Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightത്രിപുരയിൽ ഇടതുപക്ഷം...

ത്രിപുരയിൽ ഇടതുപക്ഷം കണ്ടറിഞ്ഞത്​ 

text_fields
bookmark_border
ത്രിപുരയിൽ ഇടതുപക്ഷം കണ്ടറിഞ്ഞത്​ 
cancel

2014 മുതൽ ത്രിപുര ഈസ്​റ്റ് മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധാനം ചെയ്യുന്ന ജിതേന്ദ്ര ചൗധരി 1993–2014 വരെ അഞ്ചു തവണ നിയമസഭാംഗവും മന്ത്രിയുമായിരുന്നു. സി.പി.എം സംസ്​ഥാന സമിതി, കിസാൻസഭ കേന്ദ്ര കൗൺസിൽ, ആദിവാസി അധികാർ രാഷ്​ട്രീയ മഞ്ച് ദേശീയ നിർവാഹകസമിതി എന്നിവയിൽ അംഗമായ അദ്ദേഹം സംസ്​ഥാനത്തെ രാഷ്​ട്രീയ സ്​ഥിതിഗതികളെക്കുറിച്ച് ‘മാധ്യമ’ത്തോട് സംസാരിക്കുന്നു...

ത്രിപുരയിൽ 1978 മുതൽ ചെറിയ ഒരു ഇടവേള കഴിച്ചാൽ, നീണ്ടകാലമാണ് സി.പി.എം അധികാരത്തിലുണ്ടായിരുന്നത്. ഇപ്പോൾ ഇടതുഭരണത്തെ ബി.ജെ.പി തൂത്തെറിഞ്ഞിരിക്കുകയാണ്. ഈ പ്രത്യാഘാതത്തിൽ സി.പി.എം രാഷ്​ട്രീയമായി താറുമാറാവുകയും ധാർമികമായി തകരുകയും ചെയ്തില്ലേ?
ഇല്ല. തെരഞ്ഞെടുപ്പ് ഫലവും വോട്ടിങ്​ ശതമാനവും പരിശോധിച്ചാൽ സി.പി.എമ്മിന് ഇപ്പോഴും 45 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്​. ഐ.പി.എഫ്.ടി–ബി.ജെ.പി സഖ്യവുമായുള്ള വ്യത്യാസം അഞ്ച് ശതമാനം മാത്രം. പക്ഷേ, അവർക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചു. വോട്ട് ശതമാനം പരിശോധിച്ചാൽ തൂത്തെറിഞ്ഞു എന്ന് പറയാൻ കഴിയില്ല. എന്താണ് സംഭവിച്ചതെന്ന് പ്രായോഗികമായി വിലയിരുത്തണം. നിലവിൽ തൊഴിലില്ലായ്​മ ത്രിപുരയിൽ മാത്രമല്ല, എല്ലായിടത്തും വലിയ പ്രശ്നമാണ്. പ്രത്യേകിച്ച് യുവാക്കളാണ് പുതിയ വോട്ടർമാർ. അവർക്കൊപ്പം മധ്യവർഗത്തി​​​െൻറ പ്രത്യേകിച്ച് സർക്കാർ ഉദ്യോഗസ്​ഥരുടെ പ്രതീക്ഷകൾ വളരെ ഉയരത്തിലാണ്. കഴിഞ്ഞ 25 വർഷവും അവർ ഇടതുഭരണം മാത്രമാണ് കണ്ടിട്ടുള്ളത്. ഇടതുപക്ഷം സാധ്യമാവുന്നത്ര നേട്ടങ്ങൾ സംസ്​ഥാനത്ത് ലഭ്യമാക്കി. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഇത്. ത്രിപുരയുടെ സാമൂഹിക–സാമ്പത്തിക നേട്ടങ്ങളുടെ സൂചകങ്ങളെ ഗുജറാത്ത്, മഹാരാഷ്​ട്ര പോലുള്ള മറ്റ് വലിയ സംസ്​ഥാനങ്ങളുമായി തന്നെ താരതമ്യം ചെയ്താൽ ഞങ്ങളുടെ സംസ്​ഥാനം വളരെ മുന്നിലാണെന്ന് മനസ്സിലാവും. അതിനാൽ ഇവിടെ യുവാക്കളുടെയും മധ്യവർഗത്തി​​െൻറയും അഭിലാഷങ്ങൾ വളരെ ഉയരത്തിലേക്ക് വളർന്നു.

ബി.ജെ.പി ഈ വിഭാഗത്തെ ആകർഷിക്കാനുള്ള  തന്ത്രങ്ങളാണ് പയറ്റിയത്. ജനസംഖ്യാപരമായി തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവാക്കളുടെ എണ്ണത്തിൽ ത്രിപുരയാണ് മുന്നിലെന്നാണ് പറയുന്നത്. അതിനോട് തർക്കിക്കാനില്ല. അതിന് കാരണം സംസ്​ഥാനത്തി​​െൻറ സാക്ഷരത, വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം എന്നിവയാണ്. കഴിഞ്ഞ രണ്ട് ദശകമായി കോളജ്തലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാണ്. അതുകൊണ്ടുതന്നെ തൊഴിലില്ലാത്തവരായി രജിസ്​റ്റർ ചെയ്ത യുവാക്കളുടെ എണ്ണം ത്രിപുരയിൽ കൂടുതലായിരിക്കും. പ്രകൃതിവിഭവങ്ങൾ ത്രിപുരയിൽ ധാരാളം ഉണ്ടായിട്ടും അധിക വൈദ്യുതി ഉൽപാദിപ്പിച്ചിട്ടും ദേശീയതലത്തിൽ റബർ ഉൽപാദനത്തിൽ രണ്ടാം സ്​ഥാനത്ത് എത്തിയിട്ടും അന്താരാഷ്​ട്രവ്യാപാരത്തിന് വലിയ സാധ്യത തുറന്നിട്ട് മൂന്ന് വശത്തും ബംഗ്ലാദേശ് അതിർത്തി ഉണ്ടായിട്ടും കേന്ദ്രസർക്കാറി​​െൻറ നയങ്ങൾ കാരണം സംസ്​ഥാന സർക്കാറിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അധികാരത്തിൽ വന്നാൽ എല്ലാ വീട്ടിലും ഒരാൾക്ക് സർക്കാർ ജോലി നൽകും, ഏഴാം ശമ്പള കമീഷൻ നടപ്പാക്കുന്നതിലെ ധനബാധ്യത പരിഹരിക്കാൻ കേന്ദ്രസർക്കാർ സഹായിക്കും എന്നൊക്കെ ബി.ജെ.പി വാഗ്​ദാനം നൽകി. മധ്യവർഗജീവനക്കാരെ ഏഴാം ശമ്പള കമീഷൻ നടപ്പാക്കുമെന്ന വാഗ്​ദാനം നൽകിയാണ്​ കൈയിലെടുത്തത്​. ബി.ജെ.പിയും ഇടതും തമ്മിലുള്ള വ്യത്യാസം ഏകദേശം ഒരു ലക്ഷം വോട്ടാണ്.  
ബി.ജെ.പി യുവാക്കളെയും മധ്യവർഗത്തെയും മയക്കിയെടുത്തുവെന്നാണല്ലോ സി.പി.എം ആക്ഷേപം. കഴിഞ്ഞ 25 വർഷം അധികാരത്തിൽ ഉണ്ടായിട്ടും തൊഴിലവസരം സൃഷ്​ടിക്കുന്നതിലും വ്യവസായങ്ങൾ ആരംഭിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് പറയുന്നതല്ലേ ശരിയായ വിലയിരുത്തൽ?
അല്ല. ഞങ്ങളുടെ കഴിവിന് അനുസരിച്ച് ഏറ്റവും നല്ല ശമ്പളമാണ് ഉദ്യോഗസ്​ഥർക്ക് നൽകിയിരുന്നത്. തൊഴിലവസരങ്ങൾ സൃഷ്​ടിക്കാനും പരമാവധി ശ്രമിച്ചു. 
എന്തുകൊണ്ടാണ് തൊഴിൽ ലഭിക്കാൻ അവസരം ഒരുക്കുന്ന സ്വകാര്യ സംരംഭങ്ങളോ വ്യവസായങ്ങളോ ഇക്കാലമത്രയും നിങ്ങൾക്ക് ആരംഭിക്കാൻ കഴിയാതിരുന്നത്?
 വടക്കുകിഴക്കൻ സംസ്​ഥാനങ്ങളുടെ ഭൂമിശാസ്​ത്രത്തെക്കുറിച്ച് അറിവുണ്ടെങ്കിൽ കാരണം മനസ്സിലാവും. ത്രിപുരയുടെ മൂന്ന് വശത്തും ബംഗ്ലാദേശാണ്. ത്രിപുരയിലെ ഉൽപന്നങ്ങൾക്ക്​ ബംഗ്ലാദേശിൽ  മാർക്കറ്റുണ്ട്. പക്ഷേ, കേന്ദ്രസർക്കാറി​​െൻറ സഹായ മോ അനുമതിയോ ഇല്ലാതെ അതിർത്തി കടന്ന് വിൽക്കാൻ കഴിയുമോ? അന്താരാഷ്​ട്ര റൂട്ടും അതിർത്തിക്ക് അപ്പുറത്തെ മാർക്കറ്റും വിടൂ. രാജ്യത്തിനകത്ത് തന്നെ മാർക്കറ്റുണ്ടല്ലോ. ലോകം മുഴുവൻ ഇന്ത്യൻ വിപണിയിൽ കണ്ണ് വെച്ചിരിക്കുന്ന കാലമാണല്ലോ ഇത്. പക്ഷേ, ത്രിപുരയിലെ അസംസ്​കൃതവസ്​തുക്കളിലോ ഉൽപന്നങ്ങളിലോ ഇന്ത്യൻ വിപണി ആകൃഷ്​ടരാവുന്നില്ല. ഇതൊന്നും എത്തിക്കാനുള്ള ഗതാഗതബന്ധമില്ല. ഇന്ത്യൻ മെയിൻ ലാൻഡിൽ നിന്ന് അതിർത്തിപ്രദേശങ്ങളിലേക്ക് ഇത്തരമൊരു ഗതാഗതബന്ധം നിർമിച്ചിട്ടുണ്ടോ? ഇനി ഇവിടെ ഉണ്ടാക്കുന്ന ഒരു വസ്​തു മെയിൻ ലാൻഡിലേക്ക് കൊണ്ടുപോകണമെന്നുണ്ടെങ്കിലോ അതി​​െൻറ ഗതാഗത ചെലവ് ഇരട്ടിയായിരിക്കും. അതുകൊണ്ട് ഒരു സ്വകാര്യവ്യവസായവും ത്രിപുരയിലേക്ക് വരുന്നില്ല. ചില വ്യവസായങ്ങൾ ഉണ്ട്. പക്ഷേ, അതുകൊണ്ടുമാത്രമായില്ല. ത്രിപുരയിലേക്ക് മാത്രമല്ല, മുഴുവൻ വടക്കുകിഴക്കൻപ്രദേശങ്ങളിലേക്ക് വ്യവസായസംരംഭകർ പോകുന്നേയില്ല. അതിന് സംസ്​ഥാനസർക്കാറിനെ നിങ്ങൾ കുറ്റം പറയരുത്. 
ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം 2015 ൽ ത്രിപുര ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്​ഥാനങ്ങൾക്കുണ്ടായിരുന്ന പ്രത്യേക സംസ്​ഥാനപദവി എടുത്തുകളഞ്ഞു. പക്ഷേ, നിങ്ങൾക്ക് എന്തുകൊണ്ടാണ് ജനങ്ങളെ ഇത് ബോ ധ്യപ്പെടുത്താൻ കഴിയാതിരുന്നത്?
 ത്രിപുരയിലെ ഇടതുപക്ഷസർക്കാറി​​െൻറ കാലാവധി തുടർച്ചയായ 25 വർഷത്തിന് പകരം പത്തുവർഷമോ അഞ്ചു വർഷമോ മാത്രമായി ചുരുങ്ങിയിരുന്നുവെങ്കിൽ ജനങ്ങളെ മിഥ്യാ വാഗ്​ദാനവും ഇല്ലാത്ത കാര്യവും പറഞ്ഞ് ബി.ജെ.പിക്ക് പറ്റിക്കാൻ കഴിയുമായിരുന്നില്ല. ജനങ്ങൾക്ക് വസ്​തുത എന്തെന്ന് മനസ്സിലാവുമായിരുന്നു. 25 വർഷം തുടർച്ചയായി അധികാരത്തിലിരുന്നു എന്ന പാരമ്പര്യം മാത്രമായിരുന്നു നമുക്കുണ്ടായ ഏക പ്രതിബന്ധം. വടക്കു കിഴക്കൻ പ്രദേശങ്ങളിൽ ജനങ്ങൾക്ക്​ പ്രധാനമന്ത്രിയെയോ ധനമന്ത്രിയെയോ വ്യാപാരമന്ത്രിയെയോ കാണാൻ കിട്ടിയിട്ടില്ല. ആകെ അവിടെ ജനങ്ങൾ കണ്ടത് സുഷമ സ്വരാജിനെ മാത്രമായിരുന്നു. പക്ഷേ, കഴിഞ്ഞ ഒന്നര വർഷമായി എല്ലാ ആഴ്ചയിലും ഏതെങ്കിലും ഒരു ബി.ജെ.പി കേന്ദ്രമന്ത്രി ത്രിപുരയിൽ എത്തുമായിരുന്നു. അവർ വരുന്നത് സംസ്​ഥാന സർക്കാറിനെ സഹായിക്കാനോ വ്യവസായങ്ങൾ വരുന്നതിനുള്ള തടസ്സം മാറ്റി ത്തരുന്നതിനോ അല്ല. അവർ അവിടെ വന്നത് സ്വപ്നങ്ങൾ വിൽക്കാനും സംസ്​ഥാന സർക്കാറിനെതിരെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും മാത്രം ആയിരുന്നു. 
അപ്പോൾ തുടർച്ചയായി 25 വർഷം അധികാരത്തിലിരുന്നതി​​െൻറ പൈതൃകം ഇടത്പക്ഷത്തിന് ഒരു ഭാരമായിത്തീർന്നുവെന്ന് പറയാമോ?
 ജനാധിപത്യത്തിലും രാഷ്​ട്രീയത്തിലും ഇത് ചിലപ്പോൾ സംഭവിക്കാറുണ്ട്. 25 വർഷം തുടർച്ചയായി അധികാരത്തിലിരിക്കുന്നത് ഭാരമാണെന്ന് അർഥമാവുന്നില്ല. പക്ഷേ, ചിലപ്പോൾ കാലത്തി​​െൻറ പോക്കിൽ, ചില സമയങ്ങളിൽ ഈ പാരമ്പര്യം ഒരു ഭാരമാവും. അതാണ് സംഭവിച്ചത് എന്നാണ് എ​​െൻറ വിലയിരുത്തൽ. 
ആർ.എസ്​.എസ്​, ബി.ജെ.പി എന്നിവയുടെ കൂട്ടായപ്രവർത്തനത്തെ, അവരുടെ ശക്തിയെ സി.പി.എമ്മിന് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാവില്ലേ ശരി?
അല്ല. ആർ.എസ്​.എസി​​െൻറ പ്രവർത്തനത്തെ ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. 2014 ന് ശേഷം ബി.ജെ.പി വളരെ സജീവമായി. മറ്റ് ബി.ജെ.പി ഭരണ സംസ്​ഥാനങ്ങൾക്ക് നൽകിയതി​​െൻറ മൂന്നിരട്ടി ശ്രദ്ധ ത്രിപുരക്ക് അവർ കൊ ടുത്തിരുന്നു. പ്രത്യയശാസ്​ത്രപരമായി സി.പി.എം ആണ് ഏറ്റവും വലിയ ആർ.എസ്​.എസ്​– ബി.ജെ.പി വിരുദ്ധ ശക്തിയെന്നും അതുകൊണ്ട്​ ഏറെ എതിർക്കപ്പെടേണ്ടവർ സി.പി.എം ആണെന്നും അവർക്കറിയാം. അതുകൊണ്ടാണ് സി.പി.എം ഭരണത്തിലുള്ള ഒരു സംസ്​ഥാനം പിടിച്ചെടുക്കാൻ അവരുടെ കൂടുതൽ പരിശ്രമവും സമയവും ചെലവഴിച്ചത്​. 
നിങ്ങൾ കോൺഗ്രസുമായി സഹകരിച്ചിരുന്നെങ്കിൽ ബി.ജെ.പിയെ പരാജയപ്പെടുത്താമായിരുന്നു എന്ന ഒരു സിദ്ധാന്തം രാഷ്​ട്രീയ വിശകലനങ്ങളിൽ ഉയരുന്നുണ്ടല്ലോ?

 അത് ദേശീയതലത്തിലെ ചർച്ചാവിഷയമാണ്. അതിനെ ത്രിപുരയുമായി കൂട്ടിക്കലർത്തരുത്. കോൺഗ്രസ്​ മുഴുവനായിത്തന്നെ നൂറ് ശതമാനവും ബി.ജെ.പിയായിക്കഴിഞ്ഞു. പരമ്പരാഗത ഇടത് വിരോധികൾ മുഴുവൻ ഇപ്പോൾ ബി.ജെ.പിയായി. ഇടത്പക്ഷവും ഇടത്പക്ഷ വിരുദ്ധരും എന്ന നിലയിലേക്ക് ധ്രുവീകരണം മാറിക്കഴിഞ്ഞു. മറ്റേതെങ്കിലും ശക്തികൾ എന്ന വിഷയംതന്നെ ഉദിക്കുന്നില്ല. അതിനാൽ ജനങ്ങളെ തെരുവിൽ അണിനിരത്തുക എന്നതാവും ഞങ്ങളുടെ തന്ത്രം. പ്രതിപക്ഷം എന്ന നിലയിൽ ഞങ്ങൾ സമയം നൽകും, പ്രവർത്തിക്കാൻ അനുവദിക്കും. ഒരു വികസന അജണ്ടയെയും തകിടംമറിക്കില്ല. അക്രമവും അതുപോലെ അവസാനിപ്പിക്കണം. പക്ഷേ, നിങ്ങൾ നൽകിയ വാഗ്​ദാനം നടപ്പാക്കിയില്ലെങ്കിൽ, അക്രമം അമർച്ച ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ പ്രതിഷേധിക്കും, രംഗത്ത് വരും എന്ന് ബി.ജെ.പിയോട്​ വ്യക്തമാക്കിയതാണ്. 
കേരളം മാത്രമാണ് ഇനി ഇടത്പക്ഷത്തിനും സി.പി.എമ്മിനും ഭരണം അവശേഷിക്കുന്ന ഏക സംസ്​ഥാനം. ആർ.എസ്​.എസ്​– ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ നിങ്ങളുടെ അനുഭവത്തിൽ നിന്ന് എന്ത് ഉപദേശമാണ് നൽകാനുള്ളത്?
 ത്രിപുരയിൽ സംഭവിച്ചത് കേരളത്തിൽ ആവർത്തിക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്തെന്നാൽ ത്രിപുരയിലേതുപോലെ 25 വർഷം തുടർച്ചയായ ഭരണം കേരളത്തിൽ ഇല്ല. പിന്നെ, കേരളസമൂഹം വളരെ ഉൗർജസ്വലമാണ്. 
ത്രിപുരയിലേതുപോലെ ആദിവാസി–ആദിവാസി ഇതരർ എന്ന വേർതിരിവ് കേരളത്തിലെ സമൂഹത്തിൽ ഇല്ല. അതുകൊണ്ടുതന്നെ ബി.ജെ.പി അവിടെ ജയിക്കാനുള്ള സാധ്യത തുലോം വിരളമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ത്രിപുരയിലെ പരാജയം കേരളത്തിലെ ഇടതുപക്ഷത്തിന്​ മുൻകൂറായി ലഭിച്ച ഒരു പാഠമാണ്. അത് ഇടത്പക്ഷത്തിന് മാത്രമല്ല, മുഴുവൻ ജനാധിപത്യശക്തികൾക്കുമുള്ള പാഠമാണ്. ഏതെങ്കിലും തരത്തിൽ ആർ.എസ്​.എസി​​െൻറ രാഷ്​ട്രീയവിഭാഗത്തിന് അധികാരം പിടിച്ചെടുക്കാൻ കഴിഞ്ഞാൽ അവർ എല്ലാം നശിപ്പിക്കും. അതി​​െൻറ ഉദാഹരണം ഇന്ന് ത്രിപുരയിലും മറ്റ് സംസ്​ഥാനങ്ങളിലും നിന്ന് മനസ്സിലാക്കാം. എ​​െൻറ ഉപദേശം ഒന്നുമല്ല ഇത്. 
എന്ത് മുൻകരുതൽ കേരളത്തിലെ സർക്കാർ സ്വീകരിക്കണം എന്നാണ്?
 സർക്കാർ മാത്രമല്ല, പാർട്ടിയും സ്വീകരിക്കണം. ആർ.എസ്​.എസ്​–ബി.ജെ.പി എങ്ങനെയാണ് ജനങ്ങളെ വശീകരിക്കുന്നത് എന്ന് മുൻകൂട്ടി മനസ്സിലാക്കി ജനങ്ങളെ  ബോധവത്​കരിക്കണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm leadertripuraMalayalam ArticleJitendra ChoudharyIndian Politic's
News Summary - Tripura CPM Leader Jitendra Choudhary talk to Indian Political Situations -Malayalam Article
Next Story