച്ചുകൊണ്ടിരിക്കുന്നതിലെ അടിസ്ഥാന പ്രേരണ. 2004-2014 കാലത്ത് യു.പി.എ സര്‍ക്കാറുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ ജനങ്ങളുടെ ഹൃദയങ്ങളെ അത്യധികം വിഷമിപ്പിക്കുകയുണ്ടായി. ടെലികോം-കല്‍ക്കരി ഖനി കുംഭകോണങ്ങള്‍ സുപ്രീംകോടതിയില്‍ തുറന്നുകാട്ടപ്പെട്ടത് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ട ചട്ടക്കൂടുകള്‍ ഒരുക്കി.

കരുത്തുറ്റ സര്‍ക്കാര്‍ എന്ന പ്രതിച്ഛായ ഗുജറാത്ത് ഭരണകാലത്ത് സ്വന്തമാക്കാന്‍ ആര്‍.എസ്.എസിന്‍െറ പിന്തുണയോടെ മോദിക്ക് സാധ്യമായിരുന്നു. ഗുജറാത്തിലെ മുസ്ലിം വംശഹത്യയിലൂടെ വിട്ടുവീഴ്ചയില്ലാത്ത കര്‍ക്കശക്കാരന്‍ എന്ന പ്രതിച്ഛായയും അദ്ദേഹം നേടിയെടുത്തു. ആര്‍.എസ്.എസ് നടത്തിയ ധ്രുവീകരണം അത്രയധികം വ്യാപകമായിരുന്നു. ഇതര രാഷ്ട്രീയ പാര്‍ട്ടികളിലെ ഛിദ്രതകളായിരുന്നു ബി.ജെ.പിയുടെ ലോക്സഭാ വിജയത്തിന് നിദാനമായ മറ്റൊരു ഘടകം. കോര്‍പറേറ്റുകളില്‍നിന്ന് ലഭിച്ച അകമഴിഞ്ഞ പിന്തുണയും നിര്‍ണായകമായി. ഇത്തരം അനുകൂലാവസ്ഥകള്‍ക്കിടയിലും ബി.ജെ.പി ആകര്‍ഷിച്ചത് 31 ശതമാനം വോട്ടുകള്‍ മാത്രം.

എന്നാല്‍, മോദി സൃഷ്ടിച്ച മിഥ്യയായ പ്രതിച്ഛായയുടെ സ്ഫടികാവരണങ്ങള്‍ വീണുടയാന്‍ തുടങ്ങിയിരിക്കുന്നു. ബി.ജെ.പി വിജയം ആവര്‍ത്തിക്കുമെന്ന ശുഭാപ്തി കടുത്ത മോദി ഭക്തരില്‍പോലും കാണാന്‍ സാധിക്കുന്നില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് മഹാതോല്‍വിയുടെ അധ്യായമായേക്കുമെന്ന ആശങ്കയാണ് ‘ഒറ്റത്തവണ ഇലക്ഷന്‍’ എന്ന വായ്ത്താരി പുറത്തുവിടുന്നതിന് പിന്നിലെ രഹസ്യമെന്ന് വ്യക്തം. എന്നാല്‍, ഈ കൗശലത്തിന് മുന്നില്‍ ഭരണഘടന ചട്ടങ്ങള്‍ വിഘാതങ്ങള്‍ ഉയര്‍ത്തുന്നു. ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി സാമാജികരുടെ പ്രഥമ സമ്മേളനത്തിനുശേഷം അഞ്ചു വര്‍ഷമായിരിക്കുമെന്ന് ഭരണഘടന കൃത്യമായി അനുശാസിക്കുന്നു (44ാം ഭേദഗതി, 83, 172 വകുപ്പുകള്‍). അതിനാല്‍ മേയ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭ  ഇലക്ഷനുകള്‍ നടത്തുന്നത് ഭരണഘടനയുടെ ലംഘനമാകും.

വിവിധ നിയമസഭകളുടെ കാലാവധി പരിശോധിക്കുന്നപക്ഷം ഇക്കാര്യം അനായാസം ബോധ്യമാകും. 2019ല്‍ ഒരുമിച്ച് ഇലക്ഷന്‍ നടത്തണമെങ്കില്‍ ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നിയമസഭകളുടെ കാലാവധി അഞ്ചുമാസം വീതം ദീര്‍ഘിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകും. മിസോറം നിയമസഭയുടേത് ആറുമാസവും കര്‍ണാടകയുടേത് 12 മാസവും ദീര്‍ഘിപ്പിക്കേണ്ടതായി വരും. മറുവശത്ത് മഹാരാഷ്ട്ര (അഞ്ചുമാസം), ഝാര്‍ഖണ്ഡ് (ഏഴുമാസം), ഡല്‍ഹി (എട്ടുമാസം) എന്നീ സഭകളുടെ കാലാവധി ബ്രാക്കറ്റിലെ മാസങ്ങളുടെ എണ്ണ പ്രകാരം വെട്ടിച്ചുരുക്കാനും തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ബന്ധിതമാകും. യു.പി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിയമസഭ ഇലക്ഷന്‍ ആസന്നമായിരിക്കുന്നു. കേരളം, ബിഹാര്‍, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ പ്രതിപക്ഷം ഭരിക്കുന്ന സഭകളുടെ കാലാവധി 2021 വരെയുണ്ട്. അവയുടെ കാലാവധി വെട്ടിച്ചുരുക്കാനുള്ള നീക്കം എങ്ങനെ സ്വീകാര്യമാകും?

ഒറ്റത്തവണ ഇലക്ഷന്‍ ആശയം പ്രായോഗികമായി നടപ്പാക്കാനുള്ള ആവേശം കലശലാണെങ്കില്‍ നിലവിലെ പാര്‍ലമെന്‍റ് 2017ല്‍ പിരിച്ചുവിടുകയാണ് ആദ്യം വേണ്ടത്. അതോടൊപ്പം ബി.ജെ.പി അധികാരം വാഴുന്ന സംസ്ഥാനങ്ങളിലെ സഭകളും പിരിച്ചുവിടാം. എന്നാല്‍, കുറെ സംസ്ഥാന സഭകളിലും ലോക്സഭയിലും ഒരേഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയതായി ചാരിതാര്‍ഥ്യമടയാം. പക്ഷേ, ബി.ജെ.പിയും പ്രധാനമന്ത്രിയും അതിന് തയാറാകുമോ? ഇല്ല എന്നുതന്നെ ഉത്തരം.
ഈ പശ്ചാത്തലത്തില്‍ നടക്കാനിടയില്ലാത്ത ഒരു അസംബന്ധവാദം എന്തിന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു? സ്വന്തം ഭരണപരാജയവും പാളിച്ചകളും മറച്ചുപിടിക്കാനുള്ള കണ്‍കെട്ട് വിദ്യ മാത്രമാണ് സംയുക്ത ഇലക്ഷന്‍ നിര്‍ദേശം മുന്നോട്ടുവെക്കുന്നതിനു പിന്നിലെ യുക്തി.

സഭകളുടെ കാലാവധി അട്ടിമറിക്കാനുള്ള ഇത്തരം സൂത്രപ്പണികള്‍ ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂട് തകര്‍ക്കുന്ന ആപല്‍ക്കരമായ പ്രവണതയാണത്. ഫെഡറലിസത്തിന്‍െറ ലക്ഷ്യങ്ങള്‍ ഇതുവഴി അപ്രാപ്യമാകും. കേന്ദ്ര സര്‍ക്കാറിന്‍െറ ചുമതലകള്‍, സംസ്ഥാന സര്‍ക്കാറിന്‍െറ ചുമതലകള്‍, സംയുക്ത ചുമതലകള്‍ എന്നിങ്ങനെ ഭരണഘടന പട്ടിക തിരിച്ച് തയാറാക്കിയ നിയമാവലികളുടെ ലക്ഷ്യം അധികാര വികേന്ദ്രീകരണമായിരുന്നു. എന്നാല്‍, ഈ വികേന്ദ്രീകരണ സങ്കല്‍പത്തിന് നിരക്കാത്ത നിര്‍ദേശങ്ങളിലൂടെ സംസ്ഥാനങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ നിരാകരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ വ്യാപൃതനായിരിക്കുകയാണ് പ്രധാനമന്ത്രി.

സുപ്രീംകോടതി 1951ലെ വിധിയില്‍ ഇപ്രകാരം വ്യക്തമാക്കുന്നു: ‘സംസ്ഥാന നിയമസഭ കേന്ദ്ര പാര്‍ലമെന്‍റിന്‍െറ ഭാഗമല്ല; രണ്ടും ഭരണഘടനയില്‍നിന്നാണ് അധികാരമാര്‍ജിക്കുന്നത്. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സമ്പൂര്‍ണ അധികാരങ്ങള്‍ തന്നെയുണ്ട്’.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഫെഡറല്‍ വ്യവസ്ഥകള്‍ കേന്ദ്രഭരണത്തിനും സംസ്ഥാന സഭകള്‍ക്കും വ്യക്തമായ അധികാരങ്ങള്‍ നിര്‍ണയിച്ച് നല്‍കിയിരിക്കുന്നു. അമേരിക്കയില്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിയമങ്ങള്‍ നിലനില്‍ക്കുന്നു. ഒരു സംസ്ഥാനത്തെ വൈദ്യബിരുദം മറ്റൊരു സംസ്ഥാനം അംഗീകരിക്കേണ്ട ബാധ്യത ഇല്ലാത്തവിധം വിപുലമാണ് സംസ്ഥാനങ്ങളുടെ അധികാരം. ആഭ്യന്തരകലാപത്തിന്‍െറ ചരിത്രപശ്ചാത്തലമാണ് ഇത്തരം നിയമവൈവിധ്യങ്ങള്‍ ആവിഷ്കരിക്കാന്‍ യു.എസ് ഭരണഘടന ശില്‍പികള്‍ക്ക് പ്രേരണയായത്.

കേന്ദ്ര-സംസ്ഥാന മുന്‍ഗണനകള്‍ വ്യത്യസ്തമായതിനാല്‍ സംയുക്ത ഇലക്ഷന്‍ എന്ന ആശയം എത്രയും വേഗം ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. പ്രാദേശിക പാര്‍ട്ടികള്‍ക്കുമേല്‍ ദേശീയ പാര്‍ട്ടികള്‍ അധീശത്വം പുലര്‍ത്താന്‍ അവസരം നല്‍കുന്ന നീക്കങ്ങളെ ജനാഭിലാഷങ്ങള്‍ക്ക് വിരുദ്ധമായ പ്രവണതയായേ വിലയിരുത്താനാകൂ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election date
News Summary - uniqe date for parliment and assembly election is against constitution
Next Story