Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപഞ്ചസാരയില്‍ പൊതിഞ്ഞ...

പഞ്ചസാരയില്‍ പൊതിഞ്ഞ വിഷഗുളിക

text_fields
bookmark_border
പഞ്ചസാരയില്‍ പൊതിഞ്ഞ വിഷഗുളിക
cancel

ഏകസിവില്‍കോഡ് പഞ്ചസാരയില്‍ പൊതിഞ്ഞ വിഷഗുളികയാണ്. എല്ലാവര്‍ക്കും ഒരുപോലെ നിയമങ്ങള്‍ എന്ന് കേള്‍ക്കാന്‍ രസമുള്ളതാണ്. എന്നാല്‍, രാജ്യത്ത് ഇപ്പോള്‍ തന്നെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെയാണ്. അപ്പോള്‍ സിവില്‍കോഡിന്‍െറ മാറ്റമല്ല സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്, മുസ്ലിം വ്യക്തിനിയമത്തിലെ മാറ്റം എന്ന് വ്യക്തം. മുസ്ലിം വ്യക്തിനിയമത്തില്‍ മാറ്റം വരുത്താന്‍ വിശ്വാസപരമായി സാധ്യമല്ലാത്തതുകൊണ്ടാണ് ഭരണഘടന നിര്‍മാതാക്കള്‍ അതേക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്തത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ശരീഅത്തില്‍ അധിഷ്ഠിതമാണ് മുസ്ലിം വ്യക്തിനിയമങ്ങള്‍. ശരീഅത്താകട്ടെ വിശുദ്ധ ഖുര്‍ആനില്‍ അധിഷ്ഠിതവും. വിശുദ്ധ ഖുര്‍ആനാകട്ടെ ദൈവ നിര്‍മിതവും.

വ്യക്തിനിയമത്തിന്‍െറ കാര്യത്തില്‍ ഓരോ മത വിശ്വാസിക്കും അതത് ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്. അതിനനുസരിച്ചുള്ള നിയമങ്ങളാണ് ഉള്ളത്. മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് രൂപവത്കരിക്കപ്പെട്ട കാലം മുതല്‍ മുസ്ലിം സമുദായത്തിന്‍െറ ആചാര അനുഷ്ഠാന പരിരക്ഷയാണ്  ശരീഅത്തിന്‍െറ അടിസ്ഥാനത്തില്‍ നിര്‍വഹിച്ച് പോരുന്നത്.  വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നീ കാര്യങ്ങളില്‍ ഓരോ മതവിശ്വാസിക്കും അവരുടേതായ വ്യക്തിനിയമങ്ങളുണ്ട്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടേതായ നിയമങ്ങളുണ്ട്. അതെല്ലാം കൂടി ഒന്നായി മാറ്റാനുള്ള ശ്രമങ്ങള്‍ എത്രമാത്രം യുക്തിരഹിതമാണ്. അതിനാല്‍ മുസ്ലിംകള്‍ മാത്രമല്ല എല്ലാ മതവിഭാഗക്കാരും അവരുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുമ്പോള്‍ പ്രതിഷേധിക്കുക സ്വാഭാവികമാണ്.

മുസ്ലിം വിശ്വാസം ശരീഅത്തില്‍ അധിഷ്ഠിതമായതിനാല്‍ അതില്‍നിന്നുള്ള ഒരു വ്യതിചലനത്തെയും വിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. അതാണ് ഏക സിവില്‍കോഡിനോടുള്ള എതിര്‍പ്പിന്‍െറ അടിസ്ഥാനം. ഡോ. അംബേദ്കര്‍ അടക്കമുള്ള ഭരണഘടനാ ശില്‍പികള്‍ കോണ്‍സ്റ്റിറ്റുവന്‍റ് അസംബ്ളിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. വിശ്വാസികള്‍ക്ക് ആവശ്യമായ കാലത്ത് ആവശ്യമായ ഭേദഗതികള്‍ ഉണ്ടാകും. അക്കാര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസ അവകാശങ്ങള്‍ സംരക്ഷിക്കണം എന്ന കാര്യത്തില്‍ നെഹ്റുവിനും ഉറച്ച നിലപാടായിരുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ നയവും നിലപാടും അതുതന്നെയാണ്. അതില്‍ നിന്ന് മുസ്ലിം വ്യക്തിനിയമത്തെ മാത്രം എടുത്തുമാറ്റി അതെന്തോ കുഴപ്പമാണെന്ന് പ്രചരിപ്പിച്ച് തങ്ങളുടെ ഹിഡന്‍ അജണ്ട സ്ഥാപിക്കാനാണ് സംഘ്പരിവാര്‍ ശക്തികളും നരേന്ദ്ര മോദിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിം വ്യക്തിനിയമത്തെ ഉന്നംവെച്ചുകൊണ്ട് ഏകസിവില്‍കോഡ് രാജ്യത്തിന്‍െറ അടിയന്തര ആവശ്യമാണെന്ന തോന്നലുണ്ടാക്കാനാണ് ഹിന്ദുത്വശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുത്തലാഖുമായി ബന്ധപ്പെട്ടും ഇപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ത്തുകയാണ്.

ശരീഅത്ത് നിയമത്തിന്‍െറ വ്യവസ്ഥകള്‍ വിലയിരുത്തി ഓരോ രാജ്യത്തും ഉണ്ടാകുന്ന സാമൂഹിക മാറ്റങ്ങള്‍ക്കും മതപണ്ഡിതരുടെ വ്യാഖ്യാനങ്ങള്‍ക്കും അതനുസരിച്ച് അതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുസ്ലിം രാജ്യങ്ങളില്‍ വരെ മുത്തലാഖില്‍ മാറ്റങ്ങള്‍ ഉണ്ടായി. കേരളീയ സമൂഹത്തില്‍ പോലും പണ്ടുണ്ടായിരുന്ന ബഹുഭാര്യത്വം ഇന്ന് സാമൂഹിക സാമ്പത്തിക മാറ്റത്തിന്‍െറ ഫലമായി നിലവിലില്ല. കോടതി വിധിയിലൂടെയോ ഭരണഘടനാഭേദഗതിയിലൂടെയോ പരിഷ്കരിക്കേണ്ട ഒന്നല്ല മുത്തലാഖ്. വിശ്വാസത്തിന്‍െറ ഭാഗമായതിനാല്‍ മതപണ്ഡിതരുടെ വ്യാഖ്യാനങ്ങളിലൂടെയും മതപരമായ വ്യവസ്ഥകളിലൂടെയും അല്ലാതെ അതില്‍ മാറ്റം വരുത്താന്‍ കഴിയില്ല. എന്നാല്‍, മുത്തലാഖിന്‍െറ മറവില്‍ ഏകസിവില്‍കോഡിന് വേണ്ടിയുള്ള പ്രചാരണം വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുകയാണ്. ഇത് തിരിച്ചറിയാനുള്ള ബോധവും വിശ്വാസ അര്‍പ്പണവും മുസ്ലിം സമൂഹത്തിന് ഉണ്ട്. കോണ്‍ഗ്രസ് ഈ രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം കാലം മുസ്ലിംകള്‍ അടക്കമുള്ള ഒരു ന്യൂനപക്ഷ വിഭാഗത്തിന്‍െറയും വിശ്വാസ്യതയെ തകര്‍ക്കാനോ അതില്‍ മാറ്റം വരുത്താനോ ഒരു ശക്തിക്കും കഴിയുകയില്ല. ഏകസിവില്‍കോഡ് രാജ്യത്തെ പലതട്ടില്‍ നിര്‍ത്താനും ജനങ്ങളെ തമ്മിലടിപ്പിക്കാനും വേണ്ടിയുള്ള വിഷഗുളികമാത്രമാണ്.

 

Show Full Article
TAGS:personal law board uniforn civilcode 
News Summary - uniform civil code
Next Story