Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജാതി സെൻസസിലും കള്ളക്കളി
cancel

ഭരണഘടനാ വകുപ്പുകൾ ഉപയോഗിച്ച് ഭരണഘടനയെത്തന്നെ അട്ടിമറിക്കുന്ന ശൈലിയാണ് ഒരു വ്യാഴവട്ടമായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ പയറ്റിവരുന്നത്. ഇപ്പോൾ ജാതി സെൻസസ് ഏറ്റവും മോശമായ രീതിയിൽ നടത്തി അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെത്തന്നെ ഇല്ലായ്മ ചെയ്യുകയാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

ജാതി സെൻസസിനായുള്ള ശക്തമായ മുറവിളി കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടായി രാജ്യത്ത് മുഴങ്ങുന്നുണ്ട്. എന്നാൽ, മേൽജാതി മേധാവിത്വം രാജ്യത്തിന്റെ സ്വാഭാവികതയായി കരുതുന്ന ഒട്ടുമിക്ക ദേശീയ പാർട്ടികളും ഇതിനെ തുടക്കംമുതലേ എതിർക്കുകയായിരുന്നു. രാജ്യത്തെ പിന്നാക്ക-ദലിത് ജനസംഖ്യയുടെ കൃത്യമായ കണക്ക് പുറത്തുവന്നാൽ, അധികാരസ്ഥാനങ്ങളിൽ ഭൂരിഭാഗവും സവർണ വിഭാഗങ്ങൾ കൈയടക്കിവെച്ചിരിക്കുന്നത് ചോദ്യം ചെയ്യപ്പെടും എന്നതായിരുന്നു ആ എതിർപ്പിന് പിന്നിൽ.

എന്നാൽ, പിന്നാക്ക സമൂഹങ്ങളുടെ ശക്തമായ പിന്തുണയോടെ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നിതീഷ് കുമാർ അവിടെ വിജയകരമായി ജാതി സർവേ പൂർത്തിയാക്കി. തുടർന്ന്, ദേശീയതലത്തിൽ ‘ഇൻഡ്യ’ മുന്നണി യോഗങ്ങളിലും ജാതി സെൻസസ് പ്രധാന അജണ്ടയായി ഉയർന്നു വന്നു. ഒടുവിൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാരിനും ജാതി സെൻസസ് അംഗീകരിക്കേണ്ടി വന്നു. എന്നാലിപ്പോൾ ജാതി സെൻസസ് എന്ന പേരിൽ കേന്ദ്രം നടത്തുന്ന നീക്കങ്ങൾ ഈ സുപ്രധാന പ്രക്രിയയെ പ്രഹസനമാക്കാനാണെന്ന ആശങ്ക ശക്തമാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയ ചോദ്യാവലിയും വിവരശേഖരണ രീതിയുമാണ് ഈ ആശങ്കകൾക്ക് പ്രധാന കാരണം. വ്യക്തികളോട് ചോദിച്ച് അവർ പറയുന്ന ജാതിപ്പേരുകൾ ഓപ്പൺ കോളത്തിൽ അതേപടി രേഖപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നിർദേശം. ഉപജാതികളും പ്രാദേശിക വിളിപ്പേരുകളും കുടുംബപ്പേരുകളും കൂടിക്കലർന്നു കിടക്കുന്ന ഇന്ത്യയിലെ സങ്കീർണമായ സാമൂഹിക പശ്ചാത്തലത്തിൽ, ഇത്തരമൊരു രീതി കൃത്യമായ ഡാറ്റ ക്രോഡീകരണത്തെ പൂർണമായും അസാധ്യമാക്കും.

ബിഹാറിലും തെലങ്കാനയിലും ചെയ്തതുപോലെ, നിലവിലുള്ള ജാതികളുടെ പട്ടിക നൽകി അതിൽനിന്ന് ഉപവിഭാഗങ്ങൾ തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കുന്ന ഡിജിറ്റൽ സംവിധാനമാണ് രാജ്യവ്യാപകമായി നടപ്പിലാക്കേണ്ടത്. എങ്കിൽ മാത്രമേ എസ്.സി, എസ്.ടി, ഒ.ബി.സി, ജനറൽ വിഭാഗങ്ങളെ കൃത്യമായി വർഗീകരിക്കാനും യഥാർഥ ഗുണഭോക്താക്കളെ കണ്ടെത്താനും സാധിക്കൂ. 1931-ലെ സെൻസസ് പ്രകാരമുള്ള 52 ശതമാനം ഒ.ബി.സി എന്ന അനുമാനത്തെ അടിസ്ഥാനമാക്കിയാണ് മണ്ഡൽ കമീഷൻ ഉൾപ്പെടെയുള്ള നയങ്ങൾ രൂപീകരിച്ചിരുന്നത്. ആ വിടവ് നികത്താൻ ശാസ്ത്രീയമായ കണക്കെടുപ്പ് അനിവാര്യമാണ്.

ജാതികളുടെ കൃത്യമായ വർഗീകരണമില്ലാതെ വ്യക്തികൾ പറയുന്ന പേരുകൾ മാത്രം രേഖപ്പെടുത്തിയാൽ, ഒടുവിൽ ലഭിക്കുന്നത് അപൂർണ്ണവും ഉപയോഗശൂന്യവുമായ ഒരു പട്ടിക മാത്രമായിരിക്കും. ജാതി സെൻസസിനെ വെറുമൊരു പ്രഹസനമാക്കി അട്ടിമറിക്കാനേ ഈ സമീപനം ഉപകരിക്കൂ. കേന്ദ്രത്തിന്റെ ഈ ഒളിച്ചുകളിക്കെതിരെ കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ശക്തമായ രാഷ്ട്രീയ-ജനകീയ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationBackward classesCaste Census
News Summary - Trickery/Cheating in the Caste Census too
Next Story