Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകൊടിനാട്ടിയത്​...

കൊടിനാട്ടിയത്​ പരീകറുടെ കൗശലം

text_fields
bookmark_border
കൊടിനാട്ടിയത്​ പരീകറുടെ കൗശലം
cancel

തൂക്കുസഭയിലേക്ക് ജനം വിധിയെഴുതിയ ഗോവയിൽ സർക്കാറുണ്ടാക്കുന്നതിൽ ആരാണ് വിജയിച്ചതെന്ന ചോദ്യത്തിന് ബി.ജെ.പിയല്ല, ബി.ജെ.പി നേതാവായ മനോഹർ പരീകറെന്നതാകും ശരിയുത്തരം. വിമതസ്വരവും പാർട്ടിയിലെ പിളർപ്പും സർക്കാറുകളുടെ പാലംവലിക്കുന്നതിൽ കേളികേട്ട നാടാണ് ഗോവ. കുതിരക്കച്ചവട ദോഷവും ആ നാടിന് വേ​ണ്ടത്രയുണ്ട്​. ഇക്കുറി എന്തു മാജിക്കാണ് നടന്നതെന്നതിൽ കാഴ്ചക്കാർ ഇപ്പോഴും വിസ്മയലോകത്താണ്. അതെന്തുമാക​െട്ട, മാർച്ച് 11ന് ഗോവ നിയമസഭ തെരഞ്ഞെടുപ്പി​െൻറ അന്തിമഫലം പുറത്തുവന്നതോടെ ഒരു കാര്യം ഉറപ്പായിരുന്നു. ഒന്നുകിൽ കോൺഗ്രസ് നേതാവ് ദിഗമ്പർ കാമത്ത്, അല്ലെങ്കിൽ മനോഹർ പരീകർ. ഇവരിലൊരാൾ ഗോവ ഭരിക്കും. പരീകറെക്കാൾ കാമത്തിനായിരുന്നു സാധ്യത. എന്നാൽ, നാടകാന്തം ‘ഭാഗ്യം’ പരീകർക്കായിരുന്നു.

40 മണ്ഡലങ്ങളുള്ള ഗോവയിൽ 17 സീറ്റുകൾ നേടി വലിയ ഒറ്റകക്ഷിയായിട്ടും 2012ൽ നഷ്​ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. കേവല ഭൂരിപക്ഷത്തിന് വേണ്ട നാലുപേർ റെഡിയായി നിന്നിട്ടും കോൺഗ്രസി​െൻറ ഇരിപ്പ് ഗാലറിയിലായിരുന്നു. ബി.ജെ.പിയുടെ വർഗീയ അജണ്ട​െക്കതിരെ വോട്ടു നേടിയ, മൂന്ന് അംഗങ്ങളുള്ള വിജയ് സർദേശായിയുടെ ഗോവ ഫോർ​േവഡ് പാർട്ടിയും സ്വതന്ത്രൻ രോഹൻ ഖൗന്തെയും മനസ്സുകൊണ്ട് കോൺഗ്രസിനൊപ്പമായിരുന്നു. വിജയ് സർദേശായി രണ്ടുതവണ എ.െഎ.സി.സി ജനറൽ സെക്രട്ടറി ദിഗ്​വിജയ്​ സിങ്ങുമായി ബന്ധപ്പെടുകയും ചെയ്തു.

ഫലമറിഞ്ഞ ശനിയാഴ്ച അർധരാത്രിക്കായിരുന്നു ആദ്യ കൂടിക്കാഴ്ച. ഒറ്റക്കാര്യമാണ് സർദേശായി ആദ്യം ആവശ്യപ്പെട്ടത്, മുഖ്യമന്ത്രി ദിഗമ്പർ കാമത്തായിരിക്കണം. ഇനി നിയമസഭ കക്ഷി യോഗത്തിൽ കാമത്തിനെ നേതാവാക്കുന്നതിൽ എതിർപ്പുണ്ടായാൽ ഒരു കാരണവശാലും ലൂയിസിഞ്ഞൊ ഫലെരി​യോ മുഖ്യമന്ത്രിയാകരുത്. ഞായറാഴ്ച രാവിലെ 11ന് ബന്ധപ്പെടാമെന്നായിരുന്നു ദിഗ്​വിജയ്​ സിങ്ങി​െൻറ മറുപടി. ഇങ്ങോട്ട് വിളികാണാതെ അങ്ങോട്ട് വിളിച്ചപ്പോൾ നിയമസഭ കക്ഷി നേതാവിനെ ഇനിയും തീരുമാനിക്കാനായില്ല എന്നായിരുന്നു ദിഗ്​വിജയ്​ പറഞ്ഞത്. വൈകീട്ട് വിളിക്കാമെന്ന ധൃതിയിൽ, അന്നേരം അറ്റബന്ധം പിന്നെ വൈകീട്ട് പുനഃസ്​ഥാപിച്ചില്ലെന്നാണ് ഗോവ ഫോർ​വേഡ് പാർട്ടിയുടെ ആരോപണം.

ഇതിനി​െട, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മനോഹർ പരീകറും മറുവശത്ത് നടത്തുന്ന കരുനീക്കങ്ങൾ കോൺഗ്രസിലെ ചാണക്യന്മാർക്ക് മുൻകൂട്ടി കാണാനാകാതെപോയി. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന പരീകറെ മുഖ്യമന്ത്രിയാക്കണമെന്ന് ബി.ജെ.പി നിയമസഭ കക്ഷി യോഗം പ്രമേയം പാസാക്കിയതോടെ ഏതാണ്ടെല്ലാം ഉറപ്പായി. അപ്പോഴും നിയമസഭ കക്ഷി നേതാവിനെ കണ്ടെത്താനാകാതെ കോൺഗ്രസ് നേതൃത്വം വിയർക്കുകയായിരുന്നു. തന്നെ മാറ്റിനിർത്തി വിജയ് സർദേശായിക്ക് യോജിപ്പുള്ള ആളെ തെരഞ്ഞെടുക്കണമെന്ന് കാമത്തും പറഞ്ഞുനോക്കി. ഒടുവിൽ ചന്ദ്രകാന്ത് കവ്ലേക്കറെ നേതാവാക്കുേമ്പാഴേക്കും വിജയ് സർദേശായിയും മറ്റു രണ്ട് എം.എൽ.എമാരും സ്വതന്ത്രൻ രോഹൻ ഖൗന്തെയും പരീകർക്ക് പിന്തുണയറിയിച്ച് കത്ത് നൽകിക്കഴിഞ്ഞിരുന്നു.

വിജയ് സർദേശായിയും ലൂയിസിഞ്ഞൊ ഫലെരിയോവും തമ്മിലെ കടുത്ത വൈരാഗ്യവും ഇത് കണ്ടറിഞ്ഞ് കരുനീക്കുന്നതിൽ ഹൈകമാൻഡ്​ വൈകിയതുമാണ് കോൺഗ്രസി​െൻറ ദുർവിധിക്ക് മുഖ്യ കാരണം. സർദേശായി^ഫലേരിയോ വൈരം എല്ലാവർക്കും അറിയാവുന്നതാണ്. തെരഞ്ഞെടുപ്പിനുമുമ്പ് ഗോവ ഫോർ​േവഡ് പാർട്ടിയുമായുള്ള സഖ്യം നടക്കാതെ പോയതും ഇതേ കാരണത്താലാണ്. എന്നിട്ടും കാര്യങ്ങൾ മുൻകൂട്ടി കണ്ട് കരുനീക്കുന്നതിൽ ഡൽഹിയിൽനിന്നുള്ള നേതാക്കൾ പരാജയപ്പെട്ടു. നേതൃത്വത്തി​െൻറ അമാന്തത്തി​െനതിരെ ശക്​തമായ പ്രതിഷേധമാണ് പാർട്ടി നിയമസഭ കക്ഷി യോഗത്തിലുണ്ടായത്. ജനങ്ങളെ വഞ്ചിക്കുകയാണെന്നും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം തിരിച്ചുപിടിക്കാൻ കഴിയാതെ പോകുന്നത് ആത്​മഹത്യപരമാണെന്നും പറഞ്ഞ് നാലാം വട്ടവും ജനവിധി നേടിയ വാൽപോയി എം.എൽ.എ വിശ്വജീത് റാണെ ഉടക്കി. ഒടുവിൽ, പരീകർ സർക്കാർ കോൺഗ്രസ് അല്ലാത്ത എല്ലാവരുടെയും പിന്തുണയിൽ സഭയിൽ വിശ്വാസവോട്ട് ജയിക്കുന്നത് നോക്കിനിൽക്കാതെ വിശ്വജീത് സഭയും പിന്നീട് പാർട്ടിയും വിട്ട് ഇറങ്ങി​േപ്പാവുകയും ചെയ്​തു.

വിജയ് സർദേശായിയുടെ ആവശ്യം അംഗീകരിച്ച് ദിഗമ്പർ കാമത്തിനെ മുഖ്യനാക്കിയിരുന്നെങ്കിൽ ഏതുമലയായിരുന്നു ഇടിഞ്ഞുവീഴുകയെന്ന ചോദ്യമാണ് വിശ്വജീത് ഉന്നയിച്ചത്. കോൺഗ്രസിലെ മുതിർന്ന നേതാവും അഞ്ചുതവണ മുഖ്യമന്ത്രിയും കഴിഞ്ഞ സർക്കാറിൽ പ്രതിപക്ഷ നേതാവുമായിരുന്ന പ്രതാപ് സിങ് റാണെയുടെ മകനാണ് 45കാരനായ വിശ്വജീത്.

ഞായറാഴ്ച വൈകീട്ടുവരെ കോൺഗ്രസി​െൻറ വിളികാത്തിരുന്നു എന്നാണ് ഗോവ ഫോർ​േവഡ് പാർട്ടി പറയുന്നത്. എന്നാൽ, ഒരു വിളിയും വന്നില്ല. ഇനിയിരുന്നിട്ട് കാര്യമില്ലെന്ന് ‘തിരിച്ചറി’യുകയായിരുന്നുവെന്നും അവർ പറയുന്നു. ഗവർണർ മൃദുല സിൻസഹയുടെ വിളി കോൺഗ്രസ് കാതോർത്തിരിക്കെ പരീകർ തന്നെ പിന്തുണക്കുന്നവരെയും കൂട്ടി രാജ്ഭവനിൽ എത്തുന്ന അസാധാരണ കാഴ്ചയാണ് ഞായറാഴ്ച രാത്രി കണ്ടത്. പാർട്ടിയിലെ മറ്റു രണ്ട് എം.എൽ.എമാർ​െക്കാപ്പം മഹാരാഷ്​ട്ര ഗോമന്തക് പാർട്ടി നേതാവ് സുധിൻ ധാവ്ലിക്കറും മറ്റ് രണ്ട് എം.എൽ.എമാരെയും കൂട്ടി ഗോവ ഫോർ​േവഡ് പാർട്ടിയുടെ വിജയ് സർദേശായിയും തങ്ങൾ പിന്തുണച്ച സ്വതന്ത്രൻ രോഹൻ ഖൗന്തെയും പരീകർക്കൊപ്പം രാജ്ഭവനിൽ ചെല്ലുന്ന കാഴ്ച ചാനൽ ദൃശ്യമായി കാണാനായിരുന്നു കോൺഗ്രസ് ചാണക്യന്മാരുടെ യോഗം.

സർക്കാറുണ്ടാക്കാനുള്ള സാധ്യത ഗവർണറെ അറിയിക്കാതെ വിളി കാതോർത്തിരുന്ന് നേരം കളഞ്ഞ കോൺഗ്രസിനെ കോടതി പ്രഹരിക്കുന്നതും കാണാനായി. ഉടൻതന്നെ പരീകർ സർക്കാർ വിശ്വാസവോട്ട് തേടണമെന്ന കോടതി ഉത്തരവും കോൺഗ്രസിനെ സഹായിച്ചില്ല. ഒന്നാമത്തെ വലിയ ഒറ്റകക്ഷിയെ ക്ഷണിക്കുക എന്നതാണ് ഗവർണറുടെ ഭരണഘടന ഉത്തരവാദിത്തമെന്നും ഭൂരിപക്ഷമുണ്ടെന്ന് പറഞ്ഞ് വരുന്നവരെ ക്ഷണിക്കലല്ലെന്നും നിയമജ്​ഞൻ ഫാലി എസ്. നരിമാൻ സുപ്രീംകോടതിയെയും ഗവർണറെയും വിമർശിച്ചത് സുപ്രധാനമാണ്.

വിശ്വാസവോട്ടിന് മു​​േമ്പ ഒമ്പത് പേരുമായി സത്യപ്രതിജ്​ഞ ചൊല്ലി അധികാരമേറ്റ് പരീകർ കോൺഗ്രസിനെതിരെ പഴുതുകളെല്ലാം അടക്കുന്നതാണ് പിന്നെ കണ്ടത്. സർദേശായിയടക്കം ഗോവ ഫോർവേഡ് പാർട്ടിയിലെ മൂന്നുപേരും മഹാരാഷ്​ട്ര ഗോമന്തക് പാർട്ടിയിലെ സുധിൻ ധാവ്ലിക്കറും മനോഹർ അജ്ഗവങ്കറും സ്വതന്ത്രരായ രോഹൻ ഖൗന്തെ, ഗോവിന്ദ് ഗുന്ദ് എന്നിവരും കഴിഞ്ഞ മന്ത്രിസഭയിലെ ബി.ജെ.പി ഉപ മുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ, തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ പാണ്ഡൂരംഗ് മദ്കൈകർ എന്നിവരുമാണ് പരീകർ​െക്കാപ്പം സത്യപ്രതിജ്​ഞ  ചെയ്തത്. എന്നുവെച്ചാൽ ഇനി ശേഷിക്കുന്നവർ രണ്ടുപേർ മാത്രം. അവരെ ചാക്കിട്ടാലും കോൺഗ്രസിന് രക്ഷയുണ്ടാകില്ലെന്ന സ്ഥിതിവന്നു. വിശ്വാസവോട്ടു വരെ സർദേശായിയെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കാതിരുന്നില്ല. എന്നാൽ, തങ്ങളുടെ ആവശ്യപ്രകാരം പ്രതിരോധ മന്ത്രിപദം രാജിവെച്ച് തിരിച്ചെത്തിയ മനോഹർ പരീകറെ പിന്നിൽനിന്ന് കുത്തില്ലെന്ന ഒന്നാന്തരം ഒരു കുത്താണ് വിജയ് സർദേശായി കോൺഗ്രസ് നേതാക്കൾക്ക് നൽകിയത്.

ആയിരം കോടിയുടെ കാസിനൊ (ചൂതാട്ടക്കാരുടെ) പണമാണ് പരീകർ പിന്തുണ ഉറപ്പാക്കാൻ മറിച്ചതെന്നാണ് കോൺഗ്രസി​െൻറ ആരോപണം. കാസിനൊ മുതലാളിമാർ ബി.ജെ.പി ആസ്​ഥാനത്തും നിയമസഭ പരിസരത്തും വട്ടമിട്ടുപറന്നത് ഇവർ ചൂണ്ടിക്കാട്ടുന്നു. 40 അംഗ നിയമസഭയിലെ മന്ത്രിസഭയിൽ 12 അംഗങ്ങളാകാം. ഇപ്പോൾ പരീകറടക്കം 10 പേരെ ആയിട്ടുള്ളൂ. ആർക്കുവേണ്ടിയാണ് രണ്ട് കസേര മാറ്റിവെച്ചതെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. കോൺഗ്രസ് അംഗത്വവും എം.എൽ.എ സ്​ഥാനവും രാജിവെച്ച വിശ്വജീത് റാണെ വീണ്ടും ജനവിധി തേടുമെന്നും ആരുടെ ടിക്കറ്റിൽ മത്സരിച്ചാലും ഇനി പിന്തുണ ബി.ജെ.പിക്കാണെന്നും പറഞ്ഞത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

കോൺഗ്രസിനകത്ത് സംഘർഷമുണ്ട്. എം.എൽ.എമാരെ പിടിച്ചുനിർത്താനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം. ബി.ജെ.പിയുടേതല്ല മനോഹർ പരീകറുടെതാണ് സർക്കാറെന്നതാണ് പിന്തുണ നൽകിയവരുടെ അവകാശവാദം. പരീകർ ഒഴിച്ചാൽ രണ്ടുപേരേ പിന്നെ ബി.ജെ.പിക്കാരായി മന്ത്രിസഭയിലുള്ളൂ. ശേഷിച്ച ഏഴുപേരും പുറത്തുനിന്നുള്ളവർ. അതിൽ ആറുപേർ തെരഞ്ഞെടുപ്പിൽ തോൽപിച്ചത് മുൻമന്ത്രിയെ ബി.ജെ.പി സ്​ഥാനാർഥികളെയാണ്.

അരവിന്ദ് കെജ്​രിവാളി​െൻറ ആം ആദ്മി പാർട്ടിയെ തഴഞ്ഞ് ബി.ജെ.പിക്ക് എതിരെ വോട്ട് കുത്തി ജനം കോൺഗ്രസിനെ വലിയ ഒറ്റകക്ഷിയാക്കിയിട്ടും ഭരണം തിരിച്ചുപിടിക്കുന്നതിൽ വീഴ്ചവരുത്തിയ നേതൃത്വം അണികൾക്കിടയിൽ വീർപ്പുമുട്ടുന്ന കാഴ്ചയാണിപ്പോൾ.
 ●

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressdigvijay singhmanohar pareekargoa govt
News Summary - trick of pareekar is won
Next Story