Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightട്രംപിന്‍െറ അമേരിക്ക;...

ട്രംപിന്‍െറ അമേരിക്ക; മോദിയുടെ ഇന്ത്യ

text_fields
bookmark_border
ട്രംപിന്‍െറ അമേരിക്ക; മോദിയുടെ ഇന്ത്യ
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം അമേരിക്കയില്‍ ‘ബറാക്കി’ന്‍െറ കാലം മാറി ‘ഡോണള്‍ഡി’ന്‍െറ ലോകം വരുകയാണ്. എട്ടുലക്ഷം പേരാണ് കോച്ചുന്ന തണുപ്പു വകവെക്കാതെ സ്ഥാനാരോഹണം കാണാന്‍ എത്തിയതെന്ന് കാണുമ്പോള്‍, ഏതു പി.ആര്‍ കമ്പനിയാണ് പരിപാടി സംഘടിപ്പിച്ചത് എന്നൊരു അതിശയം അദ്ദേഹത്തിന് ഉണ്ടായെന്നും വരാം. ബറാക് ഒബാമ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞതോടെ, ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന നേതാവ് നരേന്ദ്രമോദിയാണെന്നൊരു വാര്‍ത്തയിലാണ് പിന്നെയും താല്‍ക്കാലിക ആശ്വാസം ബാക്കി കിടക്കുന്നത്. സോഷ്യല്‍ മീഡിയയിലെ പ്രചാരത്തിനൊത്ത ജനപിന്തുണ പക്ഷേ, നാട്ടിലും നാല്‍ക്കവലകളിലുമില്ല. നോട്ടു റേഷന്‍ പ്രഖ്യാപിച്ചശേഷമുള്ള കഥ പറയുകയും വേണ്ട.

രണ്ടര വര്‍ഷം മുമ്പത്തെ മോദിക്കമ്പത്തിന്‍െറ കാലത്തെ ജനപിന്തുണയുടെ കണക്കു പോലും 33 ശതമാനത്തില്‍ താഴെയാണ്. ഡോണള്‍ഡ് ട്രംപിന് 40 ശതമാനം അമേരിക്കക്കാരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും ഒബാമയില്‍നിന്ന് ട്രംപിലേക്കുള്ള അധികാരമാറ്റത്തിന്‍െറ നേരത്ത് വലിയ പ്രതിഷേധങ്ങളുണ്ടായി. അതിനിടയിലും എട്ടുലക്ഷം പേര്‍ സത്യപ്രതിജ്ഞാ ചടങ്ങു കാണാന്‍ എത്തിയത് ട്രംപിനോടുള്ള സ്നേഹത്തിനുമപ്പുറം, അമേരിക്കയോട് അമേരിക്കക്കാര്‍ക്കുള്ള ദേശവികാരം കൊണ്ടാണ്. ലോകത്തിനുമപ്പുറം ‘അമേരിക്ക ഫസ്റ്റ്’ എന്ന കപടദേശസ്നേഹമാണ് പ്രചാരണകാലത്തെന്ന പോലെ അധികാരമേറ്റപ്പോഴും ട്രംപ് വിളമ്പിയത്. ലോകതാല്‍പര്യം എന്തുതന്നെയായിരുന്നാലും, തങ്ങള്‍ക്ക് പൊതുവില്‍ മെച്ചപ്പെട്ട ജീവിത സുരക്ഷ ട്രംപ് നല്‍കുമെന്ന പ്രതീക്ഷ എതിര്‍പ്പുകള്‍ക്കിടയിലും അമേരിക്കന്‍ ജനത വെച്ചുപുലര്‍ത്തുന്നുണ്ട്. അത് മിഥ്യയോ യാഥാര്‍ഥ്യമോ എന്ന് വേറെ കാര്യം. അത്തരമൊരു ദേശീയതാ ബോധവും സംരക്ഷക ബോധവുമാണല്ളോ രണ്ടരക്കൊല്ലം മുമ്പ് ഇന്ത്യയിലും ചെലവായത്. മോദിയും ട്രംപുമായി സമാനതകളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നതും ഈ പശ്ചാത്തലത്തില്‍തന്നെ. വര്‍ഗീയ-വംശീയതകള്‍ക്കപ്പുറം, ഭരണലക്ഷ്യങ്ങളില്‍ എന്തു സമാനത?

സ്വന്തം നാടിന്‍െറ താല്‍പര്യങ്ങളില്‍ ഊന്നിനില്‍ക്കുന്ന വിദേശ, വ്യാപാര താല്‍പര്യങ്ങളാണ് എല്ലാക്കാലവും അമേരിക്കന്‍ പ്രസിഡന്‍റിനെ നയിച്ചിട്ടുള്ളത്. എന്നാല്‍, ട്രംപിലേക്ക് എത്തുമ്പോള്‍, നയം ‘ആദ്യം അമേരിക്ക’ എന്നായി മാറുന്നു. അമേരിക്കന്‍ താല്‍പര്യങ്ങളുടെ മാത്രം സംരക്ഷകനായി മാറാനുള്ള ത്വര പ്രചാരണ ഘട്ടത്തില്‍ മാത്രമല്ല, സത്യപ്രതിജ്ഞക്കുശേഷം നടത്തിയ പ്രാരംഭ പ്രസംഗത്തിലും ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ട്. വ്യാപാര രംഗത്ത് അമേരിക്കന്‍ ഉല്‍പന്നങ്ങള്‍, തൊഴില്‍ രംഗത്ത് അമേരിക്കന്‍ പൗരന്മാര്‍ എന്നീ രണ്ടു കാര്യങ്ങളിലാണ് ഊന്നല്‍.

അമേരിക്കയിലേക്കുള്ള സാധന, സേവന കയറ്റുമതിയില്‍ സാധ്യതകള്‍ കുറയാന്‍ പോകുന്നുവെന്ന സന്ദേശമാണ് ട്രംപ് ലോകത്തിനും സ്വന്തം നാട്ടുകാര്‍ക്കും നല്‍കുന്നത്. രീതിയനുസരിച്ചാണെങ്കില്‍ ട്രംപിന്‍െറ ഭരണകാലം എട്ടുവര്‍ഷം നീളുന്നതാണ്. എട്ടു വര്‍ഷത്തേക്കെങ്കിലും നീളുന്ന നയം ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് ഇതിനകംതന്നെ ഉള്‍ക്കിടിലമായി മാറിക്കഴിഞ്ഞു. കുടിയേറ്റം, വിസ, തൊഴില്‍ സാധ്യതകള്‍ എന്നിവക്കെല്ലാം ഉലച്ചില്‍ തട്ടും. ഐ.ടി രംഗത്ത് വന്‍തിരിച്ചടിയാണ് പ്രഫഷനലുകള്‍ ആശങ്കിക്കുന്നത്.  മറ്റു നാടുകളിലെ അമേരിക്കന്‍ നിക്ഷേപകര്‍ക്ക് സ്വന്തം മണ്ണില്‍ കൂടുതല്‍ പ്രോത്സാഹനവും ട്രംപ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ സാധ്യത കണ്ടത്തെിയ പുതുതലമുറ കമ്പനികള്‍ അമേരിക്കയിലേക്ക് ചുവടുമാറ്റിയെന്നിരിക്കും.

‘സ്വദേശി’ മുദ്രാവാക്യമാക്കിയിട്ടുണ്ടെങ്കിലും, മോദി പുലര്‍ത്തുന്ന നയത്തില്‍ നിന്ന് ഏറെ അന്തരം അതിനുണ്ട്. സ്വദേശി പ്രോത്സാഹിപ്പിക്കാനല്ല, വിദേശിക്ക് പട്ടുംവളയും കൊടുക്കാനാണ് മോദി മത്സരിക്കുന്നത്. സ്വന്തം നാട്ടില്‍ സ്വന്തം ഉല്‍പന്നങ്ങള്‍ക്കും തൊഴില്‍പടക്കും പ്രോത്സാഹനം നല്‍കാനും വിദേശിയെ നിരുത്സാഹപ്പെടുത്താനുമുള്ള പദ്ധതിയാണ് ട്രംപ് പ്രഖ്യാപിച്ചത്. ചുറ്റുമുള്ള ലോകത്തേക്കു നോക്കുകയല്ല, അമേരിക്കയിലേക്കു മാത്രം ഊന്നുകയാണ് ഇനി. അമേരിക്കക്കാരുടെ നേട്ടത്തിലാണ് ഫോക്കസ്.  നമ്മുടെ നാട്ടിലെ പെട്ടിക്കട-ചില്ലറ വ്യാപാരികള്‍ക്കുപോലും മന$സമാധാനം നല്‍കാത്ത നയമാണ് ഇതിനിടയില്‍ നരേന്ദ്രമോദി മുന്നോട്ടുനീക്കുന്നത്. ഉദാരീകരണത്തിന് കൂടുതല്‍ വാതില്‍ തുറന്നിടുകയും ‘ഇന്ത്യയില്‍ നിര്‍മിക്കാ’മെന്ന പദ്ധതി പ്രഖ്യാപിച്ച് വിദേശ നിക്ഷേപകരെ മാടിവിളിക്കുകയും ചെയ്യുന്നതാണ് മോദിയുടെ നയം. സാമ്പത്തിക മാന്ദ്യത്തിനിടയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പറ്റിയ അന്തരീക്ഷമൊന്നും ഇന്ത്യയിലില്ളെന്ന് വ്യവസായികള്‍ക്ക് ബോധ്യമുണ്ട്. മേക് ഇന്‍ ഇന്ത്യ ആഹ്വാനം കേള്‍ക്കാന്‍ അതുകൊണ്ടുതന്നെ ആളില്ല.

 പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് അധികാരമേറ്റപ്പോള്‍ ഡല്‍ഹിയില്‍ ഹിന്ദുസേനക്കാര്‍ ട്രംപിന്‍െറ ചിത്രത്തിന് തിലകക്കുറി ചാര്‍ത്തി ലഡു പൂജിച്ച് കണ്ടുനിന്നവര്‍ക്ക് വിതരണം ചെയ്തു. പരസ്പര ബന്ധം കൂടുതല്‍ ആഴവും പരപ്പുമുള്ളതാക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. അധികാരമേറ്റ ട്രംപിന് അയച്ച ആശംസ സന്ദേശത്തില്‍, പരസ്പര സഹകരണത്തിറെ പൂര്‍ണസാധ്യതകള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന പ്രത്യാശയും മോദി പങ്കുവെക്കുന്നുണ്ട്. ഇന്ത്യ-യു.എസ് പങ്കാളിത്തത്തിന്‍െറ ശക്തി പങ്കുവെക്കപ്പെടുന്ന മൂല്യങ്ങളിലും പൊതുതാല്‍പര്യങ്ങളിലുമത്രെ. അമേരിക്കയെ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളിലേക്ക് നയിക്കുന്നതിന് എല്ലാ ആശംസകളും മോദി നേര്‍ന്നു.

ഹിന്ദുസേനക്കാരുടേത്് വികട ഉന്മാദമായി എഴുതിത്തള്ളുക. നയതന്ത്രബന്ധത്തില്‍ അനിവാര്യവും ഉചിതവുമായ ആശംസ സന്ദേശമാണ് പ്രധാനമന്ത്രിയുടേത്. എന്നാല്‍, അമേരിക്കയുമായുള്ള നമ്മുടെ ബന്ധം ഏതു വിധത്തിലാണ്? രണ്ടു പരമാധികാര രാജ്യങ്ങള്‍, ലോകത്തെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ എന്നിങ്ങനെയൊക്കെ വിശേഷണങ്ങള്‍ ഉണ്ടെങ്കിലും പരസ്പരബന്ധത്തില്‍ ഇന്ത്യക്ക് അമേരിക്കയോടുള്ളത് ആശ്രിതന്‍െറ മനോഭാവമാണ്. അതില്‍ നിന്നുകൊണ്ട് അമേരിക്കയില്‍നിന്ന് കൂടുതല്‍ ചിലത് നേടിയെടുക്കാമെന്ന പ്രതീക്ഷയാണ് ട്രംപ് സ്ഥാനമേല്‍ക്കുമ്പോള്‍ ഇന്ത്യ വെച്ചുപുലര്‍ത്തുന്നത്. എന്നാല്‍, അമേരിക്ക ഫസ്റ്റ്, അമേരിക്കന്‍ ഉല്‍പന്നം, ജോലിക്ക് അമേരിക്കക്കാര്‍ എന്നീ മുദ്രാവാക്യങ്ങളില്‍ ഊന്നി ട്രംപ് നില്‍ക്കുമ്പോള്‍, ഇന്ത്യക്കാരന് വരുംവര്‍ഷങ്ങളിലേക്ക് അമേരിക്ക പുതിയ പ്രതീക്ഷയൊന്നും നല്‍കുന്നില്ല; നിരാശപ്പെടുത്തുന്നുമുണ്ട്.

അമേരിക്കയാകട്ടെ, ഒന്നാംനിരയില്‍ പെടാത്ത പടക്കോപ്പുകളുടെയും സാങ്കേതികവിദ്യയുടെയും കച്ചവടങ്ങള്‍ വര്‍ധിപ്പിക്കും. അമേരിക്കയുടെ പുറം അജണ്ടകള്‍ക്ക് ഇന്ത്യ പിന്നണി സഹായം വര്‍ധിപ്പിക്കുന്നതും കാണാനാകും. ഫലത്തില്‍ ട്രംപിന്‍െറ അഹങ്കാരലോകവും മോദിയുടെ അതിമോഹവും ഇനിയുള്ള വര്‍ഷങ്ങളില്‍ നമുക്ക് തരുന്നത് പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായൊരു ഇന്ത്യ-അമേരിക്ക ബന്ധമായിരിക്കില്ല. ട്രംപിന്‍െറയും മോദിയുടെയും വാചാലതയുടെ ലോകക്രമത്തില്‍, വിടുവായ്ക്ക് എതിര്‍വായില്ളെന്നു പറഞ്ഞാല്‍ തെറ്റായിരിക്കുകയുമില്ല.                  l

Show Full Article
TAGS:trump india 
News Summary - trump's america and modi's india
Next Story