83 മണ്ഡലങ്ങളിൽ യു.ഡി.എഫ്; എൽ.ഡി.എഫിന് 46
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നിയമസഭ മണ്ഡലങ്ങളിലേക്ക് കള്ളി തിരിച്ചാൽ, സംസ്ഥാനത്തെ മണ്ഡലങ്ങളിൽ ഭരണകക്ഷിയായ എൽ.ഡി.എഫിനെ പിന്തള്ളി യു.ഡി.എഫിന് വ്യക്തമായ മേൽക്കൈ. 140ൽ 83 മണ്ഡലങ്ങളിൽ യു.ഡി.എഫ് മുൻതൂക്കം നേടി. എൽ.ഡി.എഫ് 46 സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ തിരുവനന്തപുരം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലാണ് എൻ.ഡി.എ മേൽക്കൈ സ്വന്തമാക്കിയത്. ആറ് ജില്ലകളിലെ എട്ട് മണ്ഡലങ്ങൾ ഒരു മുന്നണിക്കും മേൽക്കൈയില്ലാതെ ഒപ്പത്തിനൊപ്പമാണ്. നിയമസഭയിൽ നിലവിലെ കക്ഷിനില പ്രകാരം ഇടതുമുന്നണിക്ക് 98 സീറ്റാണുള്ളത്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ രാഹുലിനെ കൂടി കൂട്ടുമ്പോൾ യു.ഡി.എഫിന് 42 ഉം.
വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മുഴുവൻ അസംബ്ലി മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പമാണ്. വയനാട്ടിൽ മൂന്നും മലപ്പുറത്ത് 16 ഉം എറണാകുളത്ത് 14 ഉം പത്തനംതിട്ടയിലും ഇടുക്കിയിലും അഞ്ചുവീതവും മണ്ഡലങ്ങളാണ് ആകെയുള്ളത്. മാണി കോൺഗ്രസിന്റെ ചുവടുമാറ്റം സൃഷ്ടിച്ച ആഘാതങ്ങളെ യു.ഡി.എഫ് പൂർണമായും മറികടന്നുവെന്നത് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നിയമസഭ മണ്ഡലചിത്രം അടിവരയിടുന്നു. ഇടതു കോട്ടയായ കൊല്ലത്തും മണ്ഡലക്കണക്കിൽ എൽ.ഡി.എഫ് പിന്നിലാണ്. ജില്ലയിലെ 11 മണ്ഡലങ്ങളിൽ ആറിടത്ത് യു.ഡി.എഫ് ആധിപത്യം സ്വന്തമാക്കിയപ്പോൾ നാലിടത്ത് മാത്രമായി ഇടത് മേൽക്കൈ ചുരുങ്ങി. ചടയമംഗലത്താകട്ടെ ഒപ്പത്തിനൊപ്പവും. 2021 ലെ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്, കരുനാഗപ്പള്ളിയിലും കുണ്ടറയിലും.
മലപ്പുറം ജില്ലയിൽ നിലവിൽ ഇടതു എം.എൽ.എമാരുള്ള പൊന്നാനി, തവനൂർ, താനൂർ മണ്ഡലങ്ങളിലാണ് എൽ.ഡി.എഫിനെ മറികടന്നുള്ള യു.ഡി.എഫ് മുന്നേറ്റം. കോൺഗ്രസിലെ എ.പി. അനിൽകുമാർ പ്രതിനിധീകരിക്കുന്ന വണ്ടൂർ, ലീഗ് മണ്ഡലങ്ങളായ ഏറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, കോട്ടക്കൽ, തിരൂരങ്ങാടി, കൊണ്ടോട്ടി, വള്ളിക്കുന്ന്, തിരൂർ, വേങ്ങര എന്നിവിടങ്ങളിലെ തദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ് വ്യക്തമായ ആധിപത്യവും നിലനിർത്തി. 2021ലെ തെരഞ്ഞെടുപ്പിൽ 38 വോട്ടിന് ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം (മുസ്ലിം ലീഗ്) ജയിച്ച പെരിന്തൽമണ്ണയിൽ നിലവിലുള്ള വോട്ടൊഴുക്കിൽ യു.ഡി.എഫിന്റെ നില കൂടുതൽ സുരക്ഷിതമാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
യു.ഡി.എഫ് തോരോട്ടത്തിലും കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ മണ്ഡലങ്ങളുടെ എണ്ണത്തിൽ യു.ഡി.എഫിനെക്കാളും എൽ.ഡി.എഫ് മുൻതൂക്കം നേടി. കണ്ണൂരിൽ ആകെയുള്ള 13 ൽ എട്ടും എൽ.ഡി.എഫിനൊപ്പമാണെങ്കിൽ പാലക്കാട്ടെ 12ൽ എട്ടിലും ചുവപ്പിന്റെ പ്രവാഹമാണ്. കണ്ണൂരിൽ അഴീക്കോട് മണ്ഡലത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. മന്ത്രി എം.ബി. രാജേഷിന്റെ മണ്ഡലമായ പാലക്കാട് ജില്ലയിലെ തൃത്താലയിലും ബലാബലം. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ മണ്ഡലമായ പാലക്കാട്ട് യു.ഡി.എഫിനാണ് മുൻതൂക്കം. കോഴിക്കോട്ട് ആകെയുള്ള 13ൽ ഏഴും എൽ.ഡി.എഫിനൊപ്പമാണ്. തൃശൂരിൽ 13ൽ എട്ടിലും. ഇവിടെ നാലെണ്ണം യു.ഡി.എഫിനൊപ്പം ചേർന്നപ്പോൾ നാട്ടികയിൽ ഒപ്പത്തിനൊപ്പമാണ്.
14 മണ്ഡലങ്ങളുള്ള തലസ്ഥാന ജില്ലയിലാണ് നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നിങ്ങനെ മൂന്നിടത്ത് ബി.ജെ.പി വ്യക്തമായ മേൽക്കൈ നേടിയത്. നിലവിൽ ഒരു സീറ്റ് മാത്രമുള്ള യു.ഡി.എഫിനാകട്ടെ വോട്ട്നേട്ടത്തിൽ ഒരു മണ്ഡലം കൂടി ഒപ്പം ചേർത്തു എന്നതിൽ പേരിന് ആശ്വസിക്കാം. കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങൾ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നിലെത്തിയത്. തിരുവനന്തപുരം, അരുവിക്കര, കാട്ടാക്കട വാര്‍ഡുകളിലെ ഫലങ്ങളില്‍ ഒപ്പത്തിനൊപ്പമാണ്. എൽ.ഡി.എഫ് ആകട്ടെ ആറിടത്താണ് മേൽക്കൈ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

