ഇത്രയേയുള്ളൂ മാഫിയക്കാരുടെ കാര്യം. ഒറ്റരാത്രികൊണ്ടല്ലേ മന്നാര്‍ഗുഡി മാഫിയ ഒന്നുമല്ലാതായത്. തമിഴകത്തെ പകുത്തെടുത്ത് ഭരിച്ചുമുടിക്കാമെന്നായിരുന്നു കുടുംബമാഫിയ വിചാരിച്ചിരുന്നത്. പക്ഷേ, ഭരണത്തിെൻറ ചുക്കാന്‍ പിടിക്കുന്നവര്‍ ഇരുട്ടിവെളുക്കുമ്പോഴേക്കും അനാഥരായി. മാഫിയകളോട് സഹതാപം തോന്നിപ്പോവുന്നത് ഇങ്ങനെയോരോ വാര്‍ത്ത കേള്‍ക്കുമ്പോഴാണ്. ഒരു കുടുംബം തനിച്ച് അങ്ങനെ പാര്‍ട്ടിയെ അടക്കിഭരിക്കേണ്ടെന്ന് അണികള്‍ ഒത്തുകൂടി തീരുമാനിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. എ.ഐ.എ.ഡി.എം.കെയില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ബാക്കിയുണ്ട്. അമ്മയെ പൂജിച്ചും സാഷ്ടാംഗം പ്രണമിച്ചും നടന്നിരുന്നവര്‍ക്ക് ഒരു സുപ്രഭാതത്തില്‍ ജനാധിപത്യ രാഷ്ട്രീയത്തിെൻറ വെളിവുവന്നത് എങ്ങനെയെന്ന് ആര്‍ക്കും നിശ്ചയമില്ല. അണ്ണനും തമ്പിയും ഒത്തപ്പോള്‍ ചിന്നമ്മ പുറത്തായി. ചിന്നമ്മക്ക് ഒപ്പം പുറത്തുപോവുകയാണ് അനന്തരവന് ദിനകരന്. പുകച്ചു പുറത്തുചാടിച്ചതാണ് എന്നുതന്നെ പറയാം. അതോടെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എന്ന സ്ഥാനവും സ്വാഹ$
ചിന്നമ്മയുടെ സഹോദരീപുത്രനാണ് ടി.ടി.വി. ദിനകരന്. പിതാവ് ടി. വിവേകാനന്ദം, മാതാവ് വനിതാമണി. ഭാര്യ അനുരാധ. രണ്ട് സഹോദരങ്ങളുണ്ട്. തേനി ജില്ലക്കാരായ സുധാകരനും ഭാസ്കരനും. സുധാകരന് ജയലളിതയുടെ വളര്ത്തുപുത്രന്. പക്ഷേ, ഒരിക്കല്‍ അത് തലൈവി പരസ്യമായി നിഷേധിച്ചിട്ടുണ്ട്. ജയലളിതയുടെ മരണശേഷം ചിന്നമ്മയും അനന്തരവനും കൂടി നേരെ വെച്ചുപിടിച്ചു; പോയസ് ഗാര്‍ഡനിലേക്ക്. അവര്‍ അവിടെ കുടിപാര്‍പ്പു തുടങ്ങി. ജയലളിതയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ ശശികലയുടെ പിന്നില്‍ അനങ്ങാതെ നിലയുറപ്പിച്ച ആളാണ് ദിനകരന്. ഒരു കാമറ ഫ്ലാഷ്പോലും വിട്ടുപോവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അവിഹിത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു കോടതിയില്‍ കീഴടങ്ങാന്‍ പോവുന്നതിന് തൊട്ടുമുമ്പ് ചിന്നമ്മ അനന്തരവനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി വാഴിക്കാന്‍ മറന്നില്ല.
പണ്ടുതൊട്ടേ ജയലളിതക്ക് ദിനകരനെന്നാല് ചതുര്‍ഥിയായിരുന്നു. എല്ലാ അര്‍ഥത്തിലും അനഭികാമ്യന്. പാര്‍ട്ടിയിലും ഭരണത്തിലുമൊക്കെ അനാവശ്യമായി കൈകടത്തുന്നതായിരുന്നു പ്രധാന വിനോദം. മന്നാര്‍ഗുഡി കുടുംബത്തിെൻറ പാരമ്പര്യമാണത്. അതനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നേയുള്ളൂ. പക്ഷേ, അങ്ങനെയൊരാളെ വെച്ചുകൊണ്ടിരിക്കാന്‍ അമ്മക്ക് പറ്റില്ലായിരുന്നു. അതുകൊണ്ടാണ് ചിന്നമ്മ നോക്കിനില്‍ക്കെ അഞ്ചുകൊല്ലം മുമ്പ് ദിനകരനെ പാര്‍ട്ടിയില്‍നിന്ന് അമ്മ പുറത്താക്കിയത്.
മന്നാര്‍ഗുഡി മാഫിയയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് കോടികള്‍ കൈക്കലാക്കാന്‍ പറ്റിയിട്ടുണ്ട്. ചിന്നമ്മയുടെ അത്രയൊന്നും വരില്ലെങ്കിലും ആവുന്നത്ര കോടികള്‍ കോരിയെടുത്തിട്ടുണ്ട്. 1991 മുതല്‍ 1995 വരെയുള്ള കാലത്ത് ഒരുപാട് പണം ഒരു രേഖയുമില്ലാതെ ദിനകരെൻറ അക്കൗണ്ടില്‍ വന്നപ്പോള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി സംഗതി കണ്ടെത്തി. വിദേശനാണ്യവിനിമയചട്ടം ലംഘിച്ചതിെൻറ പേരില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുക്കുകയും ചെയ്തു. അന്ന് രക്ഷപ്പെടാന്‍ കണ്ട വഴി വിചിത്രമായിരുന്നു. തമിഴകത്ത് ജനിച്ചുവളര്‍ന്ന് അവിടത്തെ ഭരണത്തിെൻറ ഓരംപറ്റി കാശുണ്ടാക്കിയിട്ട് ഞാനൊരു സിങ്കപ്പൂര്‍ പൗരനാണ്, അതുകൊണ്ട് ഫെറ നിയമമൊന്നും എെൻറ പേരില്‍ ചാര്‍ത്താന്‍ പാടില്ല എന്ന് ദിനകരന് വാദിച്ചു. പക്ഷേ, ഇ.ഡിക്ക് ദിനകരനെക്കാള് വിവരവും ബുദ്ധിയുമുള്ളതുകൊണ്ട് ആളെ കുറ്റക്കാരനായി വിധിച്ചു. 25 കോടിയാണ് ഇ.ഡി പിഴശിക്ഷ വിധിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ മദ്രാസ് ഹൈകോടതി ഈ ശിക്ഷ ശരിവെക്കുകയും ചെയ്തു.
പണമെറിഞ്ഞുള്ള കളിയാണ് എവിടെയും. ജനപിന്തുണ തീരെയില്ല. മൈക്കുകെട്ടി പ്രസംഗിച്ചും വെയിലുകൊണ്ടു വോട്ടു പിടിച്ചും നടക്കാന്‍ വയ്യ. വോട്ടു പിടിക്കാനും പണമെറിയുന്നത് അതുകൊണ്ടാണ്. ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ആര്.കെ നഗര്‍ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു. കഴിഞ്ഞ പന്ത്രണ്ടിന് തെരഞ്ഞെടുപ്പു നടക്കേണ്ടതുമായിരുന്നു. പക്ഷേ, പണമെറിഞ്ഞ് ദിനകരന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നോക്കിയ വിവരം ഇലക്ഷന് കമീഷന് അറിഞ്ഞു. അതോടെ തെരഞ്ഞെടുപ്പു റദ്ദാക്കി. അങ്ങനെയും കിട്ടി ഒരു തിരിച്ചടി. തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ ദിനകരെൻറ ജന്മം ഇനിയും ബാക്കി.
ഒന്നാന്തരം തിരിച്ചടി കിട്ടിയത് സ്വന്തം പാര്ട്ടിക്കാരില്നിന്നാണ്. വൈകുന്നേരംവരെ ശിങ്കിടികളെന്നും ആജ്ഞാനുവര്ത്തികളെന്നും അനുയായികളെന്നും വിചാരിച്ചിരുന്നവര്‍ രാത്രിയായപ്പോഴേക്കും തിരിഞ്ഞുകുത്തി. ചെന്നൈക്കടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ഐ.എന്‍.എസ് ചെന്നൈ എന്ന നാവികസേനയുടെ കപ്പലിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സാമാജികരെല്ലാം കപ്പൽ കാണാന്‍ പോയതായിരുന്നു. പന്നീർസെല്വത്തിനുശേഷം രണ്ടാം കലാപത്തിന് ചുക്കാന്‍ പിടിച്ചത് മുഖ്യന് പളനിസാമി. ശബ്ദത്തെക്കാള്‍ വേഗത്തില്‍ പായുന്ന സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈല്‍ ഒക്കെ ഘടിപ്പിച്ച യുദ്ധക്കപ്പലിലായിരുന്നു യുദ്ധത്തിന് തുടക്കമിട്ടത്. കരയിലെ ഓരോ ചുമരിനും ചെവിയുള്ളതുകൊണ്ടാണ് പളനിസാമി ഒപ്പമുള്ളവരെ കടലിലെത്തിച്ചത്. കപ്പലില്‍നിന്നിറങ്ങിയ നിമിഷംതന്നെ സാമാജികര്‍ ദിനകരനെയും ചിന്നമ്മയെയും മൂന്നുവട്ടം തള്ളിപ്പറഞ്ഞു. തങ്ങളും പന്നീർസെല്‍വം പക്ഷവും അണ്ണനും തമ്പിയുമാണെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പളനിസാമി പക്ഷം വ്യക്തമാക്കിയത്. അന്നേ അപകടം മണത്തതാണ്. പക്ഷേ, ഇത്തരമൊരു പരിണതി പ്രതീക്ഷിച്ചുകാണില്ല ദിനകരന്. എന്തുചെയ്യാം ഇപ്പോള്‍ ആകെ ദുര്‍ബലാവസ്ഥയിലാണ്. ചിന്നമ്മ ജയിലിലാണ്. അവരെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. പിന്നെ ഉള്ള ശക്തിയും സ്വാധീനവും വെച്ച് എന്തെങ്കിലും സ്വയം ചെയ്യാമെന്നുവെച്ചാലോ. അതിനും പാങ്ങില്ല. കേസും കൂട്ടവും കിടക്കുകയാണ് മുന്നില്‍. പിളര്‍പ്പിനുശേഷം മരവിപ്പിക്കപ്പെട്ട പാര്‍ട്ടിയുടെ രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമീഷനെ സാമ്പത്തികമായി സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഡല്‍ഹി പൊലീസ് ലുക്കൗട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചതാണ്. അതോടെ ദിനകരന് പരാജയം സമ്മതിക്കേണ്ടിവന്നു. കപ്പലിലെ രഹസ്യയോഗത്തോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് ബോധ്യമായിരുന്നു. ഒ.പി.എസും പളനിസാമിയും ഒരുമിച്ചാല്‍ മന്നാര്‍ഗുഡി മാഫിയയുടെ അടിത്തറയിളകും. അതിന് ബി.ജെ.പിയുടെ പിന്തുണയുമുണ്ട്. കുടുംബത്തിൽ നിന്നുതന്നെയുള്ള തൊഴുത്തില്‍ കുത്ത് വേറെ. ശശികലയുടെ സഹോദരെൻറ മകന് ദിവാകരനെ ഒതുക്കാന്‍ ഒരിക്കല്‍ ശ്രമിച്ചതാണ്. കാവേരി മേഖലയില്‍ ജയലളിത വിഭാഗത്തെ നയിക്കുന്നത് ദിവാകരനാണ്. അയാള്‍ തിരിച്ചടി തുടങ്ങിയതും പളനിസാമിക്ക് പ്രചോദനമായി. എല്ലാം കൊണ്ടും കളത്തില്‍നിന്നു മാറുന്നതാണ് തടികേടാവാതിരിക്കാന്‍ നല്ലത് എന്ന് ബോധ്യമായി.
കൊടും തട്ടിപ്പുകാരന് സുകേഷ് ചന്ദ്രശേഖരനുമായി നാലുകൊല്ലത്തെ സൗഹൃദമുണ്ട്. സുകേഷുമായി 50 കോടിയുടെ കരാര്‍ ഉറപ്പിച്ചാണ് തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. വഞ്ചന മുതല്‍ വ്യാജരേഖ ചമയ്ക്കല്‍ വരെ 15ഓളം കേസുകളും നൂറോളം പരാതികളും ഇയാള്‍ക്കെതിരെയുണ്ട്. ഈ തട്ടിപ്പുവീരനെയാണ് ദിനകരന് ഇടനിലക്കാരനാക്കിയത്.
തേവര് സമുദായക്കാരനാണ്. തിരിച്ചടിച്ചാണ് ശീലം. അടി വാങ്ങിയല്ല. മുറിവേറ്റാല്‍ പൊറുത്തുകൊടുക്കുന്ന പ്രകൃതമില്ല. യുദ്ധമുഖത്തുനിന്ന് ഒളിച്ചോടുന്ന പതിവില്ല. പിന്നില്‍നിന്നുള്ള കുത്തുകള്‍ക്ക് തക്കതായ ശിക്ഷതന്നെ കൊടുത്തിരിക്കും. അതുകൊണ്ട് താന്‍ പിന്‍വാങ്ങുകയാണ് എന്നു പറഞ്ഞ് പരാജയം സമ്മതിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തില്‍ കാര്യമില്ലെന്നും അത് ഒരു അടവാണെന്നും കരുതുന്നവരുമുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2017 9:29 AM GMT Updated On
date_range 2017-10-24T09:29:59+05:30നിഷ്കാസിതന്
text_fieldsNext Story