Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയുനെസ്കോയില്‍ ഒരു...

യുനെസ്കോയില്‍ ഒരു ഫലസ്തീന്‍ വിജയം

text_fields
bookmark_border
യുനെസ്കോയില്‍ ഒരു ഫലസ്തീന്‍ വിജയം
cancel

ആറു ദിന യുദ്ധം എന്ന പേരില്‍ വിശ്രുതമായ അറബ്-ഇസ്രായേല്‍ സംഘട്ടനമാണ് ഇസ്രായേലിന് കിഴക്കന്‍ ജറൂസലമില്‍ കടന്നുകയറാന്‍ അവസരം നല്‍കിയത്. പുണ്യഗേഹമായ മസ്ജിദുല്‍ അഖ്സയുടെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമായ കിഴക്കന്‍ ജറൂസലം അതോടെ, ലോക രാഷ്ട്രീയത്തിന്‍െറ, വിശിഷ്യ അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തിന്‍െറ കേന്ദ്രമായിത്തീര്‍ന്നു. മസ്ജിദുല്‍ അഖ്സ മുസ്ലിം ലോകത്തിന്‍െറ ഒന്നാമത്തെ ‘ഖിബ്ല’യായിരുന്നു; പുണ്യഗേഹങ്ങളില്‍ മൂന്നാമത്തേതും.

എന്നാല്‍, 1967ല്‍ ആയുധശക്തികൊണ്ട് സ്ഥലം കൈയേറിയതുമുതലേ, മസ്ജിദുല്‍ അഖ്സക്ക് കേടുവരുത്താനും അത് നശിപ്പിക്കാനും ഇസ്രായേല്‍ ശ്രമിച്ചുവരുകയാണ്. ആരാധനക്കായി പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുകയും പൊലീസും പട്ടാളവും അവര്‍ക്കെതിരെ ബലംപ്രയോഗിക്കുകയും ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ താക്കീതുകളൊക്കെ ഇസ്രായേല്‍ തൃണവത്ഗണിക്കുന്നു. അതുകൊണ്ടാണ്, അല്‍ജീരിയ, ഈജിപ്ത്, ലബനാന്‍, മൊറോക്കോ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഇസ്രായേലിനെതിരെ യുനെസ്കോയില്‍ പ്രമേയം കൊണ്ടുവന്നത്. 24 വോട്ട് അനുകൂലവും ആറു വോട്ട് എതിരുമായി പ്രമേയം പാസായതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചിരിക്കുന്നത്.

2016 ഒക്ടോബര്‍ 14ന് -പ്രമേയം പാസായതിന്‍െറ അടുത്തദിവസംതന്നെ -ഇസ്രായേല്‍ യുനെസ്കോയുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചു. ‘യുനെസ്കോ’യുടെ ഡയറക്ടര്‍ ജനറല്‍ ഇറീന ബൊക്കോവക്ക് ഇസ്രായേല്‍ വിദ്യാഭ്യാസമന്ത്രി എഴുതി: ‘‘യുനെസ്കോ ഇസ്ലാമിക ഭീകരതയെ സഹായിക്കുകയാണ്. സഹസ്രാബ്ദങ്ങളായി ജറൂസലവുമായി ഇസ്രായേല്‍ പുലര്‍ത്തുന്ന ചരിത്രപരമായ ബന്ധം യുനെസ്കോ അവഗണിച്ചിരിക്കുന്നു. അതിനാല്‍, ഇസ്രായേല്‍ നാഷനല്‍ കമീഷനോട് യുനെസ്കോയുമായുള്ള എല്ലാ ബന്ധങ്ങളും വേര്‍പെടുത്താന്‍ ഉത്തരവ് നല്‍കുകയാണ്.’’

1948ലാണ് ആദ്യത്തെ അറബ്-ഇസ്രായേല്‍ യുദ്ധം നടന്നത്. തുടര്‍ന്ന്, ജറൂസലം വിഭജിക്കപ്പെട്ടു. പശ്ചിമഭാഗം ഇസ്രായേലിന്‍േറതായി. കിഴക്കുഭാഗം ജോര്‍ഡന്‍േറതും. അടുത്തവര്‍ഷംതന്നെ ഇസ്രായേല്‍ ജറൂസലം അവരുടെ തലസ്ഥാനമാക്കി. എന്നാല്‍, 1967ലെ ‘ആറുദിവസ’  യുദ്ധശേഷം, ജോര്‍ഡന്‍െറ ഭാഗമായിരുന്ന കിഴക്കന്‍ ജറൂസലവും തങ്ങളുടേതാണെന്ന് ഇസ്രായേല്‍ ശഠിച്ചു! ജൂത കൂടിയേറ്റക്കാരുടെയും സയണിസ്റ്റ് സംഘടനകളുടെയും താല്‍പര്യമായിരുന്നു അത്. നഗരാതിര്‍ത്തികള്‍ അവര്‍ സ്വതേഷ്ടം വികസിപ്പിച്ചു. പടിഞ്ഞാറേകരയുടെ (west Point) ഭാഗങ്ങളും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലായിടത്തും നീതി-ന്യായാധികാരങ്ങള്‍ അവരുടേതായി. മസ്ജിദുല്‍ അഖ്സയില്‍ പൊലീസും പട്ടാളവും പ്രവേശിച്ചു! ജറൂസലമിലും ഗസ്സയിലും അധിനിവിഷ്ട പടിഞ്ഞാറേകരയിലും പ്രതിഷേധം കൊടുമ്പിരിക്കൊണ്ടു! ശതക്കണക്കിന് ഫലസ്തീനികള്‍ രക്തസാക്ഷികളായി. ഐക്യരാഷ്ട്രസഭ  ഇസ്രായേലിന്‍െറ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ 2013 വരെയായി 45 പ്രമേയങ്ങള്‍ പാസാക്കി ഇസ്രായേലിനെ അപലപിച്ചു. പക്ഷേ, ഇതൊന്നും ഇസ്രായേലിനെ തരിമ്പും കുലുക്കിയില്ല. അവരുടെ നിയമലംഘനങ്ങളെ പിന്തുണക്കാന്‍ എപ്പോഴും അമേരിക്ക കൂടെയുണ്ടായിരുന്നു!


പൂര്‍വ ദൃശ്യങ്ങള്‍

ആദ്യ പിതാവായ ആദം തന്നെയാണ് ആദ്യമായി മസ്ജിദുല്‍ അഖ്സ നിര്‍മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പ്രവാചക പുംഗവനായ ഇബ്രാഹീം നബി അത് പുതുക്കിപ്പണിതു. ഇബ്രാഹീമിന്‍െറ ഇളയ പുത്രന്‍ ഇസ്ഹാഖ് ഇവിടെ ആരാധന നടത്തിയിരുന്നു. ഇസ്ഹാഖിന്‍െറ രണ്ടാമത്തെ പുത്രനായ യഅ്ഖൂബ് ബൈത്തുല്‍ മുഖദ്ദിസ് എല്ലാ ദൈവവിശ്വാസികള്‍ക്കുമുള്ള ആരാധനാലയമായി വിപുലപ്പെടുത്തിയെന്ന് ചരിത്രം കുറിക്കുന്നു.  പ്രവാചകരായ യൂസുഫ് (Joseph), ദാവൂദ് (David), സുലൈമാന്‍ (Solomon), മൂസ (Moses)  തുടങ്ങി അനേകം പ്രവാചകരുടെ പാദസ്പര്‍ശംകൊണ്ട് മഹത്വവത്കരിക്കപ്പെട്ട ഇടമാണിത്.
പ്രവാചകന്‍ മൂസ നബിയുടെ കാലത്ത് ഇസ്രായേലികള്‍ ഈജിപ്തില്‍ ഫറോവയുടെ അടിമകളായി കഴിയുകയായിരുന്നല്ളോ. അവരെ മോചിപ്പിക്കാന്‍ മൂസ ശ്രമിക്കുകയുണ്ടായി. എന്നാല്‍, ധിക്കാരികളായ അവര്‍ 40  വര്‍ഷക്കാലം സീനാ മരുഭൂമിയില്‍ അലഞ്ഞുനടന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇതൊക്കെയും ക്രിസ്ത്വബ്ദത്തിന് മുമ്പുള്ള കാര്യങ്ങള്‍.

ക്രിസ്തുവിനുശേഷം  70ല്‍ ജറൂസലം റോമിന്‍െറ കീഴിലായപ്പോള്‍ ക്രിസ്ത്യാനികളും ജൂതന്മാരും അവിടന്ന് പുറന്തള്ളപ്പെട്ടു. ജറൂസലം അവര്‍ അഗ്നിക്കിരയാക്കി. ക്രിസ്ത്വബ്ദം 315ല്‍ കോണ്‍സ്റ്റന്‍ൈറന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചുവെങ്കിലും ‘മസ്ജിദുല്‍ അഖ്സ’ പഴയപടിതന്നെ അവഗണിക്കപ്പെട്ടു. രണ്ടാം ഖലീഫ ഉമര്‍ ക്രിസ്ത്വബ്ദം 636ല്‍ ജറൂസലം ജയിച്ചടക്കിയപ്പോള്‍  സ്വകരങ്ങളാല്‍ മസ്ജിദുല്‍ അഖ്സ മാലിന്യമുക്തമാക്കി ശുദ്ധീകരിച്ചതായി പറയുന്നു. നീതിമാനായ അദ്ദേഹം തന്‍െറ ഭരണത്തിന്‍കീഴിലെ ന്യൂനപക്ഷമായ ജൂതന്മാരോട് കരുണയുള്ളവനായിരുന്നു. അയല്‍പ്രദേശവാസികളായിരുന്ന 70 ജൂതകുടുംബങ്ങള്‍ക്ക് അദ്ദേഹം അവിടെ താമസത്തിന് സൗകര്യം ചെയ്തുകൊടുത്തു.

ഈ വസ്തുതകള്‍ മാനിച്ചുകൊണ്ടായിരിക്കണം ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഫലസ്തീനനുകൂലമായി വോട്ടു ചെയ്തത്. എന്നാല്‍, ബ്രിട്ടന്‍ ഇസ്രായേലിനോടൊപ്പം നിന്നു. അമേരിക്കയാകട്ടെ, 2011ല്‍ ഫലസ്തീന് യുനെസ്കോ അംഗത്വം ലഭിച്ചതില്‍ വിറളിപൂണ്ട് സംഘടനക്ക് നല്‍കിവന്നിരുന്ന 50 മില്യണ്‍ പൗണ്ട് സഹായധനം നിര്‍ത്തല്‍ ചെയ്തിരുന്നു. ഇത് യുനെസ്കോയുടെ വാര്‍ഷിക ബജറ്റിന്‍െറ 22 ശതമാനം വരുമത്രെ. കുടിശ്ശികയടക്കാന്‍ ഇപ്പോഴും സന്നദ്ധമാകാതെ അവര്‍ വിട്ടുനില്‍ക്കുകയാണ്. ഇസ്രായേല്‍ അമേരിക്കയുടെ പാത പിന്തുടര്‍ന്നുവെന്നു പറയുന്നതാകും ശരി.


അറബികള്‍ ബലിയാടുകള്‍

 ഇന്നത്തെ ഇസ്രായേല്‍ നിലവില്‍വരുന്നത് 1948ലാണ്. രണ്ടാം ലോകയുദ്ധശേഷം, ജൂതന്മാരെ ഒരു സ്ഥലത്ത് കുടിയിരുത്തുന്നത് അമേരിക്കക്കും ബ്രിട്ടനും ആവശ്യമായി വന്നപ്പോള്‍ അവര്‍ ഐക്യരാഷ്ട്രസഭയെ ദുരുപയോഗപ്പെടുത്തി ഫലസ്തീനെ വിഭജിച്ചു. യഥാര്‍ഥത്തില്‍, ജൂതന്മാരെ കിരാതമായ പീഡനങ്ങള്‍ക്കിരയാക്കിയവരും കൊന്നൊടുക്കിയവരും നാസികളാണ്. അവരുടെ നേതാവായ ഹിറ്റ്ലറാകട്ടെ, ക്രിസ്ത്യാനിയായിരുന്നു. ഫലസ്തീനികള്‍ക്കോ അറബികള്‍ക്കോ മുസ്ലിംകള്‍ക്കോ ജൂതരെ പീഡിപ്പിച്ചതില്‍ ഒരു പങ്കുമുണ്ടായിരുന്നില്ളെന്നത് ചരിത്രസത്യമാണ്. കഥയില്‍ ചോദ്യമില്ളെന്നു പറയുംപോലെ ബ്രിട്ടന്‍െറയും അമേരിക്കയുടെയും ഇംഗിതാനുസരണമാണ് ഫലസ്തീന്‍ വിഭജിക്കപ്പെട്ടത്. 54 ശതമാനം ജൂതന്മാര്‍ക്കും 45 ശതമാനം ഫലസ്തീനികള്‍ക്കും, ജറൂസലമും ബത്ലഹേമും ഉള്‍പ്പെടുന്ന ബാക്കി ഒരു ശതമാനം അന്താരാഷ്ട്ര മേഖലയെന്നും തീരുമാനമായി.

1948 മുതല്‍ ഇസ്രായേല്‍ പിന്തുടര്‍ന്ന സയണിസ്റ്റ് നയങ്ങള്‍ മനുഷ്യാവകാശ സംഘടനകളുടെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ നടുക്കമുളവാക്കുന്ന യാഥാര്‍ഥ്യങ്ങളാണ്. കൂട്ടക്കുരുതികളും വംശഹത്യയും മൂലം ഫലസ്തീനികള്‍ സ്വഗേഹങ്ങളുപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. പ്രസിദ്ധ പത്രപ്രവര്‍ത്തകനായ ക്രിസ് ഹെഡ്ജസിന്‍െറ (Chris Headges) ഡയറിക്കുറിപ്പുകള്‍ ഇതിനു സാക്ഷിയാണ്. ഖാന്‍ യൂനുസിലും റഫാഹിലും മവാസിലും റാമല്ല, ജെറികോ, നാബുലസ് എന്നിവിടങ്ങളിലുമൊക്കെ ദര്‍ശിച്ച ക്രൂരപീഡനങ്ങള്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്. നടുക്കമുണ്ടാകുന്ന ചിത്രങ്ങളാണവയൊക്കെ. സ്വന്തമായൊരു സൈന്യമില്ലാത്ത, കര-കടല്‍ -വ്യോമസേനകളൊന്നുമില്ലാത്ത രാജ്യത്തിനു മീതെയാണ് ഇസ്രായേല്‍ ബോംബുകള്‍ വര്‍ഷിക്കുന്നത്. യുദ്ധവാര്‍ത്തകള്‍ പത്രങ്ങളില്‍ വായിക്കുമ്പോള്‍ ഈയൊരു സത്യം നാം ഓര്‍ക്കാറില്ല.

ഇങ്ങനെ ഭീതിജനകമായൊരു അന്തരീക്ഷത്തിലാണ് 2009ല്‍ ജറൂസലം അറബ് സംസ്കാരത്തിന്‍െറ തലസ്ഥാനമാണെന്ന് യുനെസ്കോ പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന്, മസ്ജിദുല്‍ അഖ്സക്ക് കേടുവരുത്തുന്ന, പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട ഉത്ഖനനങ്ങളൊക്കെ നിര്‍ത്തിവെക്കാന്‍ യുനെസ്കോ ഉത്തരവിട്ടു. അപ്പോഴും അത് ചെവിക്കൊള്ളാന്‍ ഇസ്രായേല്‍ സന്നദ്ധമായില്ല. അങ്ങനെയിരിക്കെയാണ്, ഫലസ്തീന്‍ യുനെസ്കോയില്‍ അംഗത്വത്തിനായി ശ്രമം തുടങ്ങുന്നത്. അത് തടയാന്‍ അമേരിക്കയും ഇസ്രായേലും കരുനീക്കങ്ങള്‍ നടത്തിനോക്കി. എന്തുവന്നാലും മൂന്നില്‍രണ്ട് ഭൂരിപക്ഷം കിട്ടില്ളെന്നു തന്നെയാണ് അമേരിക്ക കണക്കുകൂട്ടിയത്. എന്നാല്‍, വാഷിങ്ടണിന്‍െറ ശൗര്യം പണ്ടേപോലെ ഫലിച്ചില്ല. അംഗത്വത്തിനുള്ള പ്രമേയം വോട്ടിനിട്ടപ്പോള്‍ 107 രാഷ്ട്രങ്ങള്‍ അനുകൂലമായും 14 രാഷ്ട്രങ്ങള്‍ മാത്രം എതിരായും പ്രതികരിച്ചു.  

യുനെസ്കോ അംഗത്വം ഫലസ്തീനു മഹത്തായ നേട്ടംതന്നെയാണ്. ഇസ്രായേല്‍ ജറൂസലം നശിപ്പിക്കാനും ഫലസ്തീന്‍ പൂര്‍ണമായി കൈയടക്കാനുമുള്ള ശ്രമം തുടരുകയാണ്. 900 വര്‍ഷംമുമ്പ് സലാഹുദ്ദീന്‍ അയ്യൂബി നിര്‍മിച്ച  മസ്ജിദുല്‍ അഖ്സയിലെ ‘മിമ്പര്‍’ അഗ്നിക്കിരയാക്കിയപ്പോള്‍പോലും  അവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാനേ സാധിച്ചുള്ളൂവെന്നതും സങ്കടകരമാണ്. ഈയൊരവസ്ഥ ഇനി ഉണ്ടാവുകയില്ളെന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടാണ് ‘ഫലസ്തീന്‍െറ യുനെസ്കോ അംഗത്വം ഇസ്രായേലിനെ എതിര്‍ക്കാനല്ല, മറിച്ച്, ഫലസ്തീന്‍െറ സാംസ്കാരിക പൈതൃകം നിലനിര്‍ത്താനാണ് ഉപയോഗിക്കുക’ എന്ന് പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പ്രസ്താവിച്ചത്.

 

Show Full Article
TAGS:unsco Israel 
News Summary - unasco
Next Story